Follow Us On

22

January

2025

Wednesday

ഓസ്‌ട്രേലിയക്കാര്‍ നെഞ്ചിലേറ്റിയ കേരള ക്രൈസ്തവന്‍…

ഓസ്‌ട്രേലിയക്കാര്‍ നെഞ്ചിലേറ്റിയ കേരള ക്രൈസ്തവന്‍…

സ്വന്തം ലേഖകന്‍

യുവാക്കളുടെ ആവേശമായ ഈ വിദേശ മലയാളി കഴിഞ്ഞ തലമുറയ്ക്ക് അഭിമാനവും ഈ തലമുറയുടെ അഹങ്കാരവുമാണ്. കേരളത്തിലും വിദേശങ്ങളിലുമുള്ള പുതുതലമുറ അടുത്തറിയുകയും കണ്ടുപഠിക്കുകയും അനുകരിക്കുകയും ചെയ്യേണ്ടതുണ്ട് ഇദ്ദേഹത്തെ.

ജോസഫ് എന്ന ഹെബ്രായ യുവാവ്  ഈജിപ്തിന്റെ ഭരണാധികാരിയായി നിയോഗിക്കപ്പെട്ടതുപോലെ, ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍, സിറ്റികൗണ്‍സിലറായി ദൈവം ഉയര്‍ത്തിയ മലയാളിയാണ് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഇടവകാംഗം ജിബി ജോയി പുളിക്കല്‍. വെള്ളക്കാരോട് മത്സരിച്ച് വെള്ളക്കാരുടെ വോട്ടുകൊണ്ട് കന്നിയങ്കത്തില്‍ത്തന്നെ വിജയിച്ച ഇന്ത്യക്കാരന്‍… ക്രിസ്തുവിനെ ഉപേക്ഷിക്കുന്നത് ബൗദ്ധികതയുടെ ഔന്നത്യമാക്കി, ആധുനികതയുടെ പരിവേഷമണിയുന്നവര്‍ക്കിടയില്‍ ക്രിസ്തുവിനെമാത്രം ഉയര്‍ത്തിപ്പിടിച്ച് വിജയത്തേരേറിയ ഉത്തമകത്തോലിക്കാ വിശ്വാസി! ക്രൈസ്തവമൂല്യങ്ങളെ തമസ്‌കരിച്ച്, സമൂഹത്തിന്റെ തിന്മകളെ മഹത്‌വല്‍ക്കരിക്കുന്ന നിയമങ്ങളുള്ള ഓസ്‌ട്രേലിയയില്‍ ക്രിസ്തുവിന്റെ സ്‌നേഹോപദേശങ്ങള്‍ പഠിപ്പിച്ചും പ്രവര്‍ത്തിച്ചും വിദേശികളുടെ ഹൃദയംകവര്‍ന്ന കേരളക്രൈസ്തവന്‍! നഴ്‌സായി ഓസ്‌ട്രേലിയയിലെത്തിയ ജിബി എങ്ങനെ ഓസ്‌ട്രേലിയക്കാരുടെ വോട്ടുകൊണ്ട് തിരഞ്ഞെടുപ്പില്‍ വിജയഗാഥരചിച്ചുവെന്ന ചോദ്യത്തിന്, ‘നീ ആയിരിക്കുന്നിടത്ത് ഏകദൈവമായ യേശുവിനെ നീ മഹത്വപ്പെടുത്തിയാല്‍ അവിടുന്ന് നിന്നെയും മഹത്വപ്പെടുത്തും’ എന്നാണ് അദേഹത്തിന്റെ ഉത്തരം.

ഹൃദയംതൊടുന്ന സംഭവങ്ങളുടെയും പ്രതികൂലങ്ങളുടെയും അനിനതരസാധാരണ പ്രതികരണങ്ങളുടെയും വിസ്മയകരമായ ദൈവിക ഇടപെടലുകളുടെയും ആ കഥ സണ്‍ഡേ ശാലോം വായനക്കാര്‍ക്കായി പങ്കുവയ്ക്കുന്നു, ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ നിന്നും അര്‍മഡെയ്ല്‍ സിറ്റി കൗണ്‍സിലര്‍ ജിബി ജോയി.
”മാനുഷികമായി നോക്കിയാല്‍ വിജയ സാധ്യത തീരെയില്ല. അഞ്ച് സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുണ്ട്. നാലുവെള്ളക്കാരും ഞാന്‍ മാത്രം മലയാളിയും. ഏഷ്യക്കാര്‍ 5%പോലും ഇല്ലാത്ത എന്റെ വാര്‍ഡിന്റെ ചരിത്രത്തില്‍ ഏഷ്യന്‍ വംശജന്‍ ആദ്യമായി മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. വെള്ളക്കാര്‍ക്കിടയില്‍ സ്വീകാര്യനാകുമോ  എന്ന ആശങ്കയിലും ”എന്നെ ശക്തനാക്കുന്നവനിലൂടെ എനിക്ക് എല്ലാം ചെയ്യാന്‍ സാധിക്കും”(ഫലിപ്പി 4/13) എന്ന ദൈവവചനം എന്നെ ബലപ്പെടുത്തി. അനേക സംസ്‌കാരങ്ങള്‍ ശരവേഗത്തില്‍ വളരുന്ന ബഹുസ്വരതയാണ് ഓസ്‌ട്രേലിയയിലിപ്പോള്‍ പ്രതിഫലിക്കുന്നത്. ക്രൈസ്തവദര്‍ശനങ്ങള്‍ മാറ്റിവച്ച്, പാപകരമായവയൊക്കെ സ്വീകാര്യമാക്കുന്ന നിയമനിര്‍മാണങ്ങള്‍ ഓസ്‌ട്രേലിയന്‍ ഭരണകൂടങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. ഇവിടെ നാം സ്വയം വിലകുറച്ച് നിസഹായരായി മാറിനില്‍ക്കുകയല്ല, വ്യത്യസ്ത മേഖലകളില്‍ നമ്മള്‍ പുലര്‍ത്തുന്ന നിലപാടുകള്‍ക്ക് അംഗീകാരവും, സ്വീകാര്യതയും നേടിയെടുക്കുവാന്‍ ഭരണമേഖലകളിലേക്ക് കടന്നുചെല്ലുകയാണ് വേണ്ടത്. അതുകൊണ്ടുതന്നെയാണ് മുഖ്യമായും ഞാനീ മത്സരക്കളത്തിലിറങ്ങിയതും. നിസാരനായ എനിക്ക് ദൈവസഹായത്താല്‍ വിജയംകൊയ്യാന്‍ കഴിഞ്ഞെങ്കില്‍ നമ്മുടെ വരുംതലമുറകള്‍ക്ക് അതുതീര്‍ച്ചയായും സാധിക്കും, സാധിക്കണം,” ജിബി പ്രത്യാശ പ്രകടിപ്പിച്ചു.
മലയാളികളോ ഇന്ത്യക്കാരോ അധികമില്ല, വോട്ടര്‍മാര്‍ ഏറെയും ഓസ്‌ട്രേലിയക്കാര്‍. എന്നിട്ടും വെള്ളക്കാരോട് മത്സരിച്ചാല്‍ മലയാളിയായ താന്‍ വിജയിക്കുമെന്ന ഉറപ്പ് അദേഹത്തിനുണ്ടായിരുന്നുവത്രേ. ആ ഉറപ്പിന്റെ പിന്‍ബലവും വ്യത്യസ്തനായ അദേഹത്തെപ്പോലെ തികച്ചും വ്യത്യസ്തമാണ്.
”എന്റെ വാര്‍ഡില്‍ വര്‍ഷങ്ങളായി ഞാനും കുടുംബവും യേശുവിന് മഹത്വവും സാക്ഷ്യവും നല്‍കിയാണ് ജീവിക്കുന്നത്. ഇതൊന്നും ഇലക്ഷന്‍ ലക്ഷ്യമാക്കിയായിരുന്നില്ല. മറിച്ച്, ജോഷ്വ പറഞ്ഞതുപോലെ നാം അധിവസിക്കുന്ന ദേശത്ത് ഏകദൈവമായ യേശുവിനെ നാമും കുടുംബവും ജീവിതത്തിലൂടെ മഹത്വപ്പെടുത്തണം. യേശുവിനെ ഉയര്‍ത്തിയാല്‍ അവിടുന്ന് നമ്മെയും ഉയര്‍ത്തുമെന്ന് എന്റെ ജീവിതത്തിലൂടെ അവിടുന്ന് തെളിയിച്ചു. ദൈവത്തിന് അസാധ്യമായി ഒന്നുമില്ല; ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. എന്റെ വാര്‍ഡിലുള്ളവര്‍ വിജയസാധ്യതയെക്കുറിച്ച് ആരാഞ്ഞപ്പോള്‍, ‘പൊട്ടകിണറ്റില്‍ നിന്ന് ജോസഫിനെ ഈജിപ്തിന്റെ ഗവര്‍ണര്‍ ആക്കിയ ജീവിക്കുന്ന ദൈവത്തിന് എന്നെ വിജയിപ്പിക്കാന്‍ അനായസം കഴിയും,’ എന്നതായിരുന്നു എന്റെ മറുപടി.
തുടക്കം മുതല്‍ എന്റെ ഇലക്ഷന്‍ പ്രവര്‍ത്തനത്തില്‍ ദൈവം കൂടെയുള്ളതായി എനിക്കനുഭവപ്പെട്ടു. അതുതന്നെയാണ് എന്റെ വിജയപ്രതീക്ഷയുടെ നിദാനം. എന്റെ ആത്മീയ നിയന്താക്കളുടെ പിന്തുണ ലഭിച്ചതോടെ, ആദ്യമായി ഞാന്‍ ചെയ്തത് ഇലക്ഷനില്‍ ദൈവം ഇടപെടുന്നതിനായി മൂന്നുപേജുള്ള ഒരു പ്രാര്‍ത്ഥന എഴുതിയുണ്ടാക്കുകയായിരുന്നു. അത് ഞങ്ങള്‍ നിത്യവും പ്രാര്‍ത്ഥിച്ച് നിരന്തരം ദൈവസഹായം തേടി. പതിയെ, പതിയെ കാറ്റ് എനിക്കനുകൂലമായി വീശിത്തുടങ്ങി.”
തിരഞ്ഞെടുപ്പു പ്രചാരണങ്ങളൊന്നും അത്രകണ്ട് എളുപ്പമല്ലാത്ത സാഹചര്യങ്ങള്‍പോലും അനുകൂലതരംഗമാക്കാന്‍ ഈ അസാധാരണ വ്യക്തിത്വത്തിന് കഴിഞ്ഞു. മൂന്നുമലകളും സമതലവുമുള്ള ജിബിയുടെ വാര്‍ഡിലെ 4200-വീടുകളിലും അദേഹവും മക്കളുംചേര്‍ന്ന് ലഘുലേഖകള്‍ വിതരണം ചെയ്തത് തദ്ദേശീയര്‍ക്കും അതിശയകരമായി. മറ്റൊരു സ്ഥാനാര്‍ത്ഥിയും അത്രയധികം ചെയ്തിരുന്നില്ല. അവരുടെ വാര്‍ഡിലെ ആശുപത്രിയില്‍ ജിബിയുടെയും ഭാര്യയുടെയും ശുശ്രൂഷ സ്വീകരിച്ചവര്‍, മക്കളുടെ സഹപാഠികളുടെ വീട്ടുകാര്‍, അത്യാവശ്യഘട്ടങ്ങളില്‍ ഇദേഹത്തിന്റെ സഹായം സ്വീകരിച്ച അയല്ക്കാര്‍ എല്ലാം ഒറ്റക്കെട്ടായി കൂടെനിന്നു. എന്നാല്‍ അസഭ്യവര്‍ഷങ്ങളും സോഷ്യല്‍ മീഡിയ ആക്രമണങ്ങളും ഏതൊരു ഇലക്ഷന്‍പോലെയും ജിബിക്കും നേരിടേണ്ടിവന്നെങ്കിലും അവയെല്ലാം അദേഹത്തിന് സഹായകമായി പരിണമിക്കുകയാണ് ഉണ്ടായത്. നൂറില്‍പരം വോട്ടുകളുടെ ദ്രുവീകരണം ഇത്തരുണത്തില്‍ അദേഹത്തിന് അനുകൂലമായി ഭവിച്ചത്രേ! അതിന്റെ കാരണവും അദേഹം വിശദീകരിച്ചു:
”ദൈവം അനുവദിക്കുന്ന ചില പ്രതികൂലങ്ങള്‍ വിജത്തിലേക്കുള്ള ചവിട്ടുപടികളാണ്. തിരഞ്ഞെടുപ്പു പ്രചാരണവേദികളിലും വോട്ടര്‍മാരുടെമുമ്പിലും എന്റെ ദൈവത്തെയും ദൈവവിശ്വാസത്തെയും അഭിമാനപൂര്‍വം ഞാന്‍ ഉയര്‍ത്തിപ്പിടിച്ചു. അതുകൊണ്ടുതന്നെ ദൈവവിശ്വാസികളായവര്‍ വലിയതോതില്‍ എന്നെ സപ്പോര്‍ട്ടുചെയ്തു. ജീവിതപങ്കാളി കവിതയുടെ സംഭാവന പ്രത്യേകം സ്മരണീയമാണ്. വിതരണം ചെയ്ത മുഴുവന്‍ ലഘുലേഖകളിലും, കൊടുക്കുന്ന ആളുടെ പേരും മേല്‍വിലാസവും മനോഹരമായ അക്ഷരങ്ങളില്‍ സ്വന്തം കൈകൊണ്ട് എഴുതിയത് കവിതയാണ്.  ഇപ്രകാരം ചെയ്തത് വോട്ടര്‍മാരെ വ്യക്തിപരമായി സ്പര്‍ശിച്ചുവെന്ന് അവര്‍തന്നെ സാക്ഷ്യപ്പെടുത്തുകയുണ്ടായി.”
തദ്ദേശീയര്‍ തദ്ദേശീയര്‍ക്ക് വോട്ടുനല്‍കുന്ന സാമാന്യ ലോകനടപ്പില്‍നിന്ന് ജിബി ജോയി എന്ന മലയാളിയുടെ കാര്യത്തില്‍ തദ്ദേശീയ വോട്ടര്‍മാര്‍ ചുവടുമാറ്റിച്ചവിട്ടി എന്നത് എടുത്തു പറയേണ്ടതുണ്ട്. ജിബിയെ സംബന്ധിച്ച് അവര്‍ക്കങ്ങനെ ചെയ്യാതിരിക്കാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഓസ്‌ട്രേലിയന്‍ പൗരത്വമുള്ള ഏതൊരുപൗരനും വിവേചനരഹിതമായ തുല്യനീതിക്കര്‍ഹനാണെന്ന ശക്തമായ നിയമവ്യവസ്ഥയുണ്ട് ഈ രാജ്യത്തിന്. വിവിധരാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരാല്‍ സമ്പുഷ്ടമായതിനാല്‍ വര്‍ഗപരമായ വിവേചനങ്ങള്‍ രാജ്യത്തെ ശിഥിലീകരണത്തിലേക്ക് നയിച്ചേക്കാമെന്നതിനാലാണിത്. നിയമങ്ങള്‍ ബാഹ്യമായി നിലകൊള്ളുമ്പോഴും, സ്വദേശികളും മത്സരിച്ച തിരഞ്ഞെടുപ്പില്‍ ജിബി ജോയി എന്ന വിദേശിയെ വിജയിപ്പിക്കുവാന്‍ അനിഷേധ്യകാരണങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ സമൂഹത്തിന് സ്ഥാനാര്‍ഥി നല്‍കുന്ന സേവനം, സമൂഹത്തോടുള്ള പ്രതിബദ്ധത, വോട്ടര്‍മാരുമായുള്ള വ്യക്തിബന്ധം എന്നിവയ്ക്ക് വോട്ടര്‍മാര്‍ പ്രാധാന്യം നല്‍കും. അനേകം തലമുറകളായി തദ്ദേശീയരായ സ്ഥാനാര്‍ത്ഥികള്‍ അവരുടെ ബന്ധങ്ങള്‍ അക്കമിട്ടുനിരത്തിയപ്പോള്‍ കുടിയേറ്റക്കാരനായ ജിബിയുടെ പങ്കുവയ്ക്കല്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് പുതിയ കേള്‍വിയും അനുഭവവുമായിരുന്നു. ജീവിതഗന്ധിയും മാറ്റിചിന്തിപ്പിക്കുന്നതും തികഞ്ഞ ദൈവസ്‌നേഹത്തിന്റെ, സഹോദരസ്‌നേഹത്തിന്റെ പ്രവര്‍ത്തന അനുഭവങ്ങളുമാണ് അദേഹത്തിന് പറയാനുണ്ടായിരുന്നത്. ഇതാ ചില ഉദാഹരണങ്ങള്‍:
ജിബിയുടെ അയല്‍ക്കാര്‍ക്ക് അദേഹം ഏറെപ്രിയങ്കരനാണ്. അവരുടെ ഏതാവശ്യങ്ങളിലും അദേഹം സഹായവുമായെത്തിയിരുന്നതിനാല്‍ അവര്‍ അദേഹത്തെ സ്വന്തമെന്നപോല്‍ ഹൃദയത്തിലേറ്റി. ഒരു വൃദ്ധദമ്പതികളുടെ വാഹനം മോഷ്ടിക്കപ്പെട്ടപ്പോള്‍ ജിബി അവരുടെ വീട്ടില്‍ നേരിട്ടെത്തി ആശ്വസിപ്പിക്കുകയും എല്ലാസഹായങ്ങളും നല്‍കുകയും ചെയ്തു. പിറ്റേന്ന് പ്രഭാതത്തില്‍ അദേഹത്തെ വരവേറ്റത് വാതിലിനുമുമ്പിലെ അവരുടെ സ്‌നേഹോപഹാരമാണ്. മറ്റൊരിക്കല്‍, ആ ദേശത്തെ ഒട്ടവനധി വീടുകളില്‍ കൂട്ടക്കവര്‍ച്ച നടത്തിയ ക്രിമിനല്‍ സംഘത്തിനെതിരെ നടപടി സ്വീകരിക്കാന്‍ ജിബിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചത് ആ ദേശത്തിന്റെ മുഴുവന്‍ ആദരവ് നേടാന്‍ ഉപയുക്തമായി.
മാത്രമല്ല, കഴിഞ്ഞ അഞ്ച് വര്‍ഷമായി സ്ട്രീറ്റ് ചാപ്ലയിന്‍ ആയി തെരുവുകളില്‍ അശരണരെയും ഭവനരഹിതരെയും സഹായിക്കുന്ന ക്രൈസ്തവസ്‌നേഹ പ്രവര്‍ത്തനങ്ങളിലും അദേഹം വ്യാപൃതനാണ്. ഒരിക്കല്‍ സ്ട്രീറ്റ് ചാപ്ലയിന്‍ ഡ്യൂട്ടിയിലായിരിക്കെ ഒരു കുറ്റിക്കാട്ടില്‍ വേദനയോടെ കരയുന്ന സ്ത്രീയെ കണ്ടു. നാലുകുട്ടികളും ഗവണ്‍മെന്റിന്റെ സംരക്ഷണത്തിലിരിക്കുന്ന അവര്‍, പങ്കാളിയുമായി പിണങ്ങി, ദുഃഖം താങ്ങാനാകാതെ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ജീബി അവരെ ആശ്വസിപ്പിക്കുകയും  പോലീസിന്റെ സഹായത്തോടെ അടുത്തുള്ള മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ജിബിയെ അമ്പരപ്പിച്ചത് മറ്റൊന്നായിരുന്നു: ”തിരഞ്ഞെടുപ്പുവേളയില്‍ ഞാന്‍ പങ്കുവച്ച ജീവകാരുണ്യപ്രവര്‍ത്തനങ്ങളെക്കുറിച്ച് കേട്ടവര്‍ അത് മറ്റനേകരുമായി പങ്കുവച്ചതായി പിന്നീട് ഞാനറിഞ്ഞു. ജസ്റ്റിസ് ഓഫ് ദി പീസ് എന്ന  തസ്തികയിലും സമൂഹത്തിനായി ഞാന്‍ അവിടത്തെ കോടതിയിലും, ലൈബ്രറികളിലും പ്രവര്‍ത്തിച്ചിരുന്നു. അവയുടെ ഫലം സ്വീകരിച്ചവരും എന്റെ പ്രവര്‍ത്തനങ്ങളുടെ സാക്ഷികളായി. ഇവയെക്കെല്ലാമുപരിയായി ദൈവം അവരുടെ ഹ്രദയങ്ങളെ എനിക്കനുകൂലമായി ഒരുക്കി എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.”
പരിമിതസാഹചര്യങ്ങളില്‍നിന്നും സിറ്റിക്കൗണ്‍സില്‍ വരെ തനിക്കെത്താമെങ്കില്‍ അടുത്തതലമുറക്കാര്‍ പാര്‍ലമെന്റുവരെ എത്തണമെന്നാണ് ജിബി ജോയിയുടെ ആഗ്രഹവും ആഹ്വാനവും. അത് സാധ്യമാണെന്ന് കാര്യകാരണസഹിതം അദേഹം വ്യക്തമാക്കുന്നു.
”ഓസ്‌ട്രേലിയന്‍ സമൂഹത്തില്‍ നമ്മുടെ മക്കള്‍ മിടുക്കരും പരിശ്രമശാലികളുമാണ്. എന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ ഒരു ലക്ഷ്യം പൊതുപ്രവര്‍ത്തനരംഗപ്രവേശനത്തിന് മലയാളികളെ പ്രചോദിപ്പിക്കുക എന്നതാണ്. നമ്മുടെ മക്കള്‍ക്ക് തദ്ദേശീയഭാഷ അനായാസം സംസാരിക്കാനും മനസിലാക്കാനും കഴിയും. എന്നാല്‍ എന്നെപ്പോലുള്ളവര്‍ക്ക് അത് അത്ര എളുപ്പമല്ല. ഇലക്ഷന് ജയിച്ചശേഷം, തദ്ദേശീയര്‍ സംസാരിക്കുന്നതുപോലെ ഇംഗ്ലീഷ് സംസാരിക്കുവാനുള്ള കൃപ തരണമേയെന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. എന്നാല്‍, കിട്ടിയ ഉത്തരംകേട്ട് ഞാറിയാതെ ദൈവത്തെ മഹത്വപ്പെടുത്തി: ‘നീ ചോദിക്കുന്ന ഭാഷാപരിജ്ഞാനവും കാര്യക്ഷമതയുമെല്ലാം ആദ്യമേ ഞാന്‍ നല്‍കിയിരുന്നുവെങ്കില്‍ വിജയമെല്ലാം നിന്റെ മിടുക്കാണെന്നു നീ ധരിക്കുമായിരുന്നു.’ അതെ, എനിക്ക് ഉയര്‍ന്ന വിദ്യാഭ്യാസമോ, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനമോ ഉണ്ടായിരിക്കെയാണ് ഈ വിജയം ലഭിച്ചിരുന്നതെങ്കില്‍ എന്റെ മിടുക്കാണെന്ന് ചിന്തിക്കുമായിരുന്നു. തൊഴിലില്‍ ഒരു നഴ്‌സും, IELTS ന് 6.0 സ്‌കോറും ലഭിച്ച എന്നെ ഉയര്‍ത്തിയത് ദൈവത്തിന്റെ അദൃശ്യകരമാണെന്നു എനിക്കുറപ്പുണ്ട്.
എന്റെ കുറവുകളിലും പരിമിതിയിലും എനിക്ക് ഇത്രത്തോളം എത്താമെങ്കില്‍ ഇവിടെ ജനിച്ചുവളര്‍ന്ന നമ്മുടെ പുതുതലമുറയ്ക്ക് പാര്‍ലമെന്റിലെത്തുക ഒട്ടും ബാലികേറാമലയല്ല. അതിന് മിടുക്കരായ കുട്ടികളെ തിരഞ്ഞെടുത്തു പരിശീലിപ്പിക്കണം. ആബാലവൃദ്ധം അംഗങ്ങളും അവരുടെ വിജയത്തിനായി ദൈവത്തെ മുറുകെപ്പിടിച്ച് പ്രവര്‍ത്തിക്കണം. കര്‍ത്താവിനോട് ഒട്ടിനിന്നു ശ്രമിച്ചാല്‍ വിജയം സുനിശ്ചിതം! ‘ഹെസെക്കിയ കര്‍ത്താവിനോട് ഒട്ടിനിന്നു. .. കര്‍ത്താവ് അവനോടുകൂടെ ഉണ്ടായിരുന്നു. അവന്റെ ഉദ്യമങ്ങളെല്ലാം ഐശ്വര്യപൂര്‍ണമായി’ (2 രാജാക്കന്മാര്‍ 18/6-7) എന്നാണല്ലോ ദൈവവചനം നമുക്കു നല്‍കുന്ന വാഗ്ദാനവും.”
വികസിതരാജ്യങ്ങളുടെയെല്ലാം അഭൂതപൂര്‍വമായ സമഗ്രപുരോഗതിക്കും സാംസ്‌കാരിക സമ്പന്നതയ്ക്കും അടിത്തറപാകിയതും പടുത്തുയര്‍ത്തിയതും ക്രൈസ്തവവിശ്വാസമാണെന്നത് നിസ്തര്‍ക്കമാണ്. എന്നാല്‍ ഈ നിത്യസത്യം, ക്രൈസ്തവ നാമധാരികളും ക്രൈസ്തവികതയാല്‍ വികസിതമായ രാജ്യങ്ങളും മനപൂര്‍വം മറക്കുന്ന ഇക്കാലത്ത്, ക്രൈസ്തവ രാജ്യമായിരുന്ന ഓസ്‌ട്രേലിയ ക്രിസ്തുവിനെ മാറ്റിനിര്‍ത്തി തിന്മയുടെ കരാളഹസ്തങ്ങളിലേക്കമരാന്‍ വെമ്പിനില്‍ക്കെ, ഓസ്‌ട്രേലിയയെ ക്രിസ്തുവിനായി തിരിച്ചുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ജിബി ജോയി എന്ന സീറോമലബാര്‍ സഭാതനയന്‍. രാജ്യത്തിന്റെ ഭരണസിരാകേന്ദ്രങ്ങളിലെ സ്വാധീനശക്തിക്ക് ക്രിസ്തുവിനുവേണ്ടി ഏറെ ചെയ്യാന്‍ സാധിക്കുമെന്നാണ് അദേഹം പറയുന്നത്. അതിനാല്‍, അദേഹം കന്നിയങ്കത്തില്‍തന്നെ വിജയിച്ചെത്തിയ സിറ്റി കൗണ്‍സിലില്‍ തന്റെ പ്രഥമ പോരാട്ടം ആരംഭിച്ചുകഴിഞ്ഞു.
”സിറ്റി കൗണ്‍സിലിലെ എന്റെ ആദ്യത്തെ നിര്‍ദ്ദേശം ഓരോ കൗണ്‍സില്‍ മീറ്റിങ്ങുകളും പ്രാര്‍ത്ഥനയോടുകൂടി ആരംഭിക്കണമെന്നാണ്. അതിന്റെ വിശദീകരണം ആവശ്യപ്പെടുകയും ഞാന്‍ അതിനു ഉപോല്ബലകമായ കാര്യങ്ങള്‍ രേഖാമൂലം നല്‍കുകയും ചെയ്തിട്ടുണ്ട്. അത് വീണ്ടും ചര്‍ച്ചചെയ്യുകയും തീരുമാനമുണ്ടാകുകയും ചെയ്യും. കിട്ടുന്ന അവസരമെല്ലാം ദൈവത്തോടുള്ള അപരിമേയമായ എന്റെ വിധേയത്വം ഞാന്‍ പ്രകടിപ്പിക്കാറുണ്ട്. കൂടെയുള്ളവര്‍ക്കറിയാം ഞാനൊരു ക്രിസ്തുവിശ്വാസിയാണെന്ന്. എന്റെ പ്രാര്‍ത്ഥനാജീവിതവും അനുദിന ദിവ്യബലിയര്‍പ്പണവും വെള്ളിയാഴ്ചകളിലെ ഉപവാസവും മാംസവര്‍ജനവും ഞായറാഴ്ചകളിലെ വിശുദ്ധദിനാചരണവുമെല്ലാം എന്റെ ക്രൈസ്തവവിശ്വാസം പ്രഘോഷിക്കാന്‍ ലഭിക്കുന്ന സാധാരണ അവസരങ്ങളാണ്. ഇലക്ഷനില്‍ പിന്തുണച്ച ഒരു ജര്‍മന്‍ വംശജന്‍ കാന്‍സര്‍ ബാധിതനായെന്നറിഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഒന്നര മണിക്കൂര്‍ പ്രാര്‍ത്ഥിക്കുകയും വചനം പങ്കുവയ്ക്കുകയും ചെയ്തു. അവര്‍ക്കത് വലിയ അനുഭവവും ദിനവും ബൈബിള്‍ വായിക്കാന്‍ പ്രചോദനവുമായതായി അവര്‍ സാക്ഷ്യപ്പെടുത്തി. രാജ്യത്തിലെ ചെറുതും വലുതുമായ സ്ഥാനങ്ങളില്‍ ക്രൈസ്തവര്‍ വരുന്നത് ക്രൈസ്തവസഭയുടെ നിലനില്‍പിനും അഭ്യുന്നതിക്കും അനിവാര്യമെന്നുതന്നെയാണ് എന്റെ അഭിപ്രായം.”
ഇന്ത്യക്കാരനായതിനാല്‍ ‘ഇന്ത്യന്‍ ഡോഗ്’ എന്ന് ഓസ്‌ട്രേലിയക്കാര്‍ പരസ്യമായി അവഹേളിച്ച അനുഭവം ഇദേഹത്തിനുണ്ട്. എന്നാലെന്ത്? ആരാല്‍ അവഹേളിക്കപ്പെട്ടോ, അവര്‍തന്നെ തങ്ങളുടെ പ്രതിനിധിയായി തദ്ദേശീയര്‍ സ്വീകരിക്കാന്‍ തക്ക പെരുമാറ്റമായിരുന്നു ജിബിയും കുടുംബവും കാഴ്ചവച്ചത്. സംഭവങ്ങളോടും സാഹചര്യങ്ങളോടും സഹജീവികളോടുമുള്ള ക്രൈസ്തവസ്‌നേഹത്തില്‍ ചാലിച്ച നിലപാടുകളും വ്യക്തിത്വചാരുതയും ജിബിയെ ശ്രദ്ധേയനാക്കുമ്പോഴും ഔന്നത്യത്തിന്റെ ലാഞ്ചനയില്ലാത്ത, സ്വതസിദ്ധവിനയഭാവം ജിബിയുടെ മഹത്വമായി പരിണമിക്കുന്നു. പ്രമുഖ പ്രഭാഷകന്‍, ഗ്രന്ഥകാരന്‍, വിശ്വാസപരിശീലകന്‍ എന്നിങ്ങനെ ബഹുമുഖവ്യക്തിത്വത്തിനുടമായ ഇദ്ദേഹം സഭയുടെയും സമൂഹത്തിന്റെയും അഭിമാനമാണ്. സഭയ്‌ക്കെതിരെ ശത്രുക്കള്‍ സര്‍വ്വസന്നാഹത്തോടെ പടപൊരുതുമ്പോള്‍ സഭാ മക്കള്‍ക്കെല്ലാവര്‍ക്കും സഭയെ സംരക്ഷിക്കേണ്ട കടമയുണ്ടെന്ന് നിരന്തരം ഓര്‍മിപ്പിക്കുന്ന ജിബി, മെത്രാന്മാര്‍, ധ്യാനഗുരുക്കന്മാര്‍, വൈദികര്‍, ആദ്ധ്യാത്മിക നേതാക്കള്‍, സിസ്റ്റേഴ്‌സ്, റിട്ടയേര്‍ഡ് ജഡ്ജിമാര്‍, അഭിഭാഷകര്‍, ക്രൈസ്തവ സംഘടനാ നേതാക്കള്‍ എന്നിവരെയെല്ലാം ‘മിഷനറീസ് ഓഫ് ക്രൈസ്റ്റ്’ എന്ന ഒറ്റ വാട്‌സാപ്പ് ഗ്രൂപ്പില്‍ അണിചേര്‍ത്ത് സഭയ്ക്കുവേണ്ടി പോരാടിക്കൊണ്ടിരിക്കുകയാണ്.
കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ മടിക്കുന്ന ഇക്കാലത്ത്, ജാക്, പീറ്റര്‍, മേരി, ജോഷ്, സാമുവല്‍ എന്നീ അഞ്ചു മക്കളുടെ പിതാവാണ് ജിബി. അടിയുറച്ച ക്രൈസ്തവവിശ്വസികളായ മക്കള്‍ അള്‍ത്താരബാലകരും പിതാവ് കപ്യാര്‍ക്ക് തുല്യമായ അക്കലൈറ്റ് ശുശ്രൂഷകനും. കോതമംഗലം പുളിക്കല്‍ ജോയി
ജോസഫിന്റെയും മേഴ്‌സി ജോയിയുടെയും ഇളയമകനായ ജിബിയുടെ ജീവിതപങ്കാളി കവിത, കൊരട്ടി നാല്‍പാട്ട് ജോസിന്റെയും ജെസിയുടെയും മകളാണ്. സീന, വിജോയ്, സിസ്റ്റര്‍ മേരി പോള്‍ സിഎംസി എന്നിവര്‍ സഹോദരങ്ങള്‍.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?