Follow Us On

20

April

2025

Sunday

ഉത്ഥാനപ്രകാശം നമ്മിലും

ഉത്ഥാനപ്രകാശം നമ്മിലും
ബിഷപ് ഡോ. അലക്‌സ് വടക്കുംതല
മലയാളത്തിന്റെ വിശ്രുതനായ കവി കെ. സച്ചിതാനന്ദന്‍ എഴുതിയ ‘മൂന്നാം നാള്‍’ എന്ന കവിതയിലെ  ശ്രദ്ധേയമായ വരികള്‍ ഇപ്രകാരമാണ്:
‘എവിടെ ഈ യാത്ര തന്നന്ത്യം
മറുപുറം, വേറെ നിലാവോ?’
മറുപുറത്ത് വേറെ നിലാവ് സൂചിപ്പിക്കുന്നത് അസ്തമയത്തോടെ അവസാനിക്കാത്ത പൗര്‍ണ്ണമിയാണ്. മൂന്നാംനാള്‍, ഇരുളിലും തെളിവാര്‍ന്നു ശോഭിച്ചുനില്ക്കുന്ന പൂര്‍ണ്ണേന്ദു ബിംബം, അഥവാ ‘മറുപുറം വേറെ നിലാവ്,’ ക്രിസ്തുവാണ്. ദുഃഖവെള്ളിയുടെ അന്ത്യത്തില്‍, അരിമത്തിയാക്കാരന്‍ ജോസഫിന്റെ തോട്ടത്തില്‍ തീരുന്ന ഒന്നല്ല, നസ്രായനായ യേശുവിന്റെ ജീവിതം. മരണത്തിന്റെ ഇരുള്‍ മറവില്‍ നിന്നും ഉദിച്ചുയരുന്നു ക്രിസ്തുവെന്ന പൗര്‍ണ്ണമി ചന്ദ്രിക.
ക്രിസ്തുവിന്റെ ഉത്ഥാനതിരുനാള്‍ ആഘോഷത്തിന്റെ തിയതി ഓരോ വര്‍ഷവും നിശ്ചയിക്കുന്നതും പൂര്‍ണ ചന്ദ്രനുമായി ബന്ധപ്പെടുത്തിയാണ്. ഓരോ വര്‍ഷവും മാര്‍ച്ച് മാസം 23-ാം തീയതിയാണ് വസന്ത വിഷു അഥവാ വെര്‍ണല്‍ എക്വിനോക്‌സ് (Vernal Equinox). പന്ത്രണ്ടു മണിക്കൂര്‍ പകലും പന്ത്രണ്ടു മണിക്കൂര്‍ രാത്രിയും ആയിരിക്കും അന്നേ ദിനം. സൂര്യന്‍ ഭൂമധ്യരേഖയുടെ നേരെ വരുന്ന ദിവസമാണത്. അതിനുശേഷമുള്ള പൗര്‍ണ്ണമി നാള്‍ (Full Moon) കഴിഞ്ഞുവരുന്ന ആദ്യ ഞായറാഴ്ചയാണ് ഈസ്റ്റര്‍.
ഈസ്റ്റര്‍ എന്ന പദത്തിന്റെ മൂലാര്‍ത്ഥം ഉദയം എന്നാണ്. അസ്തമയത്തിനു ശേഷമുള്ള ഇരുളിനപ്പുറം ഒളിച്ചിരിക്കുന്ന വെളിച്ചമാണ് ഈസ്റ്റര്‍.
അസ്തമിക്കാത്ത നീതിസൂര്യന്‍
വിഖ്യാതനായ ദൈവ ശാസ്ത്രജ്ഞന്‍, റൈമുണ്ടോ പണിക്കര്‍ (Raimundo Pani-kker), ക്രിസ്തുവിനെ ഉദിച്ചുയരുന്ന തേജോമയിയായ സൂര്യനായി വിഭാവനം ചെയ്യുന്നുണ്ട്. നമ്മുടെ ദൈവത്തിന്റെ കാരുണ്യാതിരേകംകൊണ്ട് നമ്മെ ഉയരത്തില്‍നിന്ന് സന്ദര്‍ശിക്കുന്ന ഉദയരശ്മിയാണ് ക്രിസ്തു. ഇരുളിലും മരണനിഴലിലും ഇരിക്കുന്നവരില്‍ വന്നണയുന്ന പ്രകാശമാണ് അവിടുന്ന് (ലൂക്കാ 1:78-79).
ഒഴുക്കും ഓളവുമില്ലാത്ത, സ്വച്ഛന്ദമായ തടാകത്തിലും കുളത്തിലുമൊക്കെ സൂര്യബിംബം നാം കാണാറുണ്ട്. കൊച്ചു കുസൃതികുട്ടികള്‍ ആ കുളത്തില്‍ കല്ലുകള്‍ എറിഞ്ഞു കളിക്കും. കല്ലെറിയുമ്പോള്‍ ജലപ്പരപ്പിലെ സൂര്യബിംബം അപ്രത്യക്ഷമാകും. അപ്പോള്‍ അവര്‍ ആര്‍ത്തുവിളിച്ചു പറയും: ‘ദേ, സൂര്യനെ ഞങ്ങള്‍ കീഴടക്കി! ഈ ഭൂമിയില്‍ നിന്നും സൂര്യനെ ഞങ്ങള്‍ ഓടിച്ചുകളഞ്ഞു!’എന്നാല്‍ ചുറ്റോളങ്ങള്‍ കെട്ടടങ്ങുമ്പോള്‍ നിമിഷങ്ങള്‍ക്കകം സൂര്യന്റെ തെളിഞ്ഞുനില്ക്കുന്ന പ്രതിബിംബം വീണ്ടും പ്രത്യക്ഷമാകും!
ക്രിസ്തുവിന്റെ മരണത്തോടെ എല്ലാം അസ്തമിച്ചെന്ന് എല്ലാവരും കരുതി. എന്നാല്‍, ക്രിസ്തുവെന്ന സ്വയം പ്രശോഭിതമായ ആര്‍ക്കും കീഴടക്കാനാവാത്ത, ശാശ്വത ശോഭയുള്ള നീതിസൂര്യന്‍ തെളിവാര്‍ന്ന് പ്രത്യക്ഷനായി. ഉത്ഥാന തിരുനാള്‍ ആഘോഷം ആരംഭിക്കുന്നത്, പുത്തന്‍ തീയില്‍ നിന്നും പെസഹാത്തിരി ആശീര്‍വ്വദിച്ചുതെളിച്ച് ഇപ്രകാരമുള്ള പ്രാര്‍ത്ഥനയോടെയാണ്: ‘മഹത്വത്തോടെ ഉയിര്‍ത്തെഴുന്നേല്ക്കുന്ന ക്രിസ്തുവിന്റെ ദീപ്തിപൂരം ഹൃദയത്തിന്റെയും മനസിന്റെയും കൂരിരുള്‍ നീക്കുമാറാകട്ടെ!’
തുടര്‍ന്നുള്ള ആലാപനം,’ക്രിസ്തുവിന്‍ പ്രകാശം എന്നും, പ്രത്യുത്തരം ‘ദൈവത്തിനു സ്തുതി’എന്നുമാണ്. അതോടൊപ്പം, അലങ്കരിച്ച് ആശീര്‍വ്വദിച്ച, പുത്തന്‍ തീയില്‍ നിന്നു തെളിച്ചെടുത്ത ആ വലിയ പെസഹാത്തിരിയില്‍ നിന്നും നമ്മുടെ കൈത്തിരികള്‍ കത്തിച്ചെടുക്കും.
കാത്തിരിപ്പിന്റെ ആ രാത്രിയില്‍ ചുറ്റും ഇരുളും നിഴലും നിറഞ്ഞു നില്ക്കുമ്പോളും ഉത്ഥിതനായ ക്രിസ്തുവിന്റെ പ്രകാശം നമ്മുടെ ഹൃദയ മാനസങ്ങള്‍ പ്രകാശിതമാക്കും. അസ്തമിക്കാത്ത ആ നീതിസൂര്യനില്‍ നിന്നും, ആര്‍ക്കും ഊതിക്കെടുത്താനാവാത്ത വെള്ളിവെളിച്ചം, നമ്മുടെ ജീവിതത്തില്‍ ആശ്വാസമായി വന്നെത്തുന്നു. ആ പ്രകാശത്തിന്റെ കണ്ടെത്തലും ആഘോഷവുമാണ് ഉത്ഥാനതിരുനാള്‍. ആ പ്രത്യാശ പിന്നെ നമ്മെ വഴിനടത്തണം. പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല'(റോമാ 5:5). ക്രിസ്തുവെന്ന പ്രകാശത്തോട് എന്നും ചേര്‍ന്നുനില്ക്കണമെന്നു മാത്രം! ആ നീതിസൂര്യന് അഭിമുഖമായി നില്ക്കുമ്പോള്‍ നമ്മെ അലോസരപ്പെടുത്തുന്ന നിഴലും നിരാശയും പിന്നാമ്പുറങ്ങളില്‍ ഓടിമറയും.
നൊബേല്‍ സമ്മാന ജേതാവായ ലബനീസ് കവി ഖലീല്‍ ജിബ്രാന്റെ ഒരു കവിതയിലെ ചില വരികള്‍ ഇപ്രകാരമാണ്:’ദൈവമേ,’ഇരുട്ടുകൂട്ടണേ’എന്നു ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കാരണം, ഇരുട്ടു കൂടുമ്പോള്‍ നക്ഷത്രങ്ങളുടെ വെട്ടം കൂടും…’നമ്മുടെ ജീവിതത്തില്‍ രോഗത്തിന്റെയും സഹനങ്ങളുടെയും നൊമ്പരം പകരുന്ന വേദനയും ഇരുട്ടും കൂടുമ്പോള്‍ കുരിശിലെ പീഢാനുഭവങ്ങളില്‍ നിന്നും ഇറങ്ങിവരുന്ന ക്രിസ്തുവിന്റെ സാന്ത്വനവെളിച്ചം കൂടുതല്‍ ശോഭയാര്‍ന്ന വിധത്തില്‍ അനുഭവിക്കാനാകും.
ഫ്രാന്‍സിസ് പാപ്പ, ക്രിസ്തൂസ് വിവിത്'(Christus Vivit) എന്ന അപ്പോസ്തലിക ആഹ്വാനത്തില്‍ കുറിക്കുന്നതിതാണ്: ക്രിസ്തു ജീവിക്കുന്നു. അവിടുന്ന് നമ്മുടെ പ്രത്യാശയാണ്. അവിടുന്ന് തൊടുന്നതെല്ലാം യൗവനമുള്ളതും പുതിയതും ജീവന്‍ നിറഞ്ഞതുമാകുന്നു. ക്രിസ്തു ജീവിക്കുന്നു. നിങ്ങള്‍ ജീവനുള്ളവരാകാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു'(നമ്പര്‍ 1).
എന്തിനാണ് കരയുന്നത്?
ഉത്ഥിതനായ ക്രിസ്തു പ്രത്യക്ഷപ്പെടുമ്പോള്‍ ആദ്യം ചോദിക്കുന്നത് ഇതാണ്:’സ്ത്രീയേ എന്തിനാണ് നീ കരയുന്നത്? നീ ആരെയാണ് അന്വേഷിക്കുന്നത്? (യോഹ. 20:15). നമ്മുടെ ദുഃഖങ്ങളിലേക്കും സഹനങ്ങളിലേക്കുമാണ് ഉത്ഥിതനായ ക്രിസ്തുവിന് കടന്നുവരാന്‍ കൂടുതലിഷ്ടം. കാരണം അവന്‍ പീഢാനുഭവങ്ങള്‍ സ്വീകരിച്ചവനാണ്. കുരിശുയാത്രയിലെ കഠിനസഹനങ്ങളിലൂടെ കടന്നുപോയവനാണ്. കുരിശില്‍ കിടന്നു പിടഞ്ഞുപിടഞ്ഞ് കഠോരയാതനകളുടെ തീവ്രത അനുഭവിച്ചവനാണ്. അതിനാല്‍ത്തന്നെ നമ്മുടെ സഹനങ്ങളുടെ ആഴം അവനറിയാം; ആശ്വസിപ്പിക്കാനുമറിയാം. അവന്‍ നമ്മുടെ കണ്ണീരൊപ്പും. നാം കാത്തിരിക്കുന്ന പ്രത്യാശയുടെ പൊന്‍പ്രഭാതത്തിലേക്ക്, നമ്മെ കൂട്ടിക്കൊണ്ടുപോകും. മറ്റാരെയുംകാള്‍ അധികമായി'(യോഹ 21:15) മഗ്ദലേനായിലെ മറിയത്തെപ്പോലെയും ശിഷ്യപ്രമുഖനോട് ആവശ്യപ്പെട്ടപോലെയും അവനെ സ്‌നേഹിക്കണമെന്നു മാത്രം! അതിരാവിലെ ഇരുട്ടായിരിക്കുമ്പോള്‍ തന്നെ (യോഹ. 20:1) അവനെ തേടി ഇറങ്ങണമെന്നുമാത്രം! നിഷ്‌ക്കളങ്കമായ ഒരു വിശുദ്ധ ശാഠ്യത്തോടെ അവന്റെ വരവും കാത്ത് തോട്ടത്തില്‍ പ്രതീക്ഷയോടെ നില്ക്കുകയും വേണം. അവന്‍ വരും. കണ്ണീരൊപ്പും, പ്രത്യാശ പകരും.
കൂട്ടം തെറ്റിയവരുടെ സഹയാത്രികന്‍
അന്നൊരിക്കല്‍ രണ്ടുപേര്‍ യാത്ര ചെയ്തത് എമ്മാവൂസ് എന്ന ഗ്രാമത്തിലേക്കായിരുന്നു. ഉദയത്തില്‍ നിന്ന് അസ്തമയത്തിന്റെ ദിശയിലേക്ക്, അവര്‍ നടന്നു. ഉള്ളില്‍ ആകെ നിരാശ! പക്ഷെ, കൂട്ടം തെറ്റി പോയവരുടെ കൂടെ ഒരാള്‍ യാത്രയില്‍ പങ്കുചേരുന്നു! അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നതിനാല്‍’സഹയാത്രികനെ തിരിച്ചറിയാനായില്ല! കൂടെ നടന്ന് ആശ്വാസത്തിന്റെ വചനങ്ങള്‍ പങ്കുവച്ചു, അയാള്‍.  നേരം ഏറെ വൈകി പകല്‍ അസ്തമിക്കാറായപ്പോള്‍ അവര്‍ ഒരു സത്രത്തില്‍ തങ്ങി. അവിടെ വച്ച് അവന്‍ അപ്പം മുറിച്ചു പങ്കുവച്ചപ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു (ലൂക്ക 24:3). എന്നാല്‍ സഹയാത്രികന്‍ അപ്പോഴേക്കും അപ്രത്യക്ഷനായിരുന്നു.
കടുത്ത നിരാശയില്‍ നാം നടക്കുമ്പോള്‍, ഉത്ഥിതനായ ക്രിസ്തു സഹയാത്രികനായി കൂടെ ഉണ്ടാവും. സാന്നിധ്യം പലപ്പോഴും തിരിച്ചറിയുന്നത് ഏറെ താമസിച്ചിട്ടാവും. എങ്കിലും, നമ്മെ അവന്‍ ഒറ്റയ്ക്കു വിടില്ല. ചാരെവന്ന് ആശ്വാസത്തിന്റെ വിശുദ്ധ വചനങ്ങള്‍ നമുക്ക് പകരും. അപ്പം പകുത്തു തരും. ഉദയത്തിലേക്ക് തിരികെ നടക്കാന്‍ സഹായിക്കും. ആ ഉദയവും ഉദയ സൂര്യനുമാണ് ഉത്ഥിതനായ ക്രിസ്തു.
അവനുള്ളപ്പോള്‍  വല നിറയേ!
പണ്ടെങ്ങോ ഉപേക്ഷിച്ച വഞ്ചിയും വലയുമായി അവര്‍ അന്ന് പഴയ ജോലിയിലേക്ക്, തിരികെ പ്രവേശിച്ചു. തീരത്തുനിന്ന് തിരകളെ മുറിച്ച് തിബേരിയസ് കടലിന്റെ ആഴങ്ങളില്‍ വലയെറിഞ്ഞു.’എന്നാല്‍, ആ രാത്രിയില്‍ അവര്‍ക്ക് ഒന്നും കിട്ടിയില്ല (യോഹ 21:3). അപ്പോള്‍, അകലെ തീരത്തുനിന്ന് ഒരാള്‍ നിര്‍ദ്ദേശിച്ചപോലെ വലയിറക്കി.
വലനിറയെ മത്സ്യം! നൂറ്റി അന്‍പത്തിമൂന്ന് വലിയ മത്സ്യങ്ങള്‍! ഉത്ഥിതനായ ക്രിസ്തു ചാരെ ഉള്ളപ്പോള്‍ അങ്ങനെയാണ്. വലനിറയെ, എപ്പോഴും! മനം നിറയെ എല്ലാം! അധ്വാനിച്ചു തളരുമ്പോള്‍ അവന്‍ ആശ്വസിപ്പിക്കും. നിരാശ നിറയുമ്പോള്‍, മനം നിറക്കും. വിശന്നുവരുമ്പോള്‍ പൊരിച്ച മീനും ചൂടപ്പവുമായി, പ്രാതലൊരുക്കും!
ഉത്ഥിതനായ ക്രിസ്തു നമ്മോട് ആശംസിക്കുന്നത് സമാധാനമാണ്. അവന്‍ പകരുന്നത് പ്രത്യാശയാണ്. പ്രത്യാശയുടെ ജൂബിലി വര്‍ഷത്തില്‍ ശാന്തിയും പ്രതീക്ഷയും നീതിസൂര്യന്‍ ക്രിസ്തു നമുക്കു നല്‍കി, നമ്മെ അനുഗ്രഹിക്കട്ടെ.
ഹാപ്പി ഈസ്റ്റര്‍! 
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?