Follow Us On

23

December

2024

Monday

കുടുംബബന്ധങ്ങള്‍ ദൃഢമാക്കാം

കുടുംബബന്ധങ്ങള്‍ ദൃഢമാക്കാം

സണ്ണി കുറ്റിക്കാട്ട് സിഎംഐ

കുടുംബബന്ധങ്ങളിലും സാമൂഹ്യ ഇടപെടലുകളിലും വന്നുചേര്‍ന്നിരിക്കുന്ന അപചയങ്ങള്‍ സമൂഹജീവിതത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. മൂല്യങ്ങള്‍, ധാര്‍മികത എന്നൊക്കെ പറയുന്നത് എന്തോ ചില പഴഞ്ചന്‍ ആശയങ്ങളാണെന്ന് പുതിയ തലമുറ കരുതുന്നു. മുതിര്‍ന്നവരില്‍ ചിലരും ഇതേ പാതയില്‍ ചരിക്കുന്നുണ്ട്. ഈ കാലഘട്ടത്തിലും അനേകം കുടുംബങ്ങള്‍ ഇത്തരം കടുത്ത പ്രതിസന്ധികളെ കരുത്തോടെ അതിജീവിച്ച് മുന്നോട്ടുപോകുന്നു എന്നതും പ്രതീക്ഷയ്ക്ക് വക നല്‍കുന്ന കാര്യമാണ്. ചുരുക്കിപ്പറഞ്ഞാല്‍ സുന്ദരവും സുദൃഢവുമായ കുടുംബജീവിതത്തിന് കുറുക്കുവഴികളുമില്ല. ജീവിതമെന്ന മഹാപ്രയാണത്തില്‍ ചെറുതും വലുതുമായ അനേകം പ്രശ്‌നങ്ങള്‍ ഓരോ കുടുംബത്തിനും അനുദിനം നേരിടേണ്ടതായി വരുന്നുണ്ട്.

ദാമ്പത്യബന്ധത്തിലെ കരടുകള്‍
ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഏറ്റവും നല്ല മാര്‍ഗം ഉത്തരവാദിത്വപൂര്‍ണമായ ദാമ്പത്യജീവിതത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് ജീവിക്കാന്‍ ശ്രമിക്കുക എന്നതാണ്. ഇതിനോടു ചേര്‍ന്നുപോകുന്നതാണ് ഒരുവന് കുടുംബത്തോടുള്ള പ്രതിബദ്ധത. വ്യക്തിപരമായ സ്വപ്നങ്ങളെക്കാള്‍ കുടുംബത്തിന്റെ പൊതുവായിട്ടുള്ള ക്ഷേമത്തിനായിരിക്കും ഇവിടെ മുന്‍ഗണന. പരസ്പരമുള്ള വളര്‍ത്തലും പ്രോത്സാഹിപ്പിക്കലും പരമലക്ഷ്യമാക്കിക്കൊണ്ട് കുടുംബത്തിലെ എല്ലാ അംഗങ്ങളും കര്‍മനിരതരാകണം. കുടുംബബന്ധങ്ങള്‍ ആരോഗ്യകരവും ഐശ്വര്യപൂര്‍ണവുമാകാന്‍ ഇത് വളരെ അത്യാവശ്യമാണ്. ദമ്പതികള്‍ തമ്മിലുള്ള പരസ്പര വിശ്വാസം കുടുംബജീവിതത്തില്‍ പരമപ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്. ഇവിടെ ഉണ്ടാകുന്ന അവിശ്വസ്തത, അത് ദാമ്പത്യത്തില്‍ കരടുകള്‍ വീഴ്ത്തും. ഒരിക്കല്‍ ഇങ്ങനെ സംഭവിച്ചാല്‍ അത് പരിഹരിക്കുക വളരെ ദുഷ്‌കരമാണ്.

അമിത ജോലി
കുടുംബപ്രതിബദ്ധതയ്ക്ക് പ്രതിബന്ധമായിത്തീരാവുന്ന ഒരു ഘടകമാണ് അമിതമായ ജോലിത്തിരക്ക്. ഉദ്യോഗകയറ്റത്തിനോ വരുമാന വര്‍ധനവിനോ സഹായകരമാകാമെങ്കിലും സ്വന്തം കുട്ടികളുമൊത്ത്, കുടുംബാംഗങ്ങളുമൊത്ത് കഴിയേണ്ട സമയമാണ് ഈ അമിതജോലി അപഹരിക്കുന്നത്. ആ നഷ്ടം അപരിഹാര്യമാണ്.
ഒരു പിതാവെന്ന നിലയിലുള്ള തന്റെ ഉത്തരവാദിത്വത്തിനായിരിക്കണം ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്. ഒരു മാതാവെന്ന നിലയിലുള്ള പണിയായിരിക്കണം ഒരമ്മയ്ക്ക് ഏറെ പ്രധാനപ്പെട്ടത്. ഈ മാതാപിതാക്കള്‍ അവരുടെ കുടുംബങ്ങള്‍ക്ക് നല്ലൊരു പിതാവായിരുന്നാല്‍, മാതാവായിരുന്നാല്‍ ആ കുഞ്ഞുങ്ങള്‍ ഭാവിയില്‍ അവരുടെ മക്കള്‍ക്ക് നല്ലൊരു പിതാവും മാതാവുമായിരിക്കും. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ആ മക്കള്‍ അവരുടെ മാതാപിതാക്കളെ നന്ദിയോടെയും സ്‌നേഹത്തോടെയും ഓര്‍ക്കും.

ആശയവിനിമയം
കുടുംബത്തില്‍ ആനന്ദകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് കാറോ സമ്പത്തോ മനോഹരമായ വീടോ വിലകൂടിയ വീട്ടുപകരണങ്ങളോ അല്ല. കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്നുള്ള ജോലികളും കളിതമാശകളുമൊക്കെയാണ്. ആഹ്ലാദം അലതല്ലുന്ന കുടുംബങ്ങളിലെല്ലാം കാണുന്ന ഒരു പ്രത്യേകതയാണ് കുടുംബാംഗങ്ങളെല്ലാം ഒത്തുചേര്‍ന്നിരുന്ന് ഏറെ സമയം ചെലവഴിക്കുന്നു എന്നത്. പ്രാര്‍ത്ഥനയിലും പ്രവര്‍ത്തനങ്ങളിലും വിനോദങ്ങളിലും ഒരുമിച്ച് പങ്കെടുക്കുന്നു. ഭക്ഷണമേശയ്ക്കരികില്‍ വട്ടംകൂടിയിരുന്ന് സന്തോഷത്തോടെ ആഹാരം കഴിക്കുന്നു. കുടുംബത്തിന്റെ അസ്ഥിവാരമുറപ്പിക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ അനിവാര്യമാണ്. ആശയവിനിമയം കുടുംബബന്ധങ്ങളുടെ ദൃഢത ഉറപ്പുവരുത്തുന്നു.

പ്രതിസന്ധികളെ അതിജീവിക്കാന്‍
പരസ്പരം അഭിനന്ദിക്കാനും അനുമോദിക്കാനും ശ്രദ്ധിക്കണം. മറ്റുള്ളവരില്‍നിന്നുള്ള അംഗീകാരവും അഭിനന്ദനവും ഒരു പരിധിവരെ മനുഷ്യന്റെ അഭിലാഷങ്ങളില്‍ ഒന്നാണ്. കുഞ്ഞുങ്ങള്‍ മുതല്‍ വയോവൃദ്ധര്‍വരെ ഇത് ആഗ്രഹിക്കുന്നുണ്ട്. അല്പം ഔപചാരികമായി തോന്നുമെങ്കിലും ഇടയ്‌ക്കൊക്കെ കുടുംബാംഗങ്ങള്‍ പരസ്പരം അഭിനന്ദനവാക്കുകള്‍ ഉരുവിടുന്നത് നല്ലതാണ്. മറ്റുള്ളവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന കൊച്ചുനേട്ടങ്ങളായാലും അവയെ ഉള്ളുതുറന്ന് അംഗീകരിക്കാനും അനുമോദിക്കാനും നമുക്ക് കഴിയണം. പക്ഷേ ഇവിടെ നമ്മള്‍ സൂക്ഷിക്കേണ്ട കാര്യം അനര്‍ഹമായ വാഴ്ത്തലുകളാകാതിരിക്കാനാണ്.

കുടുംബത്തിന്റെ പ്രതിസന്ധിവേളകളില്‍ കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചുനില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. സമ്പത്തിന്റെയും സന്തോഷത്തിന്റെയും നാളുകളില്‍ ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടാനിടയില്ല. കുടുംബം കരുത്താര്‍ജിക്കേണ്ടത് പ്രയാസത്തിന്റെ നാളുകളിലാണ്. ഇത്തരം നാളുകളില്‍ മുങ്ങുന്ന കപ്പലിനെ ഉപേക്ഷിച്ച് സ്വയരക്ഷ തേടിപ്പോകുന്ന നാവികരെപ്പോലെ ആകരുത് കുടുംബാംഗങ്ങള്‍ എന്നുമാത്രം. ഒരുമിച്ചു മുങ്ങാനുള്ള മനഃശക്തിയും സന്നദ്ധതയും മതി നമ്മുടെ മുന്നിലുള്ള പല പ്രതിസന്ധികളെയും വിജയകരമായി തരണം ചെയ്യാന്‍. പ്രശ്‌നങ്ങളുടെയും പ്രാരാബ്ധങ്ങളുടെയും തിരമാലകളില്‍പെട്ട് ആടിയുലയുന്ന കുടുംബനൗകയെ നേരെ നിര്‍ത്താനും നേര്‍വഴിക്ക് നയിക്കാനും കുടുംബാംഗങ്ങള്‍ ഏകമനസോടെ ശ്രമിക്കണം. കുടുംബങ്ങളുടെ ഉറപ്പും ഭാവിയും പരീക്ഷിക്കപ്പെടുന്ന ഉരകല്ലാണ് പ്രതിസന്ധികള്‍. ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചാല്‍ അതിനെയെല്ലാം അതിജീവിക്കാന്‍ കഴിയും. മറ്റു സൗഭാഗ്യങ്ങള്‍ പിന്നാലെ എത്തിക്കൊള്ളും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?