വത്തിക്കാന്‍ സിറ്റി: ദരിദ്രരെ സ്വാഗതം ചെയ്യുകയും അവര്‍ക്ക് നീതി ലഭ്യമാക്കുകയും ചെയ്യുന്ന അമ്മയാകുവാനാണ് സഭ ആഗ്രഹിക്കുന്നതെന്ന് ലിയോ 14 -ാമന്‍ പാപ്പ. ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണത്തോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ദിവ്യബലിയര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു പാപ്പ. തങ്ങളുടെ മതവിശ്വാസത്തിന്റേതായ ലോകത്ത് ഒതുങ്ങിക്കൂടാതെ മനുഷ്യ സമൂഹത്തെ സാഹോദര്യത്തിന്റെയും മാന്യതയുടെയും ഇടമാക്കി മാറ്റാന്‍ പ്രവര്‍ത്തിക്കുവാന്‍ എല്ലാ ക്രൈസ്തവ വിശ്വാസികളോടും പാപ്പ ആഹ്വാനം ചെയ്തു.
തന്റെ ആദ്യ അപ്പസ്തോലിക പ്രബോധനത്തിന്റെ തലക്കെട്ട് ഉദ്ധരിച്ചുകൊണ്ട് ക്രിസ്തുവിന്റെ മാറ്റമില്ലാത്ത വാക്കുകള്‍ ‘ദിലെക്സി ടെ – ഞാന്‍ നിങ്ങളെ സ്നേഹിച്ചു’ പാപ്പ ദരിദ്രരെ ഓര്‍മിപ്പിച്ചു. യുദ്ധം, അക്രമം, മറ്റ് പ്രക്ഷുബ്ധതകള്‍ എന്നിവയ്ക്കിടയിലും, ക്രിസ്തുവിന്റെ ഈ ഉറപ്പ് നിലനില്ക്കുന്നു.
ഭൗതികമായ ദാരിദ്ര്യത്തിനൊപ്പം ആത്മീയ ദാരിദ്ര്യമടക്കം മറ്റ് പല ദാരിദ്ര്യങ്ങളും ഇന്ന് ലോകത്തെ ഞെരുക്കുന്നുണ്ടെന്ന് പാപ്പ തുടര്‍ന്നു. എല്ലാത്തരം ദാരിദ്ര്യങ്ങള്‍ അനുഭവിക്കുന്നവരില്‍ സംഭവിക്കുന്ന ഒറ്റപ്പെടലാണ് ഏറ്റവും വലിയ ദുരന്തം. ഇതിനെ ചെറുക്കുന്നതിന്, ഭൗതികമായ സഹായങ്ങള്‍ക്കപ്പുറം ‘പരിഗണനയുടെ ഒരു സംസ്കാരം’ വളര്‍ത്തിയെടുക്കാന്‍ പാപ്പ സഭയെ ഉദ്ബോധിപ്പിച്ചു.
ദിവ്യബലിക്ക് ശേഷം, വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ ദാരിദ്ര്യവും ഒറ്റപ്പെടലും അനുഭവിക്കുന്ന 1,300-ലധികം ആളുകളോടൊപ്പം പാപ്പ ഉച്ചഭക്ഷണത്തില്‍ പങ്കുചേര്‍ന്നു. വിന്‍സെന്‍ഷ്യന്‍ സന്യാസ സമൂഹമായ കോണ്ഗ്രിഗേഷന് ഓഫ് ദി മിഷനാണ്, സന്യാസ സഭ സ്ഥാപിതമായതിന്റെ 400 -ാം വാര്‍ഷികത്തോടനുബന്ധിച്ച് ഉച്ചഭക്ഷണം ക്രമീകരിച്ചത്.
















Leave a Comment
Your email address will not be published. Required fields are marked with *