Follow Us On

11

January

2025

Saturday

യേശു മാമ്മോദീസ സ്വീകരിച്ച സ്ഥലത്ത് നിര്‍മിച്ച ദൈവാലയം കൂദാശ ചെയ്തു

യേശു മാമ്മോദീസ സ്വീകരിച്ച സ്ഥലത്ത് നിര്‍മിച്ച ദൈവാലയം  കൂദാശ ചെയ്തു

അമ്മാന്‍/ജോര്‍ദാന്‍: ജോര്‍ദാനില്‍ യേശു മാമ്മോദീസ സ്വീകരിച്ച സ്ഥലത്ത് നിര്‍മിച്ച ദൈവാലയത്തിന്റെ കൂദാശകര്‍മം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന്‍ നിര്‍വഹിച്ചു. ജോര്‍ദാന്‍ നദിയില്‍ സ്‌നാപകയോഹന്നാന്‍ യേശുവിന് മാമ്മോദീസ നല്‍കിയ അല്‍-മഗ്താസ് എന്ന സ്ഥലത്താണ് ദൈവാലയം നിര്‍മിച്ചിരിക്കുന്നത്.ദൈവം നമ്മോടൊപ്പം വസിച്ച സ്ഥലമാണിതെന്ന് ചരിത്രപരമായ  കൂദാശയില്‍ പങ്കെടുക്കാനായതില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

ഭൂമിശാസ്ത്രപരമായി ഇത് ഭൂമിയുടെ ഏറ്റവും താഴ്ന്ന സ്ഥലമാണെന്നും എന്നാല്‍ ഇവിടെയാണ് ദൈവം മനുഷ്യനെ കണ്ടുമുട്ടാന്‍ ഇറങ്ങിവന്നതെന്നും കര്‍ദിനാള്‍ പരോളിന്‍ ഇതോടനുബന്ധിച്ച് അര്‍പ്പിച്ച ദിവ്യബലിമധ്യേ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. മാര്‍പാപ്പയുടെ ആഗ്രഹപ്രകാരം  ഇവിടെയുള്ള തന്റെ സാന്നിധ്യം, മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവ സമൂഹവുമായുള്ള മുഴുവന്‍ സഭയുടെയും അടുപ്പത്തിന്റെ മൂര്‍ത്തമായ അടയാളമാണെന്നും കര്‍ദിനാള്‍ കൂട്ടിച്ചേര്‍ത്തു.2 009-ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശുദ്ധനാട് സന്ദര്‍ശന വേളയില്‍ തറക്കല്ലിട്ട ഈ ദൈവാലയത്തിന്റെ പൂര്‍ത്തീകരണത്തിന് നിസ്തുലമായ സംഭാവന നല്‍കിയ നദീം മുവാഷറിനും ഇവിടുത്തെ അജപാലന ശുശ്രൂഷക്ക് നേതൃത്വം നല്‍കുന്ന ‘ഫാദേഴ്‌സ് ഓഫ് ദി ഇന്‍കാര്‍നേറ്റ് വേഡ്’ സന്യാസസഭാംഗങ്ങള്‍ക്കും കര്‍ദിനാള്‍ നന്ദി രേഖപ്പെടുത്തി.

‘ജോര്‍ദാന് അപ്പുറത്തേക്ക് നോട്ടം തിരിച്ചുകൊണ്ട്’ വെടിനിര്‍ത്തല്‍, തടവുകാരുടെയും ബന്ദികളുടെയും മോചനം എന്നിവ സാധ്യമാക്കണമെന്ന് ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തെ പരാമര്‍ശിക്കാതെ കര്‍ദിനാള്‍ അഭ്യര്‍ത്ഥിച്ചു. ‘രാഷ്ട്രനേതാക്കളുടെ ഹൃദയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സമാധാനവും സഹവര്‍ത്തിത്വവും തേടാന്‍ പ്രേരിപ്പിക്കപ്പെടട്ടെ എന്നും കര്‍ദിനാള്‍ ആശംസിച്ചു. 1990-കളില്‍ ഫാ. മിഷേല്‍ പിക്സിറില്ലോ ഈ പുണ്യസ്ഥലം തിരിച്ചറിഞ്ഞതു മുതല്‍ ഈ പുണ്യസ്ഥലത്തെ പ്രത്യേകമായ വിധത്തില്‍ പരിപാലിച്ച രാജകുടുംബത്തോട്, പ്രത്യേകിച്ച് അബ്ദുള്ള രണ്ടാമന്‍ രാജാവിനോടും ജോര്‍ദാന്‍ ഗവണ്‍മെന്റിനോടുമുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അഭിനന്ദനവും കര്‍ദിനാള്‍ അറിയിച്ചു.

ക്രിസ്തു മാമ്മോദീസാ സ്വീകരിച്ച ഈ സ്ഥലമുള്‍പ്പടെ ഹാഷെമൈറ്റ് രാജ്യത്തിലെ പല സ്ഥലങ്ങളും ക്രിസ്തുവിന്റെയും ആദ്യകാല സഭയുടെയും സാന്നിധ്യത്തെ സാക്ഷ്യപ്പെടുത്തുന്നു. ഈ സാഹചര്യത്തില്‍, ജോര്‍ദാനെയും പരിശുദ്ധ സിംഹാസനത്തെയും ഒന്നിപ്പിക്കുന്ന ബന്ധത്തിന്റെ സൂചനയായി ‘ജോര്‍ദാന്‍: ക്രിസ്തുമതത്തിന്റെ സൂര്യോദയം’ എന്ന പേരില്‍ ഫെബ്രുവരിയില്‍ വത്തിക്കാനില്‍ ഒരു പ്രദര്‍ശനം നടത്തുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?