കൊച്ചി: കടുത്ത പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുന്ന കടല്‍ മണല്‍ ഖനനം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍.
ആയിരക്കണക്കിന് കോടി രൂപയുടെ ലാഭം ലക്ഷ്യം വച്ച് പരിസ്ഥിതിയെ അപകടത്തിലാക്കി കോര്‍പ്പറേറ്റുകള്‍ക്ക് കടല്‍ തീറെഴുതിക്കൊടുക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, വൈസ് ചെയര്‍മാന്‍മാരായ ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ ചേര്‍ന്നു പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി.
കടലിന്റെ സ്വാഭാവികതയ്ക്ക് തുരംഗം വയ്ക്കുന്ന ഇത്തരം പദ്ധതികള്‍ പുരോഗമനപരമായ നിലപാടുകള്‍ സ്വീകരിക്കുന്ന രാജ്യങ്ങള്‍ പരിഗണനയ്ക്ക് പോലുമെടുക്കുന്നതല്ലാതിരിക്കെ, ബ്ലൂ ഇക്കോണമി എന്ന അന്താരാഷ്ട്ര സുസ്ഥിര വികസന പദ്ധതിയെന്ന ആശയത്തെ തല്‍ക്കാല കാര്യലാഭത്തിനുവേണ്ടി ദുര്‍വ്യാഖ്യാനം ചെയ്ത് ദുരുപയോഗിക്കാനുള്ള നീക്കം അംഗീകരിക്കാനാവുന്നതല്ല.
കേന്ദ്ര സര്‍ക്കാര്‍ 2021 ഫെബ്രുവരി 17 ന് പുറത്തിറക്കിയ കരട് നയരേഖ ഐക്യരാഷ്ട്രസഭയുടെ തീരുമാനങ്ങള്‍ക്ക് കടകവിരുദ്ധമാണ്. ആ കരട് നയരേഖയ്ക്ക് മേല്‍ ശരിയായ വിധത്തിലുള്ള ആശയ സ്വരൂപണത്തിന് പോലും സാവകാശം നല്‍കാതെ 2023 ഓഗസ്റ്റിലെ പാര്‍ലമെന്റ് സമ്മേളനത്തില്‍ അത് പാസാക്കുകയുമുണ്ടായി. അതിനെ തുടര്‍ന്ന് ആദ്യ ഘട്ടമെന്ന വിധത്തിലാണ് ഇപ്പോള്‍ സ്വകാര്യ കമ്പനികളുടെ സഹകരണത്തോടെ കടല്‍ മണല്‍ ഖനനം ആരംഭിക്കാനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
ഈ നീക്കം ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കും എന്നുള്ളത് നിസ്തര്‍ക്കമാണ്. കടലിലുണ്ടാകുന്ന മാറ്റങ്ങള്‍ കരയെയും തീരദേശങ്ങളില്‍ അധിവസിക്കുന്നവരെയും മാത്രമല്ല, ഭൂമിയുടെ സന്തുലിതാവസ്ഥയെത്തന്നെ വളരെ ദോഷകരമായി ബാധിക്കുമെന്നതിന് ഉദാഹരണങ്ങള്‍ വളരെയേറെയുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.
കടുത്ത അതിജീവന പ്രതിസന്ധികള്‍ മുന്നില്‍ കണ്ടുകൊണ്ട് സമരത്തിനിറങ്ങാന്‍ നിര്‍ബന്ധിതരായിരിക്കുന്ന തീരദേശവാസിക ള്‍ക്ക് ജാഗ്രത കമ്മീഷന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *