Follow Us On

19

April

2024

Friday

മേയ് 24: ക്രിസ്ത്യാനികളുടെ സഹായമായ മാതാവ്‌

മേയ് 24: ക്രിസ്ത്യാനികളുടെ സഹായമായ മാതാവ്‌

ദൈവമക്കളുടെ മാതാവെന്ന നിലയില്‍ പരിശുദ്ധ മറിയം യുഗങ്ങളായി ക്രിസ്ത്യാനികളെ സഹായിച്ചുകൊണ്ട് തന്റെ മക്കളുടെ പ്രാര്‍ത്ഥനകള്‍ക്ക്‌ മറുപടി നല്‍കുന്നു. വ്യക്തികളുടേയും, കുടുംബങ്ങളുടേയും, നഗരങ്ങളുടേയും, രാജ്യങ്ങളുടേയും, രാഷ്ട്രങ്ങളുടേയും സഹായത്തിനെത്തുന്ന പരിശുദ്ധ അമ്മയോടുള്ള ഭക്തി എല്ലാ വിശ്വാസികളിലും വര്‍ദ്ധിച്ചിട്ടുണ്ട്. 1241-ല്‍ തെക്കന്‍ ഫ്രാന്‍സിനെ ആകമാനം തുടച്ചു നീക്കികൊണ്ടിരുന്ന അല്‍ബിഗേസിയന്‍ മതവിരുദ്ധവാദത്തെ പ്രതിരോധിക്കുവാന്‍ ജപമാല എന്ന ആയുധം പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്കിന് നല്‍കുകയുണ്ടായി. ജപമാല ചൊല്ലുന്നത് വഴി മാതാവ്‌ സഹായത്തിനെത്തും എന്ന കാര്യവും, ഇത് ദൈവത്തിന്റെ ഇഷ്ടപ്രകാരമാണെന്ന കാര്യവും ലോകം മുഴുവനുമുള്ള ക്രിസ്ത്യാനികളെ പരിശുദ്ധ അമ്മ അറിയിച്ചു.

51 വയസ്സുള്ള ഒരു കര്‍ഷകനായിരുന്നു ജുവാന്‍ ഡീഗോ. 1531-ല്‍ മെക്സിക്കോയില്‍ ജുവാന്‍ ഡീഗോയ്ക്കു മാതാവ്‌ പ്രത്യക്ഷപ്പെട്ടു. ഈ പ്രത്യക്ഷപ്പെടലിനെ തുടര്‍ന്നു ഏതാണ്ട് 10 ദശലക്ഷത്തോളം ആള്‍ക്കാര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിച്ചുവെന്ന്‍ പറയപ്പെടുന്നു. ബലിയര്‍പ്പിക്കുവാനായി കുട്ടികളെ കൊല്ലുന്ന പതിവ് അവിടെ നിലനിന്നിരിന്ന അനാചാരമായിരിന്നു. പരിശുദ്ധ അമ്മയുടെ പ്രത്യക്ഷപ്പെടലോടെ ഈ അനാചാരം അവസാനിച്ചു.

1571 ഒക്ടോബര്‍ 7ന് യൂറോപ്പില്‍ മഹായുദ്ധമുണ്ടായി. യൂറോപ്പ്‌ മുഴുവനുമുള്ള കത്തോലിക്കര്‍ ജപമാല ചൊല്ലിയതിന്റെ ഫലമായി ക്രിസ്ത്യാനികള്‍ ആകമാനം രക്ഷപ്പെടുകയുണ്ടായെന്ന്‍ ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. ഇക്കാരണത്താല്‍ തന്നെ ഈ ദിവസം പരിശുദ്ധ ജപമാലയുടെ തിരുനാള്‍ ദിനമായി അംഗീകരിക്കപ്പെട്ടു. മുസ്ലീങ്ങളുടെ മേല്‍ ക്രിസ്ത്യാനികള്‍ നേടിയ നിര്‍ണ്ണായകമായ വിജയത്തിന്റെ നന്ദി പ്രകടിപ്പിക്കുവാനായി 1573-ല്‍ പിയൂസ്‌ അഞ്ചാമന്‍ പാപ്പായാണ് ഈ തിരുനാള്‍ സ്ഥാപിച്ചത്.

പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഏതാണ്ട് രണ്ടു ലക്ഷത്തോളം വരുന്ന ഒട്ടോമന്‍ തുര്‍ക്കികള്‍ തലസ്ഥാന നഗരമായ വിയന്ന ഉപരോധിച്ചപ്പോള്‍ ഓസ്ട്രിയായിലെ ചക്രവര്‍ത്തിയായിരുന്ന ലിയോപോള്‍ഡ്‌ ഒന്നാമന്‍ പസാവുവിലെ ക്രിസ്ത്യാനികളുടെ രക്ഷക്കായി മാതാവിന്റെ ദേവാലയത്തില്‍ അഭയം പ്രാപിച്ചു. തുടര്‍ന്ന് ഇന്നസെന്റ് പതിനൊന്നാമന്‍ പാപ്പാ മുഹമ്മദ്ദീയരുടെ ആക്രമണത്തിനെതിരായി മുഴുവന്‍ ക്രിസ്ത്യാനികളെയും ഏകോപിപ്പിച്ചു. പരിശുദ്ധ മാതാവിന്റെ ജനന തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 8ന് യുദ്ധത്തിന് വേണ്ട പദ്ധതികള്‍ ആവിഷ്കരിച്ചു. മാതാവിന്റെ നാമഹേതു തിരുനാള്‍ ദിനമായ സെപ്റ്റംബര്‍ 12ന് മാതാവിന്റെ മാദ്ധ്യസ്ഥതയാല്‍ വിയന്ന പൂര്‍ണ്ണമായും മോചിതയായി.

1809-ല്‍ നെപ്പോളിയന്റെ സൈന്യം വത്തിക്കാനില്‍ പ്രവേശിക്കുകയും, പിയൂസ്‌ ഏഴാമനെ പിടികൂടുകയും ചെയ്തു. അദ്ദേഹത്തെ ചങ്ങലകൊണ്ട്‌ ബന്ധനസ്ഥനാക്കുകയും ഗ്രെനോബിളിലേക്കും, പിന്നീട് ഫോണ്ടൈന്‍ബ്ല്യൂവിലേക്ക് കൊണ്ട്‌ പോകുകയും ചെയ്തു. അദ്ദേഹത്തിന്റെ തടവ് അഞ്ച് വര്‍ഷത്തോളം നീണ്ടു നിന്നു. തടവറയില്‍ നിന്നും പാപ്പാ ലോകത്താകമാനമുള്ള ക്രിസ്ത്യാനികളോടു മാതാവിന്റെ സഹായത്തിനായി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടു.

ഒരിക്കല്‍ കൂടി യൂറോപ്പ്‌ ഒരു ആത്മീയ യുദ്ധത്തിന്റെ പടക്കളമായി മാറി. നിഷ്കരുണരായ സൈനീക ശക്തിക്കെതിരെയുള്ള യുദ്ധം ജപമാല കൊണ്ട്‌ വിശ്വാസികള്‍ ആരംഭിച്ചു. അധികം താമസിയാതെ നെപ്പോളിയന്‍ അധികാരത്തില്‍ നിന്നും നിഷ്കാസിതനാവുകയും പാപ്പാ ജെയിലില്‍ നിന്നും മോചിതനാവുകയും ചെയ്തു. നൂറ്റാണ്ടുകളായി മാതൃത്വപരമായ സഹായങ്ങള്‍ നല്‍കികൊണ്ട്‌ നമ്മുടെ പരിശുദ്ധ കന്യക ലോകം മുഴുവനും നൂറുകണക്കിന് സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു.

പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളില്‍ ലൂര്‍ദ്ദ്, ഫാത്തിമാ എന്നിവിടങ്ങളാണ് പ്രസിദ്ധിയാര്‍ജിച്ചത്. അനുദിനം പരിശുദ്ധ അമ്മ സ്വര്‍ഗ്ഗത്തില്‍ നിന്നും ഭൂമിയിലേക്ക് സഹായം എത്തിച്ചു കൊണ്ടിരിക്കുന്നു. മാത്രമല്ല, പ്രാര്‍ത്ഥനയും, അനുതാപവും സമാധാനത്തിനുള്ള മാര്‍ഗ്ഗമെന്ന് തന്റെ മക്കള്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്തു. പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളില്‍ എല്ലാം, തന്റെ മക്കള്‍ ദിവസവും ജപമാല ചൊല്ലണമെന്ന്‌ അമ്മ ഓര്‍മ്മിപ്പിച്ചിട്ടുണ്ടെന്ന കാര്യം നാം മറക്കരുത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?