Follow Us On

03

May

2025

Saturday

‘ഞാന്‍ പാപിയാണെന്ന് നിങ്ങള്‍ക്ക് പറയാം, പക്ഷേ ഒരിക്കലും …’ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത്

‘ഞാന്‍ പാപിയാണെന്ന് നിങ്ങള്‍ക്ക് പറയാം, പക്ഷേ ഒരിക്കലും …’ ഫ്രാന്‍സിസ് മാര്‍പാപ്പ  പറഞ്ഞത്

‘ഞാന്‍ ഒരു പാപിയാണെന്ന് നിങ്ങള്‍ക്ക് പറയാം. പക്ഷേ ഞാന്‍ ഉക്രെയ്നെ സ്‌നേഹിക്കുന്നില്ലെന്ന് പറയാന്‍ നിങ്ങള്‍ക്ക് അവകാശമില്ല.’  ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞ ഈ വാക്കുകള്‍ ഡെനിസ് കോലിയാഡ ഒരിക്കലും  മറക്കില്ല. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചില പ്രസ്താവനകളുടെ പേരില്‍ ഉക്രെയ്‌നിലെ പലരും അദ്ദേഹത്തെ രൂക്ഷമായി വിമര്‍ശിച്ച സമയമായിരുന്നു അത്.

അതിന് മറുപടിയായി ഡെനീസ് ഇപ്രകാരം പറഞ്ഞു,’പരിശുദ്ധ പിതാവേ, വേദന കൊണ്ട് നിലവിളിക്കുന്ന ഒരാള്‍ക്ക് വിശദീകരിച്ചു കൊടുത്തില്ലെങ്കില്‍ ഒരു നല്ല വാക്ക് പോലും മുറിവായി മാറും. യുദ്ധത്തിന്റെ കാര്യത്തില്‍ ഏറ്റവും നല്ല ഉദ്ദേശ്യത്തോടെയുള്ള വാക്കുകള്‍ക്ക് പോലും വ്യക്തത ആവശ്യമാണ്.’ ഡെനീസ് നല്‍കിയ മറുപടി പാപ്പയ്ക്ക് ഏറെ ഇഷ്ടപ്പെട്ടെന്ന് തുടര്‍ന്നുള്ള പാപ്പയുടെ പ്രതികരണം വ്യക്തമാക്കുന്നു. ‘ അദ്ദേഹം എന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു, ‘എന്നോട് പറഞ്ഞതിന് നന്ദി. ഒരുപക്ഷേ ഞാന്‍ പറഞ്ഞത് തെറ്റായിരിക്കാം. ആവശ്യമെങ്കില്‍, വീണ്ടും വരൂ. നമുക്ക് ഇതിനെക്കുറിച്ച് വീണ്ടും സംസാരിക്കാം. എനിക്ക് മനസ്സിലാക്കണം.’

ഉക്രെയ്ന്‍ യുദ്ധത്തിന്റെ ക്രൂരതകള്‍ക്ക് സാക്ഷ്യം വഹിച്ച പ്രൊട്ടസ്റ്റന്റ് വിശ്വാസിയായ ഡെനിസ് കോലിയാഡയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മിലുള്ള കത്തുകളുടെയും കൂടിക്കാഴ്ചകളുടെയും കഥയാണിത്. തന്റെ രാജ്യത്തിന് ഏറ്റവും ഇരുണ്ട നിമിഷത്തില്‍ പിതാവും വഴികാട്ടിയുമായി മാറിയ ഫ്രാന്‍സിസ് മാര്‍പാപ്പക്ക് ആദരാഞ്ജലി അര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡെനീസ് തന്റെ കഥ  മാധ്യമങ്ങളുമായി പങ്കുവച്ചത്. മാര്‍പാപ്പയ്‌ക്കെതിരായ വിമര്‍ശനങ്ങളില്‍ നിന്ന് ഉടലെടുത്ത ആ ബന്ധം സാന്താ മാര്‍ത്തയില്‍ നടന്ന തുടര്‍ച്ചയായ  25 മീറ്റിംഗുകളിലൂടെയും കത്തുകളിലൂടെയും വളരുകയായിരുന്നു.
ഡിനിപ്രോയിലെ ഒരു ചെറിയ പട്ടണമായ കനിവില്‍ നിന്നുള്ള ചെറുപ്പക്കാരനാണ് ഡെനീസ്. യുദ്ധത്തെക്കുറിച്ചുള്ള മാര്‍പാപ്പയുടെ ചില പ്രസ്താവനകള്‍ ഡെനീസിനെ വേദനിപ്പിച്ചു. അത് പാപ്പ വേദനിപ്പിക്കാന്‍ ആഗ്രഹിച്ചതുകൊണ്ടല്ല, മറിച്ച് ഉക്രെയ്നില്‍ വേദനയുടെ പ്രഭവകേന്ദ്രത്തില്‍ ജീവിച്ചതുകൊണ്ട്, ചിലപ്പോള്‍ ഒരു നല്ല വാക്ക് പോലും, കത്തികൊണ്ടെന്ന പോലെ ഹൃദയത്തെ മുറിപ്പെടുത്തിയേക്കാമെന്ന് ഡെനീസ് കൂട്ടിച്ചേര്‍ക്കുന്നു.  ആ വികാരങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് സത്യസന്ധവും ഒരു പക്ഷേ പരുഷവുമായ ഒരു കത്ത് ഡെനീസ് മാര്‍പാപ്പക്ക് എഴുതി.  അത്  ഇങ്ങനെയാണ് ഡെനീസ് അവസാനിപ്പിച്ചത്: ” പത്രോസിനോട് യേശു ചോദിച്ച ചോദ്യം ഉക്രെയ്ന്‍ ജനത ഇന്ന് പരിശുദ്ധ പിതാവിനോട് ചോദിക്കുകയാണ്.: യോഹന്നാന്റെ മകനായ ശിമയോനേ, നീ എന്നെ സ്‌നേഹിക്കുന്നുണ്ടോ?’ ആ കത്തിന് ഡെനീസ് മറുപടിയൊന്നും പ്രതീക്ഷിച്ചില്ല. എന്നാല്‍ അടുത്ത ദിവസം തന്നെ മാര്‍പാപ്പയുടെ അനൗദ്യോഗികമായ മറുപടി ഡെനീസിനെ തേടിയെത്തി: ‘വരൂ. നിങ്ങള്‍ നേരിട്ട്  എന്നോട് ചോദിക്കൂ. എനിക്ക് അത് നിങ്ങളില്‍ നിന്ന് കേള്‍ക്കണം.’

അങ്ങനെയാണ് ഒരു പ്രൊട്ടസ്റ്റന്റ് വിശ്വാസിയും ഉക്രേനിയന്‍ കത്തോലിക്കാ സര്‍വകലാശാലയിലെ മുന്‍ വിദ്യാര്‍ത്ഥിയുമായ ഡെനിസ് സാന്താ മാര്‍ത്തയില്‍ ആദ്യമായി എത്തിയത്. ‘വേദനയും കുറ്റപ്പെടുത്തലുമായി തന്നെ സമീപിക്കുന്നവരെ പോലും ശ്രദ്ധിക്കാന്‍ ഒരിക്കലും മടിയില്ലാത്ത മാര്‍പാപ്പയുമായി’ ആദ്യമായി കൂടിക്കാഴ്ചയ്‌ക്കെത്തിയപ്പോള്‍ പോലും തനിക്ക് യാതൊരു ഭയവും അനുഭവപ്പെട്ടില്ല എന്ന് ഡെനീസ് പറയുന്നു. മുറിയപ്പെട്ട ഒരു ഹൃദയവും ആ ഹൃദയത്തിന്റെ വേദന കേള്‍ക്കുവാന്‍ തുറവിയുള്ള ഒരു ഹൃദയവുമായുള്ള കൂടിക്കാഴ്ചയായിരുന്നു അത്. ‘കേള്‍ക്കപ്പെടുമെന്ന പ്രതീക്ഷയല്ലാതെ മറ്റൊന്നും ഞങ്ങള്‍ കൂടെ കൊണ്ടുപോയില്ല. പാപ്പ ഞങ്ങളെ സ്വാഗതം ചെയ്യുകയും ഒന്നര മണിക്കൂര്‍ ഞങ്ങള്‍ക്കായി നീക്കിവയ്ക്കുകയും ചെയ്തു. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട കാര്യം സമയമായിരുന്നില്ല, മറിച്ച് അദ്ദേഹം ശ്രദ്ധിച്ച രീതിയായിരുന്നു. സ്വയം പ്രതിരോധിക്കാതെ. സ്വയം ന്യായീകരിക്കാതെ പാപ്പ ഞങ്ങളെ ശ്രവിച്ചു. മുന്നോട്ട് കുനിഞ്ഞ് പേരുകള്‍ ഓര്‍ത്തു, ചോദ്യങ്ങള്‍ ചോദിച്ചു, വിശദീകരണം തേടി. എല്ലാം ശ്രദ്ധാപൂര്‍വം കേട്ട ശേഷം അദ്ദേഹം ലളിതമായ ഒരു വാചകം പറഞ്ഞു. അത് എനിക്ക് വളരെ പ്രധാനപ്പെട്ടതായിരുന്നു.’ ”ഉക്രേനിയന്‍ ജനതക്ക് സ്വയം പ്രതിരോധിക്കാനുള്ള അവകാശം മാത്രമല്ല, കടമയും ഉണ്ട്. കാരണം സ്വയം പ്രതിരോധിക്കാത്തവര്‍ ആത്മഹത്യയുടെ വരമ്പിലൂടെയാണ് സഞ്ചരിക്കുന്നത്” എന്നായിരുന്നു പാപ്പയുടെ മറുപടി.

‘നിങ്ങളുടെ വിലാസം എനിക്ക് തരൂ. ഞാന്‍ നിങ്ങള്‍ക്ക് എഴുതാം,’ മാര്‍പ്പാപ്പ അദ്ദേഹത്തിന് ഉറപ്പുനല്‍കി.  തുടര്‍ന്ന് ഏകദേശം 80 കത്തുകളുടെ ഒരു പരമ്പരയാണ് പാപ്പ അദ്ദേഹത്തിന് അയച്ചത്. ഇന്ന് ആ കത്തുകള്‍ ഡെനീസ്  ഒരു സ്വകാര്യ നിധിയായി സൂക്ഷിക്കുന്നു. ഈ കത്തുകള്‍ക്ക് പുറമേ, വത്തിക്കാനില്‍ വച്ച് 25 മീറ്റിംഗുകളും ഉണ്ടായിരുന്നു. യുദ്ധത്തിന്റെ ഭീകരതകള്‍ക്ക് ദൃക്‌സാക്ഷിയാകുന്ന ഒരു വ്യക്തി എന്ന നിലയില്‍ ചിലപ്പോള്‍ പരുഷതയോടും നിരാശയോടും കൂടിയാണ് ഡെനീസ് പാപ്പയോട് ഇടപെട്ടത്.  ‘നിങ്ങളുടെ കുരിശ് ഒറ്റയ്ക്ക് ചുമക്കരുത്. ക്രിസ്തുവിനുപോലും ഒരു ശിമയോന്‍ ആവശ്യമായിരുന്നു,’  പാപ്പ അദ്ദേഹത്തോട്് പലതവണ ആവര്‍ത്തിച്ചു. ‘ആ വാക്കുകളില്‍ എനിക്ക് പിടിച്ചുനില്‍ക്കാനുള്ള ശക്തി ലഭിച്ചു,’ ഡെനീസ് പറഞ്ഞു.
ക്രൂരതകള്‍ ഒരിക്കലും പാപ്പയെ കഠിനഹൃദയനാക്കിയില്ല. നേരെമറിച്ച്, പാപ്പ സൗമ്യനായി തുടര്‍ന്നുവെന്ന് ഡെനീസ് ഓര്‍മിക്കുന്നു. ‘കേള്‍ക്കാനും, ഓര്‍മിക്കാനും, ഒരുപക്ഷേ ഒരിക്കലും കണ്ടുമുട്ടാന്‍ സാധ്യതയില്ലാത്ത ആളുകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും  പാപ്പക്ക് കഴിവുണ്ടായിരുന്നു. യുദ്ധത്തോടുള്ള അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പ്രതികരണം ഇതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. തളരാത്ത കാരുണ്യത്തോടെ, മുറിവേറ്റവരുടെ അടുത്തായിരിക്കാന്‍  ശ്രമിക്കുന്ന ഒരാളെ ഞാന്‍ കണ്ടു. ക്രൂരമായും മനഃപൂര്‍വ്വമായും അദ്ദേഹത്തിന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിമാറ്റിയത് എത്ര തവണയാണെന്ന് ഞാന്‍ കണ്ടു.’ ഡെനീസ് പറഞ്ഞു.
വിധവകള്‍ക്കും, അനാഥര്‍ക്കും, മുന്‍ തടവുകാര്‍ക്കും, പരിക്കേറ്റവര്‍ക്കും ഭൗതിക സഹായം നല്‍കുന്നതില്‍ മാര്‍പ്പാപ്പ ഉത്സുകനായിരുന്നു. ‘ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, ‘നമ്മള്‍ ഈ കാര്യങ്ങള്‍ പറയണം, ആളുകളെ അറിയിക്കണം.’ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു: ‘നല്ല പ്രവൃത്തികള്‍ക്ക് നിശബ്ദത ആവശ്യമാണ്.’

കേവലം അഭ്യര്‍ത്ഥനകളിലും  പ്രഖ്യാപനങ്ങളിലും പാപ്പയുടെ കരുതല്‍ ഒതുങ്ങിയില്ല.  ‘ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീകള്‍. അച്ഛനില്ലാത്ത കുട്ടികള്‍. ജയിലില്‍ നിന്ന് തിരിച്ചെത്തിയവര്‍, യുദ്ധകഥകള്‍ പറയുമ്പോള്‍ ഞാന്‍ പലപ്പോഴും പാപ്പയുടെ വികാരം കണ്ടിട്ടുണ്ട്. എന്റെ കണ്ണുനീര്‍, എന്റെ കോപം, എന്റെ ചോദ്യങ്ങള്‍ എന്നിവയെ ഭയപ്പെടാത്ത ഒരു സുഹൃത്തിനെ നഷ്ടപ്പെട്ട  ഒരു അനാഥനെപ്പോലെയാണ് ഞാനിന്നുള്ളത്’ ഡെനീസിന്റെ ഹൃദയവികാരം ഉക്രെയ്ന്‍ ജനതയുടെ മാത്രമല്ല, വേദനിക്കുന്നവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ലോകമെമ്പാടുമുള്ള ജനങ്ങളുടെ വികാരം കൂടെ വ്യക്തമാക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?