Follow Us On

24

July

2024

Wednesday

മരണത്തെ മുഖാമുഖം കണ്ട നിമിഷം

മരണത്തെ മുഖാമുഖം  കണ്ട നിമിഷം

ജെറാള്‍ഡ് ബി. മിറാന്‍ഡ

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്റുചെയ്യാന്‍ തുടങ്ങുമ്പോള്‍ നന്നായി മഞ്ഞുപെയ്യുന്നുണ്ടായിരുന്നു. കനത്ത മഞ്ഞില്‍ പൈലറ്റിന് റണ്‍വേ വേണ്ട രീതിയില്‍ കാണാന്‍ കഴിഞ്ഞില്ല. ആന്റീനകള്‍ തകര്‍ന്നു. അപകടം മുന്നില്‍ക്കണ്ട പൈലറ്റ് വിമാനം ഉയര്‍ത്തി. അരമണിക്കൂറോളം വിമാനത്താവളത്തിന് മുകളില്‍ വിമാനം വട്ടമിട്ടു പറന്നു. യാത്രക്കാര്‍ ഭയചകിതരായി. ഭീതിയും ഉത്ക്കണ്ഠയും നിറഞ്ഞ നിമിഷങ്ങള്‍. റവ. ഡോ. മത്തായി കടവില്‍ ഒഐസിക്കൊപ്പം (ബിഷപ് ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ്) തിരുവനന്തപുരം അതിരൂപതയിലെ ഡോ. മോണ്‍. നിക്കോളാസ് താര്‍സൂസ് ഉള്‍പ്പെടെ അഞ്ച് വൈദികര്‍ വിമാനത്തിലുണ്ടായിരുന്നു. അവര്‍ ജപമാല കൈയിലെടുത്തു.

പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി ശക്തമായി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. എമര്‍ജന്‍സി ലാന്റിങ്ങിന് പൈലറ്റ് അനുമതി തേടി. വിമാനം നിലത്തിറങ്ങുമ്പോള്‍ ഇരുപത് ഫയര്‍ എഞ്ചിനുകള്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയാറായി നില്പുണ്ടായിരുന്നു. വിമാനം ദൈവകൃപയാല്‍ സുരക്ഷിതമായി നിലത്തിറങ്ങിയെങ്കിലും വിമാനത്താവളത്തിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. 1999 ജനുവരി 20-ന് വിമാനാപകടത്തില്‍നിന്നും ദൈവം അത്ഭുതകരമായി രക്ഷിച്ച അനുഭവം ബിഷപ് ഡോ. മാത്യൂസ് മാര്‍ പക്കോമിയോസിന്റെ മനസില്‍ ഇപ്പോഴും ജ്വലിച്ചുനില്ക്കുന്നു. സഭ പുതിയ ഉത്തരവാദിത്വം ഏല്പിക്കുമ്പോഴും ദൈവം വഴി നടത്തുമെന്ന ഉറച്ച ബോധ്യമാണ് ഡോ. പക്കോമിയോസിനെ നയിക്കുന്നത്. പുതിയ നിയോഗത്തെക്കുറിച്ചും പ്രാവര്‍ത്തികമാക്കേണ്ട ആശയങ്ങളെപ്പറ്റിയും ബിഷപ് ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ് സണ്‍ഡേ ശാലോമിനോടു സംസാരിക്കുന്നു.

? സഭയില്‍ ധാരാളം ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിച്ചിട്ടുള്ള അങ്ങ് പുതിയ നിയോഗത്തെ എങ്ങനെ കാണുന്നു.

. വൈദികശുശ്രൂഷയില്‍ നിരവധി ഉത്തരവാദിത്വങ്ങള്‍ സഭ എന്നെ ഭരമേല്‍പിച്ചിട്ടുണ്ട്. മെത്രാന്‍ സ്ഥാനത്തിന്റെ ഔന്നത്യം ഞാന്‍ തിരിച്ചറിയുന്നു. ഗൗരവമായ കടമയാണത്. എനിക്ക് ബലഹീനതകളും കുറവുകളുമുണ്ട്. എന്റെ പരിമിതികള്‍ ഞാനറിയുന്നു. എന്നാല്‍, ദൈവം ഒരാളെ തിരഞ്ഞെടുത്താല്‍ ദൈവംതന്നെ വഴിനടത്തുമെന്ന ബോധ്യമാണ് എന്നെ നയിക്കുന്നത്. പരിധിയും പരിമിതിയും ഇല്ലാതെ ദൈവത്തില്‍ ആശ്രയിക്കുന്ന മനോഭാവം നമുക്കുണ്ടായാല്‍ മാത്രംമതി.

? ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹിന്ദിമേഖലയില്‍ നേരിട്ടേക്കാവുന്ന വെല്ലുവിളികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ.

. വടക്കേ ഇന്ത്യയില്‍ ചില തീവ്രവാദ ചിന്താഗതിയുള്ളവര്‍ മിഷന്‍ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നു. അവരോട് പ്രകോപനത്തിന് പോകാതെ ക്രിസ്തു കേന്ദ്രീകൃത ജീവിതസാക്ഷ്യത്തിലൂടെ സുവിശേഷം പ്രചരിപ്പിക്കണം. ഏത് മതത്തിലായാലും തീവ്രവാദം അപകടകരവും അപക്വവുമാണ്. സ്‌നേഹത്തിലും കാരുണ്യത്തിലും അധിഷ്ഠിതമായ സുവിശേഷവല്‍ക്കരണത്തിന് നാം മുന്‍ഗണന കൊടുക്കണം.

? ഇന്ത്യയില്‍ സുവിശേഷപ്രഘോഷണത്തിനുള്ള തടസങ്ങളെ എങ്ങനെ അതിജീവിക്കാം.

. സഭയുടെ ആദ്യനൂറ്റാണ്ടുകള്‍ മുതല്‍ നാളിതുവരെ സുവിശേഷപ്രഘോഷണം വെല്ലുവിളികളും ബുദ്ധിമുട്ടുകളും നിറഞ്ഞതായിരുന്നു. മതതീവ്രവാദത്തെ അതാത് മതങ്ങളിലെ ആത്മീയനേതാക്കന്മാര്‍ മുളയിലേ നുള്ളിക്കളയണം. തീവ്രവാദം ഒന്നിനും പരിഹാരമല്ല. പ്രകോപനപരമായ സുവിശേഷപ്രസംഗം നമുക്ക് ചേര്‍ന്നതല്ല. സമചിത്തതയോടെ സുവിശേഷം പ്രഘോഷിക്കണം. തീവ്രവാദത്തിനെതിരെ എല്ലാവരും നിലപാടു സ്വീകരിക്കണം.

? അനുദിനം മാറുന്ന ലോകക്രമം, അതിഭൗതികതയുടെ മായിക പ്രലോഭനങ്ങള്‍ തുടങ്ങിയവയൊക്കെ യുവജനങ്ങളെ മാടിവിളിക്കുന്ന കാലമാണ്. യുവജനങ്ങളോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള അങ്ങയുടെ കാഴ്ചപ്പാടില്‍ പുതിയ തലമുറയെ വിശ്വാസത്തില്‍ വളര്‍ത്താന്‍ എന്തെല്ലാം ചെയ്യണം? പ്രത്യേകിച്ചും ഇടവകതലത്തില്‍.

. യുവജനങ്ങളെയും കുട്ടികളെയും കേള്‍ക്കാനുള്ള മനസാണ് വേണ്ടത്. ഭവനങ്ങളിലും ഇടവകയിലും സ്‌കൂളുകളിലും അവര്‍ കേള്‍ക്കുന്നതിലും പഠിക്കുന്നതിലും മനസിലാക്കുന്നതിനെയുംകാള്‍ കൂടുതല്‍ കൂട്ടുകാരില്‍നിന്നും സാമൂഹിക മാധ്യമങ്ങളില്‍നിന്നും സ്വായത്തമാക്കുന്നു. ആ അറിവുകള്‍ അവരില്‍ അമിതമായ സ്വാധീനം ചെലുത്തുന്നുണ്ട്. അവരെ നിരന്തരം കേള്‍ക്കുമ്പോള്‍ മാത്രമാണ് സ്വാധീനിച്ചിട്ടുള്ള ചിന്താധാരകളും പ്രവര്‍ത്തനശൈലികളും നമുക്ക് അറിയാന്‍ കഴിയുകയുള്ളൂ. അങ്ങനെ നിരന്തര സംഭാഷണത്തിലൂടെ അവരെ നേടിയെടുക്കാന്‍ കഴിയും. ഭൂഖണ്ഡങ്ങള്‍ കീഴടക്കിയ മനുഷ്യന് മൊബൈല്‍ ഫോണിനെ കീഴടക്കാന്‍ കഴിഞ്ഞിട്ടില്ല. സാമൂഹിക മാധ്യമങ്ങള്‍ കുട്ടികളെയും യുവജനങ്ങളെയും മാത്രമല്ല എല്ലാവരിലും വലിയ സ്വാധീനശക്തിയായി നിലകൊള്ളുന്നു.

? സെമിനാരി റെക്ടര്‍, പ്രഫസര്‍, സുപ്പീരിയര്‍ ജനറല്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള അങ്ങേക്ക് സെമിനാരി വിദ്യാര്‍ത്ഥികളുമായി ഏറെ അടുപ്പമുണ്ടല്ലോ. സെമിനാരി പരിശീലനത്തില്‍ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണ്.

. സെമിനാരിയില്‍ ചേരുന്ന വിദ്യാര്‍ത്ഥികളുടെ കുടുംബപശ്ചാത്തലം വ്യത്യസ്തമാണ്. അവരുടെ സാഹചര്യം, ആത്മീയപശ്ചാത്തലം ഒക്കെ ഭിന്നമായിരിക്കെ അതൊക്കെ അറിഞ്ഞുകൊണ്ടുള്ള പരിശീലനമാണ് അഭികാമ്യം. ഇപ്പോള്‍ അണുകുടുംബങ്ങളില്‍നിന്നാണ് സെമിനാരി വിദ്യാര്‍ത്ഥികള്‍ വരുന്നത്. അവരില്‍ത്തന്നെ പല സ്വഭാവക്കാരും പല സാമൂഹിക പശ്ചാത്തലത്തില്‍ വളര്‍ന്നവരും ഉണ്ട്. അതിനാല്‍ ഒരുമിച്ചുള്ള പഠനവും പരിശീലനവും എന്നതിലുപരി ഓരോ വിദ്യാര്‍ത്ഥികളെയും വ്യക്തിപരമായി അറിഞ്ഞു മനസിലാക്കി അതിനനുസരിച്ചുള്ള ശിക്ഷണം നല്‍കുന്നതിന് മുന്‍തൂക്കം നല്‍കണം. സമീപകാലത്ത് രൂപപ്പെട്ടിട്ടുള്ള വ്യക്തികേന്ദ്രീകൃത ചിന്തകളെ ഗൗരവമായിത്തന്നെ കാണണം. മാറുന്ന കാലഘട്ടത്തിനനുസൃതമായി സാമൂഹിക പ്രതിബദ്ധതയോടുകൂടിയ ക്രിയാത്മക സമീപനങ്ങളും കൈക്കൊള്ളണം.

? കോവിഡ് ലോക്ക്ഡൗണിനുശേഷം ദൈവാലയങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും പ്രാര്‍ത്ഥിക്കാന്‍ വരുന്നവരുടെ എണ്ണത്തില്‍ കുറവ് വരുന്നതായി തോന്നിയിട്ടുണ്ടോ.

. കോവിഡ് കാലത്ത് ദൈവാലയങ്ങള്‍ അടഞ്ഞപ്പോള്‍ ഭവനങ്ങള്‍ പ്രാര്‍ത്ഥനാലയങ്ങളായി. കുടുംബമൊന്നായി പ്രാര്‍ത്ഥിച്ചു, ദൈവത്തില്‍ ആശ്രയിച്ചു, ബൈബിള്‍ വായിച്ചു. അങ്ങനെ ആത്മീയജീവിതം ശക്തിപ്പെടുത്തുന്നതിന് ലോക്ഡൗണ്‍ അവര്‍ ഉപയോഗിച്ചു. എന്നാല്‍ ഇന്ന് ദൈവാലയങ്ങള്‍ തുറന്നു. ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനകളുമെല്ലാം സജീവമായി. ഈ സാഹചര്യത്തില്‍ വിശ്വാസികള്‍ ദിവ്യബലി അര്‍പ്പണത്തിനും ആരാധനകള്‍ക്കും സമൂഹപ്രാര്‍ത്ഥനകള്‍ക്കും ദൈവാലയത്തില്‍ എത്തേണ്ടതുണ്ടല്ലോ. ഇവയൊന്നും ഭവനങ്ങളില്‍ സാധിക്കുകയില്ല. ഇടവക, സഭാതലപരിപാടികളില്‍ സംബന്ധിക്കുവാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും വേണം. വ്യക്തി-കുടുംബകേന്ദ്രീകൃത പ്രാര്‍ത്ഥന ശക്തിപ്പെടുത്തുന്ന രീതിയില്‍ പൊതുപരിപാടികള്‍ ചിട്ടപ്പെടുത്തുവാന്‍ കഴിയണം.

? കുടുംബങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ചുള്ള നവീകരണം അനിവാര്യമാണല്ലോ. അതിനുവേണ്ടിയുള്ള മലങ്കര കത്തോലിക്കാ സഭയുടെ പ്രവര്‍ത്തനങ്ങള്‍.

. വ്യക്തികളുടെയും കുടുംബങ്ങളുടെയും നവീകരണം സഭയുടെയും സമൂഹത്തിന്റെയും ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. മലങ്കര കത്തോലിക്കാ സഭയില്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും അല്മായര്‍ക്കുവേണ്ടിയുള്ള വിവിധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അവരുടെ ആത്മീയതയെ ബലപ്പെടുത്തുവാന്‍ സഹായകരമായ വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇടവകാതലത്തിലും മേഖലാതലത്തിലും രൂപതാതലത്തിലുമുള്ള പ്രവര്‍ത്തനങ്ങള്‍ വ്യക്തികളുടെ നവീകരണത്തിനും സഭയുടെ നവീകരണത്തിനും കാരണമാകണം.

? സ്‌നേഹത്തിന് ക്രിസ്തീയതയില്‍ വലിയ പ്രാധാന്യമുണ്ട്. എന്നിട്ടും സ്‌നേഹത്തിന് വിരുദ്ധമായ പലതും സഭയിലും സമൂഹത്തിലും സംഭവിക്കുന്നു. ഇത് പലപ്പോഴും എതിര്‍സാക്ഷ്യത്തിനും കാരണമാകുന്നു. എന്താണ് പരിഹാര മാര്‍ഗം.

. യേശുവില്‍ നാമെല്ലാവരും ഒന്നായിരിക്കുവാന്‍ കടപ്പെട്ടിരിക്കുന്നു. എന്നാല്‍ സ്വാര്‍ത്ഥപരമായ ചിന്തകള്‍ ഭിന്നതയ്ക്ക് കാരണമാകുന്നു. ഇത് മനുഷ്യരുടെ സഹജസ്വഭാവമാണ്. യേശുകേന്ദ്രീകൃതമായ ആഴമായ വിശ്വാസം നമ്മുടെ സ്വാര്‍ത്ഥചിന്തകളെ അതിജീവിക്കുന്നതിന് പ്രേരകമായിരിക്കണം. വിശ്വാസത്തെ സംബന്ധിച്ച് കൃത്യമായ ബോധനത്തിലൂടെയും നിഷ്ഠാപരമായ ഭക്താഭ്യാസങ്ങളിലൂടെയും ഇത് ആര്‍ജിച്ചെടുക്കണം.

? ലോകത്ത് ക്രിസ്തുവിന്റെ മുഖമാകുവാന്‍ സഭയ്ക്ക് കഴിയുന്നുണ്ടോ.

. പരിമിതികള്‍ ഉണ്ടെങ്കിലും ലോകത്ത് ക്രിസ്തുവിന്റെ മുഖമാകുവാന്‍ സഭയ്ക്ക് കഴിയണം. പരിശുദ്ധ ഫ്രാന്‍സിസ് പാപ്പാ നിരന്തരം നമ്മെ ഓര്‍മിപ്പിക്കുന്നതും ഇക്കാര്യംതന്നെയാണ്. ലോകമെങ്ങും സഭയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെ പ്രകാശമാനമാകുന്നത് ക്രിസ്തുവിന്റെ മുഖമാണ്. സ്വാര്‍ത്ഥപരമായ ചിന്തകളും പരിമിതികളും അതിന് തടസമാകുന്നുണ്ടെങ്കിലും നിരന്തര സപര്യയിലൂടെ അത് ആര്‍ജിച്ചെടുക്കാന്‍ നമുക്ക് കഴിയണം.

? മാധ്യമങ്ങള്‍ വലിയ സ്വാധീനം ചെലുത്തുന്ന കാലമാണല്ലോ. സുവിശേഷ പ്രഘോഷണത്തില്‍ മാധ്യമങ്ങളുടെ പങ്കിനെ എങ്ങനെയാണ് വിലയിരുത്തുന്നത്.

. മാധ്യമങ്ങളിലൂടെ സുവിശേഷവല്‍ക്കരണത്തിന് ശാലോം മാതൃകയാണ്. നവീകരണത്തില്‍ വന്നവരെ നവീകരണാനുഭവത്തില്‍ നിലനിര്‍ത്താനും വളര്‍ത്താനും പ്രചോദിപ്പിക്കാനും ശാലോം മിനിസ്ട്രിക്ക് കഴിഞ്ഞു. ശാലോമിന്റെ ശുശ്രൂഷകളെ വിസ്മയത്തോടെയാണ് നോക്കിക്കാണുന്നത്. ശാലോമിന്റെ സാമ്പത്തിക സ്രോതസും ദൈവപരിപാലനയും എന്നെ ആശ്ചര്യപ്പെടുത്തുന്നു. അക്കൗണ്ട് ബുക്കിലേക്കല്ല അനന്തമായ ദൈവപരിപാലനയില്‍ ആശ്രയിച്ചും ദൈവത്തെ നോക്കിയുമാണ് ശാലോം മുന്നോട്ടു പോകുന്നതെന്ന യാഥാര്‍ത്ഥ്യം അഭിമാനകരമാണ്.

? പൂനാ-കട്കി രൂപതയില്‍ മുമ്പ് പ്രവര്‍ത്തിച്ചിട്ടുണ്ടോ.

. പൂനെയില്‍ സെമിനാരി പഠനകാലത്തുതന്നെ കട്കി കത്തീഡ്രല്‍ ദൈവാലയത്തില്‍ മതബോധന ക്ലാസുകള്‍ കൈകാര്യം ചെയ്തിരുന്നു. പൂനയില്‍ എംസിവൈഎം ചുമതല നിര്‍വഹിക്കവേ എംസിവൈഎം ഭരണഘടന തയാറാക്കി. പൂനാ മിഷന്‍ സുപ്പീരിയര്‍, കത്തീഡ്രല്‍ വികാരി, വിവിധ ബാഹ്യകേരളാ മിഷന്‍ ശുശ്രൂഷകള്‍ തുടങ്ങി ആ ദേശത്തെ ധാരാളം പരിപാടികളില്‍ ഉള്‍ച്ചേരാനും കഴിഞ്ഞു. വൈദികരെ പഠിപ്പിക്കുവാന്‍ കഴിഞ്ഞത് സന്തോഷമായി തോന്നുന്നു. ഈ പരിചയവും അനുഭവസമ്പത്തും പൂനാ-കട്കി മെത്രാനായി പോകുമ്പോള്‍ മുതല്‍ക്കൂട്ടാകും.

? പിതാവിന്റെ മനസിലുള്ള പുതിയ പദ്ധതികളെക്കുറിച്ച് വിശദീകരിക്കാമോ.

വില്ലേജുകളില്‍ തുടങ്ങിവച്ച മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കണം. ഭൗതിക സാഹചര്യങ്ങള്‍ ഇനിയുമേറെ മെച്ചപ്പെടുത്താനുണ്ട്. ജനങ്ങളെ വിശ്വാസത്തില്‍ വളര്‍ത്തിയെടുക്കണം. വൈദികര്‍ പല മേഖലകളിലും വാടക വീടുകളിലാണ് കഴിയുന്നത്. മാനുഷികമായി ചിന്തിച്ചാല്‍ ഒന്നിനും പ്രതിവിധിയില്ല. എന്നാല്‍ ദൈവത്തില്‍ പൂര്‍ണമായി ആശ്രയിച്ചാല്‍ എല്ലാം സാധ്യമാകുമെന്നുറപ്പുണ്ട്. സാധാരണക്കാരുടെ വളര്‍ച്ചയും ഉയര്‍ച്ചയും ലാക്കാക്കി സമര്‍പ്പണബോധത്തോടെ സേവനം ചെയ്യുന്ന നേതൃത്വശുശ്രൂഷകള്‍ ഉണ്ടാകണം.

മൂവാറ്റുപുഴ രൂപതയില്‍ പൂത്തൃക്ക സെന്റ് ജയിംസ് മലങ്കര സുറിയാനി കത്തോലിക്കാ ഇടവകയില്‍ മത്തായി-അന്നമ്മ ദമ്പതികളുടെ മകനായി 1963 ഡിസംബര്‍ 31-ന് ജനിച്ച ഡോ. മത്തായി കടവില്‍ 1989 ഒക്‌ടോബര്‍ ഒമ്പതിനാണ് വൈദികപട്ടം സ്വീകരിച്ചത്. തുടര്‍ന്ന് ലൂബെനിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റിയില്‍നിന്നും ദൈവശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും കരസ്ഥമാക്കി. ബഥനി സന്യാസ പരിശീലന ശുശ്രൂഷയില്‍ റെക്ടറായും സെന്റ് മേരീസ് മലങ്കര സെമിനാരി പ്രഫസറായും ബഥനി പബ്ലിക്കേഷന്റെയും മലങ്കര സെമിനാരി പബ്ലിക്കേഷന്റെയും ഡയറക്ടറും എഡിറ്ററും വിവിധ ഇടവകകളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മലങ്കര കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെയും മലങ്കര കാത്തലിക് അസോസിയേഷന്റെയും ഭദ്രാസന, സഭാതല ഡയറക്ടറായും ശുശ്രൂഷ ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും പത്തിലധികം ഗ്രന്ഥങ്ങളുടെ രചയിതാവും അനേകം ദേശീയ അന്തര്‍ദേശീയ പ്രസിദ്ധീകരണങ്ങളില്‍ ഈടുറ്റ ലേഖനങ്ങളുടെ കര്‍ത്താവുമാണ്. 2009 മുതല്‍ 2015 വരെ ബഥനി നവജ്യോതി പ്രൊവിന്‍സിന്റെ സുപ്പീരിയറായി സേവനമനുഷ്ഠിച്ച അദ്ദേഹം 2021 മുതല്‍ മിശിഹാനുകരണ സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലാണ്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ജര്‍മന്‍ എന്നീ ഭാഷകള്‍ അറിയാവുന്ന ബഹുഭാഷാ പണ്ഡിതന്‍കൂടിയാണ്. പരേതയായ ത്രേസ്യാമ്മ, ഫിലിപ്പ് കടവില്‍, ലിസി, അമ്മിണി, ഗ്രേസി എന്നിവര്‍ സഹോദരങ്ങളാണ്.

വേദപുസ്തകത്തെപ്പോലെ പ്രപഞ്ചത്തെയും വായിച്ചു മനസിലാക്കണമെന്ന് ബിഷപ് ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ് പറയുന്നു. പ്രപഞ്ചത്തെ കാത്തുസൂക്ഷിക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വവും കടമയും എല്ലാവര്‍ക്കുമുണ്ട്. വരുംതലമുറകള്‍ക്കായി പ്രപഞ്ചത്തെ പരിപാവനമായി പരിപാലിക്കണം. സൃഷ്ടവസ്തുക്കളെല്ലാം ദൈവത്തിന്റെ സൃഷ്ടിയാണെന്നു കരുതണമെന്ന വിശുദ്ധ എഫ്രേമിന്റെ വാക്കുകളാണ് ബിഷപ് മാത്യൂസ് മാര്‍ പക്കോമിയോസ് ഓര്‍മിപ്പിക്കുന്നത്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?