സഖറിയ മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത
‘മനുഷ്യരുടെ നിരന്തരമായ പ്രവര്‍ത്തനത്തിലൂടെയാണല്ലോ ചരിത്രവും ഒറ്റയടിപ്പാതകളും ഉണ്ടാകുന്നത്. വലിയ പുറമ്പോക്കുകളില്‍ ഒരു പ്രത്യേക താര രൂപപ്പെടുന്നതെങ്ങനെ? വലിയ സ്ഥലകാലങ്ങളില്‍ ഒരു പ്രത്യേക താരയിലൂടെ മാത്രം ചരിത്രം സഞ്ചരിച്ചതെങ്ങനെ?’ ചരിത്രം ചില വ്യക്തികള്‍ പൂരിപ്പിക്കുന്ന കഥയാണന്നല്ലേ പറയാറുള്ളത്. അത്തരം വ്യക്തികള്‍ക്കൊപ്പം ഏറെപ്പേര്‍ ജീവിച്ചിട്ടുണ്ട്. എങ്കിലും ചരിത്രം തുടര്‍ന്നത് ഇവരിലൂടെയാണ്.
ചരിത്രം സൃഷ്ടിക്കുന്ന നൈരന്തര്യം നമ്മെ വിസ്മയിപ്പിക്കാറുണ്ട്. ഈ വരികള്‍ ശ്രദ്ധിക്കുക: ‘അലക്‌സാണ്ടര്‍, നെപ്പോളിയന്‍, ചാര്‍ളിമാന്‍ തുടങ്ങിയ രണോത്സുകരായ ജേതാക്കളെയല്ല ഭാരതം മഹാന്മാരുടെ പട്ടികയില്‍ ആദരിക്കുന്നത്.
പ്രത്യുത, തത്വ്വദര്‍ശികളും ചിന്തകന്മാരുമായ ബുദ്ധന്‍, ശ്രീശങ്കരാചാര്യര്‍ തുടങ്ങിയവരെയാണ്. ഇവരും മറ്റൊരു തരത്തില്‍ ജേതാക്കളാണ്. ആത്മവിജയത്തിന്റെ ഈ തുടര്‍ച്ചയെയാണ് നമുക്കു വിശുദ്ധമായ ചരിത്രമെന്ന് പറയാനാവുക. സത്യത്തില്‍ വിശുദ്ധ സഭയുടെ ചരിത്രവും വിശുദ്ധിയുടെ നൈരന്തര്യത്തെയാണ് വെളിപ്പെടുത്തുക. ഒരുപക്ഷേ, കുരിശുയുദ്ധങ്ങളുടെയും അധിനിവേശങ്ങളുടെയും പകപോക്കലിന്റെയും ചരിത്രത്തിനു പിന്‍തുടര്‍ച്ചക്കാരാവാന്‍ നാം ശ്രമിക്കുമ്പോള്‍ സഭകള്‍ക്കു നഷ്ടപ്പെടുക വിശുദ്ധന്മാരുടെ തുടര്‍ച്ചയാണ്. മറ്റൊരര്‍ത്ഥത്തില്‍ വിശുദ്ധിയാണ്.
ഇവിടെ നാം തിരിച്ചറിയേണ്ടത്, ഒരു പുനര്‍മൂല്യനിര്‍ണയത്തിനുള്ള മാനദണ്ഡമാണ് വിശുദ്ധരുടെ ഓര്‍മ എന്നതാണ്. ഒരു പരിശുദ്ധനെ ആദരിക്കുകയെന്നാല്‍ അദ്ദേഹത്തില്‍ പ്രകാശിതമായിരിക്കുന്ന അദ്രവമായ ദൈവസ്വരൂപത്തെത്തന്നെയാണ്. അതിനാല്‍, അത്യന്തികമായി ദൈവത്തെത്തന്നെയാണ് വണങ്ങുന്നതെന്ന് പൗരസ്ത്യ തത്വവിചാരം അനുശാസിക്കുന്നു. മരണത്തോടെ ജനിക്കുന്നവരാണവര്‍. അവര്‍ക്കാവശ്യം ഒന്നേയുള്ളൂ. ക്രിസ്തു. ക്രിസ്തുവിനുവേണ്ടിയവര്‍ അനാവശ്യവും അസത്തുമായതെല്ലാം തങ്ങളില്‍ നിന്നൊഴിവാക്കുന്നു. ക്രിസ്തു വളരുന്നതിനുവേണ്ടി കുറയുകയാണ്. സൂക്ഷ്മതയോടെ നാം നോക്കുക, തന്റെ മേല്‍വിലാസത്തെ പൂര്‍ണമായും നീക്കിക്കളഞ്ഞും തന്റെ പ്രതിഛായകളെ തകര്‍ത്തെറിഞ്ഞും മുന്നേറുന്ന അസീസിയിലെ വിശുദ്ധനില്‍ നമുക്കു കാണാനാവുക കേവലം ഫ്രാന്‍സിസ് എന്ന മനുഷ്യനെയല്ല, മറിച്ച് ആ പേരിന്റെ പുറംതോടിനുള്ളിലിരിക്കുന്ന ക്രിസ്തുവിനെത്തന്നെയാണ്. വിശുദ്ധിയെക്കുറിച്ചെഴുതുമ്പോള്‍ കുഞ്ഞുണ്ണി മാഷിനെയും ഓര്‍ത്തുപോകുന്നു: ‘ശത്രുക്കളെ സ്‌നേഹിക്കാനെനിക്കാവില്ല; കാരണം എനിക്ക് ശത്രുക്കളില്ല’ എന്നൊരാള്‍ക്കു പറയാനാവുക നിശ്ചയമായും ആത്മാവില്‍ കറകളൊഴിയുന്ന നിമിഷങ്ങളില്‍ മാത്രമായിരിക്കും.
വിശുദ്ധത്രിത്വത്തിലാണ് നിരുപാധികമായ പാരസ്പര്യത്തെക്കുറിച്ച് പൗരസ്ത്യപിതാക്കന്മാര്‍ വാചാലരാവുന്നത്. സത്തയിലും നിത്യതയിലും ആനന്ദത്തിലും ഏകമായിരിക്കുക എന്ന തത്വത്തിന് മാത്രമാണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ ശത്രുക്കളെ ഇല്ലാതാക്കാനാവുന്നത്. അതായത്, ശത്രുക്കള്‍ ഉണ്ടാകാതിരിക്കുന്നത്. ക്ഷമിച്ചുകൊണ്ടേയിരുന്നാല്‍ നിങ്ങള്‍ക്കെപ്പോഴാണു വൈരികളുണ്ടാവുക. സ്‌നേഹിച്ചു കൊണ്ടേയിരുന്നാല്‍ എപ്പോഴാണ് നിങ്ങളെ ആരെങ്കിലും നശിപ്പിക്കുക. അതുകൊണ്ടുതന്നെ വിശുദ്ധന്മാരുടെ ചരിത്രം അനശ്വരമാകുന്നു.
മറ്റൊന്നും കൊണ്ടല്ല, ഉപാധികളില്ലാത്ത ജീവനശൈലി മാത്രമാണ് കാരണം. അതു പഠിക്കുക പരിശുദ്ധത്രിത്വത്തില്‍ നിന്നുമാണ്. ഒരു പിതാവ് ഇങ്ങനെയാണ് പറയുക: ”പരിശുദ്ധത്രിത്വത്തിന്റെ സ്വഭാവത്തെ തങ്ങളില്‍ പ്രതിഫലിപ്പിച്ചിരിക്കുന്നവരാണ് പരിശുദ്ധന്‍മാര്‍” അവരുടെ ഹിതം ദൈവഹിതത്തോട് സ്‌നേഹത്തില്‍ ലയിപ്പിക്കുകയാണ്. ക്രിസ്തുവിലേക്കുള്ള ഒരു വഴിയാണ് വിശുദ്ധന്‍. ദൈവമഹത്വത്തിന്റെയും (Energia of God) ഹിതത്തിന്റെയും പങ്കാളികളായിത്തീരുന്നതിന് ഇവരെ പ്രചോദിപ്പിക്കുക ഈ വചനമാണ്: ”ഞാന്‍ വിശുദ്ധന്‍ ആകയാല്‍ നിങ്ങളും വിശുദ്ധരാകുവിന്‍.” അതുപോലെതന്നെ തിരുവെഴുത്ത് വീണ്ടും ഓര്‍മിപ്പിക്കുന്നു: ”ആകയാല്‍ നിങ്ങളുടെ മനസ് ഉറപ്പിച്ച് നിര്‍മ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയില്‍ നിങ്ങള്‍ക്കു വരുവാനുള്ള കൃപയില്‍ പൂര്‍ണ പ്രത്യാശ വച്ചു കൊള്‍വിന്‍. പണ്ട് നിങ്ങളുടെ അജ്ഞാനകാലത്ത് ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ നിങ്ങളെ വിളിച്ച വിശുദ്ധന് ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാ നടപ്പിലും വിശുദ്ധരാകുവിന്‍.
കലാലയ പഠനകാലത്ത് മതില്‍ചുവരിലെഴുതിയ ഒരുകൂട്ടം വരികള്‍ ഇന്നും വിസ്മൃതിയിലായിട്ടില്ല: ”നീ പറയും മനുഷ്യന്‍ ജീവിക്കേണ്ടത് അക്കങ്ങളായോ കണ്ണികളായോ അല്ല, മനുഷ്യനായിട്ടാണ് എന്ന്. അവര്‍ നിങ്ങളുടെ വിലങ്ങണിയിക്കും. നാം സ്വതന്ത്രരാണ്, അറസ്റ്റ് ചെയ്യപ്പെടാനും, തുറുങ്കിലടയ്ക്കപ്പെടാനും, തൂക്കിലേറ്റപ്പെടാന്‍ പോലും!”
വിശുദ്ധന്മാരില്‍ ക്രിസ്തു പൂത്തുലയുകയാണ്. ആ വിശുദ്ധപുഷ്പത്തിന്റെ മധുരപരിമളമാണ് ഓരോ വിശുദ്ധജീവിതത്തിലും നാമറിയുക.
Leave a Comment
Your email address will not be published. Required fields are marked with *