കൊച്ചി : ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 19-ാമത് മരിയന്‍ തീര്‍ത്ഥാടനം സെപ്റ്റംബര്‍ 10-ന് നടക്കും. കിഴക്കന്‍ മേഖലയില്‍നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ ഞായറാഴ്ച വൈകുന്നേരം മൂന്നിന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ നിര്‍വഹിക്കും. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ള ദീപശിഖാപ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍ വൈകുന്നേരം 3.30ന് വരാപ്പുഴ അതിരൂപത വികാരി ജനറല്‍ മോണ്‍. മാത്യു ഇലഞ്ഞിമിറ്റം ഉദ്ഘാടനം ചെയ്യും.
ഗോശ്രീ പാലങ്ങളിലൂടെ വല്ലാര്‍പ്പാടത്തിന്റെ ഇരുവശങ്ങളില്‍ നിന്നും ദീപശിഖയുമായി എത്തു ന്ന നാനാജാതി മതസ്ഥരായ തീര്‍ത്ഥാടകരെ വല്ലാര്‍പാടം ബസിലിക്ക റെക്ടര്‍ റവ. ഡോ. ആന്റണി വാലുങ്കല്‍ ദൈവാലയ നടയില്‍ സ്വീകരിക്കും. തുടര്‍ന്ന് 4.30-ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലിയര്‍പ്പിക്കും. റവ. ഡോ. മാര്‍ട്ടിന്‍ എന്‍. ആന്റണി വചന സന്ദേശം നല്‍കും. തുടര്‍ന്ന് എല്ലാ വിശ്വാസികളെയും ആര്‍ച്ചുബിഷപ് ഡോ. കളത്തിപ്പറമ്പില്‍ വല്ലാര്‍പാടത്തമ്മയ്ക്ക് അടിമ സമര്‍പ്പിക്കും.
തീര്‍ത്ഥാടനത്തിന്റെ വിജയത്തിനായി 601 അംഗങ്ങളുള്ള കമ്മിറ്റി സജ്ജമായി പ്രവര്‍ത്തിക്കുന്നു. തീര്‍ത്ഥാടകര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ ഗോശ്രീ പാല ങ്ങളുടെ അരികിലുള്ള പാതയോരങ്ങളിലും നിര്‍ദിഷ്ട പാര്‍ക്കിങ് ഗ്രൗണ്ടുകളിലും പാര്‍ക്ക് ചെയ്യണം. സെപ്റ്റംബര്‍ 11 മുതല്‍ 15 വരെ ഫാ. എബ്രഹാം കടിയകുഴിയും ബ്രദര്‍ സാബു ആറുതൊട്ടിയിലും നയിക്കുന്ന വല്ലാര്‍പാടം ബൈബിള്‍ കണ്‍വെന്‍ഷന്‍ നടക്കും. വൈകുന്നേരം 4.30 മുതല്‍ ഒമ്പതുവരെയാണ് കണ്‍വന്‍ഷന്‍. പരിശുദ്ധ വല്ലാര്‍പാടത്തമ്മയുടെ തിരുനാള്‍ സെപ്റ്റംബര്‍ 16 മുതല്‍ 24 വരെയാണ്. ഒക്ടോബര്‍ ഒന്നിനാണ് എട്ടാമിടം.
Leave a Comment
Your email address will not be published. Required fields are marked with *