കൊച്ചി: ലത്തീന്‍ കത്തോലിക്കാ സഭ സംസ്ഥാനതലത്തില്‍ ലത്തീന്‍ കത്തോലിക്കാ ദിനം ആചരിക്കുന്ന ഡിസംബര്‍ 15ന് തിരുവനന്തപുരത്ത് നടക്കുന്ന കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ സമ്പൂര്‍ണ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക പ്രയാണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബര്‍ 29 ന് ഗോവ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ഡോ. ഫിലിപ് നേരി നിര്‍വഹിക്കും.
ഗോവ ബോംജീസസ് ബസിലിക്കയില്‍ നടക്കുന്ന പരിപാടിയില്‍ കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി പതാക ഏറ്റുവാങ്ങും. സംസ്ഥാന ഭാരവാഹികളും വിവിധ രൂപത പ്രതിനിധികളും ചടങ്ങില്‍ സംബന്ധിക്കും.
നവംബര്‍ 30-ന് കണ്ണൂരില്‍ എത്തിച്ചേരുന്ന പതാക പ്രയാണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല നിര്‍വ്വഹിക്കും. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പതാക ഏറ്റുവാങ്ങും.
കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ. ഡെന്നിസ് കുറുപ്പശേരി അനുഗ്രഹ പ്രഭാഷണം നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി, മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ എന്നിവര്‍ സംസാരിക്കും. ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നെയ്യാറ്റിന്‍കര രൂപതയ്ക്ക് സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി പതാക കൈമാറും.
ഡിസംബര്‍ 15 ന് രാവിലെ 10 മണിക്ക് കെആര്‍എല്‍സിസി യുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ടിഎസ്എസ്എസ് ഹാളില്‍ പ്രതിനിധി സമ്മേളനം നടക്കും. വിവിധ രൂപതകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
കെഎല്‍സിഎ നെയ്യാറ്റിന്‍കര രൂപതാ പ്രസിഡന്റ് ആല്‍ഫ്രഡ് വില്‍സന്റെയും ജനറല്‍ സെക്രട്ടറി വികാസ്‌കുമാറിന്റെയും നേതൃത്വത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടിന് പതാകപ്രയാണജാഥ രക്തസാക്ഷി മണ്ഡപത്തില്‍ എത്തിച്ചേരും.തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ സമ്മേളന നഗരിയിലേക്ക് പതാക പ്രയാണം.
ഉച്ചതിരിഞ്ഞ് 2.30 ന് തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂള്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്പൂര്‍ണ്ണ നേതൃസമ്മേളനം കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ഉദ്ഘാടനം ചെയ്യും.
കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത മെത്രാപ്പോലീത്ത ഡോ. തോമസ് ജെ. നെറ്റോ അനുഗ്രഹ പ്രഭാഷണം നടത്തും. കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് മുഖ്യപ്രഭാഷണം നടത്തും .കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിജു ജോസി സ്വാഗതവും തിരുവനന്തപുരം ലത്തീന്‍ അതിരൂപത പ്രസിഡന്റ് പാട്രിക്ക് മൈക്കിള്‍ നന്ദിയും പറയും. സാമൂഹിക രാഷ്ട്രീയ മത നേതാക്കള്‍ സമ്മേളനത്തില്‍ വിശിഷ്ട അതിഥികളായി പങ്കെടുക്കും.
കെഎല്‍സിഎ സംസ്ഥാന ആധ്യാത്മിക ഉപദേഷ്ട്ടാവ് മോണ്‍. ജോസ് നവസ്, ട്രഷറര്‍ രതീഷ് ആന്റണി എന്നിവര്‍ പ്രസംഗിക്കും. കെസിവൈഎം, കെഎല്‍സി ഡബ്ലിയുഎ, സി എസ് എസ്, കെഎല്‍എം, ഡിസിഎംഎസ്, ആംഗ്ലോ ഇന്ത്യന്‍ വിഭാഗം എന്നിവയുടെ നേതാക്കളും പ്രസംഗിക്കും.
Leave a Comment
Your email address will not be published. Required fields are marked with *