കത്തോലിക്കാസഭയുടെ വിശ്വാസ പാരമ്പര്യത്തിന്റെ കൂട്ടായ്മയും പാരമ്പര്യ പ്രൗഢിയും ഒത്തുചേര്‍ന്ന ഞായറാഴ്ചയായിരുന്നു ഇന്നലെ. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തിലേക്ക് ഒഴുകിയെത്തിയ രണ്ടു ലക്ഷത്തിലധികം വിശ്വാസികളുടേയും ലോക നേതാക്കളുടെയും മത നേതാക്കളുടെയും സാന്നിധ്യത്തില്‍, കത്തോലിക്കാ സഭയുടെ 267ആമത് അധ്യക്ഷനായി. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ഔദ്യോഗികമായി ചുമതലയേറ്റു.
സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് മുന്നോടിയായി പാപ്പ തുറന്ന വാഹനത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ എത്തിയ വിശ്വാസികളെ ആശീര്‍വദിച്ചു. വിവ ഇല്‍ പാപ്പ എന്നു ഉച്ചത്തില്‍ ആര്‍ത്തുവിളിച്ചാണ് വിശ്വാസസമൂഹം പാപ്പയെ സ്വാഗതം ചെയ്തത്. ജനക്കൂട്ടത്തെ ആശീര്‍ വദിച്ചും വിശ്വാസികള്‍ക്ക് നേരേ പുഞ്ചിരിയോടെ കൈവീശിയും ലിയോ പാപ്പ ബസിലിക്കയില്‍ എത്തിച്ചേര്‍ന്നു. സ്ഥാനമേറ്റയുടന്‍ പാപ്പ പങ്കുവച്ച സന്ദേശം ഐക്യത്തെയും സ്‌നേഹത്തെയും കുറിച്ചായിരുന്നു.
‘ഇത് സ്‌നേഹത്തിനുള്ള സമയമാണ് സുവിശേഷത്തിന്റെ കാതല്‍ നമ്മെ സഹോദരീസഹോദരന്മാരാക്കുന്ന ദൈവസ്‌നേഹമാണ്.’ പാപ്പ പറഞ്ഞു.
തന്റെ മേന്മ കൊണ്ടല്ല ഞാന്‍ മാര്‍പ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ടത് എന്ന് വി.കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. ഭീതിയും വിറയലും മാറാതെ ഒരു സഹോദരനെന്ന നിലയിലാണ് ഞാന്‍ നിങ്ങളുടെ അടുത്തേക്ക് വരുന്നത്. നിങ്ങളുടെ വിശ്വാസത്തിന്റെയും സന്തോഷത്തിന്റെയും സേവകനാകുക എന്നതാണ് എന്റെ ലക്ഷ്യം. ദൈവ സ്‌നേഹത്തില്‍ നിങ്ങള്‍ക്കൊപ്പം നടക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഏതു വെല്ലുവിളിയെയും മറികടക്കാന്‍ ക്രിസ്തുവിന്റെ സ്‌നേഹം നമുക്ക് കരുത്തു പകരും. സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍. തന്റെ സ്ഥാനാരോഹണത്തില്‍ പങ്കെടുക്കാന്‍ ഒത്തുചേര്‍ന്ന ജനാവലിയോട് മാര്‍പ്പാപ്പ പറഞ്ഞു.
സ്‌നേഹത്തിന്റെ മണിക്കൂറുകളിലേക്ക്
‘അധികാരത്തിന്റെ ദണ്ഡ് കാട്ടി ഭയപ്പെടുത്തി ഭരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മതപരമായ ഒരു ദുരുദ്ദേശ അജണ്ടയും എനിക്കില്ല. ക്രിസ്തു സ്‌നേഹിച്ചതുപോലെ എല്ലാവരെയും സ്‌നേഹിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സ്‌നേഹത്തിന്റെ മണിക്കൂറുകളാണ് നമുക്കാവശ്യം. ദൈവസ്‌നേഹത്തില്‍ ആശ്രയിച്ചു മുന്നേറിയാല്‍ ലോകത്ത് സമാധാനം പുലരും. ക്രിസ്തുവില്‍ ഒന്നാകാനുള്ള വിളിയാണ് ഓരോ വിശ്വാസിക്കുമുള്ളത്. പരിശുദ്ധാത്മാവില്‍ ശക്തിസംഭരിച്ചുകൊണ്ട് സഭയെ വളര്‍ത്താനുള്ള ശ്രമങ്ങളില്‍ നമുക്ക് പങ്കാളികളാകാം.’
ഐക്യത്തെപ്പറ്റി ഏഴു തവണ
യേശു പത്രോസിനെ ഏല്‍പ്പിച്ച ദൗത്യത്തിന്റെ രണ്ട് വശങ്ങളാണ് സ്‌നേഹവും ഐക്യവും എന്ന് ലിയോ പതിനാലാമന്‍ പാപ്പ അനുസ്മരിച്ചു. ലോകം ഇപ്പോള്‍ വലിയ വിഭജനങ്ങള്‍, മുന്‍വിധി, ഭയം, സാമ്പത്തിക അനീതി എന്നിവയാല്‍ മുറിവേറ്റിരിക്കുന്നു. അതിനാല്‍ ‘ഐക്യത്തിന്റെയും സഹോദര്യത്തിന്റെയും ഒരു ചെറിയ പുളിമാവാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’ എന്ന് അദ്ദേഹം വ്യക്തമാക്കി.
മിഷനറി മനോഭാവം സഭ കാത്തുസൂക്ഷിക്കണമെന്ന് പാപ്പ ഓര്‍മ്മിപ്പിച്ചു. അത്തരമൊരു സമീപനം സഭയെ ചെറിയ ഗ്രൂപ്പുകളായി ഒറ്റപ്പെടുത്തുന്നതില്‍ നിന്നും ലോകത്തിന് മുകളില്‍ ആധിപത്യം പുലര്‍ത്തുന്നതില്‍ നിന്നും തടയുമെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു. ‘വ്യത്യാസങ്ങള്‍ ഇല്ലാതാക്കാതെ, ഓരോ വ്യക്തിയുടെയും ചരിത്രം, ഓരോ ജനതയുടെയും മതപരവും സംസ്‌കാരപരവുമായ അതിപ്രധാന പാരമ്പര്യങ്ങള്‍, വിലമതിക്കപ്പെടേണ്ടതാണ് ‘ എന്നത് അദ്ദേഹത്തിന്റെ പ്രധാന സന്ദേശമായിരുന്നു.
ഉപസംഹാരമായി, ലിയോ പതിനാലാമന്‍ മാര്‍പാപ്പ എല്ലാ ക്രിസ്ത്യാനികളെയും പരിശുദ്ധാത്മാവിനാല്‍ക്ഷണിച്ചു, അങ്ങനെ നമുക്ക് ‘ദൈവസ്‌നേഹത്തില്‍ സ്ഥാപിതമായ, ഐക്യത്തിന്റെ അടയാളമായ, ലോകത്തിന് കൈകള്‍ തുറക്കുന്ന, വചനം പ്രഖ്യാപിക്കുന്ന, ചരിത്രത്താല്‍ ‘വിശ്രമമില്ലാത്ത’വരാകാന്‍ അനുവദിക്കുന്ന മനുഷ്യരാശിക്ക് ഐക്യത്തിന്റെ പുളിപ്പുള്ള ഒരു മിഷനറി സഭ’ കെട്ടിപ്പടുക്കാന്‍ കഴിയുമെന്ന് പാപ്പ പറഞ്ഞു. ഒരുമിച്ച്, ഒരു ജനമായി, സഹോദരീസഹോദരന്മാരായി, നമുക്ക് ദൈവത്തിലേക്ക് നടക്കാം, പരസ്പരം സ്‌നേഹിക്കാം.’ അദ്ദേഹം തന്റെ സന്ദേശം അവസാനിപ്പിച്ചതും ഇപ്രകാരമാണ്.
വിശുദ്ധ കുര്‍ബാന മധ്യേ നടത്തിയ പ്രസംഗത്തില്‍ ഏഴു തവണയാണ് ഐക്യത്തെപ്പറ്റി മാര്‍പ്പാപ്പ പരാമര്‍ശിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *