Follow Us On

27

April

2024

Saturday

ദുരിതമഴ പെയ്യുന്നത് എപ്പോഴെന്ന് ആര്‍ക്കറിയാം?

ദുരിതമഴ പെയ്യുന്നത് എപ്പോഴെന്ന് ആര്‍ക്കറിയാം?

അടുത്തനാളിലാണ് കേരളത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട് നിപ്പ വീണ്ടുമെത്തിയത്. കോഴിക്കോട് ജില്ലയിലെ രണ്ടുപേര്‍ മരണമടഞ്ഞതോടെ നിപ്പയെക്കുറിച്ചുളള ഭയം ജനങ്ങളില്‍ നിറഞ്ഞു. വവ്വാലില്‍ നിന്നാണ് രോഗബാധക്ക് കാരണമായ വൈറസ് പടര്‍ന്നതെന്ന അധികൃതരുടെ വിശദീകരണം വന്നതോടെ വെട്ടിലായത് സാധാരണക്കാരായ കര്‍ഷകരാണ്. വിളവെടുപ്പ് തുടങ്ങിയ പഴങ്ങളെല്ലാം പെട്ടെന്നുതന്നെ ആര്‍ക്കും വേണ്ടെന്നായി. വിപണിയില്ലാതെ വന്ന കര്‍ഷകരുടെ ദുരിതത്തിനും അറുതിയില്ലെന്നായി.

ബാങ്കില്‍ നിന്നും ലോണെടുത്ത് കൃഷി നടത്തിയ കര്‍ഷകന്‍ ഇന്ന് ജപ്തി ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. അപ്രതീക്ഷിതമായി പൊട്ടിപ്പുറപ്പെടുന്ന പകര്‍ച്ചവ്യാധികളോ പ്രകൃതി ദുരന്തങ്ങളോ കര്‍ഷകന്റെ നട്ടെല്ല് തല്ലിത്തകര്‍ക്കുന്നു.
പക്ഷിപ്പനിയെന്ന് കേട്ടാല്‍ വളര്‍ത്തുപക്ഷികളുടെ ഫാമുകള്‍ നടത്തുന്ന കര്‍ഷകരുടെ നെഞ്ചുപൊട്ടും. പക്ഷിപ്പനിയെങ്ങാനും റിപ്പോര്‍ട്ട് ചെയ്താല്‍ താറാവ് കര്‍ഷകന്റെ മനസില്‍ ഇടിത്തീ വീഴും. പിന്നെ താറാവിന്റെ മാംസവും മുട്ടയും ആര്‍ക്കും വേണ്ട. ആയിരക്കണക്കിന് താറാവുകളെ കൊന്നൊടുക്കി കത്തിച്ചു കളഞ്ഞ് സര്‍ക്കാര്‍ കടമ നിറവേറ്റുന്നു. എന്നാല്‍ കര്‍ഷന്റെ നെഞ്ചിലെ തീയണയുന്നില്ല. അതുകൊണ്ട് തന്നെ ഏറെപ്പേരും ഇത്തരം കൃഷികള്‍ പാതിവഴിയില്‍ അവസാനിപ്പിക്കുകയാണ് ചെയ്യുന്നത്.

തെങ്ങ്, റബര്‍ കര്‍ഷകരുടെ ദുരവസ്ഥ
വലിയ തെങ്ങിന്‍ തോപ്പും മുറ്റത്ത് മലപോലെ കൂട്ടിയിട്ട തേങ്ങയുമായിരുന്നു ഒരു കാലത്ത് സിനിമകളില്‍ ‘മുതലാളിത്തം’ ദൃശ്യവത്കരിക്കാന്‍ ഉപയോഗിച്ചിരുന്നത്. എന്നാലിന്ന് കര്‍ഷകന്റെ സാമ്പത്തിക ബുദ്ധിമുട്ടും ദുരിതവും ചിത്രീകരിക്കാന്‍ ഇതേ സീന്‍ മതി. ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ വാനോളം വിലയുയര്‍ന്ന് പൊന്തിയിട്ടും കര്‍ഷകനും കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും വില തീരെയില്ല.
കാര്‍ഷികവൃത്തിയെ മാത്രം ഒരു സര്‍ക്കാരും പ്രോത്സാഹിപ്പിക്കുന്നില്ല. അതുകൊണ്ട് അനുദിനം നിര്‍ജീവമായി മാറുകയാണ് കേരളത്തിലെ കാര്‍ഷിക രംഗം.
45 ലക്ഷത്തോളം വരുന്ന കേര കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഏതു സംഘടനയാണ് കൈകാര്യം ചെയ്യുന്നത്. തെങ്ങുകൃഷിയുടെ പ്രാരംഭം മുതല്‍ വിളവെടുപ്പ് വരെയുളള എല്ലാ തൊഴില്‍ മേഖലയിലും കൂലി ഉയര്‍ന്നിട്ടും കേരകര്‍ഷന് നഷ്ടങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.
കേടുവന്ന തെങ്ങ് മുറിച്ച് നീക്കാന്‍ സര്‍ക്കാര്‍ ചെറിയൊരു ധനസഹായം നല്‍കിയതുകൊണ്ടോ വളമോ കീടനാശിനിയോ വിലകുറച്ച് നല്‍കിയതുകൊണ്ടോ കേരകര്‍ഷകര്‍ക്ക് അതൊന്നും പ്രോത്സാഹനമാകണമെന്നില്ല.

ബഹുഭൂരിപക്ഷം വരുന്ന ചെറുകിട, നാമമാത്ര കര്‍ഷകര്‍ക്ക് കൊപ്ര ഉണ്ടാക്കുന്നതിന് വേണ്ട സൗകര്യമില്ലാത്തതുകൊണ്ട് സംഭരണഗുണം ലഭിക്കുന്നില്ല. അതുകൊണ്ട് പച്ചത്തേങ്ങ സംഭരിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കണം. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയില്‍ തെങ്ങുകൃഷിക്ക് വലിയ പങ്കുണ്ട് എന്ന കാര്യം സമൂഹവും സര്‍ക്കാരും മറക്കരുത്.
കാലങ്ങളായി തുടരുന്ന റബറിന്റെ വിലത്തകര്‍ച്ചയില്‍ യാതൊരു ഇടപെടലുകളുമില്ലാതെ കേന്ദ്രസര്‍ക്കാര്‍ മുഖംതിരിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് നാം വര്‍ഷങ്ങളായി കാണുന്നത്. റബറില്‍ നിന്ന് 35,000 ത്തില്‍പരം ഉത്പന്നങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിലെ റബറിന്റെ 95 ശതമാനം ഉത്പാദിപ്പിക്കുന്നത് കേരളത്തിലാണ്. ഇതിന്റെ 15 ശതമാനം മാത്രമാണ് കേരളത്തില്‍ സംസ്‌കരിക്കുന്നത്. മാത്രമല്ല റബര്‍ഷീറ്റ് നിര്‍മാണത്തില്‍ തന്നെ ആര്‍.എസ്.എസും, തരംതിരിക്കാത്തത്, എന്നുമുള്ള നിലയിലേക്ക് ഭൂരിപക്ഷം റബര്‍ഷീറ്റും മാറ്റപ്പെടുമ്പോള്‍ ആര്‍.എസ്.എസ്. ഒന്നിലേക്ക് ഷീറ്റ് ഉത്പാദനം സംഘടിത മേഖലയില്‍ നടത്തിയാല്‍ പതിനായിരക്കണക്കിനു തൊഴില്‍ സാധ്യത കണ്ടെത്താവുന്നതാണ്.

ആര്‍ക്കും വേണ്ടാത്ത കര്‍ഷകന്‍
കര്‍ഷകന് സമൂഹത്തിലും കുടുംബത്തിലും വേണ്ടത്ര അംഗീകാരമില്ല, ഇതാണ് ഇന്നത്തെ കാര്‍ഷിക പ്രതിസന്ധിയുടെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടാന്‍ കഴിയുക. രാപകല്‍ അധ്വാനിച്ചിട്ടും പെട്ടെന്നുണ്ടാകുന്ന തകര്‍ച്ചകള്‍ കര്‍ഷകരെ നിരാശരാക്കുന്നു. കൃഷിഭൂമി തരിശിട്ട് കൂടുതല്‍ വിലയ്ക്ക് ഭൂമി വില്‍ക്കാന്‍ കര്‍ഷകര്‍ക്കിത് കുറെയൊക്കെ പ്രേരണയാകുന്നുണ്ട്.
ഐ.ടി.പാര്‍ക്കും ഫാന്റസി പാര്‍ക്കും നിര്‍മിക്കാന്‍ സര്‍ക്കാര്‍ കാട്ടുന്ന ഉത്സാഹം, കാര്‍ഷികരംഗത്തേക്ക് കൂടി വിനിയോഗിച്ചിരുന്നെങ്കില്‍ മണ്ണ് പൊന്നാക്കാന്‍ കര്‍ഷകര്‍ കൂട്ടായി ശ്രമിക്കുമായിരുന്നു. പക്ഷേ കര്‍ഷകര്‍ക്കുവേണ്ടി നിലനില്‍ക്കാനോ കര്‍ഷക ശബ്ദം ഉയര്‍ത്തുന്ന സഭയുടെയോ സന്നദ്ധസംഘടനകളുടെയോ ഒറ്റപ്പെട്ട ശബ്ദം കേള്‍ക്കാനോ ഭരണ കസേരകളുടെ ശീതളിമയിലമരുന്ന അധികാരികള്‍ക്ക് താല്‍പര്യമില്ല. അവര്‍ക്ക് മറ്റ് മേഖലകളാണ് പ്രധാന വിഷയങ്ങള്‍.
കാര്‍ഷിക മേഖലയ്ക്ക് ഇന്ന് കുറച്ചെങ്കിലും ഉണര്‍വ് പകര്‍ന്നിട്ടുള്ളത് കേരളത്തിലെ ക്രൈസ്തവ സഭയാണെന്നുള്ള കാര്യം എടുത്തുപറയേണ്ടതാണ്.

നഷ്ടമായിക്കൊണ്ടിരുന്ന കൃഷിയെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി ഇന്‍ഫാം, കുട്ടനാട് വികസന സമിതി, വിവിധ രൂപതകളിലെ സോഷ്യല്‍സര്‍വ്വീസ് സൊസൈറ്റികള്‍, മലനാട്-പീരുമേട് ഡവലപ്‌മെന്റ് സൊസൈറ്റികള്‍ തുടങ്ങിയവയൊക്കെ വഴി സഭ ചെയ്തിട്ടുള്ള സേവനങ്ങള്‍ സ്തുത്യര്‍ഹമാണ്. കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ സന്യസ്തരും സഭാധ്യക്ഷന്മാരും കര്‍ഷകരോടൊപ്പം കരങ്ങള്‍ കോര്‍ത്തത് ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്നതിന് കാരണമാക്കിയിട്ടുണ്ട്. എങ്കിലും സഭ, കുറേക്കൂടി ഉണര്‍ന്നാല്‍ നമ്മുടെ ഇടവകകളില്‍ നിന്നും ഇനിയും നേട്ടത്തിന്റെ വിജയഗാഥകള്‍ ഉയര്‍ന്നുപൊന്തും.
കേരളത്തില്‍ കടന്നുവരുന്ന 80 ശതമാനം അരിക്കും കേരളം നല്‍കുന്ന കടുത്ത കൂലിയും കമ്മീഷനും ഇടനിലകമ്മീഷനും എല്ലാംകൂടി കേരളത്തിലെ നെല്‍കൃഷിക്കാര്‍ക്ക് നെല്ല് ഉല്‍പ്പാദിപ്പിക്കുമ്പോള്‍ പ്രോത്സാഹനമായി നല്‍കിയാല്‍ കേരളത്തിലെ നെല്‍വയലുകളിലെ തരിശ്ശിടല്‍ അവസാനിപ്പിക്കാനും നെല്‍കൃഷിയെ തിരിച്ചുകൊണ്ടുവരാനും സാധിക്കും.

കശുവണ്ടി സംസ്‌കരണത്തിലൂടെ ലക്ഷക്കണക്കിനു തൊഴില്‍ ലഭിക്കുന്ന കേരളത്തില്‍ തൊഴിലിനാവശ്യമായ കശുവണ്ടി ഇപ്പോഴും ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ മേഖലയില്‍ അനുയോജ്യമായ ഭൂമി കണ്ടെത്തി ഉത്പാദനത്തില്‍ ഇവിടെയും തൊഴില്‍ സംരംഭം സൃഷ്ടിക്കാന്‍ സാധിക്കും. ഇന്ത്യന്‍ കുരുമുളകിന്റെ 80 ശതമാനത്തിലധികം ഉത്പാദിപ്പിക്കുന്ന കേരളത്തില്‍ അതിന്റെ സംസ്‌കരണം നടക്കുന്നില്ല. ഏലവും ജാതിയും ഗ്രാമ്പുവും കറുകപ്പട്ടയും മറ്റ് സുഗന്ധ വിളകളും അപൂര്‍വ്വമായി മാത്രമാണ് കേരളത്തില്‍ സംസ്‌കരിക്കുന്നത്. ഇന്ത്യന്‍ അടയ്ക്കയുടെ സിംഹഭാഗവും കേരളത്തില്‍ ഉത്പാദിപ്പിച്ചിട്ടും ഇവിടെ സംസ്‌കരണം നടക്കുന്നില്ല. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ കാത്തിരിക്കുന്നതിനേക്കാള്‍ കാര്‍ഷിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ പ്രവൃത്തിപഥത്തിലെത്തിക്കാന്‍ കഴിയുന്നത് സഭയ്ക്കാണ്. കാരണം കത്തോലിക്കരില്‍ ഭൂരിപക്ഷം പേരും കൃഷിക്കാരാണ്. എന്നതിനാല്‍ ഇക്കാര്യത്തിന് ഇടവക-രൂപതാ തലത്തില്‍ തന്നെ കര്‍ഷകരുമായി ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും പരിഹാരമാര്‍ഗങ്ങള്‍ നടപ്പിലാക്കുകയും ചെയ്താല്‍ കൃഷി അനായാസം വീണ്ടെടുക്കാന്‍ സാധിക്കും.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?