റവ. ഡോ. മാര്‍ട്ടിന്‍ ശങ്കൂരിക്കല്‍
(ലേഖകന്‍ കോട്ടയംസെന്റ് തോമസ് അപ്പോസ്‌തോലിക് സെമിനാരിയിലെ ഫിലോസഫി പ്രഫസറാണ്)
ജര്‍മനിയിലെ റോസന്‍ബര്‍ഗ് ഇടവകയില്‍ വളരെക്കാലം ശുശ്രൂഷ ചെയ്ത അതുല്യനായ പെയിന്ററും ശില്പിയുമാണ് ഫാ. സിഗര്‍ ക്യോഡര്‍. വിഖ്യാതമായ ധാരാളം ചിത്രങ്ങളും ശില്പങ്ങളും രചിച്ച അദ്ദേഹത്തിന്റെ ‘കുരിശിന്റെ വഴി’ വളരെ പ്രസിദ്ധമാണ്. സാധാരണ കുരിശിന്റെ വഴി 14 സ്ഥലങ്ങള്‍ മാത്രമുള്ളപ്പോള്‍ ഫാ. സിഗര്‍ ക്യോഡര്‍ വരച്ച കുരിശിന്റെ വഴിയില്‍ 15 സ്ഥലങ്ങളുണ്ട്. പരിനഞ്ചാമത്തെ സ്ഥലം ക്രിസ്തുവിന്റെ ഉയിര്‍പ്പാണ്. അതിന് കാരണമായി അദ്ദേഹം പറയും: ”കുരിശിന്റെ വഴി സമാപിക്കേണ്ടത് ഉയിര്‍പ്പിലാണ്.” അതുകൊണ്ടുതന്നെയാണ് ‘തിരുനാളുകളുടെ തിരുനാള്‍’ എന്ന പേര് നല്‍കി ഉയിര്‍പ്പുതിരുനാള്‍ സഭയിലെ ഏറ്റവും വലിയ തിരുനാളായി ആഘോഷിക്കുന്നത്.
ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് മഗ്ദലേന മറിയത്തോട് ചോദിക്കുന്ന ചോദ്യം സര്‍വകലാപ്രസക്തമാണ്. ”നീ എന്തിനാണ് കരയുന്നത്?” (യോഹന്നാന്‍ 20:15). എല്ലാ കണ്ണുനീരും സന്തോഷക്കണ്ണീരാകുന്ന ദിവസമല്ലേ ഈസ്റ്റര്‍! സെന്റ് അഗസ്റ്റിന്‍ എഴുതിയതുപോലെ ”നമ്മള്‍ ഉത്ഥാനത്തിന്റെ ജനതയാണ്. നമ്മുടെ ഗാനം ഹല്ലേലൂയ ആണ്.”
ഉയിര്‍ത്തവര്‍ക്കല്ലേ ഉയിര്‍പ്പിക്കാന്‍ പറ്റൂ
ക്രിസ്തുവിന്റെ ഉയിര്‍പ്പില്‍ ശിഷ്യര്‍ വിശ്വസിക്കുന്നത് ഉത്ഥിതന്റെ മുറിവുകള്‍ കാണുമ്പോഴാണ്. മുറിവുകളേറ്റെടുക്കുന്നവര്‍ക്കല്ലേ ഉയിര്‍ക്കാനുള്ള അവകാശമുള്ളൂ. അഴിയാത്ത ഗോതമ്പുമണിക്കുണ്ടോ നൂറുമേനിയുടെ ഉയിര്‍പ്പിന്റെ അവകാശം? തുളയപ്പെടാത്ത മുളന്തണ്ടുകള്‍ക്കുണ്ടോ ഉയിര്‍പ്പിന്റെ മധുരസംഗീതം പുറപ്പെടുവിക്കാനുള്ള അവകാശം?
ഈസ്റ്റര്‍ നമുക്ക് തരുന്ന ധ്യാനചിന്ത ഇതാണ്: എത്രപേരുടെ ഉയിര്‍പ്പിന് ഞാന്‍ കാരണമായി? ഞാനേറ്റെടുത്ത മുറിവുകള്‍ എത്ര പേരെ മരണഗുഹകളില്‍നിന്ന് പുറത്തെത്തിച്ചു? അപരന്റെ ജീവിതത്തിന്റെ ദുഃഖവെള്ളികളില്‍ അവന്റെ കുരിശിന്റെ ചുവട്ടില്‍ മേരി-യോഹന്നാന്‍ സാന്നിധ്യമാകുമ്പോഴല്ലേ അവന്റെ ഉയിര്‍പ്പിന് നമ്മള്‍ കാരണഭൂതരാകുന്നത്? ഒപ്പം നമ്മുടെ ഉയിര്‍പ്പിന് കാരണമായ സകല മനുഷ്യരെയും നന്ദിയോടെ ഓര്‍ക്കാനുള്ള ദിവസം കൂടിയാണ് ഉയിര്‍പ്പ്. മരണത്താഴ്‌വരകളില്‍നിന്ന് നമ്മെ മോചിപ്പിച്ചവരുടെ മുരിവുകളില്‍ തൊട്ട് ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്ന് വിളിച്ച് നന്ദിയോടെ ചേര്‍ത്തുനിര്‍ത്താനുള്ള ദിവസംകൂടിയാണ് ഈസ്റ്റര്‍. ഉയിര്‍ത്തവര്‍ക്കല്ലേ ഉയിര്‍പ്പിക്കാന്‍ പറ്റൂ!
ദൈവത്തിന്റെ ഉത്തരം
ദൈവത്തിന്റെ ഉത്തരമാണ് ഉയിര്‍പ്പ്. എങ്കില്‍ ചോദ്യമെന്തായിരുന്നു? ‘നീ എവിടെയാണ്’ എന്ന് ആദത്തോട് ചോദിച്ച ആദ്യത്തെ ചോദ്യമാണ് എല്ലാ ചോദ്യങ്ങളുടെയും മാതാവ്! ആ ചോദ്യം ‘നീ എവിടെ ആയിരിക്കേണ്ടവനാണ്’ എന്ന ഉത്തരത്തിലേക്കാണ് നമ്മെ നയിക്കുന്നത്. സ്വതന്ത്രരായി ജനിക്കുന്ന മനുഷ്യന്റെ കൈകളില്‍ വിലങ്ങണിയിക്കുന്നതാരെന്ന ചോദ്യമാണ് ഉയിര്‍പ്പുകളിലേക്കുള്ള പ്രചോദനഹേതു.
മനുഷ്യരുണ്ടാക്കുന്ന കല്ലറകളില്‍ നിശബ്ദമാക്കപ്പെടുന്ന ലാസറുമാരെ പുറത്തെത്തിച്ച് ദൈവം പറയും: ”അവന്റെ കെട്ടുകളഴിക്കൂ, അവന്‍ പോകട്ടെ.” അതേ, ഉയിര്‍ക്കുന്നവരുടെ യാത്രകള്‍ സ്വാതന്ത്ര്യത്തിലേക്കാണ്. ”നീ എവിടെനിന്നാണ്” (യോഹ. 19:9) എന്ന പീലാത്തോസിന്റെ ചോദ്യത്തിനുള്ള ക്രിസ്തുവിന്റെ ഉത്തരമാണ് ഉയിര്‍പ്പ്.
നീ എവിടെ നിന്നാണ്?
”നീ എവിടെനിന്നാണ്” എന്ന വിചാരണവേളയിലെ പന്തിയോസ് പീലാത്തോസിന്റെ ചോദ്യം ക്രിസ്തു പൂരിപ്പിക്കുന്നത് തന്റെ ഉയിര്‍പ്പുകൊണ്ടാണ്. താന്‍ വന്നിടത്തേക്കുതന്നെ തിരിച്ചുപോകുന്നുവെന്ന ഒന്നൊന്നര ഉത്തരം. ക്രൈസ്തവികതയ്ക്ക് ഒരാമുഖം എന്ന തന്റെ വിഖ്യാത ഗ്രന്ഥത്തില്‍ കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിംഗര്‍ അഥവാ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ക്രിസ്തുവിന്റെ ഉയിര്‍പ്പിനെ പരിണാമത്തിന്റെതന്നെ ഏറ്റവും ഉയര്‍ന്ന തലമായി അവതരിപ്പിക്കുന്നുണ്ട്.
ഫ്രഞ്ച് ദാര്‍ശനികനായ തെയ്യാര്‍ദ് ഷര്‍ദാന്റെ പദാവലിയെ കൂട്ടുപിടിച്ച് ബനഡിക്ട് പാപ്പ ഉത്ഥാനത്തെ മനുഷ്യപരിണാമത്തിന്റെ പരിധികളെയും പരിമിതികളെയും മറികടക്കുന്ന അതിഭൗതിക യാഥാര്‍ത്ഥ്യമായി അവതരിപ്പിക്കുകയാണ്. മരണത്തിന്റെ വേലിക്കെട്ടുകള്‍ അതിര്‍ത്തി തീര്‍ക്കുന്ന ജൈവികമേഖലക്കപ്പുറത്ത് ആത്മാവിന്റെ- സ്വാതന്ത്ര്യത്തിന്റെയും സ്‌നേഹത്തിന്റെയും മേഖലയിലേക്ക് ഒരു ഉയിര്‍പ്പ്! ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കുന്നതിന്റെ ആദ്യപടിയായ ഉയിര്‍പ്പ്! കാരണം ക്രിസ്തു വരുന്നത് അരൂപിയുടെ ആ ഉയര്‍ന്ന തലത്തില്‍നിന്നുമാണ്.
നീതിമാന്‍ എവിടെനിന്നു വന്നു എന്നറിഞ്ഞ് സ്വപ്‌നത്തില്‍ അവനെക്കുറിച്ച് വ്യാകുലപ്പെട്ട ക്ലോഡിയ അഥവാ പ്രോക്കുള എന്ന പീലാത്തോസിന്റെ ഭാര്യ ഇന്ന് കിഴക്കന്‍സഭകളിലെ രൂപക്കൂടുകളില്‍ വണങ്ങപ്പെടുമ്പോള്‍ ഗാളിലേക്ക് നാടുകടത്തപ്പെട്ട് അവിടെവച്ച് ആത്മഹത്യ ചെയ്‌തെന്ന് പറയപ്പെടുന്ന പീലാത്തോസ് വീണ്ടും വീണ്ടും കൈകഴുകി ഷേക്‌സ്പിയറിന്റെ മാക്ബത്തിന്റെ ഡയലോഗ് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു.
”സപ്തസാഗരങ്ങളിലെ ജലം മുഴുവനും ഉപയോഗിച്ചു കഴുകിയാലും എന്റെ കൈകളിലെ രക്തക്കറ മായുന്നില്ല.” നീതിമാന്റെ രക്തം ചിന്തുന്നവര്‍ക്ക് വിധിച്ചിരിക്കുന്നത് മുപ്പത് വെള്ളിക്കാശിന്റെ അക്കല്‍ദാമകളാണ്!
മേല്‍ക്കോയ്മയുടെ മേലങ്കികള്‍
ഉയിര്‍പ്പ് വിചിന്തനത്തില്‍ ബനഡിക്ട് പാപ്പ എഴുതുന്ന അര്‍ത്ഥവത്തായ ഒരു വരിയുണ്ട്: അനശ്വരത ആരംഭിക്കുന്നത് സ്‌നേഹത്തില്‍നിന്നാണ്. അര്‍പ്പിക്കപ്പെടുന്നതേ അനശ്വരമാകൂ. കാല്‍വരിയിലെ അര്‍പ്പണത്തെയല്ലേ ഉത്ഥാനത്തിന്റെ മഹിമയിലൂടെ ദൈവം അനശ്വരമാക്കിയത്? സ്‌നേഹത്തിന്റെ ഉയിര്‍പ്പ് നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്, അര്‍പ്പിക്കപ്പെട്ട് അനശ്വരമാകാന്‍.
ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റ കല്ലറയില്‍ അവശേഷിപ്പിച്ചുപോയത് ഒരു കച്ചയാണ് (യോഹ. 20:5). ഈ കച്ച പ്രതീകാത്മകമായ അര്‍ത്ഥതലങ്ങള്‍ ഉള്ളതാണ്. പെസഹാദിവസം അവന്‍ മേലങ്കി മാറ്റി കച്ചചുറ്റി ശിഷ്യരുടെ കാല്‍ കഴുകി എന്ന് വായിക്കുമ്പോള്‍ നമ്മള്‍ തിരിച്ചറിയുന്നു ഈ കച്ച ശുശ്രൂഷയുടേതാണെന്ന്. കച്ച കല്ലറയില്‍ ഭദ്രമായി മടക്കി വച്ചിരിക്കുന്നുവെന്ന് സുവിശേഷത്തില്‍ വായിക്കുമ്പോള്‍ നമ്മള്‍ തിരിച്ചറിയേണ്ട സത്യമിതാണ്: ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തു നമുക്കായി അവശേഷിപ്പിച്ചത് കച്ചയുടെ ശുശ്രൂഷയാണ്. നമുക്ക് മേല്‍ക്കോയ്മയുടെ മേലങ്കികള്‍ മാറ്റിത്തുടങ്ങാം, നിലത്തിരുന്ന് കാല്‍ കഴുകിത്തുടങ്ങാം.
ശുശ്രൂഷയുടെ കച്ച ചുറ്റാനുള്ള ഏറ്റവും നല്ല സ്ഥലം ബലിപീഠമാണ്. ജീവിതത്തില്‍ നിരാശയുടെ മൂടുപടങ്ങളുയര്‍ന്നപ്പോള്‍ മഗ്ദലന മറിയം പോയത് കര്‍ത്താവിന്റെ കബറിടത്തിലേക്കാണ്. ഇന്നും ജീവിതത്തിന്റെ വാതില്‍ അടഞ്ഞെന്നു തോന്നുമ്പോള്‍ നമ്മള്‍ പോകേണ്ടത് ബലിപീഠത്തിലേക്കാണ്. കര്‍ത്താവിന്റെ കബറിടത്തിലേക്കാണ്. വിശുദ്ധീകരണത്തിന്റെ ബലിപീഠമേ സ്വസ്തി, നമ്മുടെ കര്‍ത്താവിന്റെ കബറിടമേ സ്വസ്തി എന്ന് പറഞ്ഞ് ജീവിതത്തിനുവേണ്ട ഊര്‍ജം സ്വീകരിച്ച് തിരിച്ചുപോരേണ്ട ഇടം ദൈവാലയമാണ്, വിശുദ്ധ കുര്‍ബാനയാണ്. ബലിപീഠത്തില്‍നിന്നു മടങ്ങിവരുമ്പോള്‍ നമുക്ക് ക്രിസ്തു അവശേഷിപ്പിച്ചുപോയ ശുശ്രൂഷയുടെ കച്ച ചുറ്റാം. അപ്പോള്‍ നമ്മളും ഉത്ഥിതരാകും. അനേകരുടെ ജീവന്റെ ഉയിര്‍പ്പിന് കാരണമാവുകയും ചെയ്യും. ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവ് നമ്മോടും ചോദിക്കുന്നുണ്ട്: ”നീ എന്തിനാണ് കരയുന്നത്?” സെന്റ് അഗസ്റ്റിന്‍ എഴുതിയതുപോലെ “-“We are Easter people; Our song is Hallelujah.”
Leave a Comment
Your email address will not be published. Required fields are marked with *