വാഷിംഗ്ടണ്‍ ഡിസി: യുഎസിലെ പരമോനന്നത സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ ഫ്രീഡം മെഡല്‍ മറ്റ് 18 പേര്‍ക്കൊപ്പം ജസ്യൂട്ട് വൈദികനായ ഫാ. ഗ്രെഗ് ബോയ്‌ലിന് പ്രസിഡന്റ് ജോ ബൈഡന്‍ സമ്മാനിച്ചു. ഗുണ്ടായിസവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ചെറുപ്പക്കാരുടെ പുനരുദ്ധാരണത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഫാ. ഗ്രെഗ് ബോയ്‌ലിനെ അവാര്‍ഡിനര്‍ഹനാക്കിയത്.
1984-ല്‍ വൈദികനായി അഭിഷിക്തനായ ഫാ. ബോയ്ല്‍ 1992ലാണ് ഹോംബോയ് ഇന്‍ഡസ്ട്രീസിന് തുടക്കം കുറിക്കുന്നത്. ലോസ് ആഞ്ചലസ് നഗരത്തില്‍ ഗുണ്ടാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി ആരംഭിച്ച് ഈ സംരംഭം ഇന്ന് ലോകമെമ്പാടും വ്യാപിച്ച് ഗുണ്ടായിസവുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ പുനരുദ്ധാരണ പദ്ധതിയായി മാറിയിരിക്കുന്നു. സമൂഹം മുഖത്തു നോക്കാന്‍ പോലും ഇഷ്ടപ്പെടാത്ത ആയിരക്കണക്കിന് ചെറുപ്പക്കാരുടെ പുനരുദ്ധാരണമാണ് ഈ പദ്ധതിയിലൂടെ സാധ്യമായത്. ഗുണ്ടായിസവുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്ക് പുതിയ ജോലി മേഖലകള്‍ കണ്ടെത്താനുള്ള പരിശീലനവും അവരുടെ കേസ് നടത്തുന്നതിനുള്ള സഹായവും, അവരുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനുള്ള സഹായവും മറ്റ് നിയമപരമായ സഹായങ്ങളും ഈ സംഘടനയുടെ നേതൃത്വത്തില്‍ നല്‍കി വരുന്നു. സുവിശേഷത്തില്‍ ചാലിച്ച ശുശ്രൂഷയാണ് തങ്ങളുടേതെന്ന് ഫാ. ബോയ്ല്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ പുരോഗതിക്കോ മൂല്യങ്ങള്‍ക്കോ സുരക്ഷയ്‌ക്കോ അനിതരസാധാരണമായ സംഭാവനകള്‍ നല്‍കുന്നവരെയും ലോകസമാധാനത്തിനായി സംഭാവനകള്‍ നല്‍കുന്നവരെയോ സാമൂഹ്യ രാഷ്ട്രീയ സ്വകാര്യ മേഖലകളില്‍ പ്രധാനപ്പെട്ട സംഭാവനകള്‍ നല്‍കുന്നവരെയോ ആണ് പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്‍കി ആദരിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *