Follow Us On

20

April

2025

Sunday

28 വര്‍ഷം ജയിലില്‍ കഴിഞ്ഞ കര്‍ദിനാള്‍ ‘ജീവിക്കുന്ന രക്തസാക്ഷി’യെന്ന് പാപ്പ

28 വര്‍ഷം ജയിലില്‍ കഴിഞ്ഞ കര്‍ദിനാള്‍ ‘ജീവിക്കുന്ന  രക്തസാക്ഷി’യെന്ന് പാപ്പ

വത്തിക്കാന്‍ സിറ്റി: അല്‍ബേനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ കീഴില്‍ 28 വര്‍ഷം തടവില്‍ കഴിഞ്ഞ കര്‍ദിനാള്‍ ഏണസ്റ്റ് സിമോണി ജീവിക്കുന്ന രക്തസാക്ഷിയാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചയിലെ പൊതുദര്‍ശന പരിപാടിക്കിടെയാണ് ചടങ്ങില്‍ സംബന്ധിക്കാനെത്തിയ കര്‍ദിനാളിനോടുള്ള ആദരവ് പ്രകടിപ്പിച്ചുകൊണ്ട് കര്‍ദിനാളിനെ ജീവിക്കുന്ന രക്തസാക്ഷിയെന്ന് പാപ്പ വിശേഷിപ്പിച്ചത്. 95 ാം വയസിലും സഭയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന കര്‍ദിനാള്‍ നല്‍കുന്ന സാക്ഷ്യത്തിന് പാപ്പ നന്ദി പ്രകടിപ്പിച്ചു.

1928-ല്‍ അല്‍ബേനിയയിലെ ത്രോഷാനി ഗ്രാമത്തില്‍ ജനിച്ച ഏണസ്റ്റ് സിമോണി പത്താമത്തെ വയസില്‍ ഫ്രാന്‍സിസ്‌കന്‍ സന്യാസസഭയില്‍ ചേര്‍ന്ന് വൈദികപഠനം ആരംഭിച്ചു. 1948-ല്‍ അദ്ദേഹം പഠിച്ചുകൊണ്ടിരുന്ന ഫ്രാന്‍സിസ്‌കന്‍ ആശ്രമത്തിലെ വൈദികരെ ഭരണകൂടത്തിന്റെ ഏജന്റുമാര്‍ വെടിവയ്ക്കുകയും നോവീസുകളെ പുറത്താക്കുകയും ചെയ്തു. എങ്കിലും രഹസ്യമായി പഠനം തുടര്‍ന്ന സിമോണി 1956-ല്‍ പൗരോഹിത്യം സ്വീകരിച്ചു.

1963-ല്‍ ക്രിസ്മസ് ദിവ്യബലിക്ക് ശേഷം സിമോണിയെ ഭരണകൂടം അറസ്റ്റ ചെയ്തു. പിന്നീട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം പുറം ലോകം കാണുന്നത്. തടവിലായിരുന്ന സമയത്ത് കഠിനമായ ജോലികള്‍ ചെയ്യാന്‍ നിര്‍ബന്ധിതനായ സിമോണിയെ ചില സമയങ്ങളില്‍ ഏകാന്ത തടവിലാക്കിയും അധികാരികള്‍ പീഡിപ്പിച്ചു. എന്നാല്‍ 1990-കളില്‍ ജയില്‍ മോചിതനായ സിമോണി തന്നെ പീഡിപ്പിച്ച ജയിലധികൃതരോട് ക്ഷമിച്ചുകൊണ്ട് പൗരോഹിത്യജീവിതം തുടര്‍ന്നു.

2014-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ അല്‍ബേനിയയില്‍ നടത്തിയ സന്ദര്‍ശനവേളയിലാണ് ഫാ. സിമോണിയെ കണ്ടുമുട്ടുകയും അദ്ദേഹത്തിന്റെ ജീവിതകഥ കേള്‍ക്കുകയും ചെയ്യുന്നത്. അന്ന് കണ്ണീരോട് ഫാ. സിമോണിയെ ശ്രവിച്ച പാപ്പ പിന്നീട് അദ്ദേഹത്തോടുള്ള ആദരസൂചകമായി കര്‍ദിനാള്‍ സ്ഥാനവും നല്‍കിയിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?