Follow Us On

24

November

2024

Sunday

കുരുന്നുകള്‍ക്ക് കരുതലായ ടീച്ചര്‍

കുരുന്നുകള്‍ക്ക്  കരുതലായ ടീച്ചര്‍

മാത്യു സൈമണ്‍

മാസംതോറും നടത്താറുള്ളതുപോലെ തന്റെ വിദ്യാര്‍ത്ഥികളുടെ വീടുസന്ദര്‍ശനത്തിന് എത്തിയതായിരുന്നു ലിന്‍സി ടീച്ചര്‍. മുന്നില്‍ ആ വിദ്യാര്‍ത്ഥിയുടെ വീട് കണ്ടപ്പോള്‍ ടീച്ചറിന്റെ ഹൃദയം നുറുങ്ങി. അതിനെ വീടെന്നു വിളിക്കാന്‍പോലും സാധിക്കില്ല. പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിട്ട് അതിനുള്ളില്‍ വിദ്യാര്‍ത്ഥിയും അമ്മയും മൂന്ന് സഹോദരങ്ങളും താമസിക്കുന്നു. ആ ദയനീയ അവസ്ഥ അവഗണിച്ച് കടന്നുപോകാന്‍ ലിന്‍സി ടീച്ചറിനായില്ല. അവര്‍ക്ക് ഒരു വീട് നിര്‍മ്മിക്കാന്‍ തന്റെയും ഭര്‍ത്താവിന്റെയും വരുമാനത്തില്‍നിന്ന് ഒരു വിഹിതം നീക്കിവയ്ക്കാന്‍ ടീച്ചര്‍ തീരുമാനിച്ചു. അതോടൊപ്പം പണം സംഭാവന ചെയ്യാന്‍ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും മറ്റ് സുമനസുകളെയും പ്രേരിപ്പിച്ചു. ഇങ്ങനെ എല്ലാവരുടെയും സഹകരണത്തോടെ 2015 ല്‍ ആ കുട്ടിക്ക് ഒരു ഭവനം നിര്‍മ്മിച്ചുനല്‍കാന്‍ ടീച്ചര്‍ക്ക് സാധിച്ചു.

ഇടുക്കി ജില്ലയിലെ മുരിക്കാട്ടുകുടി ഗവണ്‍മെന്റ് ട്രൈബല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്രൈമറി വിഭാഗം അധ്യാപികയാണ് ലിന്‍സി ജോര്‍ജ്. നല്ലൊരു ശതമാനവും ആദിവാസി വിഭാഗത്തില്‍പെട്ട കുട്ടികളാണ് ഈ സ്‌കൂളില്‍ പഠിക്കുന്നത്. മന്നാന്‍ വിഭാഗത്തില്‍പെട്ട ജനങ്ങള്‍ താമസിക്കുന്ന ഈ പ്രദേശത്തെ മിക്ക കുടുംബങ്ങളും സാമ്പത്തികമായി വളരെ പിന്നാക്കാവസ്ഥയിലാണ്.
”വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ സോഷ്യല്‍ മീഡിയ വഴി സുഹൃത്തുക്കളില്‍ നിന്നും മറ്റ് ആളുകളില്‍നിന്നും സഹായം അഭ്യര്‍ത്ഥിച്ചു. അങ്ങനെ അനേകര്‍ സഹായിക്കാന്‍ മുന്നോട്ട് വന്നു,” ടീച്ചര്‍ പറയുന്നു. ഒരു വ്യക്തി അദ്ദേഹത്തിന്റെ പക്കല്‍ ആകെയുണ്ടായിരുന്ന 57 രൂപ നല്‍കിയത് താന്‍ ഇപ്പോഴും ഓര്‍ക്കുന്നതായി ടീച്ചര്‍ പങ്കുവയ്ക്കുന്നു.

വീട് ഓരോ കുട്ടിക്കും സുരക്ഷിതവും മികച്ചതുമായ ജീവിത സാഹചര്യം ഉറപ്പാക്കുമെന്നതിനാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ തന്റെ ജീവിത ദൗത്യമാക്കാന്‍ ടീച്ചര്‍ തീരുമാനിച്ചു. തുടര്‍ന്ന് സ്‌കൂളിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന ആറ് കുട്ടികള്‍ക്ക് സുമനസുകളുടെ സഹായത്തോടെ വീടു നിര്‍മിച്ചു നല്‍കാന്‍ ലിന്‍സി ടീച്ചര്‍ മുന്‍കൈ എടുത്തു. ഗവണ്‍മെന്റില്‍നിന്നോ മറ്റു ഏജന്‍സികളില്‍നിന്നോ യാതൊരു വിധത്തിലും സഹായം കിട്ടാന്‍ സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്കാണ് ടീച്ചര്‍ വീട് നിര്‍മിച്ചു നല്‍കിയത്. ഇപ്പോള്‍ പുതിയതായി രണ്ട് വീടുകളുടെ കൂടി നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.

സമയമാകുംമുമ്പ് ഭക്ഷണം
ചോദിച്ചെത്തിയ കുട്ടി

ലിന്‍സി ടീച്ചര്‍ക്ക് സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ വിതരണത്തിന്റെ ഉത്തരവാദിത്വമുള്ള സമയം. പതിവിലും നേരത്തെ ഭക്ഷണം കഴിക്കാറായോയെന്ന് അന്വേഷിച്ച് ഒരു കുട്ടി വന്നു. ഭക്ഷണം പാകമായില്ല എന്ന് പറഞ്ഞ് ടീച്ചര്‍ കുട്ടിയെ മടക്കിയയച്ചു. കുറച്ച് സമയം കഴിഞ്ഞ് വീണ്ടും ഭക്ഷണമന്വേഷിച്ച് ആ കുട്ടി വന്നു. കാര്യമന്വേഷിച്ചപ്പോള്‍ രാവിലെ ഒന്നും കഴിച്ചിട്ടില്ല. വീട്ടിലെ ദാരിദ്ര്യം തന്നെയാണ് കാരണം. ടീച്ചറിന്റെ മനസില്‍ അതൊരു നോവായി മാറി.
മറ്റൊരു ദിവസം രാവിലെ ഒരു ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി സ്‌കൂളില്‍ വച്ച് ഛര്‍ദ്ദിച്ചു. വെറും വെള്ളംമാത്രമാണ് ഛര്‍ദ്ദിച്ചത്. കുട്ടി രാവിലെ യാതൊന്നും കഴിച്ചിട്ടില്ലയെന്ന് അന്വേഷിച്ചപ്പോള്‍ ലിന്‍സി ടീച്ചറിന് മനസിലായി. ദാരിദ്ര്യത്തിന്റെ കാഠിന്യംതന്നെ കാരണം. മറ്റൊരു ടീച്ചര്‍ കഴിക്കാന്‍ കൊണ്ടു വന്ന ഇഡ്ഡലികള്‍ നല്‍കിയപ്പോള്‍ ആ കുട്ടി ആര്‍ത്തിയോടെ അതുമുഴുവന്‍ കഴിക്കുന്ന കാഴ്ച കരളലിയിപ്പിക്കുന്നതായിരുന്നു.

ഇത്തരം അനുഭവങ്ങളാണ് കുട്ടികള്‍ക്കായി 2022 ല്‍ പ്രഭാതഭക്ഷണം വിതരണം ആരംഭിക്കാന്‍ ലിന്‍സി ടീച്ചറെ പ്രേരിപ്പിച്ചത്. സ്വന്തം പണത്തോടൊപ്പം സുമനസുകളുടെ സഹായത്തോടും സഹകരണത്തോടും കൂടെ ഈ ഭക്ഷണ വിതരണം വിജയമാക്കാന്‍ ടീച്ചര്‍ക്കു സാധിച്ചു. ഡീന്‍ കുര്യാക്കോസ് എം.പിയാണ് പ്രഭാതഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തത്. നൂറോളം കുട്ടികള്‍ ഇവിടെ നിന്നും പ്രഭാത ഭക്ഷണം കഴിക്കുന്നുണ്ട് എന്നത് ഇതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
ലോക്ഡൗണ്‍ സമയത്ത് തന്റെ എല്ലാ വിദ്യാര്‍ത്ഥികളുമായും ടീച്ചര്‍ ഫോണില്‍ ബന്ധപ്പെടുക പതിവായിരുന്നു. അപ്രകാരം ഭക്ഷണത്തിന് ബുദ്ധിമുട്ടനുഭവിക്കുന്നവരെ കണ്ടെത്തി ഭക്ഷ്യകിറ്റ് വിതരണവും ആരംഭിച്ചു. പല സുമനസുകളുടെ സഹോയത്തോടെ നൂറ്റന്‍പതോളം വീടുകളില്‍ ലിന്‍സി ടീച്ചറും ഭര്‍ത്താവും ചേര്‍ന്ന് പലചരക്ക് സാധനങ്ങളും പഴങ്ങളുമടങ്ങുന്ന ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു.

ഓണക്കോടിയും ടിവികളും

കൊറോണക്കാലത്ത് അധ്യയനം ഓണ്‍ലൈനിലേക്ക് മാറിയപ്പോള്‍ ടി.വി. ഇല്ലാത്തതിനെ തുടര്‍ന്ന് മുരിക്കാട്ടുകുടി സ്‌കൂളിലെ പല കുട്ടികളും ബുദ്ധിമുട്ട് നേരിട്ടിരുന്നു. അതിനിടെയാണ് ഒരാള്‍ ഒരു ടി.വി. സംഭാവന ചെയ്യാന്‍ താല്‍പര്യം അറിയിച്ച് മുന്നോട്ടുവന്നത്. ഇത്തരത്തില്‍ സന്മനസുള്ളവരുണ്ടെങ്കില്‍ അത് പ്രയോജനപ്പെടുത്താമെന്ന് കരുതി ഇതേക്കുറിച്ച് ലിന്‍സി ടീച്ചര്‍ ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പിട്ടു. എന്തായാലും ആ ശ്രമം വെറുതെയായില്ല. ഒന്നും രണ്ടുമല്ല 54 ടി.വികളാണ് ലഭിച്ചത്. ഇത് സ്‌കൂളിലെ ആവശ്യക്കാരായ കുട്ടികള്‍ക്ക് കൈമാറി. മാത്രമല്ല, സമീപ സ്‌കൂളിലെ ടി.വി. ഇല്ലാത്ത കുട്ടികള്‍ക്കും നല്‍കി.
കോവിഡ് കാലത്ത് 75 കുട്ടികള്‍ക്ക് ഓണക്കോടി വിതരണം ചെയ്യാനും ടീച്ചറിന് സാധിച്ചു. അനേകര്‍ സഹായഹസ്തം നീട്ടിയ ഈ പദ്ധതി ഉദ്ഘാടനം ചെയ്യാന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ എത്തി എന്നതും ശ്രദ്ധേയമാണ്.

ഉപയോഗയോഗ്യമായ പഴയ വസ്ത്രങ്ങള്‍ക്ക് ആവശ്യക്കാരുണ്ടെന്നറിഞ്ഞ് അമ്പതിനായിരത്തിലധികം പഴയ വസ്ത്രങ്ങള്‍ ശേഖരിച്ച് കാഞ്ഞിരപ്പള്ളി രൂപതയുടെ വിന്‍സെന്റ് ഡിപോളിന്റെ സഹകരണത്തോടെ അവശ്യക്കാര്‍ക്ക് വിതരണം ചെയ്തു.
അങ്ങനെ ചെറുതും വലുതുമായ നിരവധി സഹായ പദ്ധതികള്‍ക്ക് ഈ അധ്യാപിക മുന്‍കൈ എടുത്തിട്ടുണ്ട്. പാഠ്യപാഠ്യേതര രംഗത്തെ പ്രവര്‍ത്തനം പരിഗണിച്ചുള്ള പ്രൈമറി വിഭാഗം സംസ്ഥാന അധ്യാപക അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ടീച്ചറിനെ തേടിയെത്തിയിട്ടുണ്ട്. സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീമിന്റെ കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ ടീച്ചര്‍ കൂട്ടികളില്‍ മൂല്യബോധവും പൗരബോധവും വര്‍ധിപ്പിക്കുന്നതിന് ഉപകരിക്കുന്ന അനേക പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നു.

വിവാഹശേഷമാണ് തൊടുപുഴ സ്വദേശിനിയായ ലിന്‍സി ടീച്ചര്‍ ഹൈറേഞ്ചിലേക്ക് എത്തുന്നത്. കുട്ടിക്കാനം മരിയന്‍ കോളജിലെ ജീവനക്കാരനാണ് ഭര്‍ത്താവ് സെബാസ്റ്റിയന്‍ ജോര്‍ജ്. ജോയല്‍ ജോര്‍ജ്, ടോം തോമസ് എന്നിവരാണ് മക്കള്‍. കാഞ്ഞിരപ്പള്ളി രൂപതയിലെ കല്‍ത്തൊട്ടി ഹോളി ഫാമിലി ഇടവകാംഗങ്ങളാണ് ഈ കുടുംബം.
തന്നാലാവും വിധം മറ്റുള്ളവരെ സഹായിക്കാന്‍ പരിശ്രമിക്കുമ്പോഴും താന്‍ ചെയ്യുന്ന കാര്യങ്ങള്‍ ഏവര്‍ക്കും ഒരു പ്രചോദനമായി മാറണമെന്ന് മാത്രമാണ് ഈ അധ്യാപിക ആഗ്രഹിക്കുന്നത്. ലിന്‍സി ടീച്ചര്‍ നല്‍കുന്ന ഈ പരസ്‌നേഹത്തിന്റെ മാതൃക അധ്യാപകര്‍ക്കുമാത്രമല്ല, എല്ലാ തുറകളിലുള്ളവര്‍ക്കും മാതൃകയാക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?