ബാകു/അസര്‍ബൈജാന്‍: നിസംഗത അനീതിയുടെ കൂട്ടാളിയാണെന്നും ഈ നൂറ്റാണ്ടിലെ യഥാര്‍ത്ഥ വെല്ലുവിളിയായ പാരിസ്ഥിതിക പ്രശ്‌നങ്ങളെ അലസമായി വീക്ഷിച്ച് കൈകഴുകാനാവില്ലെന്നുമുള്ള മുന്നറിയിപ്പുമായി ഫ്രാന്‍സിസ് മാര്‍പാപ്പ.
അസര്‍ബൈജാനിലെ ബാകുവില്‍ നടക്കുന്ന ‘സിഒപി – 29’ വാര്‍ഷിക കാലാവസ്ഥാ സമ്മേളനത്തിലാണ് പാപ്പയുടെ നിലപാട് വ്യക്തമാക്കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനാണ് പാപ്പയുടെ സന്ദേശം വായിച്ചത്.
സാമ്പത്തികമായ കടം പോലെതന്നെ പാരിസ്ഥിതികമായ കടവും രാജ്യത്തിന്റെ ഭാവിയെ ബാധിക്കുമെന്ന് പാപ്പയുടെ സന്ദേശത്തില്‍ ഓര്‍മിപ്പിക്കുന്നു. ഇരു കടങ്ങളും രാജ്യത്തെ പണയവസ്തുവാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഭൂമിയുടെ സംരക്ഷണം നമ്മുടെ മുമ്പിലുള്ള ഏറ്റവും അടിയന്തിരമായ ആവശ്യമാണെന്ന് നിലവില്‍ ലഭ്യമായ ശാസ്ത്രീയ ഡാറ്റകള്‍ വ്യക്തമാക്കുന്നു. സമാധാനം നിലനിര്‍ത്തുന്നതുമായി ഇതിന് അഭേദ്യമായ ബന്ധമുണ്ടെന്നും പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു.
പരസ്പരം നമ്മെ അടുപ്പിക്കുന്ന ആഗോളവല്‍ക്കരണത്തിന് സാഹോദര്യത്തിന്റെ അനുഭവം പ്രദാനം ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ല. സാമ്പത്തികവളര്‍ച്ച അസമത്വം കുറച്ചിട്ടില്ലെന്ന് മാത്രമല്ല, ഏറ്റവും ദുര്‍ബലരായവരുടെ ചിലവില്‍ ലാഭത്തിനുവേണ്ടിയുള്ള മുന്‍ഗണനയെ പ്രോത്സാഹിപ്പിക്കുകയും പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ആക്കം കൂട്ടുകയും ചെയ്തു.
ജീവിതശൈലിയുടെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ എല്ലാവരെയും ബാധിക്കുന്നതാണെന്ന വസ്തുത മനസിലാക്കണം. തുല്യതയ്ക്കും സുസ്ഥിര വികസനത്തിനും പ്രാധാന്യം നല്‍കുന്ന മനുഷ്യകേന്ദ്രീകൃതമായ ഒരു പുതിയ സാമ്പതികസംവിധാനത്തിന് രൂപം നല്‍കാന്‍ പാപ്പ ആഹ്വാനം ചെയ്തു.
Leave a Comment
Your email address will not be published. Required fields are marked with *