നഴ്സായി ജോലി ചെയ്തിരുന്നയാളാണ് തെരേസ റോഡ്രിഗസ്. കെയര്‍ സെന്ററില്‍ രോഗികളെ പരിചരിക്കുന്ന അവസരത്തില്‍, ഓര്‍മക്കുറവുള്ള തന്റെ രോഗികള്‍ക്ക് ആത്മീയ സേവനങ്ങളൊന്നും ലഭിക്കുന്നില്ല എന്നവര്‍ മനസ്സിലാക്കി. ഒരിക്കല്‍ ഒരു രോഗിയുമായും അവരുടെ ഭര്‍ത്താവുമായും സംസാരിക്കുന്നതിനിടയില്‍, അവര്‍ക്ക് ജപമാല ചൊല്ലാന്‍ ഒരു സമയം ക്രമീകരിക്കണം എന്ന് അവര്‍ പറഞ്ഞു. ഉടന്‍തന്നെ അത് സാധ്യമാക്കാനായിരുന്നു തെരേസയുടെ ശ്രമം.
ആ സമയത്ത്, തെരേസ കൊളറാഡോയിലെ ബൗള്‍ഡറിലുള്ള തന്റെ ഇടവകയായ സേക്രഡ് ഹാര്‍ട്ട് ഓഫ് മേരിയില്‍ ഒരു ബൈബിള്‍ പഠനത്തിന് നേതൃത്വം നല്‍കുകയായിരുന്നു. മെമ്മറി കെയര്‍ സെന്ററിലെ രോഗികളോടൊപ്പം ജപമാല ചൊല്ലാന്‍ ആരെങ്കിലും സന്നദ്ധരാകുമോ എന്ന് അവര്‍ അവിടെയുണ്ടായിരുന്ന സ്ത്രീകളോട് ചോദിച്ചു. അവരില്‍ രണ്ടുപേര്‍ തെരേസയ്‌ക്കൊപ്പം പോകാന്‍ സന്നദ്ധരായി.
ആഴ്ചയില്‍ ഒരിക്കല്‍ മാത്രം നടക്കുന്ന പ്രാര്‍ത്ഥനയായി ആരംഭിച്ചത് പെട്ടെന്ന് ആഴ്ചയില്‍ രണ്ടുതവണയും പിന്നീട് മൂന്ന് തവണയുമായി. തെരേസ ചുറ്റുമുള്ള ഇടവകകളില്‍ ബുള്ളറ്റിന്‍ അറിയിപ്പുകള്‍ നല്‍കുകയും കൂടുതല്‍ സന്നദ്ധപ്രവര്‍ത്തകരെ ശേഖരിക്കുകയും ചെയ്തു. 2019 ല്‍ ആരംഭിച്ച റോസറി ടീമിന് ഇന്ന് 18 സംസ്ഥാനങ്ങളിലായി 500 ലധികം വളണ്ടിയര്‍മാരുണ്ട്!
കോവിഡ്-19 സമയത്ത് പോലും, റോസറി ടീം വീഡിയോ കോള്‍ മുഖേന ജപമാലകള്‍ ചെയ്തു. കോവിഡിന് ശേഷം നേരിട്ടുള്ള ജപമാല വീണ്ടും ആരംഭിച്ചു. മെമ്മറി കെയര്‍ താമസക്കാരുമായി ബന്ധപ്പെട്ട് തെരേസയ്ക്ക് നിരവധി വികാരനിര്‍ഭരമായ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
”ഒരിക്കല്‍ കെയര്‍ ഹോമിലെ ഒരു അന്തേവാസിയോടൊപ്പം പ്രാര്‍ത്ഥിക്കുകയായിരുന്നു. ഞങ്ങള്‍ പ്രാര്‍ത്ഥന പൂര്‍ത്തിയാക്കിയ ശേഷം അവര്‍ എന്നോട് പറഞ്ഞു, ’45 വര്‍ഷത്തിനിടെ ഞാന്‍ പ്രാര്‍ത്ഥിക്കുന്ന ആദ്യത്തെ നന്മ നിറഞ്ഞ മറിയമേ ആണിത്!’
ചിലപ്പോള്‍ സംസാരിക്കാന്‍ കഴിയാത്തതോ വളരെ കുറച്ച് വാക്കുകള്‍ മാത്രം പറയാന്‍ കഴിയുന്നതോ ആയവരെ കണ്ടുമുട്ടുമ്പോള്‍, പെട്ടെന്ന്, ഞങ്ങള്‍ അവരോടൊപ്പം ജപമാല ചൊല്ലാന്‍ തുടങ്ങുന്നു, അവര്‍ ഉച്ചത്തില്‍ ജപമാലയുടെ പ്രാര്‍ത്ഥനകള്‍ ചൊല്ലും! തെരേസ പറയുന്നു.
റോസറി ടീം വളണ്ടിയറായ മെലാനി മക്ക്ലാനഹാന്‍ പറയുന്നത് ഇങ്ങനെ: ശുശ്രൂഷയില്‍ സന്നദ്ധസേവകയായിരുന്ന സമയം എന്റെ ജീവിതത്തിലെ ഒരു അത്ഭുതമായിരുന്നു! അത്ഭുത രോഗശാന്തികള്‍… ഉപേക്ഷിച്ചു പോയ കുടുംബാംഗങ്ങള്‍ വീണ്ടും ഒത്തുചേരുന്നത്… ദൈവത്തില്‍ വിശ്വാസമില്ലാതിരുന്ന ആളുകള്‍ യേശുവിനോടുള്ള സ്‌നേഹത്തിലും നമ്മുടെ പരിശുദ്ധ അമ്മയോടുള്ള ഭക്തിയിലും വളരുന്നത്! ഇതെല്ലാം ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്, അവര്‍ പറഞ്ഞുനിര്‍ത്തി.
പ്രായമായവരുടെയും ഓര്‍മ്മക്കുറവുള്ളവരുടെയും ഇടയില്‍ ഇതുപോലുള്ള ജോലി ചെയ്യുന്നത് എന്തുകൊണ്ട് ഇത്ര പ്രധാനമാണെന്ന് ചോദിച്ചപ്പോള്‍, തെരേസ പറഞ്ഞു: ”പ്രായമായവര്‍ നിശബ്ദരാണ്, അവരുടെ ആരോഗ്യപ്രശ്‌നങ്ങളും യാത്രചെയ്യാന്‍ കഴിയാത്ത അവസ്ഥയും കാരണം നമ്മള്‍ അവരെ അധികം കാണുന്നില്ല. – പ്രത്യേകിച്ച് അവര്‍ കണ്‍മുന്നില്‍ ഇല്ലാതിരിക്കുമ്പോള്‍ അവരെ എളുപ്പത്തില്‍ മറന്നുപോകാം. പക്ഷേ അവരെ മറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.”
”പ്രോ-ലൈഫ് ശുശ്രൂഷയിലെ ഭാഗമാണിത്. ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ നമ്മള്‍ ആളുകളെ പരിപാലിക്കേണ്ടതുണ്ട്. ഞങ്ങളുടെ ശുശ്രൂഷ അവരെ പരിപാലിക്കുന്നതിന്റെയും അവരെ അംഗീകരിക്കുന്നതിന്റെയും സ്‌നേഹിക്കുന്നതിന്റെയും ഭാഗമാണ്,” അവര്‍ കൂട്ടിച്ചേര്‍ത്തു.
വോളണ്ടിയര്‍മാരെയും താമസക്കാരെയും ഒരുപോലെ ഈ ശുശ്രൂഷ സ്വാധീനിക്കുന്നുണ്ടെന്നും എല്ലാവരും ദൈവത്തോടുള്ള വിശ്വാസത്തിലും സ്‌നേഹവും അനുദിനം വളരുന്നുവെന്നും തെരേസ പുഞ്ചിരിയോടെ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *