Follow Us On

08

January

2025

Wednesday

കേരളം മറ്റൊരു അഫ്ഗാനിസ്ഥാനാകാതിരിക്കാന്‍ ഇപ്പോള്‍ ചെയ്യേണ്ടത്…

സിസ്റ്റര്‍ സോണിയ തെരേസ് ഡി. എസ്. ജെ ഫേസ്ബുക്കില്‍ കുറിച്ച അന്വേഷണാത്മക മുന്നറിയിപ്പ്

കേരളം മറ്റൊരു അഫ്ഗാനിസ്ഥാനാകാതിരിക്കാന്‍ ഇപ്പോള്‍ ചെയ്യേണ്ടത്…

തീവ്രവാദത്തെ തീവ്രവാദം എന്ന് വിശേഷിപ്പിക്കാന്‍ മടിച്ച് അതിനെ താലോലിക്കുന്നവരാണ് ഇന്നിന്റെ ദുരന്തം:
The Kerala Story എന്ന സിനിമയുടെ പേരില്‍  ഇടുക്കി രൂപതയെ വിമര്‍ശിക്കുന്നവരോട് ഒന്ന് മാത്രമെ പറയാനുള്ളു. തീവ്രവാദത്തെ തീവ്രവാദം എന്ന് വിളിക്കാന്‍ ഭയപ്പെടുന്നവരും കാര്യലാഭത്തിന് വേണ്ടി മൗനം പാലിക്കുന്നവരും ഒഴികെ ബാക്കി എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ് The Kerala Story എന്ന പേരില്‍ ഇറങ്ങിയിരിക്കുന്ന സിനിമ… ഈ ടൈറ്റിലിനോട് എനിക്ക് ചെറിയ വിയോജിപ്പ് ഉണ്ടെങ്കിലും സിനിമയുടെ കണ്ടന്റ് വച്ച് നോക്കുമ്പോള്‍ ഇന്ന് ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തുന്ന ഇസ്ലാമിക തീവ്രവാദം എന്ന കെണിയില്‍ ചിലര്‍ ഇരയാകുന്നതെങ്ങനെ എന്നാണ് സിനിമ പറഞ്ഞു വയ്ക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ISIS തീവ്രവാദികളുടെ ഭാഗമായി തീരാന്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നിന്ന് തന്നെ ധാരാളം പേര്‍ പുറപ്പെടുകയും പുറപ്പെടാന്‍ തയ്യാറാവുകയും ചെയ്തിരുന്നു എന്ന് മുന്‍ ഡി.ജി.പി. മാരുടെ വെളിപ്പെടുത്തലും അതിന് തെളിവായി സിറിയന്‍ മണ്ണിലും അഫ്ഗാന്‍ ജയിലുകളിലുമുള്ള മലയാളികളുടെ സാന്നിധ്യവുമുണ്ട് എന്നത് ആരും അത്ര വേഗം മറക്കാന്‍ ഇടയില്ല. ISIS തീവ്രവാദത്തിലേയ്ക്ക് ആകര്‍ഷിക്കപ്പെട്ട 100 കണക്കിന് മലയാളി യുവാക്കളെ ഗവണ്‍മെന്റ് സ്വന്തം ചിലവില്‍ കൗണ്‍സിലിംഗ് നല്‍കി തിരികെ കൊണ്ടുവരാന്‍ പരിശ്രമിക്കുന്നുണ്ട് എന്നുള്ള തുറന്നു പറച്ചില്‍ നടത്തിയത് സാക്ഷാല്‍ കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ തന്നെയാണ് എന്നത് ആരും മറന്നു പോകരുത്.

The Kerala Story എന്ന ഈ സിനിമ മറ്റൊരു ചതിക്കുഴിയേയും എടുത്ത് കാണിക്കുന്നുണ്ട്: പ്രണയത്തിന്റെ പിന്നില്‍ മറഞ്ഞിരുന്ന ചതിക്കുഴി മനസ്സിലാക്കാതെ, ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ലാളിച്ച് വളര്‍ത്തിയ സ്വന്തം മാതാപിതാക്കളുടെ കണ്ണുനീരിന് മുമ്പില്‍ പോലും തല തിരിച്ചുപിടിച്ച് നടന്നകന്ന കേരളത്തില്‍ ജീവിച്ചിരുന്ന ഒരു മലയാളി പെണ്‍കുട്ടിയുടെ കഥ കൂടിയാണ് ഈ സിനിമ. ഇന്നിന്റെ ചതിക്കുഴികളെ വളരെ വ്യക്തമായി തന്നെ എടുത്തു കാണിക്കുന്ന ഈ സിനിമ ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളും ഒക്കെ കാണേണ്ടതാണ്. കാരണം ഇത് തീവ്രവാദത്തിന് എതിരെയും പ്രണയം നടിച്ചുള്ള ചതിക്കുഴിക്കള്‍ക്ക് എതിരെയുമുള്ള പോരാട്ടമാണ്… ഒരു സമുദായത്തെ മുഴുവന്‍ മോശക്കാരായി ചിത്രീകരിക്കുന്ന സിനിമ എന്ന ആരോപണത്തെ ഉള്‍ക്കൊള്ളാന്‍ എനിക്കാവുന്നില്ല. കാരണം കേരളത്തിലെ ലക്ഷോപലക്ഷം മുസ്ലീങ്ങള്‍ വളരെ നന്നായി ജീവിക്കുന്നുണ്ട്. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ തെറ്റിന് എതിരെ വിരല്‍ ചൂണ്ടാന്‍ മടിക്കുന്നവരും ഒപ്പം ഇതൊന്നും തങ്ങളെ ബാധിക്കുന്ന ഒന്നല്ല എന്ന നിസംഗതാ മനോഭാവം വച്ചു പുലര്‍ത്തുന്നവരും പാഠമാക്കേണ്ടത് 2021 ല്‍ അഫ്ഗാനിസ്ഥാനില്‍ സംഭവിച്ചതാണ്.

ഒരു ഫ്‌ളാഷ് ബാക്ക്: അഫ്ഗാനിസ്ഥാന്‍ എങ്ങനെ ഇങ്ങനെയായി?

2021 ഓഗസ്റ്റ് മാസം വിറങ്ങലിച്ച ഹൃദയത്തോടെയാണ് ഞാന്‍ TV യില്‍ അഫ്ഗാന്‍ ജനതയുടെ പലായനം കണ്ടിരുന്നത്. ഉടുവസ്ത്രം മാത്രമായി യാത്രാ വിമാനത്തിലും ചരക്കു വിമാനത്തിലും എങ്ങനെയെങ്കിലും വലിഞ്ഞു കയറാന്‍ പരിശ്രമിക്കുന്ന ആയിരക്കണക്കിന് ജനങ്ങള്‍. പറന്നുയരാന്‍ തുടങ്ങുന്ന വിമാനത്തില്‍ കാലു കുത്താന്‍ ഇടമില്ലായിരുന്നു, പ്രാണരക്ഷാര്‍ത്ഥം വിമാനത്തിന്റെ പുറത്തും ചിറകുകളുടെ അടിയിലും ടയറുകള്‍ക്കിടയിലും അള്ളിപിടിച്ചിരുന്ന ചിലര്‍ വിമാനം പറന്നുയര്‍ന്നപ്പോള്‍ ആകാശത്തു നിന്ന് താഴേക്ക് വീഴുന്നത് കണ്ടപ്പോള്‍ അറിയാതെ ഞാന്‍ കണ്ണുകള്‍ പൊത്തി. ഒരിക്കല്‍ പ്രൗഡ ഗംഭീരമായിരുന്ന ഒരു രാജ്യത്തെ ജനതയുടെ ദുര്‍വിധിയെക്കുറിച്ച് യൂറോപ്യന്‍ ചാനലുകള്‍ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ ദിവസങ്ങളോളം നടത്തി. ഗവണ്‍മെന്റിന്റെ പിന്തുണയോടെ വിവിധ സന്നദ്ധ സംഘടനകള്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുവാന്‍ വേണ്ട നടപടികള്‍ ചെയ്തു. ഈ ദൗത്യത്തില്‍ ഇറ്റലിയിലെ കത്തോലിക്കാസഭയും മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു… വിദ്യാഭ്യാസം തുടരുവാന്‍ ആഗ്രഹിച്ച ധാരാളം പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഇറ്റലിയിലെ യൂണിവേഴ്‌സിറ്റികളുടെയും കോളജുകളുടെയും വാതിലുകള്‍ മലര്‍ക്കെ തുറന്നിടുകയും വേണ്ട സഹായങ്ങള്‍ ഒക്കെ  ഒരുക്കുകയും ചെയ്തു. നല്ലൊരു ഭാവി ജീവിതം ആഗ്രഹിച്ച് വളര്‍ന്നുവന്ന ലക്ഷക്കണക്കിന് അഫ്ഗാന്‍ യുവജനതയ്ക്ക് താലിബാന്‍ ഭരണത്തിനു കീഴില്‍ കഠിനമായ പീഢനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നു. സ്വന്തം മക്കളെ വിറ്റ് ഭക്ഷണം വാങ്ങേണ്ട ദൗര്‍ഭാഗ്യം പോലും അനേകം മാതാപിതാക്കള്‍ക്ക് ഉണ്ടായി. പെണ്‍കുട്ടികളുടെ ഉയര്‍ന്ന വിദ്യാഭ്യാസം എന്ന സ്വപ്നം മണലാരണ്യത്തില്‍ കുഴിച്ചു മൂടപ്പെട്ടു…

ഭയാനകമായ ഒരു കഥ

അഫ്ഗാനിസ്ഥാന്‍ എന്ന രാജ്യത്തിന്റെ ഈ ദുരിതത്തിന് കാരണം എന്തെന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഭയാനകമായ ഒരു നിശബ്ദതയുടെ കഥയാണ്. സത്യത്തില്‍ 4 കോടിയില്‍ പരം വരുന്ന അഫ്ഗാന്‍ ജനതയില്‍ ഒരു ലക്ഷത്തിന് താഴെ മാത്രമായിരുന്നു തീവ്ര ചിന്താഗതിക്കാരായ താലിബാന്‍ അനുകൂലികള്‍  ഉണ്ടായിരുന്നത്. കാലങ്ങളായി ഈ തീവ്ര ഇസ്ലാമിസ്റ്റുകള്‍ സമൂഹ മധ്യത്തിലേയ്ക്ക് വാരിവിതറിയ തീവ്ര ചിന്താഗതികള്‍ക്ക് നേരെ ഭൂരിഭാഗം അഫ്ഗാന്‍ ജനതയും നിശബ്ദത പാലിക്കുകയോ അല്ലെങ്കില്‍ നിസംഗത പുലര്‍ത്തുകയോ ചെയ്തതിന്റെ ഫലമായി പതിറ്റാണ്ടുകള്‍ക്ക് ശേഷം സ്വന്തം രാജ്യത്ത് പോലും സ്വൈര്യമായി ജീവിക്കാന്‍ സാധിക്കാതെ അനേകം അഫ്ഗാന്‍ മക്കള്‍ നാടുവിടേണ്ടി വന്നു. ശേഷിച്ചവര്‍ അടിമത്വത്തിന്റെ നുകം പേറി ശിഷ്ടകാലം മുന്നോട്ട് തള്ളിനീക്കുന്നു… ഇത്രയും പറഞ്ഞുവന്നത് ഒരു കാര്യം സൂചിപ്പിക്കാനാണ്. തെറ്റ് തെറ്റാണെന്ന്  വിളിച്ചു പറയാനും തീവ്രവാദത്തെ താലോലിക്കാതെ നഖശിഖാന്തം എതിര്‍ക്കാനും ധൈര്യം കാണിച്ചില്ലെങ്കില്‍ 2021 ല്‍ അഫ്ഗാനില്‍ സംഭവിച്ചത് 2031 ല്‍ കേരളത്തിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും സംഭവിക്കുക തന്നെ ചെയ്യും.
The Kerala Story എന്ന സിനിമ സുവിശേഷോത്സവത്തിന്റെ ഭാഗമായി ഇടുക്കി രൂപത തങ്ങളുടെ വിദ്യാര്‍ത്ഥികളെ കാണിച്ചതിനെ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. ഞാനും ഈ സിനിമ കണ്ടതാണ്. അതുകൊണ്ട് എന്റെ അഭിപ്രായത്തില്‍ കേരളത്തിലെ എല്ലാ രൂപതകളിലെയും വിദ്യാര്‍ത്ഥികളെ ഈ സിനിമ കാണിക്കാന്‍ അതാത് രൂപതകള്‍ മുന്‍കൈ എടുക്കണം എന്നുതന്നെയാണ്. ലോകം മുഴുവനെയും വിഴുങ്ങുവാനായി വായ് പിളര്‍ന്ന് പാഞ്ഞടുക്കുന്ന തീവ്രവാദത്തെ തഴുകി താലോലിക്കാതെ ശക്തമായി പ്രതിരോധിക്കാനും പുതു തലമുറയെ ബോധവത്ക്കരിക്കാനും ഒറ്റക്കെട്ടായി കൈകോര്‍ക്കാം… തിന്മയ്ക്ക് നേരെയുള്ള ഇന്നത്തെ നമ്മുടെ നിശബ്ദതയും നിസംഗതയും നാളെയിലെ നന്മയുടെ വേരുകള്‍ പാടെ പിഴുതെറിയാന്‍ ഇടവരാതിരിക്കട്ടെ എന്ന് ആശംസിച്ചുകൊണ്ട്….

സ്‌നേഹപൂര്‍വ്വം,
സി. സോണിയ തെരേസ് ഡി. എസ്. ജെ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?