Follow Us On

27

January

2025

Monday

‘പത്ത് ലക്ഷം വര്‍ഷമെടുത്താലും ഇവള്‍ കന്യാസ്ത്രീയാകുമെന്ന് വിചാരിച്ചില്ല, പിന്നെയല്ലേ വിശുദ്ധ’

‘പത്ത് ലക്ഷം വര്‍ഷമെടുത്താലും ഇവള്‍ കന്യാസ്ത്രീയാകുമെന്ന്  വിചാരിച്ചില്ല, പിന്നെയല്ലേ വിശുദ്ധ’

ലിജു ആന്റണി

മാഡ്രിഡ്/സ്‌പെയിന്‍: ജനുവരി 12-ന് സ്‌പെയിനിലെ മാഡ്രിഡില്‍ ദൈവദാസിയായി പ്രഖ്യാപിക്കപ്പെട്ട സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിന്റെ സഹോദരി ബിബിസി ന്യൂസിനോട് പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ‘പത്ത് ലക്ഷം വര്‍ഷമെടുത്താലും ഇവള്‍ കന്യാസ്ത്രീയാകുമെന്ന് വിചാരിച്ചില്ല, പിന്നെയല്ലെ വിശുദ്ധപദവിയിലേക്കുള്ള നാമകരണ നടപടി.’ ടെലിവിഷന്‍ താരത്തില്‍ നിന്ന് സന്യാസജീവിതം തിരഞ്ഞെടുത്ത് ഇപ്പോള്‍ ദൈവദാസിപദവി വരെയെത്തി നില്‍ക്കുന്ന തന്റെ സഹോദരിയുടെ ജീവിതത്തിലുണ്ടായ മാനസാന്തരകഥയിലുള്ള അത്ഭുതം മുഴുവന്‍ ആ വാക്കുകളില്‍ അടങ്ങിയിട്ടുണ്ട്.
2016-ല്‍ അന്തരിച്ച യുവസന്യാസിനിയായ സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റിന്റെ നാമകരണ നടപടികള്‍ മാഡ്രിഡിലെ അല്‍കാല ഡി ഹെനാറസ് കത്തീഡ്രലില്‍ നടന്ന ചടങ്ങുകളോടെയാണ് ആരംഭിച്ചത്. 2016-ല്‍ ഇക്വഡോറിലുണ്ടായ ഭൂകമ്പത്തില്‍ മരണമടയുമ്പോള്‍ കേവലം 33വയസുമാത്രമായിരുന്നു സിസ്റ്റര്‍ ക്രോക്കറ്റിന്റെ പ്രായം.

1982 നവംബര്‍ 14-ന് ഉത്തര അയര്‍ലണ്ടിലെ ഡെറിയിലാണ് ക്രോക്കറ്റ് ജനിച്ചത്. അഭിനയത്തില്‍ പാടവം ഉണ്ടായിരുന്ന ക്രോക്കറ്റ് ചെറുപ്പത്തിലെ തന്നെ യുകെയിലെ ചാനല്‍ 4-ല്‍ ഒരു ടെലിവിഷന്‍ ഷോ അവതരിപ്പിക്കാന്‍ കരാറിലേര്‍പ്പെട്ടു. കൗമാരപ്രായമെത്തിയപ്പോഴേക്കും പതിവായി പാര്‍ട്ടിയില്‍ പങ്കെടുക്കുകയും മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന ടെലിവിഷന്‍ താരമായി ക്രോക്കറ്റ് മാറി. എന്നാല്‍ 17-ാം വയസില്‍ സ്‌പെയിനില്‍ വിശുദ്ധവാരത്തില്‍ നടന്ന ഒരു ധ്യാനത്തില്‍ അവിചാരിതമായി പങ്കെടുക്കാനിടയായത് ക്ലെയറിന്റെ ജീവിതം മാറ്റിമറിച്ചു. ദിവ്യബലി, മരിയന്‍ ആത്മീയത എന്നിവയെ അടിസ്ഥാനമാക്കി യുവജനങ്ങളുടെ ഇടയില്‍ 1982-ല്‍ സ്ഥാപിതമായ സന്യാസിനിസഭയായ ‘സെര്‍വന്റ് സിസ്റ്റേഴ്സ് ഓഫ് ദി ഹോം ഓഫ് മദറിലെ’ അംഗങ്ങളായിരുന്നു ആ ധ്യാനത്തിന് നേതൃത്വം കൊടുത്തത്.

ധ്യാനത്തില്‍ സംബന്ധിക്കുന്നതിനായി സ്‌പെയിനില്‍ എത്തിയ സമയത്ത് ‘ഉപരിപ്ലവമായ’ ജീവിതമാണ് താന്‍ നയിച്ചിരുന്നതെന്ന് ക്ലെയര്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ യേശുവിന്റെ പാദങ്ങളില്‍ ചുംബിച്ചുകൊണ്ട് ദുഃഖവെള്ളി ദിനത്തില്‍ നടത്തിയ കുരിശിന്റെ ആരാധന ആ ജീവിതം മാറ്റിമറിച്ചു. ‘എന്താണ് സംഭവിച്ചതെന്ന് കൃത്യമായി വിശദീകരിക്കാന്‍ എനിക്കറിയില്ല. മാലാഖമാരുടെ ഗായകസംഘങ്ങളോ വെള്ള പ്രാവ് ഇറങ്ങിവരുന്നതോ ഒന്നും ഞാന്‍ കണ്ടില്ല, പക്ഷേ കര്‍ത്താവ് എനിക്കായാണ് കുരിശില്‍ മരിച്ചതെന്ന് അന്ന് എനിക്ക് ഉറപ്പ് ലഭിച്ചു, ‘ തന്റെ മാനസാന്തരാനുഭവത്തെക്കുറിച്ച് ക്ലെയര്‍ ഇപ്രകാരം പറഞ്ഞുവച്ചു.
‘ആ ബോധ്യത്തോടൊപ്പം, മുമ്പ് ഇല്ലാതിരുന്ന എന്തോ ഒന്ന് എന്നില്‍ പതിഞ്ഞിരുന്നു. എനിക്കുവേണ്ടി ജീവന്‍ നല്‍കിയ യേശുവിനുവേണ്ടി ഞാന്‍ എന്തെങ്കിലും ചെയ്യണമെന്ന തീരുമാനമായിരുന്നു അത്.’ ഉപരിപ്ലവമായ ജീവിതത്തോടും പാപത്തോടും വിടപറയുന്നതിനായി ക്ലെയര്‍ നടത്തിയ പോരാട്ടത്തിന്റെ തുടക്കമായിരുന്നു അത്. 2001 -ല്‍ സ്‌പെയിനില്‍ ‘സെര്‍വന്റ് സിസ്‌റ്റേഴ്‌സ്‌ ഓഫ് ദി ഹോം ഓഫ് മദറിലെ’ അംഗമായി. 2006 -ല്‍ പ്രഥമവ്രതവാഗ്ദാനവും 2010-ല്‍ നിത്യവ്രതവാഗ്ദാനവും നടത്തി.

സന്യാസിനിയായി സ്‌പെയിന്‍, യുഎസ്, ഇക്വഡോര്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചു. ശുശ്രൂഷ ചെയ്ത ഇടങ്ങളിലെല്ലാം സന്തോഷം പ്രസരിപ്പിച്ചുകൊണ്ട് പാറിനടന്ന സിസ്റ്റര്‍ ക്ലെയര്‍ 2016 ഏപ്രില്‍ 16 ന്, ഇക്വഡോറിലുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ അപ്രതീക്ഷിതമായി മരണമടയുകയായിരുന്നു. ടെലിവിഷന്‍ താരത്തില്‍ നിന്ന് സന്യാസജീവിതത്തിലേക്ക് കടന്നുവന്ന ക്ലെയറിന്റെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി, ‘ഓള്‍ ഓര്‍ നതിംഗ്: സിസ്റ്റര്‍ ക്ലെയര്‍ ക്രോക്കറ്റ്’, സ്പാനിഷിലും ഇംഗ്ലീഷിലുമായി 40 ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. സിസ്റ്റര്‍ ക്ലെയറിന്റ മരണത്തിനു ശേഷമുള്ള വര്‍ഷങ്ങളില്‍, ക്ലെയറിന്റെ മാധ്യസ്ഥത്തിലൂടെ ലഭിച്ച കൃപകളുടെയും അത്ഭുതങ്ങളുടെയും കഥകള്‍ ലോകമെമ്പാടും നിന്ന് ഒഴുകിയെത്തിയതായി നാമകരണനടപടികളുടെ പോസ്റ്റുലേറ്ററായ സിസ്റ്റര്‍ ക്രിസ്റ്റന്‍ ഗാര്‍ഡ്‌നര്‍ പറഞ്ഞു.

‘ആത്മഹത്യയുടെ വക്കിലുള്ള നിരാശരായ ആത്മാക്കള്‍ പ്രത്യാശ വീണ്ടെടുത്തു, തെറ്റുകളില്‍ വീണുപോയ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ കര്‍ത്താവിലേക്ക് മടങ്ങാനുള്ള ശക്തി കണ്ടെത്തി, ദൈവവിളി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്ന നിരവധി സെമിനാരിക്കാരും സന്യസ്തരും തിരികെവന്നു, അങ്ങനെ നിരവധി സാക്ഷ്യങ്ങള്‍’ ജനുവരി 12 ന് നടന്ന ചടങ്ങില്‍ സിസ്റ്റര്‍ ഗാര്‍ഡ്‌നര്‍ പറഞ്ഞു. സിസ്റ്റര്‍ ക്രോക്കറ്റിന്റെ കഥ പ്രചോദിപ്പിച്ചതിന്റെ സാക്ഷ്യപത്രങ്ങളോടെ 50-ലധികം രാജ്യങ്ങളില്‍ നിന്നുള്ള സന്ദേശങ്ങളും മെയിലുകളും ഇവര്‍ക്ക് ലഭിച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?