ജോസഫ് മൂലയില്‍
ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകാന്‍ പോകുന്നു, അതിലേക്ക് അതിവേഗം കുതിച്ചുകൊണ്ടിരിക്കുകയാണെന്ന വിധത്തിലുള്ള വാര്‍ത്തകള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലംകുറെയായി. 2030-ല്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് എത്തുമെന്ന് ഒരു റിപ്പോര്‍ട്ട് പറയുമ്പോള്‍ മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് അത്രയുമൊന്നും കാത്തിരിക്കേണ്ടതില്ല 2027-ല്‍ തന്നെ ആ നേട്ടം കൈവരിക്കുമെന്നാണ്. രാജ്യത്തിന്റെ വളര്‍ച്ചയെക്കുറിച്ചുള്ള വിവരങ്ങള്‍ ഏതൊരു ഇന്ത്യാക്കാരനെയും സന്തോഷിപ്പിക്കുമെന്നത് തീര്‍ച്ചയാണ്. എന്നാല്‍, ദിവസങ്ങള്‍ക്കുമുമ്പുവന്ന ഒരു റിപ്പോര്‍ട്ടുപ്രകാരം കടുത്ത ദാരിദ്ര്യം അനുഭവിക്കുന്ന രാജ്യങ്ങളുടെ നിരയിലാണ് ഇന്ത്യയുടെ സ്ഥാനം. ആഗോള പട്ടിണി സൂചികയില്‍ (ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്‌സ്) ഇന്ത്യയുടെ സ്ഥാനം 105 ആണ്. 127 രാജ്യങ്ങളില്‍നിന്നാണ് 105-ാം സ്ഥാനമെന്നത് ഓര്‍ക്കണം. ഈ റിപ്പോര്‍ട്ടനുസരിച്ചുതന്നെ ഇന്ത്യയിലെ പട്ടിണിക്കാരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്ന് വേണമെങ്കില്‍ വാദിക്കാം. കാരണം കഴിഞ്ഞ വര്‍ഷം ഇന്ത്യയുടെ സ്ഥാനം 111 ആയിരുന്നു. അതിപ്പോള്‍ 105 ആയി കുറഞ്ഞിട്ടുണ്ട്. ഈ ലിസ്റ്റില്‍ അയല്‍രാജ്യങ്ങളായ പാക്കിസ്ഥാന്‍ (109), അഫ്ഗാനിസ്ഥാന്‍ (116) എന്നിങ്ങനെയാണ് സ്ഥാനം. അതേസമയം ബംഗ്ലാദേശ് (84), ശ്രീലങ്ക (56), നേപ്പാള്‍ (68) എന്നിങ്ങനെ ഇന്ത്യയെക്കാള്‍ വളരെ മുമ്പിലാണ്.
വിലക്കയറ്റത്തില്‍ പൊറുതിമുട്ടുമ്പോള്‍
ഏതായാലും ഇന്ത്യാ ഗവണ്‍മെന്റ് ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അപ്പാടെ തള്ളിക്കളഞ്ഞിട്ടുണ്ട്. ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നാഴിക്കുനാല്പതുവട്ടം തള്ളുന്നവര്‍ക്ക് ജനങ്ങള്‍ കടുത്ത പട്ടിണിയുടെ നടുവിലാണെന്ന റിപ്പോര്‍ട്ടുകള്‍ എങ്ങനെയാണ് അംഗീകരിക്കാനാകുക? അതുവല്ലതും സമ്മതിച്ചാല്‍ ഇതുവരെ കെട്ടിപ്പൊക്കിയ ബില്‍ഡപ്പുകള്‍ ഒരു നിമിഷംകൊണ്ട് തകര്‍ന്നുവീഴില്ലേ? രാജ്യത്ത് പട്ടിണി ഇല്ലെന്നോ ഇവിടുത്തെ കുട്ടികള്‍ പോഷകാഹാരക്കുറവുമൂലം മരിക്കുന്നില്ലെന്നോ പറയാന്‍ കഴിയുമോ? ഇതെല്ലാം യാഥാര്‍ത്ഥ്യമായി നമ്മുടെ കണ്‍മുമ്പിലുണ്ട്. അതിസമ്പന്നരുടെ സമ്പത്തു വര്‍ധിക്കുകയും പാവപ്പെട്ടര്‍ കൂടുതല്‍ ദരിദ്ര്യരായിത്തീരുകയും ചെയ്യുന്നു എന്നതാണ് നമ്മുടെ വികസനത്തിന്റെ ഏറ്റവും വലിയ പോരായ്മ.
റിപ്പോര്‍ട്ട് തയാറാക്കാന്‍ ഉപയോഗിച്ചിരിക്കുന്ന സൂചകങ്ങള്‍ത്തന്നെ സ്വീകാര്യമല്ലെന്ന നിലപാടാണ് രാജ്യത്തെ വനിതാ ശിശുവികസന മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് നൂറു ശതമാനം ശരിയാണെന്ന അഭിപ്രായമില്ല. പോരായ്മകള്‍ കടന്നുകൂടാനുള്ള സാധ്യതകള്‍ തള്ളിക്കളയാനും കഴിയില്ല. പട്ടിണി സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 105ന് പകരം 55 ആണെന്നു വാദിച്ചാലും അപ്പോഴും ശ്രീലങ്കയുടെയും നേപ്പാളിന്റെയും നിലവാരത്തിലാണ്. കര്‍ഷകരും ഇടത്തരക്കാരും പാവപ്പെട്ടരുമൊക്കെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയിരിക്കുകയാണ്. വിലക്കയത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനവാണ്. അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയിലിന്റെ വില ഗണ്യമായി കുറഞ്ഞിട്ടും അതിന്റെ പ്രയോജനം അനുഭവിക്കാന്‍ ഭാഗ്യമില്ലാതെ പോയവരാണ് ഇവിടുത്തെ ജനങ്ങള്‍. ക്രൂഡോയിലിന്റെ വില ഉയര്‍ന്നാല്‍ അന്നുതന്നെ വില കൂടുകയും കുറഞ്ഞാല്‍ കുറയാതിരിക്കുകയും ചെയ്യുന്ന അതിനൂതന സാമ്പത്തിക നയമാണ് നമ്മുടെ രാജ്യത്ത്.
കണക്കിലെ കളികള്‍
അതിസമ്പന്നരെ ബാധിക്കുന്ന വിധത്തില്‍ സാമ്പത്തിക നയങ്ങളില്‍ എന്തെങ്കിലും കടന്നുകൂടിയാല്‍ അതൊഴിവാക്കി നല്‍കാന്‍ ഭരണനേതൃത്വത്തിന് യാതൊരു മടിയുമില്ല. പക്ഷേ, ഭൂരിപക്ഷമായ സാധാരണക്കാരുടെ കാര്യമാണെങ്കില്‍ അത്തരം പരിഗണനകളൊന്നുമില്ല. പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധനവ് സമ്പന്ന വിഭാഗത്തെയാണ് പ്രതികൂലമായി ബാധിച്ചിരുന്നതെങ്കില്‍ അതെല്ലാം എന്നെ പൊളിച്ചെഴുതിയേനെ. രാജ്യത്തിന്റെ സാമ്പത്തിക നയരൂപീകരണത്തില്‍ പാവപ്പെട്ടവര്‍ പരിഗണിക്കപ്പെടുന്നില്ലെന്നത് സാമ്പത്തിക നയങ്ങളുടെ വലിയ പോരായ്മയാണ്. പാവങ്ങള്‍ക്കുള്ള സഹായങ്ങള്‍ പലതും കണക്കിലെ കളികള്‍ മാത്രമാണ്. സമ്പന്നരായ ന്യൂനപക്ഷത്തിന്റെ താല്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന വിധത്തിലാണ് നയങ്ങളും നിയമങ്ങളും ഉണ്ടാകുന്നത്.
ഉദാഹരണത്തിന്, പ്രകൃതിദുരന്തങ്ങളിലും കൃഷിനാശത്തിലുംപെട്ട് പ്രതിസന്ധിയിലായ കര്‍ഷകരുടെ ബാങ്കുവായ്പകള്‍ എഴുത്തള്ളണമെന്ന ആവശ്യം ഉന്നയിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ചൂണ്ടിക്കാട്ടി ഒഴിവുപറയുന്ന ഭരണനേതൃത്വം കോര്‍പറേറ്റുകളുടെ വമ്പന്‍ കുടിശിഖകള്‍ എഴുതിത്തള്ളുന്നു. എല്ലാം പരമരഹസ്യമായിരിക്കുമെന്നുമാത്രം. വന്‍കിട സ്ഥാപനങ്ങള്‍ രാജ്യത്ത് അനിവാര്യമാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍ പ്രദാനം ചെയ്യുന്നതില്‍ ഇവര്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഇവര്‍ക്കു നല്‍കുന്ന പരിഗണനകളുടെ ഒരംശമെങ്കിലും സാധാരണക്കാര്‍ക്ക് നല്‍കണമെന്നുമാത്രം. നാലുവരിപാതകളും ആറുവരി പാതകളുമൊക്കെ ആവശ്യമാണ്. തകര്‍ന്നുകിടക്കുന്ന ഗ്രാമീണ റോഡുകളും അതോടൊപ്പംതന്നെ പരിഗണിക്കപ്പെടണം. രാജ്യത്തെ സാധാരണക്കാരുടെ ജീവിതനിലവാരത്തില്‍ നിന്നായിരിക്കണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഉണ്ടാകുന്ന ഉയര്‍ച്ച ലോകം തിരിച്ചറിയേണ്ടത്. അപ്പോഴാണ് വികസനം സന്തുലിതമാകുന്നത്.
പുരോഗതിയുടെ മാനദണ്ഡം
ഇന്ത്യ ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തി ആയാലും രാജ്യത്തെ ജനങ്ങള്‍ പട്ടിണിയിലാണെങ്കില്‍ ആ നേട്ടംകൊണ്ട് എന്താണ് പ്രയോജനം? സാമ്പത്തിക വളര്‍ച്ചയുടെ മാനദണ്ഡങ്ങള്‍ തന്നെ മാറേണ്ടിയിരിക്കുന്നു. സ്റ്റോക്ക്മാര്‍ക്കറ്റിലെ ഉയര്‍ന്ന സൂചികകളിലേക്ക് നോക്കുന്നതിനൊപ്പം പാവപ്പെട്ട മനുഷ്യരുടെ വീടുകളിലേക്കും ദൃഷ്ടികള്‍ പതിയണം. അവിടെ പട്ടിണിയില്ലെന്നും പോഷകാഹാരക്കുറവുകൊണ്ടും കുട്ടികള്‍ മരിക്കുന്നില്ലെന്നതുമൊക്കെ ആയിരിക്കണം സാമ്പത്തിക പുരോഗതിയുടെ മാനദണ്ഡങ്ങള്‍. പണം ഇല്ലാത്തതിന്റെ പേരില്‍ ചികിത്സകള്‍ മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം ഭരണകര്‍ത്താക്കള്‍ക്കുണ്ട്.
രാജ്യം സാമ്പത്തിക ശക്തിയായി വളര്‍ന്നിരിക്കുന്നു എന്ന് ഇവിടുത്തെ സാധാരണക്കാര്‍ മാധ്യമ വാര്‍ത്തകളില്‍നിന്നോ സര്‍ക്കാര്‍വക പരസ്യങ്ങളില്‍നിന്നോ അല്ല മനസിലാക്കേണ്ടത്. അവരുടെ ജീവിതത്തില്‍ അതു പ്രതിഫലിക്കണം. അത്തരമൊരു സാഹചര്യത്തില്‍ ഈ വിധത്തിലുള്ള റിപ്പോര്‍ട്ടുകള്‍ വന്നാല്‍ ജനങ്ങള്‍ പുച്ഛിച്ചുതള്ളും. ജനങ്ങള്‍ പട്ടിണിയിലും ദുരിതത്തിലും കഴിയുന്ന കാലത്ത് റിപ്പോര്‍ട്ടുകളില്‍ പിഴവുപറ്റിയതാണ് ഇതൊരു ‘മാവേലിനാട്’ ആണെ ന്നു പറഞ്ഞാല്‍ പരിഹാസ്യരാകുന്നത് പറയുന്നവരായിരിക്കുമെന്നത് ആരും മറക്കരുത്.
Leave a Comment
Your email address will not be published. Required fields are marked with *