കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രൊവോസ്റ്റ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു എന്ന വാര്‍ത്ത ഏറെ ആനന്ദത്തോടെയാണ് തലപ്പുഴ, ചുങ്കം സെന്റ് തോമസ് ഇടവകാംഗങ്ങള്‍ ശ്രവിച്ചത്. വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ വരുന്ന ഈ പ്രദേശത്തുകാര്‍ മാര്‍പാപ്പയുടെ പാദസ്പര്‍ശനംകൊണ്ട് തങ്ങളുടെ നാട് അനുഗ്രഹിക്കപ്പെട്ടതിന്റെ ആഹ്ലാദത്തിലാണ്. പുതിയ മാര്‍പാപ്പ തലപ്പുഴ ഇടവകയില്‍ 19 വര്‍ഷങ്ങള്‍ക്കുമുമ്പ് അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കുചേര്‍ന്നവരാണ് അവരില്‍ പലരും. ഒരു ദിവസം അവിടുത്തെ പള്ളിമുറിയില്‍ അദ്ദേഹം താമസിക്കുകയും ചെയ്തിട്ടുണ്ട്. അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ സുപ്പീരിയര്‍ ജനറല്‍ ആയിരിക്കുമ്പോള്‍ 2006 ഒക്ടോബര്‍ ആറിനായിരുന്നു ആ സന്ദര്‍ശനം.
കോഴിക്കോട് രൂപതയുടെ കീഴിലാണ് ഈ ഇടവക. ഇപ്പോഴത്തെ വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ കോഴിക്കോട് രൂപതയുടെ മെത്രാനായിരിക്കുമ്പോഴാണ് അഗസ്റ്റീന്‍ സഭയെ തലപ്പുഴ ഇടവകയുടെ ഉത്തരവാദിത്വം ഏല്‍പ്പിച്ചത്. 20 വര്‍ഷത്തോളമായി അഗസ്റ്റിന് സഭ കോഴിക്കോട് രൂപതയില്‍ ആയിരുന്നുകൊണ്ട് തലപ്പുഴ സെന്റ് തോമസ് ഇടവക ദൈവാലയത്തില്‍ സേവനം ചെയ്തു വരുന്നു.
പരിശുദ്ധ പിതാവിന്റെ പാദസ്പര്‍ശനം ഏല്ക്കാന്‍ ഭാഗ്യം ലഭിച്ചതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ ഞായറാഴ്ചത്തെ വി.കുര്‍ബാനക്കുശേഷം ഇടവക വികാരി ഫാ. ആന്റണി മഠത്തിപറമ്പിലിന്റെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ സമ്മേളനം നടത്തി. ആഹ്ലാദസൂചകമായി മധുര പലഹാരം വിതരണവും ഉണ്ടായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *