Follow Us On

22

November

2024

Friday

കണ്ണീര്‍ പലായനം…

കണ്ണീര്‍ പലായനം…

നാഗോര്‍ണോ കരാബാക്ക് മേഖലയിലെ ക്രൈസ്തവര്‍ കൂട്ടത്തോടെ അര്‍മേനിയിലേക്ക്
യെരവാന്‍/അര്‍മേനിയ: കാറുകളിലും ട്രക്കുകളിലും, കിട്ടുന്ന മറ്റ് വാഹനങ്ങളിലുമായി അവര്‍ പലായനം ചെയ്യുകയാണ്, ജനിച്ച നാടും വീടും മണ്ണും ഉപേക്ഷിച്ച്. സ്വയംഭരണ പ്രദേശമായിരുന്ന നാഗോര്‍ണോ കരാബാക്ക് മേഖലയുടെ നിയന്ത്രണം ഇസ്ലാമിക രാജ്യമായ അസര്‍ബൈജാന്‍ കരസ്ഥമാക്കിയതോടെയാണ് ഇവിടെയുള്ള അര്‍മേനിയന്‍ വംശജരായ ക്രൈസ്തവര്‍ അര്‍മേനിയയിലേക്കു പലായനം ചെയ്യുന്നത്. 1,20,000 വരുന്ന ക്രൈസ്തവരില്‍ പകുതിയിലധികവും ഇതിനോടകം യാത്രയായിക്കഴിഞ്ഞു. അര്‍മേനിയയിലേക്കുള്ള പലായനവും ഇവര്‍ക്ക് ദുരിതയാത്രയാവുകയാണ്. പെട്രോള്‍ പമ്പില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ 68 അഭയാര്‍ത്ഥികള്‍ കൊല്ലപ്പെട്ടത് മറ്റൊരു നൊമ്പരമായി മാറി.

സോവ്യറ്റ് യൂണിയന്റെ പതനത്തോടെ 1991-ലാണ് 97 ശതമാനവും ക്രൈസ്തവ വിശ്വാസികളുള്ള അര്‍മേനിയയും അയല്‍രാജ്യമായ അസര്‍ബൈജാനും സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്. ഇരു രാജ്യങ്ങള്‍ക്കും തന്ത്രപ്രധാനമായ നാഗോര്‍ണോ കരാബാക്ക് മേഖലയും സ്വാതന്ത്ര്യം പ്രഖ്യാപിച്ചെങ്കിലും അസര്‍ബൈജാന്റെ കീഴിലുള്ള സ്വയംഭരണപ്രദേശമായാണ് ഇതുവരെ നിലനിന്നുവരുന്നത്. അര്‍മേനിയന്‍ വംശജര്‍ ഏറെയുള്ള നാഗോര്‍ണോ കരാബാക്ക് മേഖലക്കു വേണ്ടി അര്‍മേനിയയും അസര്‍ബൈജാനും തമ്മില്‍ 1992-ലും 2020 -ലും യുദ്ധങ്ങള്‍ നടന്നിരുന്നു. അര്‍മേനിയയില്‍ നിന്ന് ഈ പ്രദേശത്തേക്കുള്ള ഏക യാത്രാ മാര്‍ഗമായ ലാച്ചിന്‍ കോറിഡോര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അസര്‍ബൈജാന്‍ ഉപരോധിച്ചുവരികയായിരുന്നു. തന്മൂലം അര്‍മേനിയന്‍ വംശജര്‍ ആവശ്യവസ്തുക്കള്‍ പോലും ലഭിക്കാതെ ദുരിതത്തിലായിരുന്നു.

കഴിഞ്ഞ മാസം നടത്തിയ സൈനിക നീക്കത്തിലൂടെ നാഗോര്‍ണോ കരാബാക്ക് മേഖലയുടെ നിയന്ത്രണം പിടിച്ചെടുത്ത അസര്‍ബൈജാന്‍ ഉപരോധം പിന്‍വലിച്ചതിനെ തുര്‍ന്നാണ് അര്‍മേനിയയിലേക്കുള്ള യാത്ര വീണ്ടും സാധ്യമായത്. ആ സൈനിക നടപടിയില്‍ ഇരുനൂറിലധികം അര്‍മേനിയക്കാര്‍ കൊല്ലപ്പെട്ടിരുന്നു. നാഗോര്‍ണോയില്‍ വംശീയ ഉന്മൂലനത്തിനു സാധ്യത ഉണ്ടെന്നുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അര്‍മേനിയന്‍ വംശജരുടെ കൂട്ടപലായനം തുടങ്ങിയത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അര്‍മേനിയന്‍ ക്രിസ്ത്യാനികളെ വംശഹത്യക്കിരയാക്കി കുപ്രസിദ്ധി നേടിയ തുര്‍ക്കിയുടെ പിന്തുണയുടെ ബലത്തിലാണ് അസര്‍ബൈജാന്റെ നീക്കങ്ങള്‍. നേരത്തെ റഷ്യ അര്‍മേനിയെ പിന്തുണിച്ചിരുന്നെങ്കിലും തുര്‍ക്കിയുമായുള്ള ബന്ധം ശക്തിപ്പെട്ടതോടെ ക്രൈസ്തവ രാജ്യമായ അര്‍മേനിയ ഇപ്പോള്‍ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?