ജറുസലേം: യുദ്ധം പോലുള്ള തിന്മകള്‍ ജീവിതത്തില്‍ കൊടുങ്കാറ്റായി ആഞ്ഞടിക്കുമ്പോഴും നിരാശപ്പെടരുതെന്ന ഓര്‍മപ്പെടുത്തലുമായി വിശുദ്ധനാടിന്റെ ചുമതല വഹിക്കുന്ന കസ്റ്റോസ് ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍ ഒഎഫ്എം ക്യാപ്. യേശു ജനിച്ച സ്ഥലത്ത് സ്ഥാപിതമായ നേറ്റിവിറ്റി ബസലിക്കയോട് ചേര്‍ന്നുള്ള സെന്റ് കാതറിന്‍ ദൈവാലയത്തില്‍ ആഗമനകാലത്തിലെ ആദ്യ ഞായറാഴ്ച ദിവ്യബലി അര്‍പ്പിക്കാന്‍ ബെത്ലഹേമില്‍ പ്രവേശിക്കുന്ന ആചരണവുമായി ബന്ധപ്പെട്ട് നല്‍കിയ സന്ദേശത്തിലാണ് ഫാ. ഫ്രാന്‍സെസ്‌കോ ഇക്കാര്യം പറഞ്ഞത്. ജാഗ്രതയോടെയും നന്ദിയോടെയും ഉള്ള പ്രാര്‍ത്ഥനയുടെ മനോഭാവം പ്രത്യാശ നിലനിര്‍ത്തുന്നതില്‍ പ്രധാനമാണെന്ന് ഫാ. ഫ്രാന്‍സെസ്‌കോ പറഞ്ഞു. കഠിനമായ കഷ്ടപ്പാടുകളിലൂടെയും യുദ്ധത്തിന്റെയും നടുവിലൂടെ കടന്നുപോകുന്ന വെസ്റ്റ് ബാങ്കിലെയും ബത്ലഹേമിലെയും ജനങ്ങളോടൊപ്പം വിശുദ്ധ നാടിന്റെ കസ്റ്റോസ് ആഗമനകാലത്തിന്റെ തുടക്കത്തില്‍ അര്‍പ്പിച്ച ദിവ്യബലിയിലും പ്രത്യാശയുടെ സന്ദേശം ആവര്‍ത്തിച്ചു.
യേശു ജനിച്ച പാലസ്തീന്‍ നഗരത്തിലേക്ക് എത്തിയ കസ്റ്റോസിന് ആചാരപ്രകാരമുള്ള സ്വീകരണം നല്‍കി. ആദ്യം ഇസ്രായേല്‍ പോലീസിന്റെയും പിന്നീട് പലസ്തീനിയന്‍ പോലീസിന്റെയും അകമ്പടിയോടെ, പ്രാദേശിക അധികാരികളും താമസക്കാരും ഊഷ്മളമായി കസ്റ്റോസിനെ സ്വാഗതം ചെയ്തു. യുദ്ധവും സാമ്പത്തിക ഞെരുക്കവും കൊണ്ട് അടയാളപ്പെടുത്തിയ വിശുദ്ധ നാട്ടിലെ ഭീകരമായ അന്തരീക്ഷത്തില്‍ നടക്കുന്ന തുടര്‍ച്ചയായ രണ്ടാമത്തെ ക്രിസ്മസാണിത്. 2023-ല്‍ ഹമാസും ഇസ്രായേലും തമ്മിലുള്ള സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനമാര്‍ഗമായ വിനോദസഞ്ചാരം അപ്രത്യക്ഷമായി. ജീവിക്കാന്‍ വരുമാനമില്ലാത്ത സാഹചര്യത്തിലാണ് വീണ്ടുമൊരു ക്രിസ്മസിന് വിശുദ്ധ നാട്ടിലെ ജനങ്ങള്‍ ഒരുങ്ങുന്നത്. ബെത്ലഹേമിലെ അന്തരീക്ഷം ഭയാനകമാണെങ്കിലും ഗാസ വെടിനിര്‍ത്തലിനായുള്ള ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കാനും ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനുമുള്ള പുതിയ ശ്രമങ്ങള്‍ വിശുദ്ധ നാട്ടിലെ ജനങ്ങളുടെ ഹൃദയങ്ങളില്‍ പ്രതീക്ഷയുടെ തിരി തെളിക്കുന്നുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *