Follow Us On

21

December

2024

Saturday

പെരുവഴിയന്റെ പിന്നാലെ 25 വര്‍ഷങ്ങള്‍

പെരുവഴിയന്റെ പിന്നാലെ 25 വര്‍ഷങ്ങള്‍

രഞ്ജിത്ത് ലോറന്‍സ്‌

ഒരിക്കല്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഫാ. റോയ് പാലാട്ടി യൂറോപ്പിലേക്ക് യാത്ര ചെയ്യുന്ന അവസരത്തില്‍ അദ്ദേഹം വൈദികനാണെന്ന് തിരിച്ചറിഞ്ഞ സഹയാത്രികന്‍ ഇപ്രകാരം ചോദിച്ചു -”ഇപ്പോഴും ഇതുപോലുള്ള വൈദികരൊക്കെ ഉണ്ടോ?” തുടര്‍ന്ന് താന്‍ ഒരു അസോസിയേറ്റ് പ്രഫസറാണെന്നും മതവിശ്വാസം അന്ധവിശ്വാസമാണെന്നും ശാസ്ത്രത്തിലാണ് താന്‍ വിശ്വസിക്കുന്നതെന്നുമൊക്കെ അദ്ദേഹം വിവരിച്ചു. ഇതെല്ലാം ശ്രദ്ധാപൂര്‍വ്വം കേട്ടിരുന്ന പാലാട്ടി അച്ചന്‍ അവസാനം ഇങ്ങനെ ചോദിച്ചു -”നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. നമ്മള്‍ ഇപ്പോള്‍ യാത്ര ചെയ്യുന്ന ഈ യുണൈറ്റഡ് എയര്‍ലൈന്‍സിന്റേത് ഉള്‍പ്പെടെയുള്ള പല വിമാനങ്ങളിലും 13-ാം നമ്പര്‍ സീറ്റ് ഇല്ല. ശാസ്ത്രം ഇത്രയും പുരോഗമിച്ച ഈ ലോകത്ത് ഇന്നും തുടരുന്ന ഇത്തരം അന്ധവിശ്വാസത്തെക്കാള്‍ (13 -ാം നമ്പറിനോടുള്ള ഭയം) എന്തുകൊണ്ടും കരുത്തുറ്റതല്ലേ ദൈവത്തിലുള്ള വിശ്വാസം?” – ഈ ചോദ്യം ആ വ്യക്തിയെ സ്പര്‍ശിച്ചു. തുടര്‍ന്ന് 13-ാം നമ്പര്‍ കത്തോലിക്കര്‍ക്ക് പ്രിയപ്പെട്ട നമ്പറാണെന്നും മാതാവിന്റെ പല പ്രത്യക്ഷീകരണങ്ങളും നടന്നത് 13-ാം തിയതി ആണെന്നും അച്ചന്‍ വിശദീകരിച്ചതോടെ അദ്ദേഹത്തിന് അച്ചന്റെ ദൈവവിശ്വാസത്തിലുള്ള താല്‍പര്യം വര്‍ധിച്ചു.

ഇത്തരത്തിലുള്ള ‘ഡിവൈന്‍ സ്പാര്‍ക്കുകളാണ്’ സുവിശേഷം പകരുന്നതിനായി ലോകമെമ്പാടും സഞ്ചരിച്ചുകൊണ്ട് റവ. ഡോ. റോയ് പാലാട്ടി സിഎംഐ മനുഷ്യഹൃദയങ്ങളില്‍ കോറിയിടുന്നത്. ഭൗതികതയില്‍ മുഴുകിയിരിക്കുന്ന ഹൃദയങ്ങളെ ദൈവത്തിലേക്ക് തിരിക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. സണ്‍ഡേ ശാലോമിന്റെ ജനറല്‍ എഡിറ്ററും ശാലോം വിദേശ ശുശ്രൂഷകളുടെ സ്പിരിച്വല്‍ ഡയറക്ടറുമായ ഫാ. റോയ് പാലാട്ടി സിഎംഐ സന്യാസവ്രതം സ്വീകരിച്ചതിന്റെ രജതജൂബിലി ആഘോഷിക്കുകയാണ് ഈ വര്‍ഷം. ജീവിതസാക്ഷ്യവും സുവിശേഷ ചിന്തകളും കോര്‍ത്തിണക്കി വിഭവസമൃദ്ധമായ ഒരു വിരുന്ന് ജൂബിലി വര്‍ഷത്തില്‍ അച്ചന്‍ സണ്‍ഡേ ശാലോം വായനക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നു…

?  പഴയ ‘അങ്കമാലി ഡയറി’ ഒന്ന് പൊടി തട്ടിയെടുക്കാനുള്ള അവസരമാണല്ലോ ജൂബിലി. സിനിമക്ക് പോകാനിറങ്ങിയ ചെറുപ്പക്കാരനെ യേശു വിളിക്കുന്നിടത്തുനിന്നാണ് ആ കഥ തുടങ്ങുന്നത്
അങ്കമാലിക്ക് അടുത്ത് കറുകുറ്റി സിഎംഐ സന്യാസഭവനത്തോട് ചേര്‍ന്നായിരുന്നു വീട്. പ്രീഡിഗ്രി പഠിക്കുന്ന സമയം. സിനിമ കാണാനാണ് അന്ന് കൂട്ടുകാരനോടൊപ്പം വീട്ടില്‍ നിന്നിറങ്ങിയത്. ബസ് കിട്ടാത്തതിനാല്‍ സിനിമക്ക് പോകാന്‍ സാധിച്ചില്ല. അപ്പോഴാണ് നല്ലൊരു പാട്ട് കേള്‍ക്കുന്നത്. യേശു വിളിക്കുന്നു, യേശു വിളിക്കുന്നു…സ്‌നേഹമോടെ തന്‍ കരങ്ങള്‍ നീട്ടി യേശു വിളിക്കുന്നു എന്ന ഗാനം. നല്ല പാട്ടാണല്ലോ, നമുക്ക് പോയാലോ എന്ന് കൂട്ടുകാരനാണ് ചോദിച്ചത്. സിനിമക്കോ പോകാന്‍ പറ്റിയില്ല, ഇനിയിപ്പം അവിടെ പോയിട്ട് എന്തിനാ എന്ന് ചോദിച്ച് വിമുഖതയോടെയാണ് ഞാന്‍ അവിടേക്ക് ചെന്നത്.

അതൊരു ക്രിസ്റ്റീന്‍ ധ്യാനമായിരുന്നു. ഏറ്റവും പുറകിലായി ഞങ്ങള്‍ ഇടംപിടിച്ചു. അപ്പോഴാണ് സ്റ്റേജില്‍ നിന്ന അച്ചന്‍ അന്ന് കൗതുകകരമായി തോന്നിയ കാര്യം വിളിച്ചുപറഞ്ഞത്. ഞാനിപ്പോള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ സമൂഹത്തിലുള്ള ഏഴു പേര്‍ കരയുമെന്നായിരുന്നു ആ അനൗണ്‍സ്‌മെന്റ്. ആരാണ് കരയുന്നതെന്ന് നമുക്കൊന്ന് നോക്കണമെന്ന് പറഞ്ഞ് ഞങ്ങള്‍ പുറകില്‍ തന്നെ നിന്നു. പ്രാര്‍ത്ഥന തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ എന്റെയും കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ഈശോയുടെ സ്പര്‍ശനം ലഭിച്ച ആ ധ്യാനത്തോടെ ജീവിതത്തില്‍ അടിമുടി മാറ്റങ്ങളുണ്ടായി. ദൈവം ഒരു മനുഷ്യനെ വിളിക്കാന്‍ തീരുമാനിച്ചാല്‍ അതിന് അവന്റെ യോഗ്യതകള്‍ തടസമല്ലെന്ന് എനിക്ക് ബോധ്യമായത് ആ ക്രിസ്റ്റീന്‍ ധ്യാനത്തിലൂടെയായിരുന്നു.

? പൗരോഹിത്യജീവിതത്തിലേക്കുള്ള കടന്നുവരവ് വിപ്ലവകരമായ ഒരു തിരഞ്ഞെടുപ്പായിരുന്നോ.
അപ്പച്ചനും അമ്മച്ചിക്കും ഞാന്‍ ഏകമകനാണ്. എനിക്ക് രണ്ട് സഹോദരിമാരാണുള്ളത്. എം.കോം എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളജിലാണ് പഠിച്ചത്. അവിടെ പഠിക്കുന്ന സമയത്ത് തന്നെ ഹോളണ്ടിലെ ഒരു ഹോട്ടലില്‍ അക്കൗണ്ടന്റായി അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ ലഭിച്ചു. പൗരോഹിത്യജീവിതത്തോട് ആഭിമുഖ്യം ഉണ്ടായിരുന്നതിനാല്‍ ഈ വിദേശജോലി സ്വീകരിക്കുന്നതിനെക്കുറിച്ച് പലരോടും ആലോചന ചോദിച്ചു. ഇത് അധികം ആര്‍ക്കും ലഭിക്കാത്ത നല്ല സാധ്യതയാണെന്നും ഒറ്റ മകനായതിനാല്‍ അത് തിരഞ്ഞെടുക്കുന്നതായിരിക്കും നല്ലതെന്നുമാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. ആ കാലത്ത് ക്രിസ്റ്റീന്‍ ധ്യാനങ്ങള്‍ക്ക് ക്ലാസുകളെടുക്കാന്‍ പോയിരുന്നു. വിശുദ്ധര്‍ ജീവിതത്തില്‍ നടത്തിയ വിപ്ലവകരമായ തിരഞ്ഞെടുപ്പുകളെക്കുറിച്ച് കുട്ടികളോട് പ്രസംഗിക്കുന്ന എനിക്ക് എന്റെ ജീവിതത്തില്‍ അത്തരം തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ സാധിക്കുന്നില്ല എന്നത് വലിയൊരു വെല്ലുവിളിയായി മാറി.

ഒരു കാര്യം എനിക്ക് മനസിലായി ദൈവവിളിയുടെ കാര്യത്തില്‍ ആരോടൊക്കെ അഭിപ്രായം ചോദിച്ചാലും ആത്യന്തികമായ തീരുമാനം എടുക്കേണ്ടത് ഞാന്‍ തന്നെയാണ്. ഇത് ഞാനും ദൈവവും തമ്മിലുള്ള കാര്യമാണ്. ബൈബിളിലാണെങ്കിലും ദൈവവിളികള്‍ അങ്ങനെയാണ്. വ്യക്തിപരമായിട്ടാണ് കര്‍ത്താവ് വിളിക്കുന്നത്. അയക്കുന്നത് രണ്ടുപേരെ വച്ചാണെങ്കിലും വിളിക്കുന്നത് വ്യക്തിപരമായാണ്. അന്ന് കറുകുറ്റി ആശ്രമത്തിന്റെ മുകളില്‍ കുറെ പടികളുണ്ട്. ആ പടികളുടെ മുകളില്‍ കയറി രണ്ടു മണിക്കൂര്‍ നേരം പ്രാര്‍ത്ഥനയില്‍ ചിലവഴിച്ചു. പിന്നെ അപ്പോയിന്റ്‌മെന്റ് ലെറ്റര്‍ എടുത്ത് കീറിക്കളഞ്ഞശേഷമാണ് തിരികെ വീട്ടിലേക്ക് പോയത്.

വീട്ടിലെത്തിയപ്പോള്‍ അപ്പച്ചന് വലിയ വിഷമമായിരുന്നു. വിദേശത്ത് ജോലി ലഭിക്കുകയും അതിനെക്കുറിച്ച് പലരോടും പറയുകയും ചെയ്തതിനുശേഷം ആ ജോലി വേണ്ടെന്ന് വച്ചതിന്റെ സ്വഭാവികമായ വേദനയായിരുന്നു അത്. അപ്പച്ചന്‍ തലയിണ കെട്ടിപ്പിടിച്ച് കരയുന്നതൊക്കെ ഓര്‍ക്കുന്നുണ്ട്. ഏതായാലും എംകോം പരീക്ഷ എഴുതുന്നതിന് തൊട്ടുമുമ്പുതന്നെ ഞാന്‍ സെമിനാരിയില്‍ ചേര്‍ന്നു.

? ബിരുദവും ബിരുദാനന്തരബിരുദവും റാങ്കോടെയാണ് പാസായത്
ജീവിതത്തില്‍ ഒളിച്ചുവയ്ക്കാനാഗ്രഹിക്കുന്ന കാര്യമുണ്ടെങ്കില്‍ അതെന്റെ എസ്എസ്എല്‍എസി ബുക്കാണ്. എന്നാല്‍ പ്രീഡിഗ്രി കാലത്തുണ്ടായ ദൈവാനുഭവത്തിനുശേഷം പഠനമേഖലയില്‍ ഉണ്ടായ മാറ്റം വിവരിക്കാനാവാത്തതാണ്. അന്ന് ക്രിസ്റ്റീന്‍ ധ്യാനത്തില്‍ പങ്കെടുത്ത ശേഷം പിന്തിരിഞ്ഞ് നോക്കേണ്ടതായി വന്നിട്ടില്ല. ബിരുദവും ബിരുദാനന്തര ബിരുദവും ബിഎഡും റാങ്കോടെ പാസായി. ബല്‍ജിയത്തിലെ പ്രശസ്തമായ ലൂവെയ്ന്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി ഗോള്‍ഡ്‌മെഡലോടെ പൂര്‍ത്തീകരിക്കുവാനും ദൈവം അനുഗ്രഹിച്ചു.

? ഇംഗ്ലീഷ് ഭാഷയിലുള്ള ലോകത്തിലെ ഏറ്റവും മികച്ച കത്തോലിക്ക ചാനലുകളിലൊന്നാണ് ‘ശാലോം വേള്‍ഡ്’. ആദ്യനാളുകള്‍ മുതല്‍ ‘ശാലോം വേള്‍ഡിനൊപ്പം’ പ്രവര്‍ത്തിച്ച അച്ചന്റെ അനുഭവങ്ങള്‍.
ഒരുപക്ഷേ സഭയുടെ ചരിത്രത്തില്‍ ആദ്യമായാവും കുടിയേറ്റക്കാരായ ഒരു സമൂഹം തദ്ദേശവാസികള്‍ക്കായി ഇത്തരം ഒരു സംരംഭം ആരംഭിക്കുന്നത്. ദൈവം നല്‍കിയ ഈ സ്വപ്നം ശാലോമിന്റെ നേതൃത്വത്തിലുള്ളവര്‍ ധ്യാനങ്ങളിലും കണ്‍വന്‍ഷനുകളിലും ഫെസ്റ്റിവലുകളിലും പങ്കുവച്ചപ്പോള്‍ ജനം ആവേശത്തോടെ സ്വീകരിച്ചു. സമ്പത്തും ആരോഗ്യവും കഴിവുകളും ഇതിനായി മാറ്റിവയ്ക്കാന്‍ നിരവധിയാളുകള്‍ മുമ്പോട്ടു വന്നു. എങ്കിലും അവിടെയുള്ള ജനങ്ങള്‍ കുടിയേറ്റക്കാരുടെ ഈ ചാനലിനെ സ്വീകരിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു. ‘ശാലോം വേള്‍ഡ് എന്ന ചാനല്‍ പ്രഖ്യാപിക്കുന്നതിനായുള്ള സമ്മേളനം ചിക്കാഗോയിലാണ് ക്രമീകരിച്ചിരുന്നത്.

അമേരിക്കയിലെ പ്രമുഖരായ കത്തോലിക്ക പ്രഭാഷകരെയും കര്‍ദിനാള്‍മാരെയുമൊക്കെ ക്ഷണിച്ചു. ആയിരം പേര്‍ക്ക് ഇരിക്കാവുന്ന ഹാള്‍ ഒരു കൊല്ലം മുമ്പുതന്നെ ബുക്ക് ചെയ്തു. എന്നാല്‍ ഇംഗ്ലീഷുകാരെ പ്രതീക്ഷിച്ച് നടത്തുന്ന ഈ കോണ്‍ഫ്രന്‍സ് നടക്കേണ്ട ദിവസം അടുത്തിട്ടും പത്തോ പതിനെട്ടോ പേര്‍ മാത്രമായിരുന്നു കോണ്‍ഫ്രന്‍സിന് രജിസ്റ്റര്‍ ചെയ്തത്. ഹൃദയം തകര്‍ന്നുപോകുന്ന സാഹചര്യം. ദിവ്യകാരുണ്യത്തിന്റെ മുമ്പില്‍ എട്ട് മണിക്കൂറോളം ദിവസേന പ്രാര്‍ത്ഥിക്കുകയായിരുന്നു ആ സമയത്ത് എന്റെ ഉത്തരവാദിത്വം. ദൈവം അത്ഭുതകരമായി ഇടപെട്ടു. പ്രോഗ്രാം ദിവസം ഹാള്‍ നിറഞ്ഞ് കവിഞ്ഞ് ആയിരത്തിലധികമാളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.

യുഎസ് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ അന്നത്തെ തലവനായിരുന്ന കര്‍ദിനാള്‍ തിമോത്തി ഡോളന്‍ ശാലോം വേള്‍ഡ് ചാനല്‍ പ്രഖ്യാപിക്കുകയും എല്ലാവരെയും കാണാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ചിക്കാഗോയില്‍ മാത്രമല്ല, മറ്റ് സ്ഥലങ്ങളില്‍ യുഎസ് സ്വദേശികള്‍ക്കായി ഒരുക്കിയ ശാലോം ഫെസ്റ്റിവലുകളിലും ഇതു തന്നെ സംഭവിച്ചു. ‘കളേര്‍ഡ്’ ആയുള്ള കുറേ മനുഷ്യര്‍ യുഎസ് പോലുള്ള ഒരു രാജ്യത്ത് ഒരുക്കിയ ആ പരിപാടികളിലെ ജനപങ്കാളിത്തം വലിയൊരു വിസ്മയമായിരുന്നു. ആത്മാവിന്റെ പ്രവര്‍ത്തനമില്ലെങ്കില്‍ ഒരിക്കലും സംഭവിക്കില്ലാത്ത അത്ഭുതം! രണ്ട് മൂന്ന് വര്‍ഷംകൊണ്ട് തദ്ദേശവാസികളുടെ ഇടയില്‍ നല്ല ക്രെഡിബിലിറ്റി രൂപപ്പെടുത്താന്‍ സാധിച്ചു. ആരംഭിച്ച് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 40 വര്‍ഷത്തെ പാരമ്പര്യമുള്ള ആദ്യ കത്തോലിക്ക ടെലിവിഷന്‍ ചാനലിനെ മറികടന്ന് മികച്ച ചാനലായി ശാലോം വേള്‍ഡ് തിരഞ്ഞെടുക്കപ്പെട്ടു.

? നിര്‍മിതബുദ്ധിയും 5-ജിയും 6-ജിയുമാണ് ഇന്ന് ലോകം ഭരിക്കുന്നത്. ദൈവവിശ്വാസം ഇന്നും പ്രസക്തമാണോ? വരുന്ന തലമുറകള്‍ക്ക് ക്രൈസ്തവ വിശ്വാസത്തില്‍ താല്‍പര്യമുണ്ടാകുമോ.
വിശ്വാസിയും അവിശ്വാസിയും ഒരുപോലെ ഉത്തരം തേടുന്ന ഒരു ചോദ്യമുണ്ട്. എന്താണ് ഈ ജീവിതത്തിന്റെ അര്‍ത്ഥം എന്നതാണത്. സോഷ്യല്‍ മീഡിയയില്‍ എന്തുകൊണ്ടാണ് നാം ഇത്രയധികം സമയം ചെലവഴിക്കുന്നത്? ഒരു കാര്യത്തിലും തങ്ങി നില്‍ക്കാതെ ‘സ്‌ക്രോള്‍’ ചെയ്തുകൊണ്ടിരിക്കുന്നു. ഇത് ഒരു സൂചനയാണ്. ഒന്നിലും മനുഷ്യന് തൃപ്തി കിട്ടുന്നില്ല എന്നതിന്റെ സൂചന. ആ അന്വേഷിക്കുന്നതിന് നമ്മള്‍ നല്‍കുന്ന പേരാണ് ദൈവം. ”പ്രിയപ്പെട്ട യുവജനങ്ങളെ, നിങ്ങള്‍ അന്വേഷിക്കുന്ന, നിങ്ങള്‍ക്ക് അനുഭവിക്കാന്‍ അര്‍ഹതയുള്ള, സന്തോഷത്തിന് ഒരു പേരും മുഖവുമുണ്ട്. അത് നസ്രായേനായ യേശു എന്നാണ്”എന്ന് ബനഡിക്ട് മാര്‍പാപ്പ യുവജനങ്ങളോട് പറയുന്നു.

ഇന്ന് തീര്‍ത്ഥാടനങ്ങള്‍ക്കും യാത്രകള്‍ക്കും പോകാന്‍ ചെറുപ്പക്കാര്‍ ഏറെ ഇഷ്ടപ്പെടുന്നു. അതുപോലെ പല പ്രസ്ഥാനങ്ങളിലേക്കും അവര്‍ സാഹസികമായി എടുത്തുചാടുന്നു. ഇതെല്ലാം ആധുനിക കാലത്ത് നമ്മുടെ യുവജനങ്ങള്‍ നടത്തുന്ന ദൈവാന്വേഷണം തന്നെയാണ്. മിഷന്‍ ദേശങ്ങളിലേക്ക് പോയി സുവിശേഷം കൊടുക്കുവാനുള്ള വിളി എത്രയോ മലയാളികളാണ് ഇന്ന് സ്വീകരിച്ചിരിക്കുന്നത്. അത് ഏറ്റെടുക്കാന്‍ എത്രയോ ചെറുപ്പക്കാരാണ് മുമ്പോട്ട് വരുന്നത്. മറുവശത്ത് മിണ്ടാമഠം പോലെ ഏകാന്തതയിലും മൗനത്തിലും ദൈവത്തെ തേടുവാന്‍ റാഡിക്കലായി കടന്നു വരുന്ന യുവജനങ്ങളുണ്ട്. എന്നാല്‍ നാമമാത്ര ക്രിസ്ത്യാനിയായി ജീവിക്കുന്നതില്‍ യുവജനങ്ങള്‍ അഭിമാനം കണ്ടെത്തുന്നില്ല എന്നത് സത്യമാണ്.

? കോവിഡാനന്തരകാലം സഭയുടെ മുന്നില്‍ നിരവധി വെല്ലുവിളികളുയര്‍ത്തുന്നു. ഒരു പുതിയ പന്തക്കുസ്ത ഇനിയും അകലെയാണോ
~ഒരു ഇന്‍സ്റ്റിറ്റിയൂഷന്‍ എന്ന നിലയില്‍ സഭ പ്രതിസന്ധികള്‍ നേരിടുമ്പോഴും ക്രിസ്തുവിന്റെ സുവിശേഷത്തോട് പ്രതിബദ്ധത പുലര്‍ത്തുന്ന അപ്പസ്‌തോലിക സമൂഹങ്ങള്‍ എല്ലായിടത്തും വളര്‍ന്നു വരുന്നുണ്ട് എന്നത് ശ്രദ്ധേയമായ കാര്യമാണ്. ആ ചെറിയ സമൂഹങ്ങള്‍ ഭൂമിയുടെ ഉപ്പായി മാറും എന്നത് നിസ്തര്‍ക്കമായ കാര്യമാണ്.

പരിശുദ്ധാത്മാവ് സഹായകനാണല്ലോ. ആരെല്ലാം പ്രാര്‍ത്ഥിക്കുന്നുണ്ടോ അവര്‍ക്കെല്ലാം സഹായകനെ ലഭിക്കും. ആസ്‌ബെറിയിലാണെങ്കിലും പീറ്റ്‌സ്ബര്‍ഗിലെ ഡുക്കെയ്‌നിലാണെങ്കിലും കേരളത്തില്‍ സംഭവിക്കുന്ന മുന്നേറ്റങ്ങളിലാണെങ്കിലും വ്യക്തിപരമായി പ്രാര്‍ത്ഥിക്കുന്ന ഏത് സാധാരണ മനുഷ്യന്റെ ജീവിതത്തിലാണെങ്കിലും സഹായകന്‍ വരുക തന്നെ ചെയ്യും. അത് നമ്മള്‍ ഉദ്ദേശിക്കുന്ന വിധത്തിലോ ഉദ്ദേശിക്കുന്ന സ്ഥലത്തോ ആയിരിക്കണമെന്നില്ല.
ജറുസലേം ദൈവാലയം അടുത്തുണ്ടായിട്ടും ഒരു സെഹിയോന്‍ ഊട്ടുശാലയിലാണ് പരിശുദ്ധാത്മാവ് എഴുന്നള്ളി വന്നത്. അത് ചെറിയ ഒരു മുറിയായിരുന്നു. ഇത് നമുക്കുള്ള ഒരു അടയാളമാണ്. സാധാരണക്കാരായ മനുഷ്യര്‍ ഒരുമിച്ച് കൂടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഇപ്പോഴും ദൈവത്തിന്റെ ആഴമായ സാന്നിധ്യം വെളിപ്പെടുന്നു. പക്ഷേ മറ്റ് പലയിടങ്ങളിലും അത് പ്രകടമായി കാണുന്നില്ല. അത് ആത്മശോധനക്ക് വിധേയമാകണം. പൊതുവായ ഒരു മാനസാന്തരവും ക്ഷമ ചോദിക്കലും സഭയില്‍ സംഭവിച്ചാല്‍ മുഴുവന്‍ സഭയിലേക്കും പരിശുദ്ധാത്മാവിന്റെ ശക്തമായ സാന്നിധ്യം കടന്നുവരുമെന്നതില്‍ സംശയമില്ല.

രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്കും ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്കും സുവിശേഷവുമായി സഞ്ചരിക്കുന്ന പാലാട്ടി അച്ചന്‍ ഇങ്ങനെ പറഞ്ഞാണ് അവസാനിപ്പിച്ചത്. ഞാന്‍ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഒരു കാര്യമായിരുന്നു കുറച്ചു പ്രൈവസി (സ്വകാര്യത). വലിയ മുറിയോ, അറ്റാച്ച്ഡ് ബാത്ത്‌റൂമോ ഒന്നും വേണ്ട. സ്വകാര്യതയില്‍ എഴുതാനും വായിക്കാനും പ്രാര്‍ത്ഥിക്കാനും സാധിക്കുന്ന ഒരു കുഞ്ഞു മുറി. അതെന്റെ വലിയ ആഗ്രഹമായിരുന്നു. പക്ഷെ ശാലോം വേള്‍ഡിലേക്ക് വിളിച്ചപ്പോള്‍ ദൈവം ആദ്യം എടുത്തുമാറ്റിയത് ആ പ്രൈവസിയായിരുന്നു. ശ്രേഷ്ഠമായ ആ വിളിക്ക് നല്‍കേണ്ടിയിരുന്ന വിലയായിരുന്നു അത്. 2023 ല്‍ മെയ് മാസം വരെ 14 ദിവസം മാത്രമാണ് യുഎസിലുള്ള ഭവനത്തില്‍ കിടന്നുറങ്ങാന്‍ സാധിച്ചതെന്ന് അച്ചന്‍ കൂട്ടിച്ചേര്‍ത്തു.

എങ്കിലും, ഭാഷ പോലും വശമില്ലാത്ത രാജ്യങ്ങളില്‍ ‘പാദ്രെ’ ക്ക് ചൂടുള്ള ഭക്ഷണപ്പൊതികള്‍ സമ്മാനിച്ച്, എവിടെ നിന്നോ വന്ന് എവിടെയോ പോയി മറയുന്ന അമ്മമാരിലൂടെ, അച്ചന്റെ ശുശ്രൂഷകളിലൂടെ അനുഗ്രഹിക്കപ്പെട്ട ആയിരക്കണക്കിന് ദൈവജനത്തിലൂടെ, സഹായവും പ്രോത്സാഹനവുമായി എന്നും ഒപ്പമുണ്ടായിരുന്ന അധികാരികളിലൂടെ എല്ലാം, ദൈവത്തിന്റെ പരിപാലനയുടെ കരങ്ങള്‍ കഴിഞ്ഞ 25 വര്‍ഷമായി അച്ചനെ പൊതിഞ്ഞുപിടിച്ചിരിക്കുന്നു. അല്ലെങ്കിലും ആ ‘പെരുവഴിയന്റെ പിന്നാലെ’ പോയിട്ട് ആര്‍ക്കാണ് നഷ്ടം സംഭവിച്ചിട്ടുള്ളത്?, അവസാനത്തെ ചോദ്യം അച്ചന്റേതായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?