Follow Us On

23

December

2024

Monday

സുഡാനിലെ സഭയും സ്തംഭനാവസ്ഥയില്‍; ഇടവകകള്‍ ശൂന്യമാണെന്ന് ബിഷപ്

സുഡാനിലെ സഭയും സ്തംഭനാവസ്ഥയില്‍; ഇടവകകള്‍ ശൂന്യമാണെന്ന് ബിഷപ്

കാര്‍ത്തൗം/സുഡാന്‍: ഒരുവര്‍ഷത്തോളമായി ആഭ്യന്തരയുദ്ധം തുടരുന്ന സുഡാനില്‍ അജപാലന ശുശ്രൂഷയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നില്ലെന്ന് സുഡാനില്‍ നിന്നുള്ള ബിഷപ് ടോംബെ ട്രില്ലെ.  വിശുദ്ധ കുര്‍ബാനകള്‍, കൂദാശകള്‍ എന്നിവയ്ക്കുപോലും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. നേരത്തെ രണ്ടു മണിക്കൂര്‍ കൊണ്ട് എത്തുമായിരുന്ന സ്ഥലങ്ങളിലേക്ക് ഇപ്പോള്‍ രണ്ടാഴ്ചയെങ്കിലും എടുത്ത് യാത്ര ചെയ്യേണ്ട സാഹചര്യമാണുള്ളത്. മിക്ക ഇടവകകളും ശൂന്യമാണ്. ഇടവകാപരമായ പ്രവര്‍ത്തനങ്ങളൊന്നും നടക്കുന്നില്ലെന്ന് പറഞ്ഞ ബിഷപ്, പരസ്പരം ആശ്വസിപ്പിക്കാനും പ്രാര്‍ത്ഥനയില്‍ സ്ഥിരത പുലര്‍ത്താനും വിശ്വാസികളോട് ആവശ്യപ്പെട്ടു.

സുഡാന്‍ ഗവണ്‍മെന്റിന്റെ സായുധ സേനയായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും പാരാമിലിട്ടറി വിഭാഗമായ ആര്‍എസ്എഫും  തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് രാജ്യത്ത് രണ്ട് കോടിയോളം ജനങ്ങള്‍ പട്ടിണിയിലാണ്.  വെള്ളം ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ അഭാവത്താല്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്ക് ആവശ്യമായ വൈദ്യസഹായവും ലഭ്യമല്ല. ക്രൂരമായ സംഘര്‍ഷം അവസാനിക്കാന്‍ മുട്ടുകുത്തി പ്രാര്‍ത്ഥിക്കണമെന്ന് ബിഷപ് ടോംബെ ആഹ്വാനം ചെയ്തു. സമാധാനത്തിനായി നിലവിളിക്കുന്ന ജനങ്ങളുടെയും കുട്ടികളുടെയും സ്ത്രീകളുടെയും ശബ്ദം കേള്‍ക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.

ആഭ്യന്തര സംഘര്‍ഷം കൊടുമ്പിരികൊള്ളുന്ന സുഡാനില്‍ നിന്നുള്ള ഭയാനകമായ വാര്‍ത്തകള്‍ കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലോകരാജ്യങ്ങള്‍. 2023 ഏപ്രില്‍ മുതല്‍ ഇതുവരെ 92 ലക്ഷം ആളുകളാണ് ഇവിടെ ഭവനരഹിതരായി മാറിയിരിക്കുന്നത്. അതില്‍ ഏറിയ പങ്കും രാജ്യത്തിന് അകത്തും അയല്‍രാജ്യങ്ങളിലുമായി ചിതറിക്കപ്പെട്ടിരിക്കുന്നു. യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി പുതുതായി എത്തുന്നവരെ രജിസ്റ്റര്‍ ചെയ്യാനും അവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനും പാടുപെടുകയാണ്. ദിവസേന ഏറ്റുമുട്ടലുകള്‍ തുടരുന്നതും സര്‍ക്കാരിതര സംഘടനകള്‍ രാജ്യത്ത് സജീവമല്ലാത്തതും സ്ഥിതിഗതികള്‍ രൂക്ഷമാക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?