ആ പടയാളികളെ സമ്മതിക്കണം… എങ്ങനെയാണിത്ര നിഷ്ഠൂരമായി അവര്‍ അവന്റെ മേനി ഉഴവ് ചാലാക്കിയത്. മനുഷ്യനാണെന്ന പരിഗണനപോലും നല്‍കാതെ ഒരു വേട്ടമൃഗത്തെ തല്ലിക്കൊല്ലുന്ന ലാഘവത്തോടെയാണവര്‍ അവനെ മുറിപ്പെടുത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പിറങ്ങിയ ചലചിത്രമാണ് മെല്‍ ഗിബ്‌സന്റെ ‘The Passion of the Christ’. ആ ചിത്രം ഇന്നേവരെ എനിക്ക് കണ്ടു മുഴുവിപ്പിക്കാന്‍ പറ്റിയിട്ടില്ല. ചമ്മട്ടി അടിയുടെ ആഘാതം ഇപ്പോഴും എന്റെ ഹൃദയത്തിലാണ് വന്നു പതിയുന്നത്. പലപ്പോഴും തോന്നിയിട്ടുണ്ട്, പടയാളികളല്ല യഥാര്‍ത്ഥ തെറ്റുകാരെന്ന്. അവര്‍ അവരുടെ ഡ്യൂട്ടി ഭംഗിയായി ചെയ്തനേ ഉള്ളൂ..
നമ്മള്‍ ചെയ്തതിനെല്ലാമാണ് അവന്‍ സഹിച്ചതെന്നു വായിക്കുമ്പോള്‍ ചങ്ക് പിടയുന്നുണ്ട്.
‘ചങ്കാണ് എനിക്കെന്റെ ഈശോ’ എന്നൊക്കെ പാടുകയും ഏറ്റുപ്പാടുകയുമൊക്കെ ചെയ്യുന്ന നമ്മളല്ലേ അവന്റെ ശരീരത്തില്‍ മുറിവ് സൃഷ്ടിക്കുന്ന യഥാര്‍ത്ഥ പടയാളികള്‍.
ഈ ഒരു സൂചന മെല്‍ഗിബ്‌സനെ Interview ചെയ്തപ്പോള്‍ അയാള്‍ തന്നെ പറഞ്ഞ് വെച്ചിട്ടുണ്ട്. ആ ചിത്രത്തില്‍ ഈശോയുടെ കൈയുടെ ഉള്ളില്‍ ആരാണ് ആണി അടിച്ചതെന്ന ചോദ്യത്തിന് അല്പനേരത്തെ നിശബ്ദതയ്ക്ക് ശേഷം അയാള്‍ ഇങ്ങനെയാണ് പ്രതികരിച്ചത്. പടയാളികളോ, റോമക്കാരോ, യഹൂദരോ അല്ല. ഞാനാണ് ഈശോയുടെ കൈയില്‍ ആണിയടിച്ചത്. എന്റെ കന്നത്തരങ്ങള്‍ കൊണ്ട് തീര്‍ത്ത ആണികളാലും കുന്തത്താലും ഒരിക്കലല്ല പലവുരു ഞാന്‍ അവനെ നല്ലത് പോലെ മുറിപ്പെടുത്തുന്നുണ്ട്.നിന്റെയും എന്റെയും സ്വഭാവ ദൂഷ്യമല്ലേ അവന് കുരിശ് മരണം തീര്‍ത്തതെന്നു ഈ നോമ്പില്‍ നമുക്ക് ആലോചിക്കാം. ഈശോയെ നീ കരയല്ലേ… എന്ന് ആ കുഞ്ഞ് ഈശോയുടെ കുരിശ് നോക്കി വിലപിച്ചു പ്രാര്‍ത്ഥിച്ചതുപോലെ. രണ്ടാം ക്രിസ്തു കുരിശില്‍ നിന്നും അവന്റെ ആണി അഴിച്ചു മാറ്റാന്‍ പാടുപ്പെട്ടത് പോലെ ഇനി മുതല്‍ അവനെ കരയിപ്പിക്കാതെ. അവന് മുറിവ് സമ്മാനിക്കാതെ ജീവിക്കാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.
ആ പാട്ട് വീണ്ടും ഓര്‍മയില്‍ വരുന്നു.
എന്റെ മുഖം വടിയാല്‍
ദൈവത്തിന്‍ മുഖം വാടും.
എന്‍ മിഴികള്‍ ഈറനണിഞ്ഞാല്‍
ദൈവത്തില്‍ മിഴി നിറയും.
ഞാന്‍ പാപം ചെയ്തകന്നീടുമ്പോള്‍
ദൈവത്തിന്‍ ഉള്ളം തേങ്ങും
ഞാന്‍ പിഴകള്‍ ചൊല്ലിടുമ്പോള്‍
ദൈവത്തിന്‍ കരളലിയും
Leave a Comment
Your email address will not be published. Required fields are marked with *