രഞ്ജിത്ത് ലോറന്‍സ്
മാധ്യമങ്ങളിലൂടെ കണ്ടും കേട്ടുമറിവുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഘാന. അടുത്തിടെ ശാലോം സന്ദര്‍ശിച്ച ഘാനയിലെ ടെച്ചിമാന്‍ കത്തോലിക്ക രൂപതയുടെ വികാരി ജനറല്‍ ഫാ. ഡൊമിനിക്ക് അസ്വാഹെനയും രൂപതയുടെഫിനാന്‍ഷ്യല്‍ അഡ്മിനിസ്‌ട്രേറ്റര്‍
ഫാ. മത്തിയാസ് ആക്കായും ഈ കൊച്ചു രാജ്യത്തിന്റെ കഥ അവരുടെ ജീവിതാനുഭവങ്ങളിലൂടെ സണ്‍ഡേ ശാലോം വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു…
നാട്ടിന്‍പുറത്തിന്റെ നന്മകളാല്‍ സമൃദ്ധമായ ഈ നാടിന്റെ കഥ നമുക്ക് കൈമോശം വന്നുപോയ ചില നല്ല ഓര്‍മകളിലേക്കുള്ള മടക്കയാത്ര കൂടെയാണ്…
ഫാ. ഡൊമിനിക്ക് അസ്വാഹെനയുടെ മുത്തച്ഛന്റെ അനുജനാണ് അവരുടെ ഗ്രാമത്തില്‍ നിന്ന് ആദ്യമായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. 1880-ല്‍ ഘാനയിലെത്തിയ എസ്എംഎ മിഷനറിമാരിലൂടെയാണ് ഘാനയിലേക്ക് ആദ്യമായി കത്തോലിക്ക വിശ്വാസം കടന്നുവന്നത്. ഘാനയിലെ പരമ്പരാഗത മതവിശ്വാസം പിന്തുടര്‍ന്നുവന്ന കുടംബമായിരുന്നു അവരുടേത്. എന്നാല്‍ അപ്രതീക്ഷിതമായി ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അനുജന്‍ മരണമടഞ്ഞു. മരണമടഞ്ഞ അനുജന്റെ സ്വത്തുക്കളുടെയെല്ലാം അവകാശി കുടുംബത്തിന്റെ തലവന്‍ കൂടെയായ ജ്യേഷ്ഠനാണ്. താന്‍ അനുജന്റെ സ്വത്തുക്കള്‍ സ്വീകരിക്കുന്നതിനൊപ്പം അനുജന്റെ വിശ്വാസം കൂടെ സ്വീകരിക്കുമെന്ന് കുടുംബത്തിന്റെ തലവനും ഗ്രാമത്തിലെ പ്രമാണിയുമായ ഫാ. ഡൊമിനിക്കിന്റെ മുത്തച്ഛന്‍ പ്രഖ്യാപിച്ചു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അനുജനില്‍ സംഭവിച്ച മാറ്റങ്ങളാണ് ജ്യേഷ്ഠനെ ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.
പരമ്പരാഗത ആഫ്രിക്കന്‍ വിശ്വാസങ്ങളില്‍ മുറുകെപ്പിടിച്ചിരുന്ന ആ കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത നിലപാടായിരുന്നു അത്. കുടുംബത്തിലെ കാരണവര്‍ കൂടെയായ ജ്യേഷ്ഠന്റെ തീരുമാനം അതാണെങ്കില്‍ കുടുംബത്തിന്റെ തലവന്‍ എന്ന സ്ഥാനം ഒഴിയണമെന്നും മാത്രമല്ല, കുടുംബത്തിന് മൊത്തമുണ്ടായിരുന്ന വലിയൊരു കടബാധ്യത ജ്യേഷ്ഠന്‍ സ്വയം വീട്ടണമെന്നുമായിരുന്നു കുടുംബത്തിലെ മറ്റംഗങ്ങളുടെ തീരുമാനം. താരതമ്യേന സമ്പന്നനായിരുന്ന ഫാ. ഡൊമിനിക്കിന്റെ മുത്തച്ഛന്‍ ഒരു സ്ഥലം വിറ്റ് കുടുംബത്തിന്റെ കടം വീട്ടുകയും അനുജന്റെ സ്വത്തുവകകളോടൊപ്പം അദ്ദേഹം ആ ഗ്രാമത്തിലേക്ക് ആദ്യമായി കൊണ്ടുവന്ന ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും ചെയ്തു.
മുത്തച്ഛന്റെ ഒപ്പം
താരതമ്യേന ദരിദ്രമായ ക്രൈസ്തവ കുടുംബാന്തരീക്ഷത്തിലാണ് ഫാ. ഡൊമിനിക്കിന്റെ ജനനം. 12 സഹോദരങ്ങളായിരുന്നു ഡൊമിനിക്കിന്. ഘാനയിലെ സാധാരണ കര്‍ഷക കുടുംബം. ഘാനയിലെ സംസ്‌കാരം അനുസരിച്ച് കുട്ടികള്‍ മാതാപിതാക്കളോടൊപ്പമെന്നതിനേക്കാള്‍ മാതാപിതാക്കളുടെ സഹോദരങ്ങളുടെയും മുത്തച്ഛന്റെയും മുത്തശ്ശിയുടെയുമൊക്കെ കൂടെ നിന്നാണ് വളരുന്നത്. അങ്ങനെ ഡൊമിനിക്ക് തന്റെ മുത്തച്ഛനൊപ്പം നിന്നാണ് ചെറുപ്പം മുതലേ വളര്‍ന്നത്.
ചെറുപ്പത്തില്‍ തന്നെ അള്‍ത്താര ശുശ്രൂഷകനായി ദിവ്യബലിയില്‍ സജീവമായി സംബന്ധിക്കുകയും എല്ലാ കാര്യങ്ങളും ഊര്‍ജ്ജസ്വലതയോടെ ചെയ്യുകയും ചെയ്തിരുന്ന ഡൊമിനിക്ക് അവിടുത്തെ ഇടവക വൈദികന്റെ അരുമശിഷ്യനായി മാറി. പിന്നീട് ബിഷപ് ആ പ്രദേശത്ത് ഒരു മൈനര്‍ സെമിനാരി സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ അവിടെ ചേരുവാന്‍ ഡൊമിനിക്കിനെ പ്രോത്സാഹിപ്പിച്ചതും ഇതേ വൈദികനായിരുന്നു. 16 പേര്‍ എഴുതിയ പ്രവേശന പരീക്ഷയില്‍ നിന്ന് അഞ്ച് പേരെ മാത്രമാണ് തിരഞ്ഞെടുത്തത്. ആ കൂട്ടത്തില്‍ ഡൊമിനിക്കും ഉണ്ടായിരുന്നു. തുടര്‍ന്ന് മേജര്‍ സെമിനാരി പഠനം പൂര്‍ത്തീകരിച്ച ഡൊമിനിക്ക് വൈദികനായി അഭിഷിക്തനായി.
ക്രിസ്തുവിന്റെ മുഖമായി മാറിയ വൈദികന്‍
തുടര്‍പഠനത്തിനായി റോമിലെത്തിയ ഫാ. ഡൊമിനിക്ക് അവിടെ നിന്ന് മാസ്റ്റര്‍ ബിരുദം നേടി. ഫാ. ഡൊമിനിക്കിന് പിഎച്ച്ഡി ചെയ്യുവാന്‍ സര്‍വകലാശാലയില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിച്ചെങ്കിലും ഘാനയിലേക്ക് തിരിച്ചുവരുവാനാണ് ബിഷപ് നിര്‍ദേശിച്ചത്. ബിഷപ്പിനെ അനുസരിച്ച് ഘാനയില്‍ തിരിച്ചെത്തിയ ഫാ. ഡൊമിനിക്ക് ഇടവകശുശ്രൂഷകളില്‍ സജീവമായി.
പിന്നീട് ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ പഠിക്കുവാനായി ഫാ. ഡൊമിനിക്കിനെ കെനിയയിലേക്ക് അയച്ചു. തിരിച്ചെത്തിയ ഫാ. ഡൊമിനിക്ക് ഘാനയിലെ ഒരു ആശുപത്രിയുടെ അഡ്മിസ്‌ട്രേറ്ററായി ആറു വര്‍ഷത്തോളം സേവനം ചെയ്തു. പിന്നീട് യുകെയിലും നിരവധി വര്‍ഷങ്ങള്‍ ശുശ്രൂഷ ചെയ്ത് ഫാ. ഡൊമിനിക്ക് ഇപ്പോള്‍ ഘാനയില്‍ തിരിച്ചെത്തി അവിടെ ടെച്ചിമാന്‍ രൂപതയുടെ വികാരി ജനറാളായി ശുശ്രൂഷ ചെയ്യുന്നു.
സ്വന്തം ശുശ്രൂഷകളെ ഫാ. ഡൊമിനിക്ക് വിശേഷിപ്പിക്കുന്നതിങ്ങനെ:
‘കത്തോലിക്ക വിശ്വാസം എന്നത് എന്നെ സംബന്ധിച്ച് നല്ല ബന്ധങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ദൈവത്തോടുള്ള സമാനത പോലും വെടിഞ്ഞുകൊണ്ടാണ് മനുഷ്യന് മനസിലാകുന്ന രൂപത്തിലും ഭാവത്തിലും ദൈവപുത്രന്‍ മനുഷ്യനായി അവതരിച്ചത്. എന്റെ ശുശ്രൂഷയിലൂടെ ക്രിസ്തുവിന്റെ മുഖമായി മാറുന്നതിനാണ് ഞാന്‍ ശ്രമിക്കുന്നത്.’
എല്ലാവരെയും പരിഗണിച്ചും സ്‌നേഹവാത്സല്യങ്ങള്‍ പ്രകടിപ്പിച്ചും ശുശ്രൂഷയില്‍ വ്യാപൃതനാകുന്ന ഫാ. ഡൊമിനിക്കിന്റെ ഇടപെടലിലൂടെ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവന്നവര്‍ അനവധിയാണ്. ഇത്തരത്തില്‍ കടന്നുവന്നവരില്‍ നിന്ന് എട്ടോളം പേര്‍ പൗരോഹിത്യവിളി സ്വീകരിച്ചു എന്നതും ഫാ. ഡൊമിനിക്കിലൂടെ ദൈവം പ്രവര്‍ത്തിക്കുന്നു എന്നതിന്റെ അടയാളമാണ്.
ആഫ്രിക്കയിലെ ‘സ്വര്‍ഗം’
ഘാനയില്‍ മികച്ച വിദ്യാഭ്യാസം നേടിയ അനവധിയാളുകള്‍ ഉണ്ടെങ്കിലും തൊഴിലവസരങ്ങള്‍ വിരളമാണ്. യുവജനങ്ങള്‍ക്ക് സാങ്കേതികവിദ്യാഭ്യാസം നല്‍കി കൂടുതല്‍ അവസരങ്ങളൊരുക്കാനുള്ള പരിശ്രമങ്ങള്‍ നടക്കുന്നുണ്ട്. പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണെങ്കിലും രാഷ്ട്രീയ നേതൃത്വവും വന്‍കിട സ്ഥാപനങ്ങളും സകലവും കയ്യടക്കി വച്ചിരിക്കുന്നതിനാല്‍ സാധാരണക്കാരുടെ സ്ഥിതി മോശമാണ്. അഴിമതിയും സ്വാര്‍ത്ഥതയും നിറഞ്ഞ രാഷ്ട്രീയ നേതൃത്വമാണ്, സ്വര്‍ണം ഉള്‍പ്പെടെയുള്ള നിരവധി ധാതുക്കളാല്‍ സമ്പന്നമായ ഘാനയുടെ ശാപം.
എങ്കിലും ഘാന ഒരു കാര്യത്തില്‍ സമ്പന്നമാണ്. മതത്തിന്റെയും വര്‍ഗത്തിന്റെയും വംശത്തിന്റെയും പേരിലുള്ള കലഹങ്ങള്‍ ഇവിടില്ല. അതുകൊണ്ടുതന്നെ ആഫ്രിക്കയില്‍ എന്നല്ല, ഒരുപക്ഷേ ഇന്ന് ലോകത്തില്‍ തന്നെ ഏറ്റവുമധികം സമാധാന അന്തരീക്ഷമുള്ള രാജ്യങ്ങളിലൊന്നാണ് ഘാന. മൂന്നരക്കോടിയോളം ജനങ്ങളുള്ള ഘാനയിലെ 70 ശതമാനത്തോളം ജനങ്ങള്‍ ക്രൈസ്തവ വിശ്വാസികളാണ്. 20 ശതമാനം ഇസ്ലാം മതസ്ഥരും ബാക്കിയുള്ളവര്‍ പരമ്പരാഗത വിശ്വാസം പിന്തുടരുന്നവരുമാണ്. ‘വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ ഇവിടെ ഉണ്ടെങ്കിലും മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളതുപോലെ തീവ്രവാദമോ ഭീകരവാദമോ ഒന്നും ഘാനയില്‍ ഇല്ല,’ കേരളം സന്ദര്‍ശി ക്കവേ ഫാ. ഡൊമിനിക്കും ഫാ. മത്തിയാസും സണ്‍ഡേ ശാലോമിനോടു പറഞ്ഞു. സ്വഭാവിക മായും സമാധാനപ്രിയരായ ജനങ്ങളുടെ രാജ്യമെന്ന നിലയില്‍ സന്ദര്‍ശകര്‍ക്കും ഏറെ പ്രിയപ്പെട്ട രാജ്യമാണ് ഘാന. ടൂറിസം ഘാനയുടെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്നായി മാറുന്നതും അതുകൊണ്ടുതന്നെയാണ്.
നമ്മുടെ നാട്ടില്‍ നിലവിലിരുന്ന കൂട്ടുകുടംബ സമ്പ്രദായത്തില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ കുട്ടികള്‍ മാതാപിതാക്കളെ വിട്ട് മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കൂടെയോ മാതാപിതാക്കളുടെ സഹോദരങ്ങളുടെ വീടുകളിലോ നിന്ന് പഠിക്കുന്നതും വളരുന്നതും ഇവിടുത്തെ സംസ്‌കാരത്തിന്റെ ഭാഗമാണ്. മുത്തച്ഛനും മുത്തശ്ശിയും സഹോദരങ്ങളുമടങ്ങിയ കുടുംബം പല സ്ഥലത്താണ് താമസിക്കുന്നതെങ്കിലും കുടുംബാംഗങ്ങള്‍ തമ്മില്‍ ആഴമായ ബന്ധം പുലര്‍ത്തുകയും സാധിക്കുന്നവിധത്തിലെല്ലാം പരസ്പരം സഹായിക്കുകയും ചെയ്യുന്നു. എന്തെങ്കിലും കാരണത്താല്‍ കലഹങ്ങള്‍ ഉണ്ടായാല്‍ കുടുംബാംഗങ്ങള്‍ പോലും ന്യായം നോക്കി മാത്രം വിധിക്കുകയും അനാവശ്യമായി കലഹത്തിലേര്‍പ്പെട്ടത് സ്വന്തം മക്കളാണെങ്കില്‍ പോലും അവരെ ശകാരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്ന ഇവിടുത്തെ രീതി നമ്മുടെ നാട്ടില്‍ ഇന്ന് അന്യമായിക്കൊണ്ടിരിക്കുന്ന ചില നന്മകളെ ഓര്‍മിപ്പിക്കുന്നു. നമ്മുടെ നാട്ടിലെ എന്നപോലെ തന്നെ മദ്യവും മയക്കുമരുന്നും സാമൂഹ്യമാധ്യമങ്ങളുടെ അതിപ്രസരവും ഇവിടുത്തെ യുവതലമുറയ്ക്കും ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും സമൂഹത്തിലും കുടുംബത്തിലുമുള്ള ബന്ധങ്ങള്‍ ഊഷ്മളമായതിനാല്‍ ഒരു പരിധിവരെയെങ്കിലും ഇവിടുത്തെ ജനത്തിന് അതിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്.
കത്തോലിക്ക സഭയെയും വൈദികരെയും ഘാനയിലെ ജനങ്ങളും രാഷ്ട്രീയ നേതൃത്വവും ഏറെ ബഹുമാനത്തോടെയാണ് വീക്ഷിക്കുന്നതെന്ന് ഫാ. ഡൊമിനിക്ക് പറഞ്ഞു.
‘ഇവിടെയുള്ള യുവജനങ്ങള്‍ ദൈവവിളി സ്വീകരിച്ച് പൗരോഹിത്യം സ്വീകരിക്കുവാന്‍ വലിയ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരാണ്. പക്ഷേ സമ്പത്തിന്റെ കുറവ് നിമിത്തം പലരെയും സെമിനാരിയില്‍ തുടര്‍ന്ന് പഠിപ്പിക്കുവാന്‍ സഭക്ക് സാധിക്കാത്ത സാഹചര്യമാണിന്നുള്ളത്. കഴിഞ്ഞ ഒരു വര്‍ഷം മാത്രം ഇരുപതിനായിരം ഡോളറിന്റെ കുറവ് ടെച്ചിമാന്‍ രൂപതയ്ക്കുണ്ടായി. സെമിനാരി വിദ്യാര്‍ത്ഥികളുടെ പഠനത്തിന് വേണ്ടിയാണ് രൂപതയുടെ വരുമാനത്തിന്റെ ഏറിയപങ്കും ചിലവഴിക്കുന്നത്.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദൈവശുശ്രൂഷ ചെയ്യുന്നവരെ ഏറെ വിലമതിക്കുന്ന ഘാനയിലെ പൊതുസമൂഹം വൈദികരെ ദൈവത്തിന്റെ പ്രതിനിധിയായാണ് കാണുന്നത്. ദൈവത്തിന്റെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ തിരഞ്ഞെടുക്കപ്പെട്ടവരാണ് വൈദികരെന്ന് ജനം വിശ്വസിക്കുന്നു.
ജാതിയുടെയും മതത്തിന്റെയും പേരില്‍ ആരും പരസ്പരം കലഹിക്കാത്ത നാട്, എത്ര കുട്ടികളുണ്ടോ അവരെയെല്ലാം ദൈവത്തിന്റെ സമ്മാനമായി കരുതുന്ന നാട്, ദൈവവിശ്വാസം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിരിക്കുന്ന രാജ്യം.. അക്ഷരം തെറ്റാതെ ഘാനയെ ഭൂമിയിലെ സ്വര്‍ഗമെന്ന് നമുക്ക് വിശേഷിപ്പിക്കാം.
ടെലിവിഷനിലൂടെ സുവിശേഷപ്രഘോഷണം
അഞ്ച് സഹോദരങ്ങളുള്ള കുടുംബത്തിലാണ് മത്തിയാസ് ആക്കായുടെ ജനനം. സീനിയര്‍ ഹൈസ്‌കൂള്‍ കഴിഞ്ഞപ്പോള്‍ കോളേജ് വിദ്യാഭ്യാസത്തിന് വേണ്ട പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ മത്തിയാസ് പിതാവിന്റെ സഹോദരിയുടെ വീട്ടിലേക്ക് മാറി താമസിക്കുകയും അവിടെ അടുത്ത് സ്‌കൂളില്‍ അധ്യാപകനായി ജോലി നോക്കുകയും ചെയ്തു. ആ കാലത്താണ് തനിക്ക് പൗരോഹിത്യത്തോട് താലര്യമുദിക്കുന്നതെന്ന് ഫാ. മത്തിയാസ് പറഞ്ഞു:
‘അവിടെവച്ച് തുടര്‍ച്ചയായി ദിവ്യബലികളില്‍ പങ്കെടുക്കാന്‍ എനിക്ക് അവസരം ലഭിച്ചു. ദിവ്യബലിയിലെ പങ്കുചേരല്‍ പൗരോഹിത്യത്തോടുള്ള സ്‌നേഹമായി വളര്‍ന്നു. കോളേജ് വിദ്യാഭ്യാസത്തിനായി പണം കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരുന്ന എന്നെ പൗരോഹിത്യത്തിലേക്ക് വഴിതിരിച്ചുവിട്ട ദൈവത്തിന്റെ പദ്ധതികളെ അത്ഭുതാവഹമെന്നേ വിശേഷിപ്പിക്കാന്‍ സാധിക്കൂ.’
തുടര്‍ന്ന് ഇടവക വൈദികന്റെ നിര്‍ദേശപ്രകാരം വൊക്കേഷന്‍ ഡയറക്ടറെ സമീപിക്കുകയും അദ്ദേഹം ദൈവവിളിയെക്കുറിച്ച് കൂടുതല്‍ വ്യക്തമായ ബോധ്യം നല്‍കുകയും ചെയ്തു. കേരളത്തില്‍ നിന്ന് വ്യത്യസ്തമായി സെമിനാരിയില്‍ വളരെ കുറച്ചുകാലം മാത്രമാണ് ഘാനയിലെ വൈദികവിദ്യാര്‍ത്ഥികള്‍ ചിലവഴിക്കുന്നത്. കൂടുതല്‍ സമയവും അവരുടെ സ്വന്തം ഭവനത്തില്‍ നിന്നാണ് വൈദികപഠനം തുടരേണ്ടത്. എന്നാല്‍ മത്തിയാസ് ആന്റിയുടെ വീട്ടില്‍ നിന്നാണ് പഠിച്ചത്. അവരുടെ സാമ്പത്തിക പ്രതിസന്ധിമുലം പല ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നു. ഈ കാര്യം ഇടവക വൈദികനുമായി പങ്കുവച്ചപ്പോള്‍ സെമിനാരി വിദ്യാഭ്യാസക്കാലം മുഴുവന്‍ ഇടവക വൈദികനോടൊപ്പം താമസിക്കാന്‍ അദ്ദേഹം അനുവദിച്ചു.
ഇന്ന് ഘാനയിലെ ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലൂടെ സുവിശേഷം പ്രഘോഷിക്കുന്ന ഫാ. മത്തിയാസ് അനേകരെ വിശ്വാസത്തിലേക്ക് നയിക്കുന്ന സുവിശേഷപ്രഘോഷകനാണ്. അദ്ദേഹത്തിന്റെ ശുശ്രൂഷയിലൂടെ ആയിരങ്ങള്‍ സുവിശേഷത്തിന്റെ സന്തോഷത്തിലേക്ക് കടന്നുവരുകയും ദൈവികമായ സമാധാനം കണ്ടെത്തുകയും ചെയ്യുന്നു.
സംഗീതവും നൃത്തവുമായി
ഈസ്റ്റര്‍ വിജില്‍
70 ശതമാനത്തോളം ജനങ്ങള്‍ ക്രൈസ്തവ വിശ്വാസം പിന്തുടരുന്ന രാജ്യമെന്ന നിലയില്‍ ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാളായ ഈസ്റ്ററിന് ഘാനയില്‍ വലിയ പ്രാധാന്യമുണ്ട്. പെസഹാ വ്യാഴാഴ്ച മുതലുള്ള തിരുക്കര്‍മങ്ങളില്‍ വിശ്വാസികള്‍ സജീവമായി പങ്കുചേരുന്നു. പാട്ടും നൃത്തവുമെല്ലാം ഉള്‍പ്പെടുന്ന സജീവമായ ഈസ്റ്റര്‍ വിജില്‍ ദിവ്യബലിയാണ് ഈ ആഘോഷങ്ങളുടെയെല്ലാം കേന്ദ്രബിന്ദു. ആഫ്രിക്കന്‍ സംസ്‌കാരത്തിന്റെ ഭാഗമായ സംഗീതവും നൃത്തവുമെല്ലാം ദൈവാരാധനയുടെ ഭാഗമാക്കി മാറ്റിക്കൊണ്ട് സമൂഹം മുഴുവന്‍ യേശുവിന്റെ മരണോത്ഥാന രഹസ്യങ്ങളില്‍ ഭാഗഭാക്കാകുന്നു. കുടുംബാംഗങ്ങളോടൊപ്പം ഈസ്റ്റര്‍ ആഘോഷങ്ങളില്‍ മുഴുകുമ്പോഴും അനാഥരെയും ദരിദ്രരെയും ചേര്‍ത്തുപിടിക്കാന്‍ മറക്കാത്ത ഈ സമൂഹം ഇന്നത്തെ ലോകത്തിന് അനന്യമായ മാതൃക നല്‍കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *