Follow Us On

22

December

2024

Sunday

നീ നിൻ്റെ പിതാവായ വിശുദ്ധ യൗസേപ്പിനെ വിളിക്കുക- ഈശോ ദൈവദാസി സി. മേരി മർത്തായോട്

നീ നിൻ്റെ പിതാവായ വിശുദ്ധ യൗസേപ്പിനെ വിളിക്കുക- ഈശോ ദൈവദാസി സി. മേരി മർത്തായോട്
ഫാ. ജയ്സൺ കുന്നേൽ mcbs
കനേഡിയൻ എഴുത്തുകാരനായ ജോസ്. എ. റോഡ്രിഗസിൻ്റെ (Jose A. Rodrigues) യൗസേപ്പിതാവിനെക്കുറിച്ചുള്ള പുസ്തകമാണ് The Book of Joseph: God’s Chosen Father അഥവാ “ജോസഫിൻ്റെ പുസ്തകം: ദൈവം തിരഞ്ഞെടുത്ത പിതാവ് ” എന്നത് . ദൈവ പിതാവ് തൻ്റെ പ്രതിനിധിയായി തിരഞ്ഞെടുത്ത യൗസേപ്പിൻ്റെ ജീവിതം മൂന്നു ഭാഗങ്ങളായി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. യേശുവിനെ സ്നേഹിക്കുകയും പരിപാലിക്കുകയും പഠിപ്പിക്കുകയും അവനെ പുരുഷത്വത്തിലേക്കു രൂപപ്പെടുത്തുകയും ചെയ്തത് നസറത്തിലെ കുറ്റമറ്റ പിതാവായ ഈ യൗസേപ്പാണ്. യൗസേപ്പിതാവിനു ഈ ലോകത്തിൽ കിട്ടിയ എറ്റവും വലിയ ആനുകൂല്യവും കടമയും ദൈവപുത്രൻ്റെ പിതൃത്വം ഏറ്റെടുക്കലായിരുന്നു.
വിശുദ്ധ യൗസേപ്പിൻ്റെ യേശുവിൻ്റെ പിതാവ് എന്ന സ്ഥാനം വിശുദ്ധ ഗ്രന്ഥാധിഷ്ഠതമാണ്. സുവിശേഷങ്ങളിൽ രണ്ടിടത്ത് യൗസേപ്പിതാവിനെ യേശുവിൻ്റെ പിതാവായി സാക്ഷ്യപ്പെടുത്തുന്നു. ശിമയോൻ ഉണ്ണിയേശുവിനെ കൈകളിലെടുത്തു ദൈവത്തെ സ്തുതിക്കുന്ന അവസരത്തിൽ അവൻ്റെ മാതാവും പിതാവും അത്ഭുതപ്പെട്ടു (ലൂക്കാ 2:33) എന്നു ലൂക്കാ സുവിശേഷകൻ എഴുതിയിരിക്കുന്നു. രണ്ടാം സന്ദർഭത്തിൽ മൂന്നു ദിവസം യേശുവിനെ കാണാതെ അന്യോഷിച്ചു ജറുസലേം ദൈവാലയത്തിൽ യേശുവിനെ കണ്ടുമുട്ടുമ്പോൾ മറിയം പറയുന്നു : നിന്റെ പിതാവും ഞാനും ഉത്‌കണ്‌ഠയോടെ നിന്നെ അന്വേഷിക്കുകയായിരുന്നു. (ലൂക്കാ 2 : 48).
ആദിമ സഭയിൽ യൗസേപ്പിനെ യേശുവിൻ്റെ പിതാവായി അംഗീകരിക്കാൻ ഒരു വിമുഖത ഉണ്ടായിരുന്നു. യൗസേപ്പിനെ യേശുവിൻ്റെ ശാരീരിക പിതാവായി തെറ്റി ദ്ധരിച്ചാലോ എന്ന ഭയം നിമിത്തമായിരുന്നു അത്. മറിയത്തിൻ്റെ കന്യകാത്വത്തിനു ഭംഗം വരുത്തുന്ന യാതൊന്നും അവർക്കു ചിന്തിക്കാൻ കഴിയുമായിരുന്നില്ല. നാലാം നൂറ്റാണ്ടിൽ വിശുദ്ധ ആഗസ്തിനോസാണ് ഈ ചിന്താഗതിയെ മാറ്റിയത്.
 
ഒരു പ്രഭാഷണത്തിൽ വിശുദ്ധ ആഗസ്തിനോസ് ഇപ്രകാരം പറഞ്ഞു: “വിശുദ്ധ യൗസേപ്പ് യേശുവിൻ്റെ ശാരീരിക പിതാവല്ലെങ്കിലും അവൻ യേശുവിനു ഒരു പിതാവു തന്നെയാണ് കാരണം ആധികാരികതയോടും വാത്സല്യത്തോടും വിശ്വസ്തയോടും യൗസേപ്പ് യേശുവിനോടുള്ള തൻ്റെ പിതൃത്വ കടമ നിറവേറ്റി. ” യേശുവിൻ്റെ പിതാവായ യൗസേപ്പ് യേശുവിൻ്റെ മൗതീക ശരീരമായ സഭയുടെയും പിതാവാണ്, അതിനാൽ ഓരോ സഭാംഗങ്ങളുടെയും പിതാവായി യൗസേപ്പിതാവ് മാറുന്നു.
ഒരു പിതാവിൻ്റെ ഏറ്റവും വലിയ ഉത്തരവാദിത്വം ഭാര്യയ്ക്കും മക്കൾക്കും ജീവനും സംരക്ഷണവും പ്രദാനം ചെയ്യുക എന്നതാണ്. സവിശേഷങ്ങളിൽ പരിശുദ്ധ കന്യകാമറിയത്തിനും ഉണ്ണിയേശുവിനും വേണ്ടി ജാഗ്രതയോടെ നിലകൊള്ളുന്ന യൗസേപ്പിനെ കണ്ടുമുട്ടുന്നു.
ജോസഫിൻ്റെ നിശബ്ദത ജാഗ്രതയുടെ പ്രതിഫലനമായിരുന്നു. പ്രശ്നങ്ങളും പ്രതിസന്ധികളും സഭയെ വിരിഞ്ഞുമുറുക്കുമ്പോൾ അവൾ യൗസേപ്പിലേക്കു തിരിയുന്ന ഒരു പാരമ്പര്യം നിലവിലുണ്ട്.
“തിരുമുറിവുകളുടെ മിസ്റ്റിക് ” (Mystic of the Holy Wounds ” എന്നറിയപ്പെടുന്ന ദൈവദാസിയായ സി. മേരി മർത്താ ചാമ്പോണിനു നൽകിയ ഒരു ദർശനത്തിൽ യേശു തന്നെ സിസ്റ്ററിനോടു ” നീ നിൻ്റെ പിതാവായ വിശുദ്ധ യൗസേപ്പിനെ വിളിക്കുക, കാരണം ഞാൻ അവനു ഒരു പിതാവിൻ്റെ സ്ഥാനവും നന്മയും നൽകിയിരിക്കുന്നു” എന്നു പറയുന്നുണ്ട്.
മാമ്മോദീസാ എന്ന കൂദാശ വഴി ഒരു വ്യക്തി ദൈവത്തിൻ്റെ കുടുംബത്തിലെ അംഗമാകുന്നു, രക്ഷകനും നാഥനുമായ യേശു നമ്മുടെ സഹോദരനുമാകുന്നു. യേശു നമ്മുടെ സഹോദരനാണങ്കിൽ അവൻ്റെ മാതാപിതാക്കൾ നമ്മുടെയും മാതാപിതാക്കളാണ്.
യൗസേപ്പിൻ്റെ പിതൃത്വം കേവലം നൈയാമികമായ രക്ഷാകര്‍തൃസ്ഥാനം മാത്രമായിരുന്നില്ല, യേശുവിനോടുള്ള അവൻ്റെ പിതൃതുല്യമായ ബന്ധം വ്യക്തിപരവും ആധികാരികവും വാത്സല്യം നിറഞ്ഞതുമായിരുന്നു. ഇത്തരത്തിലുള്ള രക്ഷാകര്‍തൃസ്ഥാനമാണ് യൗസേപ്പ് മാമ്മോദീസ സ്വീകരിച്ച ഓരോ വ്യക്തിക്കും നൽകുന്നത്.
ബനഡിക്ട് പതിനാറാമൻ പാപ്പ യൗസേപ്പിതാവിനെ ദൈവത്തിൻ്റെ പിതൃത്വത്തിൽ പങ്കുചേരാൻ ഭാഗ്യം ലഭിച്ച മനുഷ്യനായാണ് അവതരിപ്പിക്കുന്നത്. “കാണപ്പെടുന്നതും കാണാത്തതുമായ എല്ലാറ്റിന്റെയും പിതൃത്വം ലോകത്തിന്റെ ഏക സ്രഷ്ടാവായ പിതാവായ ദൈവത്തിനു മാത്രമേയുള്ളൂ. എന്നിട്ടും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട മനുഷ്യനു ദൈവത്തിന്റെ ഈ ഏക പിതൃത്വത്തിൽ ഒരു പങ്ക് ലഭിച്ചു (എഫെ 3:15). വിശുദ്ധ യൗസേപ്പ് ഇതിനു ശ്രേഷ്ഠമായ ഉദാഹരണമാണ് അവൻ ജീവ ശാസ്ത്രപരമായി യേശുവിനു ജന്മം നല്കാതെ ഒരു പിതാവായി. യേശുവിൻ്റെ പിതാവ് ദൈവം മാത്രമായിട്ടും യൗസേപ്പ് അവൻ്റെ പിതൃത്വം പൂർണ്ണമായും സമ്പൂർണ്ണമായും ജീവിച്ചു . ഒരു പിതാവാകുക എന്നാൽ എല്ലാറ്റിനുമുപരിയായി ജീവൻ്റെയും വളർച്ചയുടെയും ശുശ്രൂഷയിൽ ഏർപ്പെടുക എന്നതാണ്.”
മാനവ ചരിത്രത്തിലൊരിക്കലും യൗസേപ്പിൻ്റെ പിതൃത്വത്തോടു തുലനം ചെയ്യാവുന്ന മറ്റൊന്ന് ഉണ്ടായിട്ടില്ല. ദൈവപുത്രനു സനാഥത്വം നൽകുന്ന പിതൃസ്ഥാനം അത് സ്വർഗ്ഗം അവനു നൽകിയ സമ്മാനവും ആദരവുമാണ്. അതിനാൽത്തന്നെ ആ പിതൃത്വം അതുല്യവുമാണ്. വിശുദ്ധ യൗസേപ്പിൻ്റെ ജീവിതത്തിൽ സംഭവിച്ചിച്ചത് വിവാഹിതനായ മറ്റേതൊരു പുരുഷൻ്റെ ജീവിതത്തിലും സംഭവിച്ചിട്ടില്ല. ആ പിതൃത്വം ഒരു രഹസ്യവും (Mystery) ധ്യാനവും (Meditation) ദൗത്യവും (Mission) ആയിരുന്നു.
ജോസഫിനു സർവ്വശക്തനായ ദൈവം നൽകിയ പിതൃത്വം ഒരു കന്യകാ പിതൃത്വം (Virginal Father ) ആയിരുന്നു. അത്ഭുതകരമായി കന്യകയായ മറിയം പരിശുദ്ധന്മാവിനാൽ ഗർഭം ധരിക്കുന്നു, അവൾ ഒരു മകനെ പ്രസവിക്കുന്നു. ആ ശിശു മാംസം ധരിച്ച ദൈവവചനമാകുന്നു. ആ ശിശുവിൻ്റെ വളർത്തു പിതാവായി നസറത്തിലെ നീതിമാനായ ഒരു മനുഷ്യനെ തിരഞ്ഞെടുക്കുന്നതാണ് ആ പിതൃത്വത്തിലെ ദൈവീക രഹസ്യം
രണ്ടാമതായി ഈ രഹസ്യങ്ങൾ മനസ്സിലാക്കാൻ അവൻ ഹൃദയത്തിൽ ധ്യാനനിരതനായി. നിശബ്ദത അവൻ്റെ ധ്യാന ജീവിതത്തിൻ്റെ അടയാളമായിരുന്നു. ദൈവത്തിൻ്റെ സാന്നിധ്യം ഉള്ളിലറിഞ്ഞു അവിടുത്തോടു സംഭാഷണം നടത്തിയ യൗസേപ്പിനു ഈ നിശബ്ദതയോളം മനോഹരമായി മറ്റൊന്നില്ലായിരുന്നു.
പ്രകൃത്യാതീതമായി കാര്യങ്ങൾ നടക്കുമ്പോൾ ദൈവഹിതം തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന പിതാവാകാൻ യൗസേപ്പിനു സാധിച്ചത് അവൻ്റെ ധ്യാനാത്മക ജീവിത ശൈലി നിമിത്തമായിരുന്നു.
ധ്യാനാത്മകതയിൽ ദൈവീക പരിപാലന തിരിച്ചറിഞ്ഞ യൗസേപ്പ് തൻ്റെ ദൗത്യം കൃത്യമായി നിറവേറ്റുന്നു. ഈ നിയോഗ പൂർത്തീകരണത്തിൽ പ്രതിസദ്ധികളും പ്രലോഭനങ്ങളും വിഘാതം നിൽക്കുമ്പോഴും സ്വർഗ്ഗം തിരഞ്ഞെടുത്ത പിതാവിനു തൻ്റെ ദൗത്യം “രക്ഷകനു കാവലാവുക ” എന്നതാണ് എന്ന ഉറച്ച ബോധ്യമുണ്ടായിരുന്നു. ദൈവപുത്രനെ ദുർബലനായ ഒരു ശിശുവിൽ നിന്നു പുരുഷത്വത്തിൻ്റെ പൂർണ്ണതയിലേക്കു വളർത്തിയ, ഭാര്യയെ ജീവനു തുല്യം സ്നേഹിച്ച നസറത്തിലെ യൗസേപ്പ് നല്ല അപ്പനാകാൻ ചില കുറുക്കുവഴികൾ നിർദേശിക്കുന്നു ഒന്നാമതായി നല്ല അപ്പനാകാൻ ആദ്യമേ തന്നെ സ്വർഗ്ഗീയ പിതാവിന്റെ അനുസരണമുള്ള , കുലീനത്വമുള്ള സ്നേഹമുള്ള മകനാവുക .
രണ്ടാമതായി യഥാർത്ഥ പിതാവോ, ഭർത്താവോ ആകാൻ ആഗ്രഹിക്കുന്നവൻ ആദ്യം ദൈവത്തെ സ്നേഹിക്കണം. ദൈവസ്നേഹത്തിൽ നിന്നായിരിക്കണം ജീവിത പങ്കാളിയോടും മക്കളോടുമുള്ള സ്നേഹം പിറവിയെടുക്കേണ്ടത്, എങ്കിലേ അതു ശാശ്വതമാകുകയുള്ളു.
മൂന്നാമതായി നസ്രത്തിലെ തിരുകുടുംബത്തിൽ സ്വയം ബലിയാകാൻ ഒരപ്പൻ സമ്മതമരുളിയപ്പോൾ സ്വർഗ്ഗം ഭൂമിയെ നോക്കി ആനന്ദാശ്രുക്കൾ പൊഴിച്ചു കാണും. അതു ഇനിയും തുടരണം ഈ ഭൂമിയിൽ. ഒരു നല്ല അപ്പൻ കുടുംബത്തിൽ ഉള്ളിടത്തോളം കുടുംബങ്ങളെ നോക്കി ദൈവം പരിതപിക്കുകയില്ല.
ആധുനിക കുടുംബങ്ങൾ സ്വർഗ്ഗമാകാൻ വി. ജോസഫ് നൽകുന്ന ഒരു കുറുക്കുവഴിയുണ്ട് ഓരോ കുടുംബത്തിലും ഒരു നല്ല അപ്പനുണ്ടാകട്ടെ.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?