വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ 267 മത് തലവനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റു. സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്. ജനനിബിഡമായ സെന്റ്പീറ്റേഴ്‌സ് സ്‌ക്വയറില്‍ നിന്നും വിശ്വാസികള്‍ വഴിയോരങ്ങളിലും നിറഞ്ഞ് നിരത്തുകളും കീഴടക്കിയിരുന്നു.
ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് സ്ഥാനാരോഹണ ദിവ്യബലി ആരംഭിച്ചത്. പൗരസ്ത്യ സഭകളില്‍ നിന്നുള്ള പാത്രിയര്‍ക്കീസുമാര്‍ക്കൊപ്പം വിശുദ്ധ പത്രോസിന്റെ കബറിടത്തിലെത്തി പ്രാര്‍ഥിച്ചശേഷമാണ് മാര്‍പാപ്പ വിശുദ്ധ കുര്‍ബാനയ്‌ക്കെത്തിയത്. ചടങ്ങുകളുടെ ഭാഗമായി മാര്‍പാപ്പ പോപ് മൊബീലില്‍ വത്തിക്കാന്‍ ചത്വരത്തിലേക്ക് എത്തി വിശ്വാസികളെ ആശീര്‍വദിച്ചു. വിശുദ്ധ കുര്‍ബാനക്കിടയില്‍ ലത്തീന്‍, ഗ്രീക്ക് ഭാഷകളിലെ സുവിശേഷ പാരായണത്തിന് ശേഷം വലിയ മുക്കുവനായ പത്രോസിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന്റെ അച്ചാരമായി വലിയ മുക്കുവന്റെ മോതിരവും ഇടയധര്‍മം ഓര്‍മപ്പെടുത്തുന്ന പാലിയവും മാര്‍പാപ്പ സ്വീകരിച്ച് വലിയ ഇടയന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനായതോടെ സ്ഥാനാരോഹണത്തിലെ പ്രധാന ചടങ്ങ് പൂര്‍ത്തിയായി.
ഫിലിപ്പൈന്‍സിലെ കര്‍ദിനാള്‍ ലൂയിസ് ടാഗ്ലെ മുക്കുവന്റെ മോതിരം അണിയിച്ചു. വിരലില്‍ അണിഞ്ഞ മോതിരത്തെ നോക്കി വിതുമ്പലടക്കാന്‍ ശ്രമിക്കുന്ന പാപ്പായുടെ മുഖം മാധ്യമങ്ങളില്‍ തരംഗമായിട്ടുണ്ട്. തന്നെ ഏല്പ്പിക്ക്‌പ്പെട്ടിരിക്കുന്ന ഭാരമേറിയ ഉത്തരവാദിത്വം അദ്ദേഹം ഹൃദയത്തില്‍ ഏറ്റുവാങ്ങുകയായിരുന്നു.
സ്ഥാനരോഹണത്തെ തുടര്‍ന്ന് അദ്ദേഹം ലോകം മുഴുവനും ഐക്യത്തിനായി ആഹ്വാനം നല്കി. ക്രിസ്തു ഒന്നായിരിക്കുന്നതു പോലെ സഭയും ഒന്നാണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. വിവിധ മതസ്ഥരുമായുള്ള ഐക്യം പ്രധാനമാണ്. ഐക്യത്തോടെയും സാഹോദര്യത്തോടെയും മുന്നോട്ടു പോകണം. ‘ഇത് സ്‌നേഹത്തിന്റെയും സഹോദര്യത്തിന്റെയും സമയമാണ്. ലോകസമാധാനത്തിനായി നാം ഒരുമിക്കണം’ എന്ന് അദ്ദേഹം പ്രസ്താവിച്ചു. തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 12 പേര്‍ മുഴുവന്‍ വിശ്വാസികളെയും പ്രതിനിധാനം ചെയ്ത് മാര്‍പാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിച്ചു.
സ്ഥാനാരോഹണച്ചടങ്ങില്‍ ഇന്ത്യ ഉള്‍പ്പെടെ ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധി സംഘങ്ങളും രാഷ്ട്രത്തലവന്മാരും ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ സംഘത്തെ രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ് നാരായണ്‍ സിങ്ങാണ് നയിച്ചത്. നാഗാലാന്‍ഡ് ഉപമുഖ്യമന്ത്രി യാന്‍തുംഗോ പാട്ടണും സംഘത്തിലുണ്ട്. യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ, യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി അന്റോണി ആല്‍ബനീസ്, ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്‌റിഷ് മേര്‍ട്‌സ്, കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി എന്നിവരുള്‍പ്പെടെ 150ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും ലോക നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *