Follow Us On

22

November

2024

Friday

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം ഇന്ന് ആരംഭിക്കും

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം ഇന്ന് ആരംഭിക്കും

വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊന്തിഫിക്കേറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ വിദേശ പര്യടനം സെപ്റ്റംബര്‍ 2-ന് ആരംഭിക്കും. ഏഷ്യ ഓഷ്യാന മേഖലകളിലായി ഇന്തോനേഷ്യ, പപ്പുവ ന്യൂ ഗനി, ടിമോര്‍ ലെസ്റ്റ്, സിംഗപ്പൂര്‍ എന്നീ നാല് രാജ്യങ്ങളാണ് പാപ്പ യഥാക്രമം സന്ദര്‍ശിക്കുക.  ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീം ജനങ്ങളുള്ള രാഷ്ട്രമായ ഇന്തോനേഷ്യ സെപ്റ്റംബര്‍ 3 മുതല്‍ ആറുവരെ പാപ്പ സന്ദര്‍ശിക്കും.

ഇന്തോനേഷ്യയിലെ 27.55 കോടി വരുന്ന ജനങ്ങളില്‍ 90 ശതമാനവും ഇസ്ലാം മതസ്ഥരാണ്. 80 ലക്ഷത്തോളം കത്തോലിക്കരാണ് ഇവിടെ ഉള്ളത്. ഇന്തോ
നേഷ്യയിലെ രാഷ്ട്രീയ നേതാക്കളും രാജ്യത്തെ കത്തോലിക്ക സമൂഹവുമായി പാപ്പ കൂടിക്കാഴ്ച നടത്തും. കൂടാതെ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോ
നേഷ്യയിലെ ഏറ്റവും വലിയ മോസ്‌ക് സന്ദര്‍ശിക്കുന്ന പാപ്പ അവിടെ നടക്കുന്ന മതാന്തരസമ്മേളനത്തിലും പങ്കെടുക്കും.  ഇന്തോനേഷ്യയിലെ ഒരു സ്റ്റേഡിയത്തില്‍ മാര്‍പാപ്പയുടെ മുഖ്യകാര്‍മികത്വത്തിലുള്ള ദിവ്യബലിയര്‍പ്പണവും ക്രമീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ ആറ് മുതല്‍ ഒന്‍പത് വരെയുള്ള ദിവസങ്ങളില്‍ പാപ്പ പപ്പുവ ന്യൂ ഗനി സന്ദര്‍ശിക്കും. ഓഷ്യാന മേഖലയില്‍ പാപ്പ സന്ദര്‍ശിക്കുന്ന ആദ്യ രാജ്യമാണ് പപ്പുവ ന്യൂ ഗനി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനം പപ്പുവ ന്യൂ ഗനിയില്‍ ശുശ്രൂഷ ചെയ്യുന്ന മിഷനറിമാര്‍ക്കും അവിടെയുള്ള പുതു തലമുറയ്ക്കും ഊര്‍ജവും ആത്മവിശ്വാസവും നല്‍കുമെന്ന് മിഷനറീസ് ഓഫ് സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് പപ്പുവ ന്യൂ ഗനിയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ഫാ. സില്‍വസ്റ്റര്‍ വാര്‍വാകായി പറഞ്ഞു.

1995-ല്‍ പീറ്റര്‍ റ്റൊ റോട്ടിന്റെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനത്തിനായി പപ്പുവ ന്യൂ ഗനി സന്ദര്‍ശിച്ച വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മാത്രമാണ് ഇതുവരെ ഈ രാജ്യം സന്ദര്‍ശിച്ച ഏക മാര്‍പാപ്പ. രാജ്യത്തെ ജനങ്ങള്‍ക്ക് മാര്‍പാപ്പയുടെ സാമീപ്യം അനുഭവിക്കാനുള്ള അവസരമാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിലൂടെ വീണ്ടും കൈവന്നിരിക്കുന്നതെന്ന് ഫാ. സില്‍സ്റ്റര്‍ പറഞ്ഞു. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ പപ്പുവ ന്യൂ ഗനിയയിലെ ജനസംഖ്യയുടെ  25 ശതമാനം ജനങ്ങള്‍ കത്തോലിക്ക വിശ്വാസികളാണ്.

97 ശതമാനം ജനങ്ങളും കത്തോലിക്ക വിശ്വാസം പിന്തുടരുന്ന ടിമോര്‍ ലെസ്റ്റിലാണ് പാപ്പയുടെ അടുത്ത സ്റ്റോപ്പ്. സെപ്റ്റംബര്‍ ഒന്‍പത് മുതല്‍ 11 വരെ ടിമോര്‍ ലെസ്റ്റില്‍ തങ്ങുന്ന പാപ്പ വിശ്വാസികളുമായും അധികാരികളുമായും കൂടിക്കാഴ്ച നടത്തും. പാപ്പയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് രാജ്യത്തുള്ള മൂന്ന് രൂപതകളിലും മാര്‍പാപ്പയെക്കുറിച്ചും മാര്‍പാപ്പയുടെ പ്രബോധനങ്ങളെക്കുറിച്ചും ചാക്രികലേഖനകളെക്കുറിച്ചുമുള്ള പ്രത്യേക മതബോധനപരിപാടി ക്രമീകരിച്ചിട്ടുണ്ട്. ഗവണ്‍മെന്റും സഭാനേതൃത്വവും ഒത്തുചേര്‍ന്ന് പാപ്പയെ സ്വീകരിക്കുന്നതിനുള്ള വിപുലമായ തയാറെടുപ്പാണ് രാജ്യത്ത് നടക്കുന്നത്.
11 മുതല്‍ 13 വരെ നടത്തുന്ന സിംഗപ്പൂര്‍ സന്ദര്‍ശനത്തോടെയാണ് പാപ്പയുടെ പര്യടനം സമാപിക്കുന്നത്. വൈവിധ്യമാര്‍ന്ന സംസ്‌കാരങ്ങളും വിശ്വാസങ്ങളും പിന്തുടരുന്ന സിംഗപ്പൂരില്‍ പാപ്പ മതാന്തരസംവാദങ്ങളും  യുവജനങ്ങളുമായുള്ള കൂടിക്കാഴ്ചയും നടത്തും. സെപ്റ്റംബര്‍ 12 ന് പാപ്പ സ്റ്റേഡിയത്തിലര്‍പ്പിക്കുന്ന ദിവ്യബലിയില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ മുന്‍കൂറായി ആരംഭിച്ചുകഴിഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?