കോട്ടപ്പുറം: കോട്ടപ്പുറം മാര്‍ക്കറ്റിലെ വിശുദ്ധ തോമാ ശ്ലീഹയാല്‍ സ്ഥാപിതമായെന്നു വിശ്വസിക്കുന്ന മുസിരിസ് സെന്റ് തോമസ് കപ്പേളയില്‍ നടന്ന വിശുദ്ധ തോമസിന്റെ തിരുനാളും കോട്ടപ്പുറം രൂപതാദിനാഘോഷവും പ്രൗഢഗംഭീരമായി. ഇതോടനുബന്ധിച്ച് മുസിരിസ് സെന്റ് തോമസ് കപ്പേളയില്‍ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലിയും വചനപ്രഘോഷണവും നടന്നു.
രൂപതയിലെ വൈദികരും സന്യസ്ത വൈദികരും ദിവ്യബലിയില്‍ സഹകാര്‍മ്മികരായി. കോട്ടപ്പുറം രൂപത വാര്‍ഷിക പദ്ധതിയുടെയും യുവജന കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ക്രിസ്ബാന്റിന്റെ കവര്‍ സോങ്ങിന്റെയും പ്രകാശനവും ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും നടന്നു. ഊട്ടുനേര്‍ച്ച ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ആശീര്‍വ്വദിച്ചു. ആയിരങ്ങള്‍ ഊട്ടുനേര്‍ച്ചയില്‍ പങ്കെടുത്തു.
തിരുകര്‍മ്മങ്ങള്‍ക്ക് മുന്നോടിയായി കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് എല്‍പി സ്‌കൂളില്‍ നിന്ന് കോട്ടപ്പുറം മുസിരിസ് സെന്റ് തോമസ് കപ്പേളയിലേക്ക് നടന്ന പ്രവേശന പ്രദക്ഷിണത്തില്‍ ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിനൊപ്പം രൂപത, ഇടവക, സന്യസ്ത പ്രതിനിധി കളും രൂപതയിലെ വൈദികരും അണിനിരന്നു.
1987 ജൂലൈ മൂന്നിന് തോമാശ്ലീഹയുടെ രക്തസാക്ഷിത്വതിരുനാള്‍ ദിനത്തിലാണ് ‘ക്വോ ആപ്തിയൂസ് ‘ എന്ന വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പയുടെ തിരുവെഴുത്തു വഴി കോട്ടപ്പുറം രൂപത സ്ഥാപിതമാകുന്നതും ‘റൊമാനി എത്ത് പൊന്തിഫിച്ചിസ്’ എന്ന അപ്പസ്തോലിക എഴുത്തു വഴി മോണ്‍. ഫ്രാന്‍സിസ് കല്ലറക്കല്‍ രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനാകുന്നതും. കോട്ടപ്പുറം രൂപതയുടെ മധ്യസ്ഥന്‍ വിശുദ്ധ തോമസ് അപ്പോസ്തലനാണ്.
Leave a Comment
Your email address will not be published. Required fields are marked with *