പ്ലാത്തോട്ടം മാത്യു
പരിശുദ്ധ ദൈവമാതാവിന്റെ അനുഗ്രഹവും സംരക്ഷണവും തേടി, അനേകായിരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്ന പുണ്യഭൂമിയാണ് ഇംഗ്ലണ്ടിലെ ലങ്കാഷയര്‍ രൂപതയില്‍ ഫെര്‍ണിഹാള്‍ഗിലെ ലേഡിവെല്‍ തീര്‍ത്ഥാടനകേന്ദ്രം. ഉച്ചത്തില്‍ ദൈവസ്തുതികള്‍ പാടിയും ജപമാലപ്രാര്‍ത്ഥന ചൊല്ലിയുമാണ് വിശ്വാസികള്‍ ഇവിടേക്ക് എത്തുന്നത്.
സമീപ വര്‍ഷങ്ങളില്‍ ലങ്കാഷയര്‍ രൂപതയുടെയും സമീപ രൂപതകളിലെയും വിശ്വാസികള്‍ പ്രധാന തീര്‍ത്ഥാടനയാത്രകള്‍ രൂപതാധ്യക്ഷന്റെ നേതൃത്വത്തിലാണ് നടത്തുന്നത്. ഇടവക കേന്ദ്രീകരിച്ചും കുടുംബാംഗങ്ങള്‍ ഒന്നുചേര്‍ന്നും ലേഡിവെല്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെത്തി പ്രാര്‍ത്ഥിച്ച് അനുഗ്രഹങ്ങള്‍ തേടുന്നു. ശാന്തവും സമാധാനനിറവുമുള്ള ഇവിടം പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും അനുയോജ്യമായ ഇടമാണ്.
പത്തു നൂറ്റാണ്ടിലേറെ പഴക്കമുള്ള ലേഡിവെല്‍ തീര്‍ത്ഥാടനകേന്ദ്രം അനേകം അക്രമങ്ങളെയും തകര്‍ക്കലുകളെയും തീപിടുത്തത്തെവരെ അതിജീവിച്ച ഇടമാണ്. മാതാവിനോടുള്ള പ്രാര്‍ത്ഥനയ്ക്ക് പ്രത്യുത്തരം ഉടന്‍ ലഭിക്കുന്നതായ അനുഭവം വിശ്വാസികളെ കൂടുതലായി ആകര്‍ഷിക്കുന്നു. മാതാവിന്റെ സഹായവും ആശ്രയവും തേടിയെത്തുന്നവരുടെ സഖ്യ ഇതുമൂലം അനുദിനം വര്‍ധിച്ചുവരുന്നു. അനുഗ്രഹങ്ങള്‍ ലഭിച്ചവരുടെ അനുഭവസാക്ഷ്യം വിശ്വാസികളെ ആകര്‍ഷിക്കാനിടയാക്കുന്നു. ഒരു കിലോമീറ്റര്‍ ദൂരത്തുള്ള പരിശുദ്ധ മാതാവിന്റെ ദൈവാലയത്തില്‍ പ്രാര്‍ത്ഥിച്ചും വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചും ഒരുങ്ങിയാണ് വിശ്വാസികള്‍ പ്രദക്ഷിണമായി ലേഡിവെല്‍ തീര്‍ത്ഥാടനകേന്ദ്രത്തിലെത്തുന്നത്. ഇവിടുത്തെ ലേഡിവെല്ലിലെ (വിശുദ്ധ കിണര്‍) പുണ്യജലം അത്ഭുത രോഗശാന്തി നല്‍കുന്നതായി വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ബ്രിട്ടനിലെ രാജഭരണകൂടം, ക്രൂരമായ മതപീഡനം നടത്തിയിരുന്ന കാലത്ത് അതിന്റെ കെടുതികള്‍ ഇവിടെയും ധാരാളമായി അനുഭവിക്കേണ്ടിവന്നിരുന്നു. വൈദികരും വിശ്വാസികളും ജീവന്‍ രക്ഷിക്കാന്‍ സമീപ വനാന്തരങ്ങളില്‍ ഒളിവില്‍ പാര്‍ക്കേണ്ട സാഹചര്യങ്ങള്‍വരെ അക്കാലത്തുണ്ടായിട്ടുണ്ട്.
അത്ഭുതകരമായ കണ്ടെത്തല്‍
ഈ പുണ്യസ്ഥലം കണ്ടെത്തിയതിനെക്കുറിച്ച് തലമുറകള്‍ കൈമാറി വിശ്വസിക്കപ്പെടുന്ന സംഭവവിവരണം പ്രാധാന്യമര്‍ഹിക്കുന്നതാണ്. ഇതു വിവരിക്കുന്ന പുസ്തകങ്ങളുമുണ്ട്. ഐറിഷ് കടലില്‍ ഒരു കൊടുങ്കാറ്റില്‍ അകപ്പെട്ട സദ്ഗുണ സമ്പന്നനും ധനവാനുമായ ഒരു വ്യാപാരി, കടലിനെയും കാറ്റിനെയും ശാസിക്കുകയും അനുസരിപ്പിക്കുകയും ചെയ്യുന്ന യേശുവില്‍ പ്രത്യാശയര്‍പ്പിച്ച്, മാതാവിന്റെ സഹായത്തോടെ പ്രാര്‍ത്ഥിച്ച് അപകടത്തില്‍നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതാണ് വിശ്വാസികള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. കൊടുങ്കാറ്റില്‍നിന്നും രക്ഷപ്പെട്ട വ്യാപാരി സുരക്ഷിതമായി കരയിലെത്തി. മാതാവിന്റെ മധ്യസ്ഥതയും ദൈവകൃപയുമാണ് ആപത്തില്‍ തനിക്ക് തുണയായതെന്ന് വ്യാപാരി വിശ്വസിച്ചു.
ഒരു സ്വപ്‌നത്തില്‍ അദ്ദേഹത്തെ ഫെര്‍ണിഹാല്‍ഗ് എന്ന സ്ഥലത്തേക്ക് നയിക്കപ്പെട്ടു. അവിടെ ഒരു നീരുറവയും നീരുറവയ്ക്കടുത്ത് തൂങ്ങിക്കിടക്കുന്ന കമ്പില്ലാത്ത ഫലം കായിക്കുന്ന ഒരു മരവും ദര്‍ശനത്തില്‍ കണ്ടു. ഇതെവിടെയെന്ന് ഒരു അറിവും ലഭിച്ചിരുന്നില്ല. വ്യാപാരി പ്രെസ്റ്റണില്‍ താമസിക്കുമ്പോള്‍ പാല്‍ക്കാരി സ്ത്രീ തന്റെ പശു ഫെര്‍ണിലാല്‍ഗിലേക്ക് വഴിതെറ്റിപ്പോയതിനാല്‍ വൈകിയതിന് ക്ഷമ ചോദിക്കുന്നത് വ്യാപാരി കേട്ടു. അദ്ദേഹത്തിന്റെ ആവശ്യപ്രകാരം അവര്‍ അദ്ദേഹത്തെ ആ സ്ഥലത്തേക്ക് കൊണ്ടുപോയി. വ്യാപാരി തന്റെ സ്വപ്‌നത്തിലെ നീരുറവയും വൃക്ഷവും അവിടെ കണ്ടെത്തി.
വ്യാപാരി അവിടെ ഒരു ചാപ്പല്‍ നിര്‍മിക്കുകയും പരിശുദ്ധ കന്യകാമറിയത്തിന് സമര്‍പ്പിക്കുകയും ചെയ്തു. അവിടെ കണ്ടെത്തിയ നീരുറവ ലേഡിവെല്‍ എന്നറിയപ്പെട്ടുതുടങ്ങി.
നീരുറവയെക്കുറിച്ചും വ്യാപാരിക്കുണ്ടായ അനുഭവവും അത്ഭുതകരമായ രക്ഷപ്പെടലും നീരുറവ കണ്ടെത്തിയതുമെല്ലാം ഫാ. ക്രിസ്റ്റഫര്‍ ടട്ടന്‍ എന്ന വൈദികന്‍ പില്‍ക്കാലത്ത് എഴുതി പ്രസിദ്ധപ്പെടുത്തുകയുണ്ടായി. ഇതിന് ആധികാരികത ഉറപ്പുനല്‍കുന്ന രേഖകളില്ലെങ്കിലും ഫാ. ക്രിസ്റ്റഫര്‍ ടട്ടന്റെ രേഖയുടെ തിയതി 1471-ലേതാണ്. 1348-ല്‍ ഇവിടെ ഒരു ചാപ്പല്‍ ഉണ്ടായിരുന്നതായും 1508-ലും 1518-ലും ഈ ചാപ്പലിനെക്കുറിച്ച് പരാമര്‍ശിക്കുന്ന ലിഖിതങ്ങള്‍ പിന്നീട് കണ്ടെത്തുകയും ചെയ്തിരുന്നു. പിന്നീട് പില്‍ക്കാല ചരിത്രകാരനായ യോ വാറന്‍ ഇതിനെക്കുറിച്ച് അഭിപ്രായപ്പെടുന്നത്, ‘ഫാ. ടട്ടന്‍ രേഖപ്പെടുത്തിയിട്ടുള്ള ഇതിഹാസ വിവരണം രണ്ടു കാരണങ്ങളാല്‍ പ്രാധാന്യമര്‍ഹിക്കുന്നു. ആദ്യമായി ഇത് ഫെര്‍ണിഹാല്‍ഗിലേതുപോലെയുള്ള മറ്റൊരിടത്തും കാണുന്നതില്‍നിന്ന് വ്യത്യസ്തമാണ്. ഇതിന്റെ ലാളിത്യം തലമുറകള്‍ക്കായി ഫെര്‍ണിഹാല്‍ഗിന്റെ പ്രത്യേകമായ മതപരമായ സ്വഭാവത്തെ ഊന്നിപ്പറയുന്നു.’
ആരാധനാലയത്തിന്റെ സ്ഥാപകന്‍ എന്നു വിളിക്കപ്പെടുന്നയാളെക്കുറിച്ച് ധാരാളം വിവരണങ്ങളുണ്ട്. അവയില്‍ ഐറീഷ് വ്യാപാരമേധാവി ഫെര്‍ഗസ് മാഗ്വയര്‍ എന്നയാളിന്റെ പേരുണ്ട്. മറ്റൊരു വിവരണത്തില്‍ ജോസഫ് ഗില്ലറ്റ് എന്ന നാമധാരിയായ ഒരാളുടെ സംഭാവനയെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
സെന്റ് മേരീസ് പള്ളിയില്‍ മാഗ്വിയര്‍ എന്ന പേര് ആലേഖനം ചെയ്ത് ഫെര്‍ണിഹാല്‍ഗിന് ചില വസ്തുക്കള്‍ സംഭാവന ചെയ്തതായി തെളിവുകള്‍ കണ്ടെത്തിയിരുന്നു. ദൈവാലയവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന പൂര്‍വികരുടെ കുടുംബങ്ങളെയും ബന്ധുക്കളെയും 1870-കളില്‍ വികാരിയായിരുന്ന ഫാ. ലോമാറ്റ്‌സ് നാട്ടില്‍നിന്ന് കണ്ടെത്തുകയും തിരിച്ചറിയുകയും ചെയ്തിരുന്നു.
1800-ല്‍ ബ്രോടോപ്പിനോടനുബന്ധിച്ച് ‘ദി മൗണ്ട്’ എന്ന വലിയ ദൈവാലയം പണിതു. മതപീഡനകാലത്ത് അനേകം വൈദികരും വിശ്വാസികളും ഇവിടെ രക്തസാക്ഷികളായി. 1780-88 കാലത്ത് ഇവിടെ വൈദികവിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ചിരുന്ന സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നതായും രേഖകളുണ്ട്. ലങ്കാഷയിലെ പൗരോഹിത്യ രൂപീകരണത്തിനുള്ള ആദ്യഭവനങ്ങളിലൊന്നായിരുന്നു ഇത്.
1745-ലെ രണ്ടാം യാക്കോബായ മുന്നേറ്റത്തില്‍ ലേഡിവെല്ലിന് മുമ്പ് സംഭവിച്ചതിനെക്കാള്‍ വലിയ ദുരന്തം നേരിട്ടു. ചാള്‍സ് രാജകുമാരന്റെ സൈന്യം തെക്ക് മാഞ്ചസ്റ്ററിലേക്ക് നീങ്ങുന്നത് മുതലെടുത്ത് ഒരു പ്രൊട്ടസ്റ്റന്റ് ജനക്കൂട്ടം ലെഡിവെല്‍ ചാപ്പല്‍ ആക്രമിച്ച് തീയിടുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. നിരവധിയായ പ്രതിസന്ധികളെയും ആക്രമണങ്ങളെയും അതിജീവിച്ചാണ് ഇന്നത്തെ ഫെര്‍ണിഹാല്‍ഗും ലേഡിവെല്‍ ചാപ്പലും അത്ഭുത കിണറും സംരക്ഷിക്കപ്പെട്ടത്.
മാതാവിന്റെ പ്രത്യേക അനുഗ്രഹവും സംരക്ഷണവും പകര്‍ന്നു നല്‍കുന്നടിമാണിത്. നൂറ്റാണ്ടുകളുടെ ചരിത്രത്തില്‍ എക്കാലത്തും അത്ഭുതകരമായ ദൈവിക ഇടപെടലാണ് വിശ്വാസികള്‍ക്ക് ലഭിക്കുന്നത്.
ഇവിടെയെത്തുന്ന തീര്‍ത്ഥാടകരില്‍ ഇന്ത്യയില്‍നിന്നുള്ള പ്രത്യേകിച്ച് കേരളത്തില്‍നിന്നുള്ള വലിയ വിശ്വാസീസമൂഹമുണ്ട്. മലയാളത്തില്‍ ഉച്ചത്തില്‍ സ്‌തോത്രഗാനങ്ങള്‍ ആലപിച്ചും ജപമാല ചൊല്ലിയും വിശ്വാസതീക്ഷ്ണതയും ഭക്തിയും വിളിച്ചറിയിച്ചാണ് ഇവിടേക്ക് അവര്‍ എത്തുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *