അബുജ: അക്രമികള്‍ തട്ടിക്കൊണ്ടുപോകാന്‍ തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് പകരം തന്നെത്തന്നെ ബന്ധിയായി വിട്ടുനല്‍കി സെമിനാരിയുടെ റെക്ടറായ വൈദികന്‍. തെക്കന്‍ നൈജീരിയയിലെ ഇഡോ സംസ്ഥാനത്തുള്ള ‘ഇമ്മാക്കുലേറ്റ് കണ്‍സപ്ഷന്‍ മൈനര്‍ സെമിനാരി’ റെക്ടറായ ഫാ. തോമസ് ഒയോഡെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പകരമായി തന്നത്തന്നെ ബന്ധിയായി വിട്ടുനല്‍കിയ ശ്രേഷ്ഠ പുരോഹിതന്‍.
ഒക്‌ടോബര്‍ 27 വൈകിട്ട് ഏഴ് മണിയോടടുത്ത സമയത്ത് വെടിയൊച്ച കേട്ടാണ് മൈനര്‍ സെമിനാരിയുടെ റെക്ടറായ ഫാ. തോമസ് ഒയോഡെ സെമിനാരിയുടെ മുറ്റത്തേക്ക് ഇറങ്ങി ചെന്നത്. തന്റെ രണ്ട് വിദ്യാര്‍ത്ഥികളെ പിടിച്ചുകൊണ്ടുപോകുന്ന അക്രമികളെ കണ്ട ഉടനെ അദ്ദേഹം അവര്‍ക്ക് പകരമായി തന്നെ കൊണ്ടുപൊയ്‌ക്കൊള്ളുവാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ വന്ദ്യ പുരോഹിതന്റെ ആവശ്യം അംഗീകരിച്ച അക്രമികള്‍ ഫാ. തോമസിനെയുമായി നിമിഷ നേരം കൊണ്ട് സമീപമുള്ള കുറ്റിക്കാട്ടില്‍ മറഞ്ഞു.
ഓഷി രൂപത സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. വൈദികന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചതായും വൈസ് റെക്ടറെയും സെമിനാരി വിദ്യാര്‍ത്ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയാതായും രൂപതയുടെ കുറിപ്പില്‍ വ്യക്തമാക്കി. ഒരു വശത്ത് വൈദികരെയും വിശ്വാസികളെയും അക്രമിക്കുന്നതിന്റെയും കൊലപ്പെടുത്തുന്നതിന്റെയും വാര്‍ത്തകളുടെ പ്രളയം ഉണ്ടാകുമ്പോഴും ഇത്തരം ധീരമായ ക്രിസ്തുസാക്ഷ്യങ്ങളുടെ കഥകള്‍കൊണ്ട് ലോകത്തിന് വെളിച്ചമായി മാറുകയാണിന്ന് ആഫ്രിക്കന്‍ സഭ.
Leave a Comment
Your email address will not be published. Required fields are marked with *