മാഡ്രിഡ്/സ്‌പെയിന്‍: സ്‌പെയിന്‍ പോലൊരു രാജ്യത്ത് നിലനില്‍ക്കുന്ന സംസാര സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും സംശയത്തിന്റെ നിഴലിലാക്കി ഇസ്ലാമിക്ക് തീവ്രവാദത്തെ അപലപിച്ച ഫാ. കസ്റ്റോഡിയോ ബാലെസ്റ്റര്‍ 3 വര്‍ഷത്തെ തടവു ശിക്ഷ യുടെ ഭീതിയില്‍. അഭിമുഖത്തിലും എഴുത്തിലും ‘ഇസ്ലാമോഫോബിക് ‘പ്രസ്താവനകള്‍ നടത്തിയതിന് വൈദികന്‍ കുറ്റക്കാരനാണെന്നാണ് കോടതി വിചാരണയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷത്തെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.
ഇന്നത്തെ സ്‌പെയിനില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നിലനില്‍പ്പ് ഈ കേസിലെ വിധിയെ ആശ്രയിച്ചാണിരിക്കുന്നതെന്ന് ഫാ. ബാലെസ്റ്റര്‍ പറഞ്ഞു. ഈ കേസില്‍ ശിക്ഷ വിധിച്ചാല്‍ ക്യൂബയില്‍ സംഭവിച്ചതുപോലുള്ള സ്വേച്ഛാധിപത്യത്തിലേക്കാണ് രാജ്യം നീങ്ങുന്നതെന്നതിന്റെ സൂചനയാണതെന്നും അദ്ദേഹം പറഞ്ഞു.
ബാലെസ്റ്ററിനും മറ്റൊരു വൈദികനായ ഫാ. ജെസസ് കാല്‍വോയ്ക്കും പത്രപ്രവര്‍ത്തകന്‍ അര്‍മാണ്ടോ റോബിള്‍സിനുമെതിരെ ‘അസോസിയേഷന്‍ ഓഫ് സ്പാനിഷ് മുസ്ലീംസ് എഗൈന്‍സ്റ്റ് ഇസ്ലാമോഫോബിയ’, സ്‌പെയിനിന്റെ സോഷ്യലിസ്റ്റ് ഗവണ്‍മെന്റിന് മുന്നില്‍ സമര്‍പ്പിച്ച പരാതികളിലാണ് ഇവര്‍ ഇസ്ലാമോഫോബിക് പ്രസ്താവനകള്‍ നടത്തിയതായി ആരോപിച്ചിരിക്കുന്നത്.
2017-ല്‍ ‘ലാ റാറ്റോണെറ’ എന്ന ഓണ്‍ലൈന്‍ ടോക്ക് ഷോയ്ക്ക് നല്‍കിയ അഭിമുഖത്തെയും മുന്‍ രചനകളെയും പരാമര്‍ശിച്ച്, തന്റെ ‘പ്രസ്താവനകള്‍ ഒരിക്കലും വിവേചനപരമോ വിദ്വേഷപരമോ ആയിരുന്നിട്ടില്ല’ എന്ന് ഫാ.ബാലെസ്റ്റര്‍ പറഞ്ഞു. ബാലെസ്റ്ററിനും സഹപ്രതികള്‍ക്കുമെതിരായ കേസ് സ്‌പെയിനിലും യൂറോപ്പിലും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭീഷണിയെക്കുറിച്ചും വിദ്വേഷ-കുറ്റകൃത്യ നിയമങ്ങളുടെ ദുരുപയോഗത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. വിദ്വേഷ കുറ്റകൃത്യങ്ങളുടെ നിയമം ആരാണ് അത് ചെയ്തതെന്ന് ആരോപിക്കപ്പെടുന്നതിനെ അടിസ്ഥാനമാക്കിയാണ് ചുമത്തുന്നതെന്നും ഇത് ക്രിസ്ത്യാനികള്‍ക്കെതിരായി മാത്രം ചുമത്തുന്ന ഒരു വണ്‍വേ കുറ്റമായി മാറിയിരിക്കുകയാണെന്നും ഫാ. ബാലെസ്റ്റര്‍ പറയുന്നു.
അതേസമയം അമാഗാഡോസ് ക്രിസ്റ്റ്യാനോസ് എന്ന നിയമ സ്ഥാപനം ബാലെസ്റ്ററിനെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് 28,000-ത്തിലധികം ഒപ്പുകള്‍ ശേഖരിച്ചു. സ്പാനിഷ് ഒബ്‌സര്‍വേറ്ററി ഫോര്‍ റിലീജിയസ് ഫ്രീഡം ആന്‍ഡ് കണ്‍സൈന്‍സസ് എന്ന സ്ഥാപനത്തിന്റെ പ്രസിഡന്റ് മരിയ ഗാര്‍സിയ ഉന്നയിക്കുന്ന ചോദ്യം സ്‌പെയിനിലെ നീതിന്യായ സംവിധാനത്തിന്റെ നിഷ്പക്ഷതയ്ക്കുമേലുള്ള ഒരു ചോദ്യചിഹ്നമായി ഉയര്‍ന്നു നില്‍ക്കുന്നു- ”അക്രമത്തെ അപലപിക്കുന്നവരോ, അതോ അക്രമം നടത്തുന്നവരോ, ആരാണ് യഥാര്‍ത്ഥ കുറ്റവാളികള്‍?”
Leave a Comment
Your email address will not be published. Required fields are marked with *