മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍
(താമരശേരി രൂപതാധ്യക്ഷന്‍)
തിരുനാളുകളുടെ തിരുനാളായ ഉത്ഥാനതിരുനാള്‍ പ്രത്യാശയുടെ തിരുനാളാണ്. ”തന്നില്‍ വിശ്വസിക്കുന്ന ഒരുവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന് തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു” (യോഹ. 3:16). ആ സ്‌നേഹം പീഡാസഹനങ്ങളിലൂടെ കുരിശില്‍ മരിച്ച് നമുക്കുവേണ്ടി ഉയര്‍ത്തിരിക്കുന്നു. ഏറ്റവും എളിയവനായി ഭൂമിയില്‍ വന്ന് അവതരിച്ച മുപ്പത്തിമൂന്ന് വയസുകാരന്‍, തന്നെ സംസ്‌കരിച്ച കല്ലറയുടെ കനപ്പെട്ട പാറയ്ക്കുള്ളില്‍ അവസാനിക്കാതെ തന്റെ ജനത്തിനുവേണ്ടി ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്ന് ഈ ദിനം ഓര്‍മപ്പെടുത്തുന്നു. ഉയിര്‍പ്പിന്റെ അഭിമാനത്തില്‍, പ്രത്യാശയില്‍ ഉത്ഥാനതിരുന്നാള്‍ നമ്മുടെയും ഉയിര്‍പ്പാകട്ടെ.
കര്‍ത്താവിന്റെ ഉത്ഥാനത്തിരുനാള്‍ നമ്മെ സംബന്ധിച്ചിടത്തോളം സങ്കടങ്ങളില്‍ നിന്നും സന്തോഷത്തിലേക്കുള്ള ഒരു ഉയര്‍ച്ചയല്ല. മറിച്ച് സന്തോഷത്തില്‍ നിന്നും അതിന്റെ പൂര്‍ണതയിലേക്കുള്ള യാത്രയാണ്. ഈശോയുടെ പീഡാസഹനം ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം നിരാശയല്ല പ്രത്യുത സന്തോഷമാണ് നല്‍കുന്നത്. ദൈവം നമുക്കുവേണ്ടി കുരിശില്‍ മരിക്കുകയും രക്ഷ നേടിത്തരികയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തിരിക്കുന്നുവെന്നതില്‍ അഭിമാനിക്കാന്‍ സാധിക്കണം. ഓരോ വിശ്വാസിയും പ്രതീക്ഷയുടെ വചനവും തിരുവത്താഴത്തിന്റെ അപ്പവും ഭിന്നതയുടെ മതിലുകള്‍ തകര്‍ക്കുന്ന ഐക്യവുമാകണം. കൂടാതെ അപരന് കരുതലാകേണ്ട കടമയും നമ്മില്‍ ഉണ്ടെന്നുള്ള തിരിച്ചറിവ് ഉണ്ടാകേണ്ടതാണ്. നാം ജീവിക്കുന്നത് മറ്റുള്ളവരുടെ സന്തോഷത്തിനും അവരുടെ സഹായത്തിനാണെന്നും നമുക്കു മറക്കാതിരിക്കാം. മറ്റുള്ളവരുടെ അപൂര്‍ണമായ ജീവിതത്തെ പൂര്‍ണമാക്കാന്‍ കൂടിയാണ് നമ്മുടെ ജീവിതങ്ങള്‍.
സഹജീവികളില്‍ സന്തോഷം നിറയ്ക്കാന്‍ സാധിക്കുന്ന ഈ വഴിയിലൂടെയാണ് നമുക്ക് ഉത്ഥാന അനുഭവത്തില്‍ ജീവിക്കുവാന്‍ സാധിക്കുന്നത്. ക്രൂശിതന്റെ മുറിവുകളില്‍ ഉത്ഥാനത്തിലൂടെ കൈവരുന്ന പ്രത്യാശ കണ്ടെത്തുകയും ബോധ്യത്തോടെ പ്രഘോഷിക്കുകയും ചെയ്യണം.
ഉത്ഥാനത്തിന്റെ പ്രത്യാശ കടന്നുചെല്ലേണ്ട മേഖലകള്‍ നിരവധിയാണ്. ആധുനിക സ്ഥിതിവിവരക്കണക്കുകള്‍ പലപ്പോഴും തിരക്കിനിടയില്‍ നമ്മുടെ ശ്രദ്ധയില്‍പെടാറില്ല. വന്യജീവി ആക്രമണങ്ങളാല്‍ നിരവധി ജീവനുകള്‍ പൊലിയുന്നതും അതേ വന്യമൃഗങ്ങള്‍ കൃഷികള്‍ നശിപ്പിക്കുന്നതും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് വേണ്ട വില ലഭിക്കാത്തതും എല്ലാം ഇന്നിന്റെ പ്രശ്‌നങ്ങളാണ്. അതോടൊപ്പം തന്നെ വിവിധ രാജ്യങ്ങളിലും ദേശങ്ങളിലും തുടര്‍ന്നുകൊണ്ടിരിക്കുന്ന യുദ്ധങ്ങള്‍, ലോകമെങ്ങും കൊല്ലപ്പെടുന്ന നിഷ്‌കളങ്കരായ മനുഷ്യര്‍, ശുദ്ധജലം പോലും ലഭിക്കാത്ത അവസ്ഥയും പട്ടിണിയും മറ്റും നമ്മുടെ പ്രത്യാശയ്ക്ക് മങ്ങലേല്‍പ്പിക്കാന്‍ സാധ്യതയുള്ള വിഷയങ്ങളാണ്.
മയക്കുമരുന്നും മറ്റ് ലഹരികളും ഉപയോഗിക്കുന്നവര്‍, ആത്മഹത്യ ചെയ്യുന്നവര്‍ ഇവരുടെ വര്‍ധിച്ചുവരുന്ന സംഖ്യ നമ്മെ ഭയപ്പെടുത്തുന്നു. അതോടൊപ്പം അതിന്റെ പരിണിതഫലമായി സംഭവിക്കുന്ന കൊലപാതകങ്ങളും അക്രമസംഭവങ്ങളും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ഇത്തരം സംഭവങ്ങള്‍ നിത്യേന എന്ന വിധത്തില്‍ നമ്മുടെ സമൂഹത്തില്‍ അരങ്ങേറുന്നത് വളരെ ഭയത്തോടെ മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. ഇതിനിടയിലും നന്മയുടെ പൊന്‍തരിവെട്ടങ്ങള്‍ അസ്തമിച്ചിട്ടില്ലായെന്നുള്ളതിന്റെ തെളിവുകള്‍ ഈ ലോകത്ത് തന്നെ വ്യക്തമാണ്.
ഇരുളും വെളിച്ചവും ഇടകലര്‍ന്ന് നില്‍ക്കുന്ന ഇന്നത്തെ സാമൂഹ്യ സാംസ്‌കാരിക ജീവിത സാഹചര്യങ്ങളില്‍ പ്രതീക്ഷയും പ്രത്യാശയും കൈവിടാതെ ഉത്ഥിതനെ പ്രഘോഷിക്കുക എന്നതാണ് വിശ്വാസികളുടെ കടമ.
സമകാലിക ചരിത്രത്തില്‍ ഏറ്റവും ഫലപ്രദമായ സുവിശേഷ പ്രഘോഷണം പ്രത്യാശയുടെ സന്ദേശം പകര്‍ന്നുകൊടുക്കലാണ്. രക്ഷയുടെ പ്രകാശവലയത്തിലായിരിക്കുമ്പോഴും മനസില്‍ ഇരുള്‍ നിറഞ്ഞ് ഭാരം നിറഞ്ഞ ഹൃദയത്തോടെ നഷ്ടമായതിനെയോര്‍ത്ത് പരിതപിച്ച് ഇന്നും എമ്മാവൂസിലേയ്ക്ക് യാത്ര ചെയ്യുന്നവരുണ്ട്. അവരുടെ ഹ്യദയങ്ങളെ തിരുവചനത്തിന്റെ ശക്തിയാല്‍ തൊട്ടുണര്‍ത്തി, പരിശുദ്ധാത്മാവിന്റെ അഗ്‌നിയാല്‍ ചൂടുപകര്‍ന്ന്, അപ്പം മുറിക്കല്‍ ശുശ്രൂഷയാകുന്ന വിശുദ്ധ കുര്‍ബാനയുടെ മേശയില്‍ എത്തിക്കേണ്ട അതിഗൗരവമായ ഉത്തരവാദിത്വം എല്ലാ സഭാതനയരുടേതുമാണ്. ഓരോ വിശ്വാസിയും പ്രതീക്ഷയുടെ വചനവും, തിരുവത്താഴത്തിന്റെ അപ്പവും, ഭിന്നതയുടെ മതിലുകള്‍ തകര്‍ക്കുന്ന ഐക്യവുമാകണം. ഇതാണ് ഉത്ഥാനാനുഭവം ജീവിക്കുക എന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. ക്രൂശിതന്റെ മുറിവുകളില്‍ ഉത്ഥാനത്തിലൂടെ കൈവരുന്ന പ്രത്യാശ കണ്ടെത്തുകയും ബോധ്യത്തോടെ പ്രഘോഷിക്കുകയും ചെയ്യുന്നതാണ് സമകാലിക ആധ്യാത്മികതയുടെ കാതല്‍.
‘യേശുവില്‍ സ്‌നാനം സ്വീകരിച്ച നാം അവന്റെ മരണത്തിലാണ് സ്‌നാനം സ്വീകരിച്ചത്. അങ്ങനെ നാം അവനോടൊത്തു സംസ്‌കരിക്കപ്പെട്ടു. യേശുവിന്റെ മരണത്തില്‍ നാം അവിടുത്തോട് ഐക്യപ്പെട്ടുവെങ്കില്‍ പുനരുത്ഥാനത്തിലും നാം അവിടുത്തോട് ഐക്യപ്പെടും. നമ്മിലെ പഴയ മനുഷ്യന്‍ അവനോടുകൂടി ക്രൂശിക്കപ്പെട്ടിരിക്കുന്നു.”(റോമാ 6: 4-6) അതിനാല്‍ അവിടുത്തെ ഉത്ഥാനം അനുഭവവേദ്യമാകുവാന്‍ നമുക്ക് അവിടുത്തെ ഉത്ഥാനത്തില്‍ പങ്കുചേര്‍ന്ന് സമ്പൂര്‍ണമായൊരു പുതിയ ജീവിതം ആരംഭിക്കാം. നമ്മുടെ സാന്നിധ്യവും പെരുമാറ്റവും സംസാരവുമെല്ലാം മറ്റുള്ളവരുടെ ഉയിര്‍പ്പിനും കൂടി കാരണമാകട്ടെ. തളര്‍ന്നുപോയവരെ താങ്ങിയെടുക്കുവാനും പ്രതീക്ഷ നഷ്ടപ്പെട്ടവരെ പ്രത്യാശയിലേക്ക് നയിക്കാനും ഈ ഉത്ഥാന തിരുനാള്‍ നമുക്ക് പ്രചോദനമാകട്ടെ.
Leave a Comment
Your email address will not be published. Required fields are marked with *