Follow Us On

01

July

2025

Tuesday

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാര്‍ത്ഥിയെ വധിച്ചു; വൈദികനെ മോചിപ്പിച്ചു

നൈജീരിയയില്‍ തട്ടിക്കൊണ്ടുപോയ  സെമിനാരി വിദ്യാര്‍ത്ഥിയെ വധിച്ചു; വൈദികനെ മോചിപ്പിച്ചു

അബുജ/നൈജീരിയ: നൈജീരിയയിലെ ഓഷി രൂപതയിലെ ഒരു ദൈവാലയത്തില്‍ നിന്ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ ഫാ. ഫിലിപ്പ് എക്വേലിയെ മോചിപ്പിച്ചു. എന്നാല്‍ അദ്ദേഹത്തോടൊപ്പം അക്രമികള്‍ തട്ടിക്കൊണ്ടുപോയ സെമിനാരി വിദ്യാര്‍ത്ഥിയായ ആന്‍ഡ്രൂ പീറ്ററിനെ അക്രമികള്‍ നിഷ്ഠൂരമായി കൊലപ്പെടുത്തിയതായി ഓഷി രൂപതയുടെ കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. പീറ്റര്‍ എഗിലേവ സ്ഥിരീകരിച്ചു. പത്ത് ദിവസത്തോളം തടവില്‍ കഴിഞ്ഞ ഫാ. ഫിലിപ്പ് എക്വേലിക്ക് വൈദ്യസഹായം നല്‍കിവരുകയാണെന്ന് ഫാ. പീറ്റര്‍ പറഞ്ഞു.

‘നിര്‍ഭാഗ്യവശാല്‍, ഫാ. എക്വേലിയ്ക്കൊപ്പം തട്ടിക്കൊണ്ടുപോയ സെമിനാരിക്കാരനായ ആന്‍ഡ്രൂ പീറ്ററിനെ ബന്ദികളാക്കിയവര്‍ ക്രൂരമായി കൊലപ്പെടുത്തി,’.പീറ്ററിന്റെ കുടുംബത്തോട് ‘ആത്മാര്‍ത്ഥമായ അനുശോചനം’ പ്രകടിപ്പിച്ചുകൊണ്ട് പുറത്തിറക്കിയ കുറിപ്പില്‍ അദ്ദേഹത്തിന്റെ ആത്മാവിന് ശാന്തി ലഭിക്കാനായി ഫാ. പീറ്റര്‍ എഗിലേവ പ്രാര്‍ത്ഥിച്ചു.

എഡോ സംസ്ഥാനത്തുള്ള സെന്റ് പീറ്റേഴ്സ് ഇടവക ദൈവാലയത്തിന്റെ റെക്ടറിയില്‍ നിന്നാണ് എക്വേലിയെയും ആന്‍ഡ്രൂ പീറ്ററിനെയും തട്ടിക്കൊണ്ടുപോയത്. ഇടവകയുടെ റെക്ടറിയും ദൈവാലയവും ആക്രമിച്ച് വാതിലുകളും ജനലുകളും തകര്‍ത്ത  തോക്കുധാരികള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഇവിരെ പിടിച്ചുകൊണ്ട് പോവുകയായിരുന്നു.
അക്രമികളുടെയും കൊള്ളക്കാരുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കുന്ന ‘എഡോ നോര്‍ത്തിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും’ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് നൈജീരിയയിലെ സംസ്ഥാന-ഫെഡറല്‍ ഗവണ്‍മെന്റുകളോടും രാജ്യത്തിന്റെ സുരക്ഷാ ഏജന്‍സികളോടും ബിഷപ് ഗബ്രിയേല്‍ ഗിയാഖോമോ ദുനിയ അഭ്യര്‍ത്ഥിച്ചു. ജീവന്റെയും സ്വത്തിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ സജീവമായ നടപടികള്‍ കൈക്കൊള്ളുകയും ആവശ്യമായ വിഭവങ്ങള്‍ എഡോ നോര്‍ത്തിന് അനുവദിക്കുകയും ചെയ്യണമെന്ന് ബിഷപ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റോഡുകളിലും  കൃഷിയിടങ്ങളിലും വീടുകളിലും പോലും ആളുകള്‍ സുരക്ഷിതരല്ലാത്ത സാഹചര്യമാണിന്നുള്ളതെന്നും  ജനങ്ങളെ സംരക്ഷിക്കേണ്ട ചുമതലയുള്ള തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഉള്ള നാട്ടില്‍ ഇത് അംഗീകരിക്കാനാവില്ലെന്നും ബിഷപ് പറഞ്ഞു.
ഇപ്പോള്‍ കൊല്ലപ്പെട്ട സെമിനാരി വിദ്യാര്‍ത്ഥിയായ ആന്‍ഡ്രൂ പീറ്ററിന് പുറമെ 2022-ല്‍ ഓഷി രൂപതയിലെ വൈദികനായ ഫാ. ക്രിസ്റ്റഫര്‍ ഒഡിയയെ അക്രമികള്‍ വധിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ഓഷി രൂപതയില്‍ നിന്ന് മാത്രം ആറ് വൈദികരെ തട്ടിക്കൊണ്ടുപോയി, പീഡിപ്പിക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്തു; മൂന്ന് പേര്‍ ആക്രമിക്കപ്പെട്ടെങ്കിലും രക്ഷപെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?