കെനിയ/നെയ്‌റോബി: കെനിയന്‍ തീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന ഒരു ദീര്‍ഘദൂര ഡ്രൈവറായിരുന്നു കൈംഗു. ഒരു തൊഴിലാളി എന്ന നിലയില്‍ വിശ്വസ്തതയോടെയും അര്‍പ്പണ ബോധത്തോടെയും ജോലി ചെയ്യാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ലാമുവിലേക്ക് വാഹനവുമായി പോവുകയായിരുന്ന കൈംഗുവിനെ അല്‍ഷബാബ് തീവ്രവാദികള്‍ പതിയിരുന്ന് ആക്രമിച്ചു. വിശദമായ പരിശോധനയില്‍ കൈംഗു ക്രിസ്ത്യാനിയാണെന്ന് കണ്ടെത്തിയതോടെ മതം മാറാന്‍ അദ്ദേഹത്തെ നിര്‍ബന്ധിച്ചു. എന്നാല്‍ ജീവന്‍ നഷ്ടപ്പെട്ടാലും ക്രിസ്തുവിനെ തള്ളിപ്പറയാന്‍ തയാറാകാതിരുന്ന കൈംഗുവിനെ ഭികരര്‍ അവിടെവച്ചുതന്നെ കൊലപ്പെടുത്തി.
കുടുംബത്തിന്റെ അത്താണിയായിരുന്ന ഭര്‍ത്താവിന്റെ മരണം സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് കരകയറാന്‍ പാടുപെടുമ്പോഴും ദൈവഹിതത്തിന് ആമ്മേന്‍ പറയുകാണ് ഇന്ന് കൈംഗുവിന്റെ ഭാര്യയായ മേരി, ”ഒരു യുവകുടുംബമെന്ന നിലയില്‍ ഞങ്ങള്‍ക്ക് ഇത് വലിയ നഷ്ടമാണ്. അദ്ദേഹം ഞങ്ങളോടൊപ്പം കൂടുതല്‍ കാലം ഉണ്ടായിരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു. എന്നാല്‍, മനുഷ്യന് തടയാന്‍ കഴിയാത്ത പദ്ധതികള്‍ ദൈവത്തിനുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.” മേരിയെപ്പോലെ നിരവധി യുവതികളാണ് വിശ്വാസത്തിന്റെ പേരില്‍ വൈധവ്യം അനുഭവിക്കേണ്ടിവരുന്നത് എന്ന് കെനിയയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്റെ കുട്ടികള്‍ എന്ത് കഴിക്കും, അവര്‍ എങ്ങനെ സ്‌കൂളില്‍ പോകും എന്നതിനെക്കുറിച്ച് ആലോചിച്ച് ഇപ്പോള്‍ ഉറക്കമില്ലാത്ത രാത്രികളിലൂടെ കടന്നുപോവുകയാണെന്ന് ഏഴ് കുട്ടികളുടെ അമ്മയായ മറ്റൊരു സ്ത്രീ പറയുന്നു.
കുട്ടികള്‍ അച്ഛനെ കാണാന്‍ വേണ്ടി കരയുന്നത് കാണുമ്പോള്‍ ഹൃദയം തകരുന്നതായും അവര്‍ പങ്കുവയ്ക്കുന്നു. ഇത്തരം സ്ത്രീകളില്‍ ഭൂരിഭാഗവും വര്‍ധിച്ച മാനസിക ആഘാതവും വിഷാദവും അനുഭവിക്കുന്നവരാണ്. ഭര്‍ത്താക്കന്മാര്‍ കൊല്ലപ്പെട്ടതിന് ശേഷം കുടുംബത്തിന്റെ എല്ലാ ഉത്തരവാദിത്തങ്ങളും അവരുടെ ചുമലില്‍ വീണതിനാല്‍ അവരുടെ ജീവിതം ദുസ്സഹമാണെന്ന് പ്രദേശത്ത് സേവനം ചെയ്യുന്ന ക്രിസ്ത്യന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു. സന്നദ്ധ പ്രവര്‍ത്തകര്‍ നല്കുന്ന പിന്തുണയിലാണ് പല വിധവകളും തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നത.് എങ്കിലും, ഇവരുടെ വിശ്വാസ ജീവിതത്തിന് വിള്ളല്‍ വീഴ്ത്താന്‍ ഇത്തരം ദുരന്തങ്ങള്‍ക്കൊന്നും കഴിഞ്ഞിട്ടില്ല എന്നത് ലോകത്തിന് മുമ്പില്‍ കെനിയ നല്‍കുന്ന വിശ്വാസ സാക്ഷ്യമായി മാറുകയാണ്.
Leave a Comment
Your email address will not be published. Required fields are marked with *