മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് 2022 ഓഗസ്റ്റ് ഏഴിന് സണ്‍ഡേ ശാലോമില്‍ പ്രസിദ്ധീകരിച്ച മാര്‍ ജേക്കബ് തൂങ്കുഴിയുമായുള്ള പ്രത്യേക അഭിമുഖം.
ജോസഫ് മൈക്കിള്‍
കുടിയേറ്റ ജനതയെ മുമ്പില്‍നിന്ന് നയിച്ച ഭാഗ്യസ്മരണാഹര്‍നായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ ഒരു ചോദ്യമാണ് ബ്രദര്‍ ജേക്കബ് തൂങ്കുഴിയെ ചങ്ങനാശേരിയില്‍നിന്നും തലശേരിയില്‍ എത്തിച്ചത്. തലശേരി മിഷന്‍ രൂപതയാണ്, വൈദികര്‍ കുറവാണ്, അവിടേക്ക് പോരുന്നോ എന്നായിരുന്നു തലശേരി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ വള്ളോപ്പിള്ളി പിതാവിന്റെ ചോദ്യം. വള്ളോപ്പിള്ളി പിതാവുമായി സെമിനാരില്‍ ചേര്‍ന്ന കാലംമുതല്‍ ഉണ്ടായിരുന്ന ആത്മബന്ധമാണ് അസൗകര്യങ്ങളുടെ നടുവിലും മലബാറിലേക്ക് പോകാന്‍ ആ സെമിനാരിക്കാരനെ പ്രേരിപ്പിച്ചത്. എന്നാല്‍, അത് ദൈവത്തിന്റെ വലിയ പദ്ധതിയുടെ തുടക്കമായിരുന്നു എന്നതിന് ചരിത്രം സാക്ഷി. തലശേരിയില്‍നിന്നും ഉന്നത പഠനത്തിനായി റോമിലേക്ക് അയച്ചു. 1956 ഡിസംബര്‍ 22ന് റോമില്‍ വച്ചായിരുന്നു പൗരോഹിത്യ സ്വീകരണം. തിരിച്ചെത്തിയപ്പോള്‍ വള്ളോപ്പിള്ളി പിതാവിന്റെ സെക്രട്ടറിയായിട്ടായിരുന്നു ആദ്യ നിയമനം. വ്യത്യസ്തമായ പാതകളിലൂടെ സഞ്ചരിച്ച വള്ളോപ്പിള്ളി പിതാവിന്റെ ജീവിതം ഫാ. ജേക്കബ് തൂങ്കുഴി എന്ന നവവൈദികന് പുതിയൊരു പാഠപുസ്തകമായി. അതുകൊണ്ടായിരിക്കാം കാലംകഴിഞ്ഞപ്പോള്‍ ഫാ. ജേക്കബ് തൂങ്കുഴി, ബിഷപ് തൂങ്കുഴിയും ആര്‍ച്ചുബിഷപ് തൂങ്കുഴിയുമായപ്പോഴും ജീവിതത്തിലും നിലപാടുകളിലും ഏറെ വ്യത്യസ്തതകള്‍ നിറഞ്ഞുനിന്നത്.
1973 മെയ് ഒന്നിന് മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിക്കപ്പെട്ട മാര്‍ തൂങ്കുഴി മലബാര്‍ കുടിയേറ്റത്തിന്റെ ബാലാരിഷ്ടതകളൂടെ നടുവിലായിരുന്ന ആ നാടിന് പുതിയ ദിശാബോധം പകര്‍ന്ന് 22 വര്‍ഷങ്ങള്‍ രൂപതയെ നയിച്ചു. 1995 ജൂലൈയില്‍ താമരശേരി രൂപതയുടെ അധ്യക്ഷനായി സ്ഥലംമാറ്റം ലഭിച്ചു. 1997ല്‍ തൃശൂര്‍ അതിരൂപതാധ്യക്ഷനായി ഉയര്‍ത്തപ്പെട്ട മാര്‍ തൂങ്കുഴി 75 വയസ് തികഞ്ഞതിനെതുടര്‍ന്ന് 2007 മാര്‍ച്ച് 18ന് സ്ഥാനമൊഴിഞ്ഞു. ക്രിസ്തുദാസി സന്യാസിനീസഭയുടെ സ്ഥാപകന്‍ കൂടിയായ മാര്‍ തൂങ്കുഴി.
? മെത്രാഭിഷേകത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷിക്കാനുള്ള അനുഗ്രഹം ലഭിക്കുന്നത് വളരെ കുറച്ച് വൈദിക മേലധ്യക്ഷന്മാര്‍ക്ക് മാത്രമാണ്. ഈ ദൈവാനുഗ്രഹത്തെ പിതാവ് എങ്ങനെയാണ് കാണുന്നത്.
⋅ ദൈവത്തിന്റെ പ്രത്യേക അനുഗ്രഹമായിട്ടാണ് കാണുന്നത്. ആയുസും ആരോഗ്യവും ദൈവത്തിന്റെ ദാനങ്ങളാണല്ലോ. 42-ാം വയസില്‍ ബിഷപ് ആകാന്‍ ഭാഗ്യം ലഭിച്ചു. സാധാരണഗതിയില്‍ 50 വയസ് കഴിഞ്ഞാണ് ബിഷപ് സ്ഥാനം ലഭിക്കുന്നത്. എന്നിലൂടെ പൂര്‍ത്തിയാകേണ്ട നിയോഗങ്ങള്‍ക്കുവേണ്ടിയാകാം അങ്ങനെയൊരു അനുഗ്രഹം നല്‍കിയത്.

? എല്ലാക്കാര്യങ്ങള്‍ക്കും ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍ പ്രാര്‍ത്ഥിച്ച് ഉത്തരം തേടുന്നതാണല്ലോ പിതാവിന്റെ രീതി. അതു വലിയ അനുഗ്രഹങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്നു തോന്നുന്നുണ്ടോ.
⋅ തീര്‍ച്ചയായും, സ്ഥാപിത താല്പര്യങ്ങള്‍ക്കെതിരെ നിലകൊള്ളാന്‍ എന്നും ശ്രമിച്ചിരുന്നു. അതു ദൈവം നല്‍കിയ കൃപയാണ്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ വരുമ്പോള്‍ അതിനെക്കുറിച്ച് ദൈവം എന്താണ് പറയുന്നത്, ദൈവത്തിന്റെ പദ്ധതി എന്താണെന്ന് വെളിപ്പെടുത്തി കിട്ടുന്നതിനായി ദിവ്യകാരുണ്യ സന്നിധിയില്‍ പ്രാര്‍ത്ഥിച്ച് ഉത്തരം കണ്ടെത്തുന്നതാണ് രീതി.
? വിദേശത്തുനിന്ന് ഡോക്ടറേറ്റു നേടി തിരിച്ചെത്തിയ അങ്ങേയ്ക്ക് ലഭിച്ച ആദ്യ ഉത്തരവാദിത്വം വള്ളോപ്പിള്ളി പിതാവിന്റെ സെക്രട്ടറി സ്ഥാനമായിരുന്നല്ലോ. ആ കാലത്തെ അനുഭവങ്ങള്‍ പിന്നീടുള്ള ജീവിതത്തില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ടോ.
⋅ വള്ളോപ്പിള്ളി പിതാവിന്റെ സെക്രട്ടറിയായിരുന്ന കാലം ഏറ്റവും സുന്ദരമായിരുന്നു. ജീവിതംകൊണ്ട് ക്രിസ്തുവിന് സാക്ഷ്യംവഹിച്ച ജീവിതമായിരുന്നു വള്ളോപ്പിള്ളി പിതാവിന്റേത്. അദ്ദേഹം ഒരു പാഠപുസ്തകമായിരുന്നു. എന്റെ ദൈവവിളിയെ പ്രോത്സാഹിച്ചതും പിതാവായിരുന്നു. അന്ന് പാലാ രൂപത നിലവില്‍ വന്നിരുന്നില്ല. ചങ്ങനാശേരി മൈനര്‍ സെമിനാരിയില്‍ ചേരുമ്പോള്‍ അന്നത്തെ സ്പിരിച്വല്‍ ഫാദര്‍ വള്ളോപ്പിള്ളി അച്ചനായിരുന്നു.
കേട്ടുകേള്‍വി ഇല്ലാത്ത ശൈലിയായിരുന്നു വള്ളോപ്പിള്ളി പിതാവിന്റേത്. പിതാവിനെ ആര്‍ക്കും കാണാം. എന്തും തുറന്നുസംസാരിക്കാം. സന്ദര്‍ശകര്‍ വരുമ്പോള്‍ അവരുടെ പെട്ടി എടുത്തുകൊണ്ടുപോകുന്ന മെത്രാന്‍, ഗസ്റ്റുകള്‍ക്കുള്ള മുറി സ്വയം വൃത്തിയാക്കുന്ന മെത്രാന്‍, അങ്ങനെ അമ്പരിപ്പിക്കുന്ന എളിമയായിരുന്ന അദ്ദേഹത്തിന്റേത്.
മാര്‍ ജേക്കബ് തൂങ്കുഴി തലശേരിയിലേക്ക് വന്ന് അധികം കഴിയുന്നതിന് മുമ്പ് അദേഹത്തിന്റെ കുടുംബം പാലായില്‍നിന്നും താമരശേരി രൂപതയിലെ തിരുവമ്പാടിലേക്ക് താമസം മാറി. മാനന്തവാടി രൂപതയില്‍നിന്ന് താമരശേരി രൂപതയുടെ അധ്യക്ഷനായി നിയമിക്കപ്പെട്ടപ്പോള്‍ വള്ളോപ്പിള്ളി പിതാവ് പറഞ്ഞത്, ഇടയ്‌ക്കൊക്കെ ഇനി അമ്മയെ കാണാമല്ലോ എന്നായിരുന്നു.
? മാനന്തവാടിയിലെ ആദ്യകാല പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കാമോ. പുതിയ തലമുറയ്ക്ക് ആ ചരിത്രങ്ങളൊക്കെ അജ്ഞാതമായിരിക്കുമല്ലോ. മാനന്തവാടിയിലെ 22 വര്‍ഷത്തെ അനുഭവങ്ങളെ ചുരുങ്ങിയ വാക്കുകളില്‍ എങ്ങനെയാണ് വിശേപ്പിക്കുന്നത്.
⋅ പുതിയതായി തുടങ്ങുന്ന രൂപതയില്‍ മെത്രാനായത് വലിയ സന്തോഷമായിരുന്നു. ഇല്ലായ്മയില്‍നിന്ന് ആരംഭിക്കുമ്പോള്‍ എന്തൊക്കെയാണ് ഉണ്ടാകുന്നതെന്ന് നമുക്ക് കാണാന്‍ കഴിയും. വിശ്വാസികളുടെ സഹകരണം എടുത്തുപറയേണ്ടതാണ്. അവര്‍ ഏറെ സ്‌നേഹത്തോടെയാണ് എന്നും കണ്ടിരുന്നത്. വയനാട് അക്കാലത്ത് വലിയ പിന്നാക്കാവസ്ഥയിലായിരുന്നു. എങ്കിലും ഇല്ലായ്മയില്‍നിന്നും പങ്കുവയ്ക്കാന്‍ ജനങ്ങള്‍ക്ക് മടിയില്ലായിരുന്നു.
? മാനന്തവാടിയില്‍നിന്ന് താമരശേരി രൂപതയിലേക്ക് സ്ഥലംമാറ്റപ്പെട്ടപ്പോള്‍ സ്വന്തം രൂപതയിലേക്ക് എത്തിയതിന്റെ സന്തോഷം തോന്നിയോ.
⋅ അങ്ങനെയൊരു സന്തോഷം ഉണ്ടായിരുന്നു. പുതിയ രൂപതയിലേക്ക് വരുന്ന ആവേശം ഉള്ളപ്പോള്‍ത്തന്നെ പഴയ രൂപതയില്‍നിന്നും വിടവാങ്ങുന്നതിലുള്ള പ്രയാസവും ഉണ്ടായിരുന്നു. താമരശേരി രൂപത ആ സമയത്തുതന്നെ ഭൗതികമായി ഉയര്‍ന്ന നിലയിലായിരുന്നു. സാമ്പത്തിക-വിദ്യാഭ്യാസ രംഗങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്നു.

? തൃശൂര്‍ അതിരൂപതയുടെ അധ്യക്ഷനായിരുന്ന കാലത്ത് നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അങ്ങേയ്ക്ക് കഴിഞ്ഞിട്ടുണ്ടല്ലോ. എങ്ങനെയാണ് ആ കാലഘട്ടത്തിലെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത്?
⋅ തൃശൂരില്‍ എന്തെങ്കിലും നേട്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ജനങ്ങളുടെ നേട്ടമാണ്. സഭയോടുള്ള സ്‌നേഹം, സാമ്പത്തികമായി സഹായിക്കാന്‍ മടിയില്ലാത്തവര്‍, സഭയ്ക്കുവേണ്ടി ദാനംചെയ്യാന്‍ മടിയില്ലാത്തവര്‍ എന്നിങ്ങനെ തൃശൂരിലെ വിശ്വാസിസമൂഹത്തെ വിശേഷിപ്പിക്കാം. തൃശൂരില്‍ മേജര്‍ സെമിനാരി ആരംഭിക്കുന്ന കാര്യം പാസ്റ്ററല്‍ കൗണ്‍സില്‍ അവതരിപ്പിച്ചു. അക്കാലത്ത് 6-7 കോടി രൂപ ചിലവുവരുമായിരുന്നു അതിന്. നമുക്കിത് വേണോ എന്ന് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി, ധൈര്യമായി മുമ്പോട്ടുപോകുക ഞങ്ങള്‍ പിന്നിലുണ്ടെന്നായിരുന്നു.
? പിതാവ് തൃശൂര്‍ അതിരൂപതയുടെ അധ്യക്ഷ പദവി വഹിക്കുമ്പോള്‍ അധ്യാപക നിയമനം, ദൈവാലയ നിര്‍മാണം, തിരുനാള്‍ ആഘോഷങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ വിപ്ലവകരമായ തീരുമാനങ്ങള്‍ എടുത്തിരുന്നല്ലോ. എന്തായിരുന്നു മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍.
⋅ ജനങ്ങള്‍ മാറിചിന്തിക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ വളരെ സുതാര്യമായിരിക്കണം, പണം വാങ്ങാന്‍ പാടില്ല, എന്നുള്ള കര്‍ശനമായ നിലപാട് സ്വീകരിച്ചിരുന്നു. വലിയ ദൈവാലയങ്ങള്‍ നിര്‍മിക്കുമ്പോള്‍ അവിടുത്തെ ഒരു തൂണ് നിര്‍മിക്കുന്ന പണം ഉണ്ടെങ്കില്‍ മിഷന്‍ രൂപതകളില്‍ ഒരു ദൈവാലയം പണിയാന്‍ കഴിയും. പക്ഷേ നമ്മള്‍ വലിയ ദൈവാലയങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നു. അതിനെതിരെ ഇടയലേഖനം എഴുതി. ആഘോഷങ്ങള്‍ക്കായി ചെലവഴിക്കുന്ന പണം ഉണ്ടെങ്കില്‍ പാവപ്പെട്ട എത്രയോ കുട്ടികളെ പഠിപ്പിക്കാന്‍ കഴിയും. അന്നത്തെ തീരുമാനങ്ങള്‍ പൂര്‍ണമായും വിജയിച്ചെന്നു പറയുന്നില്ല.

? പിതാവിന്റെ ദൈവവിളിയെക്കുറിച്ചും അന്നത്തെ കുടുംബ സാഹചര്യങ്ങളെപ്പറ്റിയും വിശദീകരിക്കാമോ.
⋅ ഞങ്ങളുടെ ചുറ്റുപാടുമുള്ള പല കുടുംബങ്ങളിലെയും കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിച്ചില്ല. വിദ്യാഭ്യാസത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് ബോധ്യങ്ങളില്ലായിരുന്നു. മക്കള്‍ ഉന്നത വിദ്യാഭ്യാസം നേടണമെന്ന് ഞങ്ങളുടെ ഇച്ചാച്ചന് (പിതാവ്) നിര്‍ബന്ധം ഉണ്ടായിരുന്നു. 8 മക്കളായിരുന്നു ഞങ്ങള്‍. മൂത്ത രണ്ട് സഹോദരിമാര്‍ക്ക് കാര്യമായ വിദ്യാഭ്യാസം ലഭിച്ചില്ല. ഞങ്ങളുടെ ഇടവകയില്‍ അന്ന് ഏഴാം ക്ലാസ് വരെയെ വിദ്യാഭ്യാസം ലഭ്യമായിരുന്നുള്ളൂ. പെണ്‍കുട്ടികളെ അകലേക്ക് അയക്കാന്‍ സാഹചര്യം ഉണ്ടായിരുന്നില്ല. ബാക്കിയുള്ള എല്ലാവരും ഉന്നത വിദ്യാഭ്യാസം നേടി. ദൈവവിളിക്കുപിന്നില്‍ അതിസാധാരണമായ കാര്യങ്ങളൊന്നുമില്ല. പ്രാര്‍ത്ഥനയില്‍ അതിഷ്ഠിതമായിരുന്നു വീട്ടിലെ സാഹചര്യങ്ങളും ജീവിതവുമൊക്കെ.
? വലിയ കുടുംബത്തില്‍ ജനിച്ചുവളര്‍ന്നതിന്റെ സന്തോഷങ്ങള്‍ അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചൊരാള്‍ എന്ന നിലയില്‍ ഇപ്പോഴത്തെ അണുകുടുംബങ്ങളെ എങ്ങനെയാണ് കാണുന്നത്.
⋅ അണുകുടുംബങ്ങളില്‍ കുട്ടികളുടെ സന്തോഷത്തിനായി മാതാപിതാക്കന്മാര്‍ ധാരാളം സാധനങ്ങള്‍ വാങ്ങി നല്‍കുന്നത് പതിവാണ്. എന്നാല്‍ അതു ശരിയായ ആനന്ദമല്ല. ആ കുഞ്ഞുങ്ങള്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്നത് സഹോദരനോ, സഹോദരിയോ ആണ്. അക്കാര്യത്തെപ്പറ്റി മാതാപിതാക്കള്‍ ആലോചിക്കുന്നതേയില്ല.
? പുതിയ തലമുറയോടുള്ള കരുതല്‍ എപ്പോഴും പിതാവിന്റെ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്നു. അങ്ങയുടെ എഴുത്തുകളില്‍പ്പോലും അതു കാണാന്‍ കഴിയും. ഈ രീതി രൂപപ്പെട്ടതിന്റെ പിന്നില്‍ പ്രത്യേക കാരണങ്ങളുണ്ടോ.
⋅ പുതുമയെ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് എന്റെ രീതി. എന്നും പഴമയില്‍ക്കൂടി പോകണമെന്ന അഭിപ്രായമില്ല. പുതിയതൊന്നും ശരിയല്ലെന്ന കാഴ്ചപ്പാടുമില്ല.
? പിതാവ് പൗരോഹിത്യം സ്വീകരിച്ചിട്ട് 66 വര്‍ഷങ്ങളായല്ലോ. ഈ നീണ്ട വര്‍ഷങ്ങള്‍ക്കിടയില്‍ വൈദികരിലും വിശ്വാസികളിലും ഉണ്ടായ ഏറ്റവും പ്രധാന മാറ്റങ്ങള്‍ എന്തൊക്കെയാണ്? അവയെ എങ്ങനെയാണ് വിലയിരുത്തുന്നത്.
⋅ വളരെയധികം മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതില്‍ ഒരുപാടു നന്മകളുമുണ്ട്. വിശ്വാസപരിശീലനം വളരെ വിസ്തൃതമായി. നന്മയുടെ വഴികളിലൂടെ സഞ്ചരിക്കാനുള്ള ഒരുപാടു സാധ്യതകള്‍ സഭ ഒരുക്കിയിട്ടുണ്ട്. എന്നാല്‍, 10 വര്‍ഷം പഠിച്ചാലും വിശ്വാസം നഷ്ടപ്പെട്ടുപോകുന്ന സംഭവങ്ങളുണ്ട്. മറ്റു പല വിഷയങ്ങള്‍ പഠിക്കുന്നതുപോലെ വിശ്വാസപരിശീലനത്തെ സമീപിക്കുന്നതാണ് വിശ്വാസത്തിന് ആഴമില്ലാതെ പോകുന്നതിന് കാരണം.
? പത്ത് വര്‍ഷക്കാലം കാലിക്കട്ട് സര്‍വകലാശാലയിലെ ക്രിസ്ത്യന്‍ ചെയറിന്റെ ചീഫ് പേട്രണ്‍ ആയിരുന്നല്ലോ. കേരളത്തിലെ മറ്റു സര്‍വകലാശാലകളിലൊന്നും ഇങ്ങനെയൊരു വിഭാഗമില്ലല്ലോ. മറ്റ് സര്‍വകലാശാലകളിലും ഇത് ആരംഭിക്കേണ്ടതല്ലേ?
⋅ മറ്റു സര്‍വകലാശാലകളിലും ക്രിസ്ത്യന്‍ ചെയര്‍ സ്ഥാപിക്കാന്‍ സാധ്യതകളുണ്ട്. കാലിക്കട്ട് സര്‍വകലാശാലയിലെ ക്രിസ്ത്യന്‍ ചെയറിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്.

? പിതാവ് വ്യത്യസ്തമായ പുതിയ സന്യാസിനി സമൂഹം തുടങ്ങിയല്ലോ. അതിന് പ്രചോദനമായ ഘടകങ്ങള്‍ എന്തൊക്കെയായായിരുന്നു.
⋅ മാനന്തവാടിയില്‍ ഇടവകകള്‍ സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. ചില ഇടവകകളില്‍ ചെല്ലുമ്പോള്‍ കുട്ടികളുടെ പെരുമാറ്റ രീതികള്‍ നല്ല രീതിയിലായിരുന്നു. മറ്റ് ചിലയിടങ്ങളില്‍ നേരെ മറിച്ചും. അതിന്റെ കാരണം പഠിച്ചപ്പോള്‍ ആ ഇടവകകളില്‍ സിസ്റ്റേഴ്‌സിന്റെ സാന്നിധ്യം ഇല്ലെന്ന് മനസിലായി. എല്ലാ ഇടവകകളിലും അടിയന്തിരമായി മഠങ്ങള്‍ ആരംഭിക്കണമെന്ന് തീരുമാനിച്ചു. മാനന്തവാടി രൂപതയില്‍ 100 ല്‍ താഴെ സിസ്റ്റേഴ്‌സാണ് അക്കാലത്ത് ഉണ്ടായിരുന്നത്. യൂറോപ്പില്‍ ഉള്‍പ്പെടെയുള്ള പല സന്യാസസഭകളോടും അന്വേഷിച്ചു. എന്നാല്‍, വയനാട്ടിലേക്കുള്ള അക്കാലത്തെ ദുരിതപൂര്‍ണമായ യാത്രയും തണുപ്പും മറ്റുപ്രതികൂല സാഹചര്യങ്ങളും പലരെയും പിന്തിരിപ്പിച്ചു. മാനന്തവാടി രൂപതയിലെ എല്ലാ ഇടവകകളിലും സിസ്റ്റേഴ്‌സിന്റെ സാന്നിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1978ല്‍ ക്രിസ്തുദാസി സന്യാസിനീ സമൂഹം സ്ഥാപിച്ചത്.
മാര്‍ ജേക്കബ് തൂങ്കുഴി പിതാവ് തലശേരിയിലേക്ക് വന്ന് അധികം കഴിയുന്നതിന് മുമ്പ് അദേഹത്തിന്റെ കുടുംബം പാലായില്‍നിന്നും താമരശേരി രൂപതയിലെ തിരുവമ്പാടിലേക്ക് താമസം മാറി. മാനന്തവാടി രൂപതയില്‍നിന്ന് താമരശേരി രൂപതയുടെ അധ്യക്ഷനായി നിയമിക്കപ്പെട്ടപ്പോള്‍ വള്ളോപ്പിള്ളി പിതാവ് പറഞ്ഞത്, ഇടയ്‌ക്കൊക്കെ ഇനി അമ്മയെ കാണാമല്ലോ എന്നായിരുന്നു. അതു വലിയൊരു സന്തോഷം നല്‍കിയെങ്കിലും മാനന്തവാടിയോട് വിടപറയാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു എന്നാണ് തൂങ്കുഴി പിതാവ് പറഞ്ഞത്.
തന്റെ ഓര്‍മ കുറയുന്നതിനാല്‍ പലരുടെയും പേരുകള്‍ മറന്നുപോകുന്നു എന്നാണ് തൂങ്കുഴി പിതാവിന്റെ ഇപ്പോഴത്തെ ആകെ ഉണ്ടായിരുന്ന പരിഭവം. എന്നാല്‍ പിതാവ് ശുശ്രൂഷ ചെയ്ത രൂപതകളെപ്പറ്റി ചോദിച്ചപ്പോള്‍ അവിടെയുള്ള മനുഷ്യരുടെ നന്മകളെക്കുറിച്ച് അദ്ദേഹം വാചാലനായി. നന്മയുടെ അനുഭവങ്ങള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഓര്‍മയില്‍ ഉണ്ടായിരുന്നത്. മനുഷ്യരിലെ നന്മമാത്രം കാണുകയും അതു ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്ത ഇടയനാണ് മാര്‍ ജേക്കബ് തൂങ്കുഴി.
Leave a Comment
Your email address will not be published. Required fields are marked with *