യേശുവിന്റെ പരിമളതൈലമായിരിക്കാനും അതു കാത്തു സൂക്ഷിക്കാനും ഈസ്റ്റ് തിമൂറിലെ മെത്രാന്മാരെയും വൈദികരെയും ശെമ്മാശ്ശന്മാരെയും സന്ന്യാസീസന്ന്യാസിനികളെയും വൈദികാര്‍ത്ഥികളെയും മതബോദകരെയും പാപ്പാ ആഹ്വാനം ചെയ്തു.
പൂര്‍വ്വ തിമോര്‍ ലോകത്തിന്റെ അതിര്‍ത്തിയില്‍ കിടക്കുന്ന ഒരു രാജ്യമാണെന്ന് അനുസ്മരിച്ച പാപ്പാ വാസ്തവത്തില്‍ സുവിശേഷത്തിന്റെ കേന്ദ്രം നാം കണ്ടെത്തുക അതിരുകളിലാണെന്നും ആത്മീയ നേതാക്കളുമായുള്ള പ്രസ്തുത കൂടിക്കാഴ്ചയില്‍ പാപ്പാ പറഞ്ഞു. ഇതൊരു വൈരുദ്ധ്യമാണെന്നും അതിരുകളില്‍ എത്താന്‍ കഴിയാത്തതും ലോകത്തിന്റ മദ്ധ്യത്തില്‍ മറഞ്ഞിരിക്കുന്നതുമായ ഒരു സഭ ഗുരുതരമായ രോഗബാധിതയാണെന്നും പാപ്പാ പറഞ്ഞു.
കിഴക്കെ തിമോറിലെ യേശുശിഷ്യരുടെ കഷ്ടപ്പാടുകളെയും അവര്‍ നേരിടുന്ന വെല്ലുവിളികളെയും കുറിച്ചു പരാമര്‍ശിക്കവെ പാപ്പാ യേശുവിന്റെ സുഹൃത്തുക്കളായ ലാസറസിന്റെയും മാര്‍ത്തയുടെയും മറിയത്തിന്റെയും ഭവനത്തില്‍ സംഭവിച്ച ആര്‍ദ്രതയുടെയും അടുപ്പത്തിന്റെയും ആവിഷ്‌കാരമായ സുവിശേഷസംഭവം അനുസ്മരിച്ചു. മറിയം വിലയേറിയ നാര്‍ദിന്‍ സുഗന്ധതൈലം യേശുവിന്റെ പാദത്തില്‍ പൂശുകയും അതിന്റെ സൗരഭ്യത്താല്‍ ഭവനം നിറയുകയും ചെയ്തതിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് പാപ്പാ നമുക്ക് സൗജന്യമായി ലഭിച്ചിരിക്കുന്ന പരിമളം എന്ന ദാനം നാം പരത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്ന് ഉദ്‌ബോധിപ്പിച്ചു. കാത്തുസൂക്ഷിക്കുകയും വളരെ കരുതലോടെ കൈകാര്യം ചെയ്യണ്ടതുമാണ് ആ സുഗന്ധ തൈലമെന്നും അതുപോലെതന്നെ നമ്മുടെ ജീവിതത്തെ കര്‍ത്താവ് സുഗന്ധപൂരിതമാക്കിയ സ്‌നേഹവും നാം കാത്തുസൂക്ഷിക്കണമെന്നും പാപ്പാ പറഞ്ഞു.
സുഗന്ധതൈലക്കുപ്പി തുറക്കാന്‍, നാം നമ്മില്‍ത്തന്നെ നമ്മെ പലപ്പോഴും അടച്ചിടുന്ന പുറന്തോട് പൊട്ടിക്കാന്‍, ഉദാസീനമായ മതാത്മകതയില്‍ നിന്നു പുറത്തുവരാന്‍ ധൈര്യം ഉണ്ടാകുമ്പോഴാണ് സുവിശേഷവത്ക്കരണം നടക്കുകയെന്ന് പാപ്പാ പറഞ്ഞു. സഭ ചലനാത്മകമായിരിക്കണമെന്ന തന്റെ ബോധ്യം പാപ്പാ ആവര്‍ത്തിച്ചു. എന്നാല്‍ പലപ്പോഴും സമൂഹത്തിലും, ഇടവകകളിലും അഴിമതി കടന്നുകൂടുന്നതിനെക്കുറിച്ച് ജാഗരൂഗരായിരിക്കേണ്ടതിന്റെ ആവശ്യകത പാപ്പാ ചൂണ്ടിക്കാട്ടി.
നമുക്കു ലഭിച്ചിരിക്കുന്ന ദാനത്തെക്കുറിച്ച് നാം അവബോധം പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാട്ടി.
മനുഷ്യജീവനെ അപമാനിക്കുന്ന, വികൃതമാക്കുന്ന, നശിപ്പിക്കുന്ന എല്ലാത്തിനും എതിരെ, മദ്യപാനം, അക്രമം, സ്ത്രീകളുടെ അന്തസ്സിനോടുള്ള അനാദരവ് തുടങ്ങിയ ആന്തരിക ശൂന്യതയ്ക്കും സഹനങ്ങള്‍ക്കും കാരണമാകുന്ന മുറിവുകള്‍ക്കെതിരെ സുവിശേഷത്തിന്റെ സുഗന്ധം പടര്‍ത്തേണ്ടതുണ്ടെന്ന് പാപ്പാ പറഞ്ഞു.
വൈദികര്‍ക്കും ശെമ്മാശന്മാര്‍ക്കും സമര്‍പ്പിതര്‍ക്കും ധൈര്യം പകര്‍ന്ന പാപ്പാ പ്രായം ചെന്ന വൈദികരെയും സമര്‍പ്പിതരെയും നന്ദിയോടെ പ്രത്യേകം അനുസ്മരിക്കുകയും അവര്‍ നമുക്ക് മാതൃകയാണെന്ന് ശ്ലാഘിക്കുകയും ചെയ്തുകൊണ്ടാണ് പാപ്പാ തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *