Follow Us On

09

January

2026

Friday

സീറോമലബാര്‍ സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചു

സീറോമലബാര്‍ സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചു
കാക്കനാട്: സീറോമലബാര്‍ സഭയുടെ മുപ്പത്തിനാലാമത് മെത്രാന്‍ സിനഡിന്റെ ഒന്നാം സമ്മേളനം സഭാ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോമലബാര്‍ സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍  ഉദ്ഘാടനം ചെയ്തു.
സീറോമലബാര്‍സഭയുടെ അജപാലന ക്രമീകരണങ്ങളില്‍ സമീപകാലത്തുണ്ടായ വളര്‍ച്ച, പ്രത്യേകിച്ച്, പന്ത്രണ്ട് രൂപതകളുടെ അതിര്‍ത്തികള്‍ പുനഃക്രമീകരിച്ചതും കേരളത്തിന് പുറത്ത് നാല് പുതിയ പ്രവിശ്യകള്‍ രൂപീകരിച്ചതും, ഗള്‍ഫ് മേഖലയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കായി അപ്പസ്‌തോലിക് വിസിറ്ററെ നിയമിച്ചതും മേജര്‍ ആര്‍ച്ചുബിഷപ് കൃതജ്ഞതാപൂര്‍വം അനുസ്മരിച്ചു.
2026-ല്‍ സീറോമലബാര്‍സഭ ആചരിക്കുന്ന ‘സാമുദായിക ശക്തീകരണ വര്‍ഷം’ കാലോചിതവും പ്രവാചകതുല്യവുമാണെന്ന് മാര്‍ തട്ടില്‍ പറഞ്ഞു. സഭയുടെ ചൈതന്യവും വിശ്വാസ്യതയും അളക്കപ്പെടുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും നിശബ്ദരാക്ക പ്പെട്ടവരോടും പുറമ്പോക്കുകളില്‍ കഴിയുന്നവരോടും നാം എങ്ങനെ കരുണ കാണിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയായിരിക്കും. ദരിദ്രര്‍, കൃഷിക്കാര്‍, കഷ്ടപ്പെടുന്ന കുടുംബങ്ങള്‍, നീതി നിഷേധിക്കപ്പെട്ടവര്‍ എന്നിവരോടുള്ള നമ്മുടെ കരുതല്‍ അജപാലനപരമായ മുന്‍ഗണനകളിലും തീരുമാനങ്ങളിലും പ്രായോഗികമായി പ്രകടമാകുന്ന വര്‍ഷമായി 2026 മാറണമെന്ന് മാര്‍ തട്ടില്‍ ഓര്‍മ്മിപ്പിച്ചു.
സീറോമലബാര്‍ സഭാപ്രവിശ്യകളുടെ തലവന്മാരായി സ്ഥാന മേറ്റെടുത്ത മാര്‍ സെബാസ്റ്റ്യന്‍ വടക്കേല്‍, മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്‍ എന്നിവരെ മേജര്‍ ആര്‍ച്ചുബിഷപ് അഭിനന്ദിച്ചു.
സീറോമലബാര്‍ മെത്രാന്‍ സിനഡിലേക്കു പുതിയ അംഗങ്ങളായി എത്തിയ ബെല്‍ത്തങ്ങാടി രൂപതാധ്യക്ഷന്‍ മാര്‍ ജെയിംസ് പട്ടേരില്‍, അദിലാബാദ് രൂപതാധ്യക്ഷന്‍  മാര്‍ ജോസഫ് തച്ചാപറമ്പത്ത് എന്നിവരെ മാര്‍ തട്ടില്‍ സ്വാഗതം ചെയ്തു.
  സിനഡ് 10ന് വൈകുന്നേരം സമാപിക്കും. ഇന്ത്യക്കകത്തും വിദേശത്തുമുള്ള 53 മെത്രാന്മാരാണ് സിനഡില്‍ സംബന്ധിക്കുന്നത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?