കൊച്ചി: സംസ്ഥാന ന്യൂനപക്ഷ ക്ഷേമവകുപ്പ് ക്രൈസ്തവരെ നിരന്തരം അവഹേളിക്കുകയാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍അഡ്വ. വി.സി സെബാസ്റ്റ്യന്‍. ജെ.ബി കോശി കമ്മീഷന്‍ 17 മാസങ്ങള്‍ക്ക് മുമ്പ് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിന്മേല്‍ തുടര്‍നടപടികളില്ലാതെ കാലതാമസം വരുത്തിയും അലംഭാവം തുടരുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 9ന് നിയമസഭയിലെ സബ്മിഷന് ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി നല്‍കിയ മറുപടി ഭരണഘടന ഉത്തരവാദിത്വങ്ങളില്‍ നിന്നുള്ള ഒളിച്ചോട്ടമാണ്. കഴിഞ്ഞ നിയമസഭാസമ്മേളനത്തില്‍ നല്‍കിയ മറുപടി തന്നെയാണ് ഇക്കുറിയും ആവര്‍ത്തിച്ചത്. റിപ്പോര്‍ട്ട് ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ കൈവശമാണെന്ന് മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരിക്കുമ്പോഴും റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ട ബാധ്യതയും വകുപ്പു മന്ത്രിക്കുണ്ട്.
കേരളത്തിലെ ക്രൈസ്തവ സമൂഹം നേരിടുന്ന വിവിധ പ്രശ്നങ്ങളിലേക്ക് റിപ്പോര്‍ട്ട് വിരല്‍ ചൂണ്ടുന്നുവെന്ന സൂചനകള്‍ പുറത്തുവന്നിരിക്കുമ്പോള്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം ഇപ്പോഴും രഹസ്യമാക്കി വെച്ചിരിക്കുന്നതിന്റെ പിന്നില്‍ സംശയങ്ങളുണ്ട്. വിവിധ ക്ഷേമപദ്ധതികള്‍ 8-ാം അധ്യായത്തിലെന്ന് നിയമസ ഭയില്‍ വകുപ്പുമന്ത്രിതന്നെ പറഞ്ഞിരിക്കുമ്പോള്‍ ഏഴ് അധ്യായങ്ങളിലെ പഠനഭാഗങ്ങള്‍ ഏറെ ഗൗരവമേറുന്നതാണ്. ഇത് ക്രൈസ്തവരുള്‍പ്പെടെ പൊതുസമൂഹത്തിന് അറിയാന്‍ അവകാശമുണ്ട്. അതിനാല്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *