1927 ലാണ് അര്‍ജന്റീനയിലെ കൊറഡോബയില്‍ അള്‍ട്ടാ ഗ്രേസിയയിലുള്ള ലൂര്‍ദ്മാതാവിന്റെ ഗ്രോട്ടോയുടെ സമീപം ഒരു ചാപ്പല്‍ കൂദാശ ചെയ്തത്. ആ ചാപ്പലിന്റെ അള്‍ത്താരയില്‍ കേന്ദ്രസ്ഥാനത്ത് സ്ഥാപിച്ചിരുന്ന ലൂര്‍ദ് മാതാവിന്റെ തിരുസ്വരൂപം 2011 ല്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കായി അവിടുന്ന് നീക്കം ചെയ്തു.
ഇതിന് ശേഷം ചാപ്പല്‍ അടയ്ക്കുവാനായി വന്ന കര്‍മലീത്താ വൈദികനാണ് നീക്കിയ രൂപത്തിന്റെ സ്ഥാനത്ത് മാതാവിന്റെ രൂപത്തിന് സമാനമായ മറ്റൊരു രൂപം ശ്രദ്ധിച്ചത്. കൂടുതല്‍ വ്യക്തമായി വീക്ഷിക്കുവാനായി അടുത്തേക്ക് ചെന്നപ്പോള്‍ ആ രൂപം അപ്രത്യക്ഷമായി.
മാതാവിന്റെ രൂപം നീക്കം ചെയ്ത സ്ഥാനത്ത് പുതിയ മാതാവിന്റെ രൂപം പ്രത്യക്ഷപ്പെട്ടു എന്ന വാര്‍ത്ത പരന്നതോടെ ജനങ്ങള്‍ ചാപ്പലിലേക്ക് പ്രവഹിക്കുവാന്‍ തുടങ്ങി. അന്നു മുതല്‍ ഇന്നുവരെ ചാപ്പലില്‍ എത്തുന്നവര്‍ക്കെല്ലാം ശൂന്യമായ രൂപക്കൂട്ടില്‍ മാതാവിന്റെ രൂപം കാണാന്‍ സാധിക്കുന്നു. ചാപ്പലിന്റെ ചുമതല വഹിക്കുന്ന നിഷ്പാദുക കര്‍മലീത്ത സന്യാസിമാര്‍ പുറപ്പെടുവിച്ച കുറിപ്പില്‍ ഈ പ്രതിഭാസത്തിന് ഇതുവരെ ശാസ്ത്രീയമായ വിശദീകരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഫോട്ടോയിലും വീഡിയോയിലും ഉള്‍പ്പെടെ വ്യക്തമായി കാണാവുന്ന മാതാവിന്റെ രൂപം രക്ഷകനായ യേശുക്രിസ്തുവിലേക്ക് വിശ്വാസികളെ ആകര്‍ഷിക്കുന്ന പരിശുദ്ധ ദൈവമാതാവിന്റെ സാന്നിധ്യം തന്നെയാണെന്ന് പരക്കെ വിശ്വസിക്കപ്പെടുന്നു.
Leave a Comment
Your email address will not be published. Required fields are marked with *