Follow Us On

24

October

2024

Thursday

മണിപ്പൂര്‍ സമാധാനം ഇനിയും അകലെ

മണിപ്പൂര്‍ സമാധാനം ഇനിയും അകലെ

സ്വന്തം ലേഖകന്‍ ഇംഫാല്‍

മണിപ്പൂരില്‍ മെയ്‌തേയികള്‍ കുക്കികള്‍ക്ക് എതിരെ അഴിച്ചുവിട്ട കലാപം തുടങ്ങിയിട്ട് അഞ്ച് മാസമാകുമ്പോഴും സമാധാനത്തിലേക്ക് സംസ്ഥാനം തിരികെ എത്തിയിട്ടില്ലെന്നത് ആശങ്കകള്‍ ഉയര്‍ത്തുന്നു. ഇപ്പോഴും ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. ഏതാണ്ട് 50,000 കുക്കികള്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. അവര്‍ക്ക് തങ്ങള്‍ നേരത്തെ ജീവിച്ചിരുന്ന സ്ഥലത്തേക്ക് തിരിച്ചുവരാന്‍ കഴിയുന്ന സാഹചര്യം രൂപപ്പെട്ടിട്ടില്ല. ഇനി അതിന് സാധിക്കുമോ എന്ന് സംശയമുണ്ടെന്ന് ഇംഫാലിനടുത്തുള്ള കെയിഹൗ ഹോളി ട്രിനിറ്റി ഇടവക വികാരിയും മലയാളി വൈദികനുമായ ഫാ. ജോര്‍ജ് തോട്ടപ്പിള്ളി സണ്‍ഡേ ശാലോമിനോട് പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഹിന്ദുവിഭാഗക്കാരായ മെയ്‌തേയികള്‍ കുക്കികളുടെ അഭയാര്‍ത്ഥിക്യാമ്പിന് അടുത്തുള്ള ഗ്രാമം ആക്രമിച്ച് മൂന്നുപേരെ വധിച്ചിരുന്നു.

കുക്കികള്‍ ഇല്ലാത്ത ഇംഫാല്‍

ഇംഫാലില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട ഒരാളെപ്പോലും കാണാനില്ല. ഇംഫാല്‍ നഗരത്തില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പോയിക്കഴിഞ്ഞു. ഇംഫാലിന്റെ പരിസരങ്ങളില്‍ താമസിച്ചിരുന്ന കുക്കികള്‍ക്ക് അവിടേക്ക് തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ല. എന്നുമാത്രമല്ല, കുക്കികളെ എവിടെ കണ്ടാലും മെയ്‌തേയികള്‍ ആക്രമിക്കുന്ന രീതിയാണ് നിലനില്ക്കുന്നത്. കെയിഹൗ ഇടവകയുടെ പരിധിയില്‍ ഉണ്ടായിരുന്ന ഒമ്പത് കുക്കി ഗ്രാമങ്ങളിലെ മുഴുവന്‍ ആളുകളും അക്രമങ്ങള്‍ ഭയന്ന് നാടുവിട്ടിരുന്നു. തുടര്‍ന്ന് മെയ്‌തേയികളെത്തി ഭവനങ്ങള്‍ കൊള്ളയടിച്ചതിനുശേഷം തീവയ്ക്കുകയും ബുള്‍ഡോസറുകള്‍കൊണ്ട് ഇടിച്ചുനിരത്തുകയുമായിരുന്നു.

സംസ്ഥാന ഗവണ്‍മെന്റ് മെയ്‌തേയികള്‍ക്ക് രഹസ്യ പിന്തുണ നല്‍കുന്നുണ്ടെന്ന ആരോപണം ആദ്യനാളുകളില്‍ തന്നെ ഉയര്‍ന്നിരുന്നെങ്കില്‍ ഇപ്പോള്‍ ഏതാണ്ട് പരസ്യമായി അത്തരമൊരു നയമാണ് ഗവണ്‍മെന്റ് സ്വീകരിക്കുന്നതെന്നതാണ് അമ്പരപ്പിക്കുന്ന കാര്യം. ഇംഫാലില്‍ മെയ്‌തേയികളുടെ ഏതാനും അഭയാര്‍ത്ഥി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവിടേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കളടക്കമുള്ള സാധനങ്ങള്‍ ഗവണ്‍മെന്റ് ചെലവില്‍ എത്തിക്കുമ്പോള്‍ ക്രൈസ്തവരായ കുക്കികളുടെ അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് ഗവണ്‍മെന്റ്ഏജന്‍സികള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന ആരോപണമാണ് ഉയരുന്നത്. സന്നദ്ധസംഘടനകളും മറ്റുള്ളവരും നല്‍കുന്ന സഹായംകൊണ്ടാണ് അവര്‍ കഴിയുന്നത്.

50,000-ത്തോളം പേര്‍ ക്യാമ്പുകളില്‍

സുരക്ഷണ്‍പൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഏതാണ്ട് 200 അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് 50,000-ത്തോളം കുക്കികള്‍ കഴിയുന്നത്. ഇംഫാലില്‍നിന്ന് അവശ്യവസ്തുക്കള്‍പ്പോലും കടത്തിവിടാന്‍ മെയ്‌തേയികള്‍ അനുവദിക്കുന്നില്ല. കൂടാതെ സാധനങ്ങള്‍ അവര്‍ തട്ടിയെടുക്കുകയും ചെയ്യുന്നു. ക്രമസമാധാന ചുമതലയുള്ള മണിപ്പൂര്‍ പോലീസ് അക്രമികള്‍ക്ക് എല്ലാവിധ ഒത്താശകളും ചെയ്യുന്നു. ഇപ്പോള്‍ കുക്കി അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നത് ഏകദേശം 12 മണിക്കൂര്‍ അധികം സഞ്ചരിച്ച് മിസോറാമിലൂടെയാണ്.

ഒരുനിമിഷംകൊണ്ട് ഒന്നുമില്ലാത്തവരായി മാറിയവരാണ് കലാപത്തിന് ഇരകളായ കുക്കികള്‍. അവരുടെ വീടും വസ്തുവകകളും കൃഷിയിടങ്ങളുമെല്ലാം അക്രമികള്‍ നശിപ്പിച്ചു. കലാപത്തിന് ഇരകളായവരില്‍ ബന്ധുക്കളുടെ വീടുകളില്‍ അഭയംതേടിയവരുണ്ട്. ഇന്നലെവരെ താമസിച്ചിരുന്ന നാട്ടില്‍ ഇനി ജീവിക്കാന്‍ കഴിയില്ലെന്ന തിരിച്ചറിവില്‍ മറ്റു സംസ്ഥാനങ്ങളിലേക്കും ജോലി തേടി പോയവര്‍ നിരവധിയാണ്. ഇന്ത്യയിലെ വിവിധ രൂപതകള്‍ കുക്കി വിദ്യാത്ഥികള്‍ക്ക് തുടര്‍ പഠനത്തിനുള്ള അവസരം ഒരുക്കിയതുമൂലമാണ് അനേകം വിദ്യാര്‍ത്ഥികള്‍ക്ക് പഠനം സാധ്യമായത്.

സമാധാനം തകര്‍ത്ത് സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്തുകള്‍ വിതയ്ക്കുന്ന സംസ്ഥാന ഗവണ്‍മെന്റിന്റെ നടപടികള്‍ക്ക് എതിരെ മെയ്‌തേയികളില്‍നിന്നുതന്നെ പ്രതിഷേധം ഉയരുന്നുണ്ട്. ഈ വിധത്തില്‍ മുമ്പോട്ടുപോയാല്‍ തങ്ങളുടെ മക്കളും ഭാവിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് വഴുതിപ്പോകുമോ എന്നു ഭയന്ന് മക്കളെ മറ്റു സ്ഥലങ്ങളിലേക്ക് വിദ്യാഭ്യാസത്തിനായി അയക്കുന്ന മെയ്‌തേയികളായ അമ്മമാരുടെ എണ്ണവും കൂടിവരുകയാണ്. തീവ്രവര്‍ഗീയത പ്രചരിപ്പിച്ചെങ്കിലും കുക്കികളെ പലവിധത്തില്‍ സഹായിക്കുന്ന മെയ്‌തേയികളുമുണ്ട്. പക്ഷേ, ഭരണനേതൃത്വം രാഷ്ട്രീയ താല്പര്യങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ സംവിധാനങ്ങളെയും അധികാരത്തെയും ദുരുപയോഗിച്ച് കുക്കികളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടത്തുമ്പോള്‍ എങ്ങനെ സമാധാനം സംജാതമാകുമെന്ന ചോദ്യമാണ് ഉയരുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?