കാക്കനാട്: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പരിഷ്‌ക്കരിച്ച ലോഗോ പ്രകാശനം ചെയ്തു. മിഷന്‍ ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ വിവിധ രാജ്യങ്ങളില്‍ വ്യാപിച്ച്, അന്താരാഷ്ട്ര അല്തമായ സംഘടനയായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ലോഗോ പരിഷ്‌ക്കരിച്ചത്.
സീറോമലബാര്‍ സഭയുടെ ദൈവവിളി കമ്മീഷന്‍ ചെയര്‍മാനും ചെറുപുഷ്പ മിഷന്‍ ലീഗിന്റെ സഹ രക്ഷാധികാരിയുമായ ബിഷപ് മാര്‍ ജോസഫ് അരുമച്ചാടത്ത് ലോഗോ പ്രകാശനം ചെയ്തു. ദൈവവിളി കമ്മീഷന്‍ അംഗങ്ങളായ ബിഷപ് മാര്‍ വിന്‍സെന്റ് നെല്ലിപറമ്പില്‍, ബിഷപ് മാര്‍ മാത്യു നെല്ലിക്കുന്നേല്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് മേല്‍വെട്ടത്ത്, മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവിസ് വല്ലൂരാന്‍, ജനറല്‍ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പില്‍, സുജി പുല്ലുകാട്ട്, ലുക്ക് പിണമറുകില്‍, സിസ്റ്റര്‍ ജിന്‍സി ചാക്കോ എന്നിവര്‍ സന്നിഹിതരായിരുന്നു.
![](https://sundayshalom.com/wp-content/uploads/2025/02/xNews-31-1.jpg.pagespeed.ic.HpYA6PEq1K.jpg)
സഭയുടെ പ്രേഷിത പ്രവത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ജോസഫ് മാലിപ്പറമ്പിലിന്റെയും പി.സി എബ്രഹാം എന്ന കുഞ്ഞേട്ടന്റെയും നേതൃത്വത്തില്‍ 1947 ഒക്ടോബര്‍ മൂന്നിന് ആരംഭിച്ച മുന്നേറ്റമാണ് ചെറുപുഷ്പ മിഷന്‍ ലീഗ്. കേരളത്തിലെ ഭരണങ്ങാനത്ത് പ്രവര്‍ത്തനം ആരംഭിച്ച ഈ സംഘടന പിന്നീട് കേരളത്തില്‍ ഉടനീളവും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും വളര്‍ന്നു പന്തലിച്ചു.
വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ത്യയുടെ വെളിയില്‍ വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ച മിഷന്‍ ലീഗ്, ഇപ്പോള്‍ അമേരിക്ക, കാനഡ, യു.കെ, അയര്‍ലണ്ട്, ഇറ്റലി, ജര്‍മനി, ഓസ്‌ട്രേലിയ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്ലാറ്റിനം ജൂബിലി സമാപന ആഘോഷങ്ങളോട് അനുബന്ധിച്ച് രണ്ട് വര്‍ഷം മുന്‍പാണ് ഔദ്യോഗിക അന്തര്‍ദേശീയ സമിതിയെ തിരഞ്ഞെടുത്തത്.
Leave a Comment
Your email address will not be published. Required fields are marked with *