Follow Us On

21

November

2024

Thursday

ഇന്ന് സ്വര്‍ഗീയ സസ്യത്തിന്റെ തിരുനാള്‍

ഇന്ന് സ്വര്‍ഗീയ സസ്യത്തിന്റെ തിരുനാള്‍

ഇന്ന് ഏപ്രില്‍ 23 പരിശുദ്ധ കത്തോലിക്കാ സഭ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ( വിശുദ്ധ ജോര്‍ജ്ജ് ) തിരുനാള്‍ ആഘോഷിക്കുന്ന പുണ്യ ദിനം….

ക്രിസ്തുവിനെ ഏറ്റു പറഞ്ഞു ജീവിക്കുന്നതിലൂടെ, വിശ്വാസം സംരക്ഷിക്കുന്നതിലൂടെ രക്തം ചിന്തുന്നവര്‍ സ്വര്‍ഗ്ഗത്തില്‍ മാത്രമല്ല ഈ ലോകത്തിലും ക്രിസ്തുവിന്റെ പ്രകാശം പരത്തുന്നു….

മെറ്റാഫ്രാസ്റ്റെസ് നല്‍കുന്ന വിവരണമനുസരിച്ച് മൂന്നാം നൂറ്റാണ്ടില്‍ വിശുദ്ധ ഗീവര്‍ഗീസ് കാപ്പാഡോസിയയിലാണ് ജനിച്ചത്…. വിശുദ്ധന്റെ മാതാപിതാക്കള്‍ കുലീനരായ ക്രൈസ്തവ വിശ്വാസികളായിരുന്നു…. തന്റെ പിതാവിന്റെ മരണശേഷം വിശുദ്ധന്‍ തന്റെ മാതാവുമൊത്ത് പലസ്തീനായിലേക്ക് പോയി…. വിശുദ്ധന്റെ മാതാവിന്റെ ജന്മദേശമായിരുന്നു പലസ്തീന്‍…. അവിടെ അവര്‍ക്ക് വളരെ വലിയ തോട്ടമുണ്ടായിരുന്നു. ക്രമേണ ഈ തോട്ടം വിശുദ്ധ ഗീവര്‍ഗീസിനു ലഭിച്ചു….

വിശുദ്ധ ഗീവര്‍ഗീസ് നല്ല ആരോഗ്യവാനായിരിന്നു…. അതിനാല്‍ തന്നെ അദ്ദേഹം സൈന്യത്തില്‍ ചേരുകയും അദ്ദേഹത്തിന്റെ ധീരതയാല്‍ സൈന്യത്തിലെ ഉപസൈന്യാധിപതിയായി നിയമിതനാവുകയും ചെയ്തു…. പരമ്പരാഗത വിശ്വാസം അനുസരിച്ച് പലസ്തീനായില്‍ നിന്നുള്ള ഒരു റോമന്‍ പടയാളിയായിരുന്ന അദ്ദേഹം ഡയോക്ലീഷന്‍ ചക്രവര്‍ത്തിയുടെ അംഗരക്ഷകസേനയിലെ അംഗവും സൈനിക പുരോഹിതനുമായിരുന്നു…. അധികം താമസിയാതെ തന്നെ ഗീവര്‍ഗീസിന്റെ പ്രവര്‍ത്തിയിലും രാജ്യസേവനത്തിലും മതിപ്പ് തോന്നിയ ഡയോക്ലീഷന്‍ ചക്രവര്‍ത്തി വിശുദ്ധന് ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ നല്‍കി…. വിശുദ്ധന്‍ അതെല്ലാം ഈശോയോടുള്ള വിശ്വാസത്തെ പ്രതിയും രാജ്യത്തോടുള്ള വിശ്വസ്തതയെ പ്രതിയും ചുമതലുകളെല്ലാം നിറവേറ്റിപ്പോന്നു….

പിന്നീട് ചക്രവര്‍ത്തി ക്രൈസ്തവര്‍ക്കെതിരായി യുദ്ധം ചെയ്തപ്പോള്‍, വിശുദ്ധ ഗീവര്‍ഗീസ് തന്റെ വിശ്വാസത്തില്‍ തന്നെ നിറയുറപ്പിച്ചു നിന്നുകൊണ്ട് അതിനെ സംരക്ഷിച്ചതു മാത്രമല്ല അതിന്റെ പേരില്‍ രാജാവും അധികാരികളും ചേര്‍ന്ന് അദ്ദേഹത്തെ പ്രലോഭിപ്പിച്ചു വശംവധനനാക്കാന്‍ ശ്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു…. അതിന്റെ പേരില്‍ അദ്ദേഹം ഭീഷണികള്‍ വരെ നേരിടേണ്ടി വന്നു….

രാജാവിന്റെ ക്രൈസ്തവര്‍ക്കെതിരെയുള്ള ക്രൂരതക്കെതിരെ ശക്തമായി പ്രതികരിക്കുകയും സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുകയും, ചക്രവര്‍ത്തി കാണിക്കുന്ന ക്രൂരതയേക്കുറിച്ച് തുറന്ന്! പറയുകയും ചെയ്തു…. വിശുദ്ധനില്‍ അസംതൃപ്തി തോന്നിയ ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തി കോപം കൊണ്ട് ജ്വലിച്ചു ഉടന്‍ തന്നെ വിശുദ്ധനെ തടവിലാക്കി…. വിശുദ്ധനോട് അതിയായ മതിപ്പുണ്ടായിരുന്ന ചക്രവര്‍ത്തി വീണ്ടും വീണ്ടും വിശുദ്ധനെ പ്രലോഭിപ്പിച്ചു തന്റെ കൂടെ കൂട്ടാനും അതിനുവേണ്ടി വലിയ വലിയ വാഗ്ദാനങ്ങള്‍ നല്‍കി ശ്രമിച്ചുകൊണ്ടിരുന്നു…. അതിലൊന്നും വഴങ്ങാതിരുന്ന വിശുദ്ധനെ പിന്നീട് ചക്രവര്‍ത്തി ക്രൂരമായ മര്‍ദ്ദനങ്ങളിലൂടെ നയിച്ചു…. പക്ഷേ ഇതിനൊന്നിനും വിശുദ്ധനെ തളര്‍ത്തുവാന്‍ കഴിഞ്ഞില്ല…. അദ്ദേഹം ഈശോയില്‍ കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ടേയിരുന്നു അതിനോടൊപ്പം തന്നെ വിശുദ്ധന്‍ ചക്രവര്‍ത്തിയുടെ വെറുപ്പും സമ്പാദിച്ചുകൊണ്ടിരുന്നു….

അധികം വൈകാതെ തന്നെ വിശുദ്ധനെ തെരുവുകളിലൂടെ നടത്തിക്കുകയും അദ്ദേഹത്തെ വധിക്കാനായി പല മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തു…. എന്നാല്‍ മരണത്തിന്റെ ആ വിനാഴികയില്‍ നിന്നെല്ലാം ഈശോ അദ്ദേഹത്തെ രക്ഷിച്ചു കൊണ്ടുവന്നു…. ചക്രവര്‍ത്തിയിലൂടെ വിശുദ്ധന്‍ നിരവധി സഹന മുറകളിലൂടെ കടന്നു പോയിട്ടുണ്ട്…. ഈ സംഭവങ്ങള്‍ ഓരോന്നും അനേകരെ ഈശോയിലേക്ക് അടുപ്പിക്കുകയും ചെയ്തുകൊണ്ടിരുന്നു…. ഒടുവില്‍ വിശുദ്ധനെ ശിരച്ചേദം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു ചെയ്തത്…. നിക്കോമീദിയായില്‍ രാജശാസനം ആദ്യമായി സ്ഥാപിച്ചപ്പോള്‍ അത് വലിച്ചുകീറിയ ധീരനായ ചെറുപ്പക്കാരന്‍ വിശുദ്ധ ഗീവര്‍ഗീസാണെന്ന് നിരവധിപേര്‍ വിശ്വസിക്കുന്നു….

സൈന്യാധിപനായിരുന്ന വിശുദ്ധ ഗീവര്‍ഗീസ് സകല സൈനികരുടെയും മധ്യസ്ഥനാണ്…. അദ്ദേഹത്തിന്റെ ജോലിയുടെ സ്വഭാവവും അന്തിയോക്യായില്‍ ഉണ്ടായ ഒരു യുദ്ധത്തില്‍ വിശുദ്ധന്‍, ഗോഡ്‌ഫ്രേ ബൂയില്ലോണിന്റെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ സൈന്യത്തിന്റെ സഹായത്തിനെത്തുകയും, ആ യുദ്ധത്തില്‍ ക്രിസ്ത്യാനികള്‍ വിജയിച്ചു എന്ന വിവരണവുമാണ് വിശുദ്ധ ഗീവര്‍ഗീസിനെ സൈനികരുടെ മദ്ധ്യസ്ഥനായി പരിഗണിക്കുവാനുള്ള കാരണം…. ഈ വിജയം വിശുദ്ധനെ യൂറോപ്പ് മുഴുവന്‍ പ്രസിദ്ധനാക്കുകയും, യുദ്ധവേളകളില്‍ സൈനികര്‍ വിശുദ്ധന്റെ നാമം വിളിച്ചപേക്ഷിക്കുന്ന പതിവിനു തുടക്കമിടുകയും ചെയ്തു….

മറ്റൊരു വിശ്വാസം കൂടിയുണ്ട്, റിച്ചാര്‍ഡ് ഒന്നാമന്‍ രാജാവിന്, സാരസെന്‍സിനെതിരായ യുദ്ധത്തിനിടക്ക് വിശുദ്ധ ഗീവര്‍ഗീസിന്റെ ദര്‍ശനം ഉണ്ടായതായി പറയപ്പെടുന്നു…. രാജാവ് ഇക്കാര്യം തന്റെ സൈനികരെ അറിയിക്കുകയും ഇതില്‍ പ്രചോദിതരായ സൈന്യം ശത്രുക്കളെ എളുപ്പം പരാജയപ്പെടുത്തുകയും ചെയ്തു….

സാധാരണയായി വിശുദ്ധ ഗീവര്‍ഗീസിനെ ചിത്രങ്ങളില്‍ ഒരു കുതിരപ്പുറത്തിരിന്നു ഒരു വ്യാളിയുമായി കുന്തം കൊണ്ട് യുദ്ധം ചെയ്യുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്…. എന്നാല്‍ തന്റെ വിശ്വാസവും, ക്രിസ്തീയ സഹനശക്തിയും കൊണ്ട് തിന്മയെ കീഴടക്കി എന്നുള്ളതിന്റെ വെറുമൊരു പ്രതീകമെന്നതില്‍ കവിഞ്ഞ് അതിന് യാതൊരു അര്‍ത്ഥവുമില്ല…. ക്രിസ്തുവിന്റെ രക്തസാക്ഷികളില്‍ ഏറ്റവും തിളക്കമാര്‍ന്ന ഒരു രക്തസാക്ഷിയായിട്ടാണ് വിശുദ്ധ ഗീവര്‍ഗീസിനെ കത്തോലിക്കാ സഭ ആദരിക്കുന്നത്….

ഒട്ടനവധി ഐതിഹ്യങ്ങള്‍ വിശുദ്ധ ഗീവര്‍ഗീസിനെ മഹത്വത്തിനായി പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്…. അതില്‍ മുഖ്യമായിട്ടുള്ളതാണ് വിശുദ്ധന്‍ വ്യാളിയെ നിഹനിക്കുന്ന സംഭവം…. ഒരിക്കല്‍ അദ്ദേഹം ലിബിയായിലൂടെ സഞ്ചരിക്കുകയായിരുന്നു…. സൈലന്‍ എന്ന നഗരത്തിലെത്തിയപ്പോള്‍ ഭയചകിതരായി കൂട്ടം കൂടി നില്‍ക്കുന്ന ജനത്തെയും അവരുടെ മധ്യത്തിലായി ദുഃഖാര്‍ത്തയായി നില്‍ക്കുന്ന സുന്ദരിയായ യുവതിയെയും കണ്ടു…. ഗീവര്‍ഗീസ് കണ്ട യുവതി ആ രാജ്യത്തിലെ രാജകുമാരിയായിരുന്നു…. ഗീവര്‍ഗീസ് കാര്യമന്വേഷിച്ചു…. ഉഗ്രരൂപിയായ ഒരു വ്യാളിയായിരുന്നു കാരണം…. വ്യാളി നഗരത്തില്‍ പ്രവേശിച്ചു വളര്‍ത്തുമൃഗങ്ങളെയും മനുഷ്യരെയും കൊന്നൊടുക്കി…. ഓരോ ദിവസവും വ്യാളിക്ക് ഇരയായി രണ്ട് ആടുകളെ നല്‍കിക്കൊണ്ട് താല്‍ക്കാലികമായി ഓര്‍ പ്രശ്‌നം പരിഹരിച്ചു…. എന്നാല്‍ വളര്‍ത്തു മൃഗങ്ങള്‍ അവസാനിച്ചപ്പോള്‍ ദിവസം ഓരോ മനുഷ്യനെ വീതം വ്യാളിക്ക് നല്‍കാന്‍ അവര്‍ തീരുമാനിച്ചു…. അതിനായി അവര്‍ ആളുകളെ കുറിയിട്ടു നിശ്ചയിച്ചിരുന്നു…. ആ രാജ്യത്തിലെ രാഞ്ജിയായ അവളുടെ പേരിലായിരുന്നു അന്നേദിവസം കുറി വീണത്…. അവള്‍ രാജാവിന്റെ ഏക മകളായിരുന്നു…. ഗീവര്‍ഗീസ് അവരുടെ പ്രശ്‌നം പരിഹരിക്കാമെന്ന് വാക്ക് കൊടുത്തു…. ഈശോയെ ആശ്രയിച്ചു പ്രാര്‍ത്ഥിച്ചുകൊണ്ട് അദ്ദേഹം വ്യാളിയെ തന്റെ കുന്തം കൊണ്ട് കുത്തിക്കൊലപ്പെടുത്തി…. രാജകുമാരിയുടെ അരപ്പെട്ട വാങ്ങി വ്യാളിയുടെ കഴുത്തില്‍ ചുറ്റി വിശുദ്ധന്റെ നിര്‍ദ്ദേശപ്രകാരം രാജകുമാരി അതിനെ പട്ടണത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്നു…. പട്ടണവാസികള്‍ ഇതു കണ്ട് ഭയന്നു ഓടിയെങ്കിലും ഗീവര്‍ഗീസ് അവരെ ധൈര്യപ്പെടുത്തി…. അദ്ദേഹം അവരോട് പറഞ്ഞു; നിങ്ങള്‍ യേശുക്രിസ്തുവില്‍ വിശ്വസിച്ചു ജ്ഞാനസ്‌നാനം സ്വീകരിക്കുവിന്‍…. എന്നിലൂടെ നിങ്ങളെ രക്ഷിച്ച കര്‍ത്താവായ യേശുക്രിസ്തുവിനെ സ്വീകരിക്കുവിന്‍…. രാജാവും രാജ്ഞിയും ജനങ്ങളും വിശുദ്ധന്റെ ആ വാക്കുകളെ അംഗീകരിച്ചു…. അവരെല്ലാവരും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു…. കര്‍ത്താവായ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി അംഗീകരിച്ചു ഞാനസ്‌നാനം സ്വീകരിച്ചു…. ആ രാജ്യം തന്നെ ക്രിസ്തുവിന്റെതായി മാറി…. രാജാവ് വിലപിടിച്ച സമ്മാനങ്ങള്‍ ഗീവര്‍ഗീസിന് നല്‍കി…. അദ്ദേഹം അതെല്ലാം പാവങ്ങള്‍ക്ക് വിതരണം ചെയ്തു….

അവിടെനിന്ന് യാത്ര പറയുന്നതിനുമുമ്പ് അദ്ദേഹം നാലു കാര്യങ്ങള്‍ അവരോട് ആവശ്യപ്പെട്ടു….
1, രാജാവ് ക്രൈസ്തവ ദേവാലയങ്ങള്‍ സംരക്ഷിക്കണം….
2, പുരോഹിതരെ ബഹുമാനിക്കണം….
3, രാജാവും ജനങ്ങളും ദൈവാരാധനങ്ങളില്‍ പങ്കുചേരണം….
4, പാവങ്ങളെ സഹായിക്കണം….
വിശുദ്ധന്‍ ആവശ്യപ്പെട്ട ഈ നാല് കാര്യങ്ങള്‍ക്കും രാജാവ് സമ്മതിക്കുക മാത്രമല്ല അപ്രകാരം പ്രവര്‍ത്തിക്കുക കൂടി ചെയ്തു…. ഈ സംഭവം അറിഞ്ഞ റോമായിലെ രാജ്ഞി അലക്‌സാന്‍ഡ്രിയ ക്രിസ്ത്യാനിയാകാന്‍ തീരുമാനിച്ചു…. ആ വിശ്വാസ പ്രഖ്യാപനത്തെ പ്രതി അലക്‌സാന്‍ഡ്രിയ രാജ്ഞിയും വധിക്കപ്പെട്ടു എന്നാണ് പറയപ്പെടുന്നത്….

ഗ്രീക്ക്കാര്‍ വിശുദ്ധന് ‘മഹാനായ രക്തസാക്ഷി’ എന്ന വിശേഷണം നല്‍കി ആദരിക്കുകയും വിശുദ്ധന്റെ തിരുനാള്‍ ദിനം ഒരു പൊതു അവധിയായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്…. പണ്ട് കാലത്ത് കോണ്‍സ്റ്റാന്റിനോപ്പിളില്‍ ഏതാണ്ട് അഞ്ചോ ആറോ ദേവാലയങ്ങള്‍ വിശുദ്ധന്റെ നാമധേയത്തില്‍ ഉണ്ടായിരുന്നു…. അതില്‍ ഏറ്റവും പഴക്കമേറിയത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാല്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് കരുതപ്പെടുന്നു…. ഇപ്പോഴും ചില പൗരസ്ത്യ രാഷ്ട്രങ്ങളില്‍ വിശുദ്ധ ഗീവര്‍ഗീസിനെ അവരുടെ മദ്ധ്യസ്ഥനായിട്ടാണ് പരിഗണിക്കുന്നത്….

ജോര്‍ജിയ എന്ന പേരില്‍ ഒരു രാജ്യമുണ്ട്…. നാലാം നൂറ്റാണ്ടു മുതലാണ് അവിടെ ജോര്‍ജ് എന്ന നാമമുള്ള വിശുദ്ധ ഗീവര്‍ഗീസിനെ സ്മരിക്കുന്നത്…. മിരിയന്‍ മൂന്നാമന്‍ രാജാവാണ് ആ രാജ്യത്തിന് ജോര്‍ജിയ എന്ന നാമകരണം നല്‍കിയത്…. ആ രാജ്യത്തിന് ജോര്‍ജിയ എന്ന പേര് വരാന്‍ തന്നെ കാരണം ജോര്‍ജ് എന്ന നാമകരണമുള്ള വിശുദ്ധ ഗീവര്‍ഗീസാണ്…. വിശുദ്ധനോടുള്ള ആദരവിന്റെയും സ്‌നേഹത്തിന്റെയും ഒരു പ്രതീകമായിട്ടാണ് ആ രാജ്യത്തിലെ ജനങ്ങളും അധികാരികളും ഒന്നായി ചേര്‍ന്നുകൊണ്ട് ജോര്‍ജിയ എന്ന നാമം ആ രാജ്യത്തിന് നല്‍കിയത്…. അതു മാത്രമല്ല വിശുദ്ധനെ തന്നെയാണ് അവര്‍ തങ്ങളുടെ രാജ്യത്തിന്റെ പ്രധാന മധ്യസ്ഥനായി സ്വീകരിക്കുകയും ചെയ്തത്….

ചില രാജ്യങ്ങള്‍ ആ രാജ്യങ്ങളിലെ സംസ്ഥാനങ്ങള്‍ക്ക് വിശുദ്ധരോടുള്ള സ്‌നേഹത്തെയും ആദരവിന്റെയും ഫലമായി അവരുടെ പേരുകള്‍ നാമകരണം ചെയ്തിട്ടുണ്ട്…. ഉദാഹരണത്തിന് സാന്‍ ഫ്രാന്‍സിസ്‌കോ സെന്റ് ജര്‍മ്മെയ്ന്‍ എന്നൊക്കെ…. അതുപോലെതന്നെ ചില രാജ്യങ്ങള്‍ക്കും പേരുകള്‍ നാമകരണം ചെയ്തിട്ടുണ്ട്…. സെന്റ് കിട്ട്‌സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ, സെന്റ് വിന്‍സന്റ് ആന്‍ഡ് ദ ഗ്രെനഡൈന്‍സ്, സാന്‍ മരിനോ ഈ രാജ്യങ്ങളെല്ലാം വിശുദ്ധരുടെ പേരുകളിലാണ് അറിയപ്പെടുന്നത്…. ഇതുപോലെ തന്നെയാണ് ജോര്‍ജ് എന്ന നാമമുള്ള വിശുദ്ധ ഗീ വര്‍ഗീസിന്റെ പേരില്‍ ജോര്‍ജിയ എന്ന രാജ്യം അറിയപ്പെടുന്നത്…. ഈ രാജ്യത്തില്‍ മാത്രം 365 ദേവാലയങ്ങളാണ് വിശുദ്ധന്റെ നാമധേയത്തിലുള്ളത്…. ഇതില്‍ നിന്ന് തന്നെ വ്യക്തമാണ് ആ രാജ്യവും ജനതയും വിശുദ്ധനെ എത്രമാത്രം ആദരിക്കുന്നു സ്‌നേഹിക്കുന്നു ബഹുമാനിക്കുന്നു എന്നത്…. ഒരു ഐതിഹ്യം പറയുന്നത് ഇങ്ങനെയാണ്; വിശുദ്ധനെ 365 കഷണങ്ങളായി നുറുക്കിയെന്നും അതിന്റെ സ്മരണാര്‍ത്ഥമാണ് 365 ദേവാലയങ്ങളെന്നും പറയപ്പെടുന്നു….

വിശുദ്ധന്റെ മാദ്ധ്യസ്ഥം വഴി നിരവധി യുദ്ധ വിജയങ്ങളും, മറ്റു അത്ഭുതങ്ങളും നടന്നിട്ടുണ്ടെന്നു ചില ബൈസന്റൈന്‍ ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നുണ്ട്…. വിശുദ്ധനാട് സന്ദര്‍ശിക്കുന്ന തീര്‍ത്ഥാടകര്‍ പാലസ്തീനിലുള്ള വിശുദ്ധന്റെ ശവകുടീരവും, ദേവാലയവും സന്ദര്‍ശിക്കുന്നതിനാല്‍ പാശ്ചാത്യരാജ്യങ്ങളില്‍ വിശുദ്ധന്റെ നാമം വളരെയേറെ പ്രചരിപ്പിക്കപ്പെട്ടു…. ആറാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ വിശുദ്ധനെ വളരെയേറെ ആദരിച്ചിരുന്നുവെന്ന് ടൂര്‍സിലെ വിശുദ്ധ ഗ്രിഗറി പരാമര്‍ശിച്ചിരിക്കുന്നു…. മാത്രമല്ല അദ്ദേഹം നശിക്കാറായ വിശുദ്ധ ഗീവര്‍ഗീസിന്റെ ഒരു ദേവാലയം അറ്റകുറ്റപണികള്‍ ചെയ്ത് പുതുക്കുവാന്‍ ഉത്തരവിടുകയും ചെയ്തിട്ടുണ്ട്….

ഫ്രാന്‍സിലെ ആദ്യ ക്രിസ്ത്യന്‍ രാജാവായിരുന്ന ക്ലോവിസിന്റെ ഭാര്യയായിരുന്ന വിശുദ്ധ ക്ലോറ്റില്‍ഡിസ്, വിശുദ്ധന്റെ നാമധേയത്തില്‍ നിരവധി ദേവാലയങ്ങള്‍ നിര്‍മ്മിക്കുകയുണ്ടായി; ചെല്ലെസിലെ ദേവാലയവും ഈ മഹതി തന്നെയാണ് നിര്‍മ്മിച്ചിട്ടുള്ളത്…. ജെനോവാ റിപ്പബ്ലിക്കിന്റെ സംരക്ഷകനായ വിശുദ്ധന്‍ കൂടിയാണ് വിശുദ്ധ ഗീവര്‍ഗീസ്…. മെത്രാനായ വിശുദ്ധ തിയാഡോര്‍ തിറോയും വിശുദ്ധ ഗീവര്‍ഗീസിനെ കുറിച്ച് തന്റെ രചനകളില്‍ പ്രതിപാദിക്കുന്നുണ്ട്….

ഇംഗ്ലണ്ടില്‍ പ്രത്യേകിച്ച് അവിടുത്തെ കര്‍ഷകരുടെ ഇടയില്‍ വളരെയേറെ പ്രചാരം നേടിയ വിശുദ്ധനാണ് വിശുദ്ധ ഗീവര്‍ഗീസ്…. അവിടത്തെ കാര്‍ഷിക മേഖലയില്‍ വലിയ ഇടിവ് സംഭവിച്ചപ്പോള്‍ കര്‍ഷകരെല്ലാം മാധ്യസ്ഥം അപേക്ഷിച്ചു പ്രാര്‍ത്ഥിച്ചു അഭയം കണ്ടെത്തിയത് വിശുദ്ധ ഗീവര്‍ഗീസിന്റെ സന്നിധിയിലാണ്…. അതിന്റെ ഫലമായി അവിടുത്തെ കാര്‍ഷിക മേഖലയില്‍ വലിയ മുന്നേറ്റം സംഭവിച്ചു എന്നാണ് ചരിത്രം പറയുന്നത്…. അതുകൊണ്ടുതന്നെ ഇംഗ്ലണ്ടിലെ കര്‍ഷകരുടെ ഇടയില്‍ അന്നും ഇന്നും മുഴങ്ങി കേള്‍ക്കുന്ന ഒരു പേരാണ് വിശുദ്ധ ഗീ വര്‍ഗീസ് അവരുടെ മധ്യസ്ഥന്‍ കൂടിയാണ് വിശുദ്ധന്‍…. 1222 ല്‍ ഓക്‌സ്‌ഫോര്‍ഡില്‍ കൂടിയ ദേശീയ സമിതിയില്‍ ഇംഗ്ലണ്ട് മുഴുവന്‍ വിശുദ്ധന്റെ തിരുനാള്‍ ദിനം ഒരു അവധി ദിവസമായി പ്രഖ്യാപിക്കണമെന്ന് ഉത്തരവിട്ടു…. എഡ്വേര്‍ഡ് മൂന്നാമന്‍ ചക്രവര്‍ത്തി സ്ഥാപിച്ച പ്രഭുക്കളുടെ ബഹുമതിയുടെ അടയാളവും, ചിഹ്നവും വിശുദ്ധനായി സമര്‍പ്പിക്കപ്പെട്ടിട്ടുള്ളതാണ്…. ലോകം മുഴുവനുമുള്ള ക്രൈസ്തവര്‍ക്ക് വിശുദ്ധനോടുള്ള അസാധാരണമായ ഭക്തി, തിരുസഭയില്‍ വിശുദ്ധന്റെ നാമം എത്രമാത്രം തിളക്കമുള്ളതാണെന്നതിന്റെ ആധികാരികമായ തെളിവാണ്…. ജോസഫ് അസ്സെമാനിയുടെ അഭിപ്രായത്തില്‍, എല്ലാ സഭകളും ഏകപക്ഷീയമായി ഏപ്രില്‍ 23 നു വിശുദ്ധന്റെ രക്തസാക്ഷിത്വ ദിനമായി അംഗീകരിക്കുന്നു….

ക്രൈസ്തവസഭകളില്‍ ഇന്നും പ്രചാരത്തിലിരിക്കുന്ന വിശുദ്ധ ഗീവര്‍ഗീസിന്റെ ചിത്രം സര്‍പ്പ സംഹാരവുമായി ബന്ധപ്പെട്ടാണല്ലോ…. ഈ ചിത്രം സൂചിപ്പിക്കുന്ന പ്രാധാന്യം ചരിത്രത്തിന്റെ സത്യത്തേക്കാള്‍ അത് ഉള്‍ക്കൊള്ളുന്ന ആശയമാണ്…. മനുഷ്യനെ വിഴുങ്ങുന്ന നാരകീയ സര്‍പ്പം എല്ലാ കാലങ്ങളെക്കാളും അധികമായി ഇന്ന് മാനവരാശിയുടെ മേല്‍ വിഷം ചീറ്റുന്നുണ്ട്…. ലൗകായികത്വം, നിരീശ്വരത്വം, സുഖലോലുപത, അധികാരമോഹം, വിവേചനം, മാധ്യമ ദുരുപയോഗം എന്നിങ്ങനെ തിന്മ വിഷം ചീറ്റുമ്പോള്‍ സഭയുടെയും വിശ്വാസികളുടെയും വിശ്വാസത്തിന്റെയും സംരക്ഷണത്തിനായി നമുക്ക് വിശുദ്ധന്റെ മാധ്യസ്ഥ്യം തേടാം…. നമ്മുടെ നിരവധിയായ പ്രശ്‌നങ്ങളുടെ മധ്യേ ഗീവര്‍ഗീസ് സഹദ നമുക്ക് സഹായകമാകട്ടെ…. പ്രേക്ഷിത തീക്ഷ്ണതയില്‍ ജ്വലിച്ചു സഹനങ്ങള്‍ ഏറ്റെടുത്ത മഹിത പ്രതാപശാലിയും രക്തസാക്ഷിയുമായ ഗീവര്‍ഗീസ് തന്റെ പ്രേക്ഷിത തീക്ഷ്ണതയും ധൈര്യവും നല്‍കി നമ്മെ അനുഗ്രഹിക്കട്ടെ….

പുണ്യവാളചരിതങ്ങള്‍ അനുസരിച്ച് കത്തോലിക്കാ സഭ, പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകള്‍, ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍, ആംഗ്ലിക്കന്‍ സഭ, യാക്കോബായ സഭ, ലൂഥറന്‍ സഭകള്‍ എന്നിവയുള്‍പ്പെടെയുള്ള ക്രിസ്തീയവിഭാഗങ്ങളില്‍ ഏറ്റവുമധികം വണങ്ങപ്പെടുന്ന വിശുദ്ധന്മാരില്‍ ഒരാളാണ് ഇദ്ദേഹം…. വ്യാളിയുമായി യുദ്ധം ചെയ്യുന്നതായി ചിത്രീകരിക്കുന്ന കഥ, ഈ വിശുദ്ധന്റെ വ്യാപകമായ യശസിന്റെ ഉല്പത്തിയേയും നിലനില്പിനേയും ഏറെ സ്വാധീനിച്ചിട്ടിട്ടുണ്ട്….

‘വിശുദ്ധസഹായകര്‍’ എന്നറിയപ്പെടുന്ന 14 ദിവ്യാത്മാക്കളില്‍ ഒരാള്‍ കൂടിയായ ഇദ്ദേഹം സൈനികവിശുദ്ധന്മാരില്‍ ഏറ്റവും പ്രധാനിയാണ്…. ലോകമൊട്ടാകെ ഒട്ടേറെ നാടുകളുടെ മദ്ധ്യസ്ഥനാണ് ഈ വിശുദ്ധന്‍ സ്‌പെയിനിലെ അരഗോണ്‍, കറ്റലോണിയ പ്രദേശങ്ങള്‍, ഇംഗ്ലണ്ട്, എത്യോപ്യ, ജോര്‍ജിയ, ഗ്രീസ്, ഇന്ത്യ, ഇറാക്ക്, ലിത്വാനിയ, പലസ്തീനിയ, പോര്‍ത്തുഗല്‍, സെര്‍ബിയ, റഷ്യ, എന്നീ നാടുകളും, ജെനോവ, അമേര്‍സ്ഫൂര്‍ട്ട്, ബെയ്‌റൂട്ട്, മോസ്‌കോ, ജുബ്ലിയാനാ എന്നിവയുള്‍പ്പെടെ ഒട്ടേറെ നഗരങ്ങളും അദ്ദേഹത്തിന്റെ മദ്ധ്യസ്ഥതയില്‍ പെടുന്നു…. ഇതിനു പുറമേ, ഒട്ടേറെ തൊഴിലുകളുടേയും, വിവിധതരം രോഗാവസ്ഥകളിലുള്ളവരുടേയും മദ്ധ്യസ്ഥനായും ഇദ്ദേഹം കണക്കാക്കപ്പെടുന്നു….

ഗീവര്‍ഗീസ് എന്ന വാക്കിനര്‍ത്ഥം സ്വര്‍ഗീയ സസ്യം എന്നാണ്…. ഈ ഭൂമിയില്‍ ദൈവത്താല്‍ നടപ്പെട്ട സ്വര്‍ഗ്ഗീയ സസ്യമാണ് നാമെല്ലാവരും…. നിത്യ സ്വര്‍ഗ്ഗരാജ്യത്തില്‍ എത്തിച്ചേരുമ്പോഴാണ് നാമെല്ലാവരും യഥാര്‍ത്ഥ ഫലം ചൂടുന്നത്…. ഈ വസ്തുത വിശുദ്ധന്‍ നമുക്ക് സാക്ഷ്യം നല്‍കുന്നു…. നാമേവരും യഥാര്‍ത്ഥത്തില്‍ സ്വര്‍ഗീയ സസ്യങ്ങളായി മാറുന്നതായിരിക്കും വിശുദ്ധന് ഏറ്റവും ആനന്ദദായകം…..
ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്നെത്തന്നെ നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്താല്‍ അവന് എന്തു പ്രയോജനം? ലൂക്കാ 9 : 25

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?