വത്തിക്കാന്‍ സിറ്റി: അഴിമതിയും വിവാദങ്ങളും നിറഞ്ഞ ഇന്നത്തെ ലോകത്തില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിന് അത്ര നല്ല പേരല്ല ഉള്ളതെങ്കിലും വാസ്തവത്തില്‍ അത് കുലീനമായ പ്രവര്‍ത്തനമേഖലയാണെന്ന് ഓര്‍മപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. ഓഗസ്റ്റ് മാസത്തിലെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗത്തിന്റെ വീഡിയോയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് സമഗ്ര മാനവ വികസനത്തിനും പൊതുനന്മയ്ക്കു വേണ്ടിയും പ്രവര്‍ത്തിക്കുവാനും ജോലി നഷ്ടപ്പെട്ടവരെ പ്രത്യേകമായി പരിഗണിച്ചുകൊണ്ട് ജനത്തിന് സേവനം ചെയ്യുവാനും പാപ്പ രാഷ്ട്രീയ പ്രവര്‍ത്തകരെ ക്ഷണിച്ചു.
പൊതുനന്മയെ ലക്ഷ്യമാക്കി നടത്തുന്ന പ്രവര്‍ത്തനമെന്ന നിലയില്‍ ഏറ്റവും ഉയര്‍ന്ന തലത്തിലുളള ഉപവിപ്രവര്‍ത്തനമാണ് രാഷ്ട്രീയമെന്ന പോള്‍ ആറാമന്‍ മാര്‍പാപ്പയുടെ വാക്കുകള്‍ പാപ്പ അനുസ്മരിച്ചു. ക്രൈസ്തവര്‍, പ്രത്യേകിച്ചും അല്‍മായര്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമാകണമെന്ന് പാപ്പ പറഞ്ഞു. കൂടുതല്‍ നീതിയുള്ളതും പിന്തുണ നല്‍കുന്നതുമായ സമൂഹം നിര്‍മിക്കുവാന്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിലൂടെ സാധിക്കും. വലിയ ഹാളുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപരിയായി സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് നില്‍ക്കുന്നതാണ് നല്ല രാഷ്ട്രീയം.
ജോലി നഷ്ടപ്പെട്ടവരെയും ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെയും അത് സേവിക്കുന്നു. മറ്റുള്ളവരെ കേള്‍ക്കാനും അവരുടെ അന്തസ് മാനിക്കാനും തയാറാകാതിരിക്കുമ്പോള്‍ സമൂഹത്തിന്റെ സമഗ്രമായ വികസനം സാധ്യമാകില്ല. രാഷ്ട്രീയ നേതാക്കളുടെ ഈഗോയും അധികാരത്തോടുള്ള ആര്‍ത്തിയുമാണ് ദാരിദ്ര്യം, യുദ്ധം, കാലാവസ്ഥ പ്രതിസന്ധി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വിഘാതമായി നില്‍ക്കുന്നതെന്ന് ചാക്രികലേഖനമായ ‘ഫ്രത്തെല്ലി തൂത്തിയില്‍’ ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *