താമരശേരി: കാലംചെയ്ത ആര്‍ച്ചുബിഷപ് മാര്‍ ജേക്കബ് തൂങ്കുഴിയോടുള്ള ആദരസൂചകമായി സംസ്‌കാരം നടക്കുന്ന സെപ്റ്റംബര്‍ 22 തിങ്കളാഴ്ച താമരശേരി രൂപതയിലെ സ്‌കൂളുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. താമരശേരി രൂപതയുടെ രണ്ടാമത്തെ ബിഷപ്പുകൂടിയായിരുന്നു മാര്‍ തൂങ്കുഴി.
അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി തിങ്കളാഴ്ച താമരശേരി രൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് ഒപ്പീസു ചൊല്ലേണ്ടതാണെന്ന് താമരശേരി രൂപത വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
22ന് രാവിലെ 9.30ന് തൃശൂര്‍ ലൂര്‍ദ്ദ് കത്തീഡ്രലില്‍ ആരംഭിക്കുന്ന മൃതസംസ്‌കാര ശുശ്രൂഷയുടെ വിവിധ ഘട്ടങ്ങളിലും വിശുദ്ധ കുര്‍ബാനയിലും താമരശേരി രൂപതയില്‍നിന്ന് സാധിക്കുന്ന എല്ലാവരും പങ്കെടുക്കണമെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.
തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മുതല്‍ കോഴിക്കോട് ദേവഗിരി കാമ്പസിലാണ് പൊതുദര്‍ശനം. ദേവഗിരി ദേവാലയത്തിലെ പൊതുദര്‍ശനത്തില്‍ പങ്കെടുത്ത് എല്ലാവരും അദ്ദേഹത്തിനായി പ്രാര്‍ത്ഥിക്കമെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
കോഴിക്കോട് ചേവരമ്പലത്തെ സൊസൈറ്റി ഓഫ് ക്രിസ്തുദാസി (എസ്‌കെഡി) ജനറലേറ്റില്‍ ഭൗതീകശരീരം പൊതുദര്‍ശനത്തിന് വയ്ക്കുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍, അന്തിമോപചാരം അര്‍പ്പിക്കാന്‍ ആയിരക്കണക്കിന് ആളുകള്‍ എത്തുമെന്നതിനാല്‍ അതിനുള്ള സൗകര്യങ്ങള്‍ പരിഗണിച്ച് ദേവഗിരി കാമ്പസിലേക്കു മാറ്റുകയായിരുന്നു.
ദേവഗിരിയില്‍നിന്ന് വൈകുന്നേരം ആറുമണിക്ക് ചേവരമ്പലം ജനറലേറ്റില്‍ എത്തിച്ച് മൃതസംസ്‌കാരം നടത്തും. മാര്‍ ജേക്കബ് തൂങ്കുഴി സ്ഥാപിച്ച സന്യാസിനി സമൂഹമാണ് എസ്‌കെഡി.
Leave a Comment
Your email address will not be published. Required fields are marked with *